

ആർ. നല്ലകണ്ണിന്റെ രാഷ്ട്രീയം ആരംഭിച്ചത് നദികളിൽ നിന്നാണ്. പരിസ്ഥിതിവാദം എന്നത് നയരൂപീകരണത്തിന്റെയോ കാലാവസ്ഥാ ഉച്ചകോടികളുടെയോ ഭാഷയാകുന്നതിന് എത്രയോ മുൻപ്, ലളിതവും അടിസ്ഥാനപരവുമായ ഒരു കാര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഒരു നദി മുറിവേൽപ്പിക്കപ്പെടുമ്പോൾ, ആദ്യം രക്തം വരുന്നത് ദരിദ്രർക്കാണ്. പതിറ്റാണ്ടുകൾ നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം ആ സത്യത്തിലേക്കുതന്നെ വീണ്ടും വീണ്ടും മടങ്ങിയെത്തി; മണൽ ഖനനത്തിനും വിഭവക്കൊള്ളയ്ക്കും ലോലമായ ഭൂപ്രദേശങ്ങൾക്ക് ഭീഷണിയുയർത്തുന്ന പദ്ധതികൾക്കുമെതിരെ അദ്ദേഹം ഉറച്ചുനിന്നു. തന്റെ 101-ാം വയസ്സിൽ അദ്ദേഹം വിടവാങ്ങുമ്പോൾ, തമിഴ്‌നാടിന് നഷ്ടമാകുന്നത് ഒരു മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ മാത്രമല്ല, മറിച്ച് പരിസ്ഥിതിയെ ഒരു ധാർമ്മിക പ്രശ്നമായി കണ്ട അവസാനത്തെ പൊതുപ്രവർത്തകരിലൊരാളെ കൂടിയാണ്.
പലർക്കും അദ്ദേഹം മറ്റൊരു നൂറ്റാണ്ടിൽ നിന്നുള്ള മനുഷ്യനെപ്പോലെ തോന്നിപ്പിച്ചിരുന്നു. വെള്ള ഷർട്ട്, തേഞ്ഞ ചെരിപ്പുകൾ, ഒരു ഊന്നുവടി - ഒരിക്കലും ശ്രദ്ധ പിടിച്ചുപറ്റാൻ ആഗ്രഹിക്കാത്ത ശാന്തമായ സാന്നിധ്യം. എന്നിരുന്നാലും, ആ സൗമ്യതയ്ക്കുള്ളിൽ കഠിനമായൊരു നിശ്ചയദാർഢ്യം അദ്ദേഹം ഒളിപ്പിച്ചുവെച്ചിരുന്നു. അധികം ആക്രോശിക്കാതെ തന്നെ വിയോജിക്കാനും, ബഹളങ്ങളുണ്ടാക്കാതെ തന്നെ എതിർക്കാനും, സ്വന്തം രാഷ്ട്രീയ പാർട്ടിക്കുള്ളിൽപ്പോലും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെങ്കിൽപ്പോലും തന്റെ നിലപാടിൽ ഉറച്ചുനിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
താമിരഭരണി നദി തീർത്ത ഫലഭൂയിഷ്ഠമായ മണ്ണിൽ, ശ്രീവൈകുണ്ഠത്ത് 1925-ലാണ് നല്ലകണ്ണ് ജനിച്ചത്. പ്രകൃതി എന്നത് ഒരു കേവല സങ്കല്പമായിരുന്നില്ല, മറിച്ച് ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു കാർഷിക പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം കടന്നുപോയത്. കൃഷിയും ജലസേചനവും ഋതുഭേദങ്ങളുമെല്ലാം അവിടുത്തെ ജനസമൂഹങ്ങളെ രൂപപ്പെടുത്തി. മനുഷ്യരും നദികളും തമ്മിലുള്ള ആ ബന്ധം അത്രമേൽ ദൃഢവും പ്രകടവുമായിരുന്നു..
'പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ'യിൽ (PARI) പി. സായിനാഥ് നല്ലകണ്ണിനെക്കുറിച്ച് വിവരിക്കുന്നത് പോലെ, അദ്ദേഹത്തിന്റെ പോരാട്ടവീര്യം ചെറുപ്പത്തിലേ പ്രകടമായിരുന്നു. ആത്മാഭിമാനത്തിനും അതിജീവനത്തിനുമായുള്ള സമരങ്ങളിലേക്ക് ബാലനായിരിക്കെത്തന്നെ അദ്ദേഹം പൊതുജീവിതത്തിലേക്ക് ചുവടുവെച്ചു. രാഷ്ട്രീയപ്രവർത്തനം എന്നത് നേട്ടങ്ങളായിരുന്നില്ല, മറിച്ച് വലിയ റിസ്ക്കുകൾ മാത്രമായിരുന്ന ഒരു കാലത്താണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നത്. അറസ്റ്റും ജയിൽവാസവും പിന്നാലെ വന്നുവെങ്കിലും സ്വന്തം ത്യാഗങ്ങളെക്കുറിച്ച് അദ്ദേഹം അപൂർവ്വമായേ സംസാരിച്ചിരുന്നുള്ളൂ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പോരാട്ടം എന്നത് ഒരു കൂട്ടായ പ്രക്രിയയായിരുന്നു.
ആ അടിത്തറയാണ് പിന്നീട് അദ്ദേഹത്തിന്റെ പാരിസ്ഥിതിക രാഷ്ട്രീയത്തെ നിർവചിച്ചത്. പരിസ്ഥിതിയെ അദ്ദേഹം വേറിട്ടൊരു വിഷയമായി കണ്ടില്ല. മറിച്ച്, ഭൂമിയെയും വെള്ളത്തെയും ആശ്രയിച്ചു ജീവിക്കുന്ന കർഷകരും തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഗ്രാമങ്ങളുമാണ് പരിസ്ഥിതി എന്ന് അദ്ദേഹം വിശ്വസിച്ചു.
നല്ലകണ്ണിന്റെ അവസാന കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒരു ചിത്രം ഏതെന്നു ചോദിച്ചാൽ, ഒരു നദീതീരത്ത് നിന്നുകൊണ്ട് അനിയന്ത്രിതമായ വിഭവചൂഷണം ഭാവിയെ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന ആ വയോധികനായ നേതാവിന്റേതായിരിക്കും. പുഴമണൽ ഖനനത്തിനെതിരെ അദ്ദേഹം നടത്തിയ പ്രചാരണങ്ങൾ അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ അധ്യായങ്ങളിലൊന്നായി മാറി.
യന്ത്രവൽകൃത ഖനനത്തിലൂടെ തമിഴ്‌നാട്ടിലെ നദികൾ കൊള്ളയടിക്കപ്പെടുകയായിരുന്നു. നദീതടങ്ങൾ കൂടുതൽ ആഴത്തിലേക്ക് താഴ്ന്നു, ഭൂഗർഭജല നിരക്ക് കുറഞ്ഞു, കൃഷി പ്രതിസന്ധിയിലായി, പാരിസ്ഥിതിക സന്തുലിതാവസ്ഥ തകരാൻ തുടങ്ങി. മണൽ ഖനനത്തിന് പിന്നിലെ ശക്തമായ സാമ്പത്തിക-രാഷ്ട്രീയ താൽപ്പര്യങ്ങൾ ഭയന്ന് പല നേതാക്കളും ഈ വിഷയം ഒഴിവാക്കി. എന്നാൽ നല്ലകണ്ണ് അങ്ങനെയല്ല ചെയ്തത്.
