ഇന്ത്യയുടെ ജലസുരക്ഷയ്ക്ക് വികേന്ദ്രീകൃത സംവിധാനങ്ങൾ അനിവാര്യം; വൻകിട പദ്ധതികൾക്കൊപ്പം ഇവയും വേണം
ഇന്ത്യയിലെ ജലസേചന ചരിത്രം ദീർഘകാലമായി വലിയ ഡാമുകളുടെയും കനാൽ ശൃംഖലകളുടെയും പശ്ചാത്തലത്തിലാണ് പറയപ്പെട്ടിട്ടുള്ളത്. ദശാബ്ദങ്ങളായി, ജലസേചന ശേഷി വർദ്ധിപ്പിക്കുന്നതിനായി വൻകിട-ഇടത്തരം ജലസേചന പദ്ധതികൾ വിപുലീകരിക്കുന്നതിലായിരുന്നു നയരൂപീകരണങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നിരുന്നാലും, ഈ ചർച്ചകളിലുടനീളം വലിയ അടിസ്ഥാന സൗകര്യങ്ങളെയും വികേന്ദ്രീകൃത ജലസംവിധാനങ്ങളെയും രണ്ട് വ്യത്യസ്ത മേഖലകളായിട്ടാണ് പരിഗണിച്ചുപോന്നത്. നാം എത്രത്തോളം നിർമ്മിക്കുന്നു എന്നതല്ല, മറിച്ച് എത്രത്തോളം ഫലപ്രദമായി വെള്ളം കൃഷിയിടങ്ങളിൽ എത്തുന്നു എന്നും പ്രാദേശിക ജലസംവിധാനങ്ങളുമായി അവ എങ്ങനെ സംവദിക്കുന്നു എന്നും ആത്യന്തികമായി ഉപജീവനത്തെ എങ്ങനെ നിലനിർത്തുന്നു എന്നുമാണ് ഇന്നത്തെ യഥാർത്ഥ ചോദ്യം.
ജലസേചന കമാൻഡ് ഏരിയകളിലും അവയോട് ചേർന്നുള്ള ഇതര പ്രദേശങ്ങളിലും നടത്തിയ സമീപകാല പഠനങ്ങൾ സങ്കീർണ്ണമായ ഒരു യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. വലിയ ജലസേചന പദ്ധതികൾ പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, അവയുടെ പ്രയോജനങ്ങൾ അസമമായി വിതരണം ചെയ്യപ്പെട്ടവയാണ്; പലപ്പോഴും ഔദ്യോഗികമായി നിശ്ചയിച്ചിട്ടുള്ള കമാൻഡ് ഏരിയകൾക്ക് പുറത്തേക്കും ഇവയുടെ സ്വാധീനം എത്തുന്നുണ്ട്. കമാൻഡ് ഏരിയകൾക്ക് പുറത്തുള്ള പല ഗ്രാമങ്ങളിലും കൃഷിയുടെ തീവ്രത, കാർഷിക വരുമാനം, ഉൽപ്പാദനക്ഷമത എന്നിവയിൽ പുരോഗതി ദൃശ്യമാണ്. ഭൂഗർഭജല റീചാർജിംഗ്, മെച്ചപ്പെട്ട കണക്റ്റിവിറ്റി, തീവ്രമായ കൃഷിയിൽ നിന്നുള്ള പ്രാദേശികമായ പരോക്ഷ ഗുണങ്ങൾ (Spillovers) എന്നിവയാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ.