അദ്ദേഹം തുറന്നുതന്നെ സംസാരിച്ചു. മണൽ ഖനനം എന്നത് സംഘടിതമായ കൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. നദികളെ ജീവനുള്ള വ്യവസ്ഥകളായല്ല, മറിച്ച് കച്ചവടച്ചരക്കുകളായാണ് കണ്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം സമരങ്ങളിൽ പങ്കുചേർന്നു, നിയമപോരാട്ടങ്ങളെ പിന്തുണച്ചു, സംസ്ഥാനത്തുടനീളം യോഗങ്ങളെ അഭിസംബോധന ചെയ്തു. പാരിസ്ഥിതികമായ നിയന്ത്രണങ്ങളില്ലാത്ത വികസനം ആത്യന്തികമായി ജീവിതോപാധികൾ തകർക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾക്കിടയിലും അദ്ദേഹം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ഗ്രാമവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പരാതികൾ കേൾക്കുകയും ചെയ്തു. യുവ പരിസ്ഥിതി പ്രവർത്തകർക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം അവരുടെ പോരാട്ടങ്ങൾക്ക് വലിയ നിയമസാധുതയും ധാർമ്മിക കരുത്തും നൽകി. അദ്ദേഹം ഈ പ്രശ്നത്തെ ഒരു 'പരിസ്ഥിതി പ്രേമം' (Environmental Romanticism) എന്നതിലുപരി, സാമൂഹിക നീതിയുടെ പ്രശ്നമായിട്ടാണ് അവതരിപ്പിച്ചത്. നദികൾ അപ്രത്യക്ഷമാകുമ്പോൾ, ആദ്യം ഇല്ലാതാകുന്നത് ദരിദ്രരാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.
നല്ലകണ്ണിന്റെ പരിസ്ഥിതി കാഴ്ചപ്പാടുകൾ വെറും മണൽ ഖനനത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ജനസമൂഹങ്ങളെ ആട്ടിയോടിച്ച് പ്രകൃതിവിഭവങ്ങൾ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം എവിടെയും എതിർത്തു. ഖനനം, വ്യവസായ മലിനീകരണം, പ്രകൃതിവിനാശകാരിയായ അടിസ്ഥാന സൗകര്യ വികസനങ്ങൾ, ഭൂമി കൈയേറ്റങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ കടുത്ത വിമർശനത്തിന് ഇരയായി.
പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങളോട് ഉത്തരവാദിത്തമുള്ളതാകണം വികസനം എന്ന് അദ്ദേഹം വിശ്വസിച്ചു. വൻതോതിലുള്ള വിഭവചൂഷണത്തെ വികസനമായി കാണുന്ന പ്രബലമായ രാഷ്ട്രീയ വാദങ്ങളുമായി ഈ നിലപാട് പലപ്പോഴും ഏറ്റുമുട്ടി. എങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിന്നു. പ്രകൃതി എന്നത് ലാഭമുണ്ടാക്കാനുള്ള ഒരു ഗോഡൗൺ അല്ല, മറിച്ച് അത് വരുംതലമുറകൾക്കായി കരുതിവെക്കേണ്ട ഒരു പൊതുസ്വത്താണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
തമിഴ്‌നാട്ടിലെ നിരവധി സാമൂഹിക പ്രവർത്തകരെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും പരിസ്ഥിതി പ്രസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച അപൂർവ്വമായൊരു കണ്ണിയായിരുന്നു അദ്ദേഹം.
നല്ലകണ്ണിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് ആണവോർജ്ജത്തോടുള്ള അദ്ദേഹത്തിന്റെ നിലപാടായിരുന്നു, പ്രത്യേകിച്ച് കൂടംകുളം വിഷയത്തിൽ. അദ്ദേഹത്തിന്റെ പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI), ആണവോർജ്ജത്തിന്റെ കാര്യത്തിൽ പലപ്പോഴും അനിശ്ചിതത്വത്തിലോ അല്ലെങ്കിൽ മാറിക്കൊണ്ടിരിക്കുന്ന നിലപാടിലോ ആയിരുന്നപ്പോൾ, നല്ലകണ്ണ് അവിടുത്തെ പ്രാദേശിക ജനതയുടെ ആശങ്കകൾക്ക് കാതോർത്തു. പാരിസ്ഥിതികമായ അപകടസാധ്യതകളെക്കുറിച്ചും കുടിയിറക്കപ്പെടുന്നതിനെക്കുറിച്ചും ആകുലപ്പെട്ട തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്കും സാധാരണക്കാർക്കുമൊപ്പം അദ്ദേഹം ഉറച്ചുനിന്നു.
അദ്ദേഹത്തിന്റെ എതിർപ്പുകൾ ഒരിക്കലും നാടകീയമായിരുന്നില്ല. വാർത്തകളിൽ നിറഞ്ഞുനിൽക്കാനോ വെറുതെ ഏറ്റുമുട്ടലുകൾ ഉണ്ടാക്കാനോ അദ്ദേഹം ശ്രമിച്ചില്ല. പകരം, സുരക്ഷയെക്കുറിച്ചും, ഉപജീവനമാർഗ്ഗങ്ങളെക്കുറിച്ചും, പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചും അദ്ദേഹം ശാന്തമായി സംസാരിച്ചു. വിയോജിപ്പുകൾ മാന്യമായും യുക്തിസഹജമായും പ്രകടിപ്പിക്കാമെന്ന് അദ്ദേഹം കാണിച്ചു തന്നു. ഇതിലൂടെ, തന്റെ ചിന്താഗതിയുടെ അപൂർവ്വമായ സ്വതന്ത്ര സ്വഭാവമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പ്രത്യയശാസ്ത്രത്തിന് അദ്ദേഹം വലിയ പ്രാധാന്യം നൽകിയിരുന്നെങ്കിലും, ജനങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങൾക്കായിരുന്നു അദ്ദേഹം അതിലേറെ മൂല്യം കൽപ്പിച്ചത്.
സങ്കീർണ്ണമായ കാര്യങ്ങളെ ഉൾക്കൊള്ളാനും പാർട്ടി നിലപാടുകൾ വ്യക്തമല്ലാത്ത സാഹചര്യങ്ങളിൽ പോലും ചോദ്യങ്ങൾ ഉയർത്താനുമുള്ള ഈ കഴിവ്, വിവിധ പ്രസ്ഥാനങ്ങൾക്കിടയിൽ അദ്ദേഹത്തിന് വലിയ ബഹുമാനം നേടിക്കൊടുത്തു.
അദ്ദേഹത്തിന്റെ ലാളിത്യത്തെക്കുറിച്ചുള്ള കഥകൾ തമിഴ് രാഷ്ട്രീയത്തിലെ നാടോടിക്കഥകൾ പോലെ സുപരിചിതമാണ്. അനുയായികൾ അദ്ദേഹത്തിന് ഒരു കാർ സമ്മാനിച്ചപ്പോൾ അദ്ദേഹം അത് തിരിച്ചുകൊടുത്തു. അദ്ദേഹത്തിന് പുരസ്‌കാരമായി പണം ലഭിച്ചപ്പോഴാകട്ടെ, അത് പൊതുസേവനത്തിനായി നീക്കിവെച്ചു. പതിറ്റാണ്ടുകൾ രാഷ്ട്രീയത്തിൽ സജീവമായിരുന്നിട്ടും യാതൊരുവിധ സമ്പാദ്യവുമില്ലാതെയാണ് അദ്ദേഹം ജീവിച്ചത്.
പി. സായിനാഥിന്റെ (P. Sainath) എഴുത്തുകൾ ഈ സവിശേഷതയെ വളരെ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. സുരക്ഷാ അകമ്പടികളോ ദൂരമോ കൊണ്ട് സാധാരണക്കാരിൽ നിന്ന് അകന്നുനിന്ന ഒരു നേതാവായിരുന്നില്ല നല്ലകണ്ണ്. അദ്ദേഹം ലളിതമായി യാത്ര ചെയ്തു, മൃദുവായി സംസാരിച്ചു, ക്ഷമയോടെ മറ്റുള്ളവരുടെ കാര്യങ്ങൾ കേട്ടു. അദ്ദേഹത്തിന്റെ ലാളിത്യത്തിൽ യാതൊരുവിധ കൃത്രിമത്വവും ഉണ്ടായിരുന്നില്ല; അത് അദ്ദേഹത്തിന്റെ സ്വാഭാവികമായ ജീവിതരീതിയായിരുന്നു.