അതേസമയം തന്നെ, കമാൻഡ് ഏരിയകൾക്കുള്ളിലും അസമത്വങ്ങൾ നിലനിൽക്കുന്നു. കനാലുകളുടെ തുടക്കഭാഗത്തുള്ള കർഷകർക്ക് കൃത്യമായ ജലലഭ്യത ഉറപ്പാകുമ്പോൾ, കനാലുകളുടെ അവസാന ഭാഗത്തുള്ളവർ (Tail-end) പലപ്പോഴും ജലക്ഷാമം നേരിടുകയും ഭൂഗർഭജലത്തെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു. ഈ അസമമായ ലഭ്യത ആഴത്തിലുള്ള ഘടനാപരമായ പ്രശ്നങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയുടെ ജലസേചന മേഖലയിൽ ഒരു നിർണ്ണായക വൈരുദ്ധ്യം നിലനിൽക്കുന്നു: പൊതു നിക്ഷേപം വലിയ പദ്ധതികളിൽ കേന്ദ്രീകരിക്കപ്പെടുമ്പോഴും, യഥാർത്ഥ ജലസേചന ഉപയോഗം പ്രധാനമായും നിലനിൽക്കുന്നത് വികേന്ദ്രീകൃത സംവിധാനങ്ങളിലൂടെയാണ്. ഇതിൽ കിണറുകളും ട്യൂബ് വെല്ലുകളും മാത്രമല്ല, ചെക്ക് ഡാമുകൾ, ജലശേഖരണ ടാങ്കുകൾ, റീചാർജ് പിറ്റുകൾ, ഫീൽഡ് ബണ്ടിംഗ് ഘടനകൾ തുടങ്ങിയ പ്രാദേശിക ജലസൗകര്യങ്ങളും ഉൾപ്പെടുന്നു. ഉപരിതല നീരൊഴുക്കിന്റെ വേഗത കുറയ്ക്കുകയും മണ്ണിലെ ഈർപ്പം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ, പ്രത്യേകിച്ച് ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കൃഷിയെ നിലനിർത്തുന്നതിൽ ഈ ഇടപെടലുകൾ നിർണ്ണായക പങ്ക് വഹിക്കുന്നു.
ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ ഇത് വ്യക്തമാക്കുന്നു. ഗുജറാത്തിൽ, ചെക്ക് ഡാമുകളുടെയും ഫാം പോണ്ടുകളുടെയും വ്യാപകമായ നിർമ്മാണം പല ജില്ലകളിലും ഭൂഗർഭജല നിരപ്പ് ഗണ്യമായി ഉയർത്തുകയും കർഷകർക്ക് സുസ്ഥിരമായ ഉൽപ്പാദനം ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്തു. പരമ്പരാഗത ജലശേഖരണ രീതികളായ 'ജോഹദുകൾ' പുനരുജ്ജീവിപ്പിച്ചതിലൂടെ രാജസ്ഥാനും മികച്ച ഉദാഹരണമായി മാറുന്നു. ആൽവാർ പോലുള്ള ജില്ലകളിൽ, മഴവെള്ളം സംഭരിക്കാനായി നിർമ്മിച്ച മൺചിറകളായ ജോഹദുകൾ പുനഃസ്ഥാപിക്കാനുള്ള ജനകീയ ശ്രമങ്ങൾ ഭൂഗർഭജല നിരപ്പിൽ വലിയ വർദ്ധനവുണ്ടാക്കി. ഉണങ്ങിപ്പോയ കാലിക നദികൾ പുനർജനിക്കുകയും തരിശുഭൂമികൾ കൃഷിയോഗ്യമാവുകയും ചെയ്തു. ജലലഭ്യത മെച്ചപ്പെട്ടതോടെ കൃഷിയുടെ തീവ്രത വർദ്ധിച്ചതായും ലാഭകരമായ വിളകളിലേക്ക് കർഷകർ മാറിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമാനമായ മാറ്റങ്ങൾ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും ദൃശ്യമാണ്. തെലങ്കാനയിലെ 'മിഷൻ കാക്കതീയ' വഴി പരമ്പരാഗത കുളങ്ങൾ പുനഃസ്ഥാപിച്ചത് പ്രാദേശിക ജലസംഭരണ ശേഷി വർദ്ധിപ്പിക്കുകയും കൃഷിയുടെ വീണ്ടെടുപ്പിന് സഹായിക്കുകയും ചെയ്തു.
ഈ സ്വാധീനം കൃഷിയിൽ മാത്രം ഒതുങ്ങുന്നില്ല. വിശ്വസനീയമായ ജലലഭ്യതയോടെ, തൊഴിലിനായുള്ള സീസണൽ കുടിയേറ്റം കുറയുകയും പ്രാദേശികമായ തൊഴിലവസരങ്ങൾ വർദ്ധിക്കുകയും ചെയ്തു. മെച്ചപ്പെട്ട വരുമാനം വീട്, കന്നുകാലികൾ, വിദ്യാഭ്യാസം എന്നിവയിലുള്ള നിക്ഷേപങ്ങൾക്ക് വഴിയൊരുക്കി. ജലലഭ്യത മെച്ചപ്പെട്ടത് സ്ത്രീകളുടെ അധ്വാനഭാരം കുറയ്ക്കുകയും മറ്റ് ഉൽപ്പാദനപരമായ കാര്യങ്ങളിൽ ഏർപ്പെടാൻ അവർക്ക് സമയം നൽകുകയും ചെയ്തു. ചെറുകിട ജലസംവിധാനങ്ങൾ എങ്ങനെ വിപുലമായ സാമ്പത്തിക-സാമൂഹിക നേട്ടങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഈ അനുഭവങ്ങൾ കാണിച്ചുതരുന്നു. അതിനാൽ, ജലസേചന നിക്ഷേപങ്ങളുടെ ഫലപ്രാപ്തിയെ പ്രാദേശിക ജലസംവിധാനങ്ങളിൽ നിന്ന് വേറിട്ട് വിലയിരുത്താനാവില്ല.
സെൻട്രൽ വാട്ടർ കമ്മീഷന്റെ നിർദ്ദേശപ്രകാരം 20 സംസ്ഥാനങ്ങളിലായി 57 വൻകിട ജലസേചന പദ്ധതികളെ കേന്ദ്രീകരിച്ച് നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (NCAER) നടത്തിയ ഫീൽഡ് സർവേകൾ ഈ നിരീക്ഷണങ്ങളെ ശരിവെക്കുന്നു. സമീപകാലത്ത് നടന്ന ഏറ്റവും വിപുലമായ ജലസേചന പഠനങ്ങളിലൊന്നാണിത്.
ജലസേചന ശേഷി സൃഷ്ടിക്കുന്നതിനപ്പുറം, ജലലഭ്യത മെച്ചപ്പെട്ടത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കർഷകർ കൃഷിയുടെ തീവ്രത വർദ്ധിപ്പിക്കുകയും കൂടുതൽ മൂല്യമുള്ള വിളകളിലേക്ക് വൈവിധ്യവൽക്കരണം നടത്തുകയും ചെയ്തു. സ്ഥിരതയുള്ള കാർഷിക വരുമാനം സീസണൽ കുടിയേറ്റം കുറയ്ക്കുകയും ആസ്തികൾ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്താൻ സഹായിക്കുകയും ചെയ്തു.
ജലസേചനം എന്നത് കേവലം ജലം എത്തിക്കൽ മാത്രമല്ല, മറിച്ച് വിപുലമായ ഗ്രാമീണ പരിവർത്തനത്തിനുള്ള ഉപാധിയാണെന്ന് ഈ കണ്ടെത്തലുകൾ അടിവരയിടുന്നു. എങ്കിലും, ഈ നേട്ടങ്ങളുടെ അളവ് ഓരോ പ്രദേശത്തും വലിയ അടിസ്ഥാന സൗകര്യങ്ങളും പ്രാദേശിക ജലസംവിധാനങ്ങളും തമ്മിലുള്ള ഏകോപനത്തെ ആശ്രയിച്ചിരിക്കും.
സുസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകളും വർദ്ധിച്ചുവരികയാണ്. കനാൽ കമാൻഡ് ഏരിയകളിൽ പോലും, വിശ്വാസ്യതയും സൗകര്യവും കണക്കിലെടുത്ത് കർഷകർ ഭൂഗർഭജലത്തെ കൂടുതലായി ആശ്രയിക്കുന്നു. കൃത്യമായ റീചാർജിംഗ് ഇല്ലാത്തപക്ഷം ഇത് ഭൂഗർഭജലത്തിന്റെ വൻതോതിലുള്ള ശോഷണത്തിന് കാരണമാകും. ഇവിടെയാണ് വികേന്ദ്രീകൃത ജലസംരക്ഷണ സംവിധാനങ്ങൾ നിർണ്ണായകമാകുന്നത്; അവ വൻകിട പദ്ധതികൾക്ക് ബദലായല്ല, മറിച്ച് പൂരകങ്ങളായിട്ടാണ് പ്രവർത്തിക്കേണ്ടത്.
"പെർ ഡ്രോപ്പ് മോർ ക്രോപ്പ്" പോലുള്ള നയങ്ങൾ ജലഉപയോഗക്ഷമതയ്ക്ക് മുൻഗണന നൽകുന്നുണ്ടെങ്കിലും, ഈ ശ്രമങ്ങൾ പലപ്പോഴും ജലസേചന ആവാസവ്യവസ്ഥയിൽ നിന്ന് വേറിട്ടുനിൽക്കുന്നു. വലിയ ജലസേചന സംവിധാനങ്ങളെ പ്രാദേശിക ജലസംവിധാനങ്ങളുമായും ഭൂഗർഭജല പരിപാലനവുമായും ബന്ധിപ്പിക്കുന്ന ഒരു സംയോജിത സമീപനം ആവശ്യമാണ്. അടിസ്ഥാനപരമായി, ജലസേചനത്തെ കേവലം "പ്രോജക്റ്റ്" എന്ന നിലയിൽ കാണാതെ ഒരു "സിസ്റ്റം" ആയി കാണേണ്ടതുണ്ട്. ജലസേചന ശേഷിയേക്കാൾ ജലഉപയോഗക്ഷമത, ജീവിതസാഹചര്യങ്ങളിലെ മാറ്റം, ദീർഘകാല സുസ്ഥിരത എന്നിവയ്ക്കായിരിക്കണം മുൻഗണന.
ഇന്ത്യയുടെ ജലസേചന വെല്ലുവിളി ഇനി ജലലഭ്യത വർദ്ധിപ്പിക്കുക എന്നത് മാത്രമല്ല; അത് ബുദ്ധിപരമായും തുല്യമായും ജലം കൈകാര്യം ചെയ്യുക എന്നതാണ്. ജലവിഭവങ്ങൾക്കുമേലുള്ള സമ്മർദ്ദം വർദ്ധിക്കുമ്പോൾ, കേവലം അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് പകരം ജലം എങ്ങനെ സംഭരിക്കാം, വിതരണം ചെയ്യാം, ഉപയോഗിക്കാം എന്നതിലേക്ക് ശ്രദ്ധ മാറണം. കൃഷിയെയും പ്രാദേശിക ജലസുരക്ഷയെയും പിന്തുണയ്ക്കുന്നതിൽ വലിയ ഡാമുകളും കനാൽ സംവിധാനങ്ങളും തുടർന്നും പ്രധാന പങ്ക് വഹിക്കും. അതേസമയം തന്നെ, ചെക്ക് ഡാമുകളും കുളങ്ങളും റീചാർജ് സംവിധാനങ്ങളും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ചെറുകിട വികേന്ദ്രീകൃത ഘടനകൾ ഭൂഗർഭജല നിരപ്പ് നിലനിർത്തുകയും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുകയും ഗ്രാമീണ ജീവിതത്തെ താങ്ങിനിർത്തുകയും ചെയ്യുന്നു.
ഈ രണ്ട് സംവിധാനങ്ങളും തമ്മിലുള്ള പരസ്പരപൂരകമായ ബന്ധം തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. വലിയ പദ്ധതികൾ സ്ഥിരത നൽകുമ്പോൾ, പ്രാദേശിക സംവിധാനങ്ങൾ കാര്യക്ഷമതയും പ്രതിരോധശേഷിയും ഉറപ്പാക്കുന്നു. ഇവ രണ്ടും ഒന്നിച്ച് ആസൂത്രണം ചെയ്താൽ കനാലുകൾ ഭൂഗർഭജല റീചാർജിംഗിനെ സഹായിക്കുകയും പ്രാദേശിക സംവിധാനങ്ങൾ ജലസംഭരണവും ഉപയോഗവും മെച്ചപ്പെടുത്തുകയും ചെയ്യും.
അതുകൊണ്ട് തന്നെ, ജലസേചനത്തിന്റെ ഭാവി എന്നത് വലുതും ചെറുതും തമ്മിലുള്ള തിരഞ്ഞെടുപ്പിലല്ല; മറിച്ച് ഇവ രണ്ടിനെയും സുസ്ഥിരതയ്ക്കും ജീവിതസാഹചര്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു ഏകീകൃത വ്യൂഹമായി സമന്വയിപ്പിക്കുന്നതിലാണ്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