രാഷ്ട്രീയം എന്നത് അധികാരത്തിന്റെയും സമ്പത്തിന്റെയും പ്രദർശനമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ, അദ്ദേഹത്തിന്റെ ആദർശനിഷ്ഠമായ ലളിത ജീവിതം തികച്ചും വിപ്ലവകരമായി തോന്നിപ്പിച്ചു.
നൂറു വർഷങ്ങൾക്കിടയിൽ ഇന്ത്യ മാറുന്നത് അദ്ദേഹം നേരിൽ കണ്ടു. കൊളോണിയൽ ഭരണവും, സ്വാതന്ത്ര്യവും, പ്രത്യയശാസ്ത്ര പോരാട്ടങ്ങളും, കർഷക പ്രസ്ഥാനങ്ങളും, ഉദാരവൽക്കരണവും, മാധ്യമങ്ങൾ നയിക്കുന്ന രാഷ്ട്രീയത്തിന്റെ ഉദയവുമെല്ലാം അദ്ദേഹത്തിന്റെ കാഴ്ചകളിലൂടെ കടന്നുപോയി. ഇതിനിടയിലെല്ലാം, തമിഴ്‌നാട്ടിലെ ഗ്രാമീണ ജീവിത യാഥാർത്ഥ്യങ്ങളിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
തൊണ്ണൂറുകളിൽ എത്തിയിട്ടും അദ്ദേഹം പ്രതിഷേധങ്ങളിലും യോഗങ്ങളിലും പങ്കെടുത്തു; യുവ പ്രവർത്തകർക്ക് മുകളിൽ ഒരു അധികാരിയായിട്ടല്ല, മറിച്ച് അവർക്കൊപ്പം ഒരാളായി അദ്ദേഹം നിലകൊണ്ടു. പലർക്കും അദ്ദേഹം മുതിർന്ന നേതാവ് മാത്രമായിരുന്നില്ല. പ്രശസ്തിയേക്കാൾ പ്രാധാന്യം ആദർശങ്ങൾക്കും വിശ്വാസങ്ങൾക്കും നൽകിയിരുന്ന പഴയകാല രാഷ്ട്രീയ ധാർമ്മികതയുടെ ജീവിക്കുന്ന സ്മരണകൂടിയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വിയോഗത്തിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ആദരാഞ്ജലികൾ അർപ്പിച്ചു. തൊഴിലാളികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായി ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ച നേതാവെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അദ്ദേഹത്തെ വിശേഷിപ്പിച്ചു. പൊതുജീവിതത്തിൽ അദ്ദേഹത്തിനുള്ള സവിശേഷമായ സ്ഥാനം കണക്കിലെടുത്ത് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയുള്ള അന്ത്യകർമ്മങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു.
നദികളുടെ നശീകരണത്തിനും വിഭവചൂഷണത്തിനുമെതിരെ ഉറച്ചുനിന്ന ചുരുക്കം ചില മുഖ്യധാരാ രാഷ്ട്രീയ നേതാക്കളിൽ ഒരാളായാണ് പരിസ്ഥിതി പ്രവർത്തകർ അദ്ദേഹത്തെ അനുസ്മരിച്ചത്. ജനകീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പലർക്കും, അദ്ദേഹത്തിന്റെ വിടവാങ്ങൽ വലിയ നഷ്ടമായിരുന്നു; പ്രത്യയശാസ്ത്രത്തെ കാരുണ്യവുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിരുന്ന ഒരാൾ.
സമ്പത്തോ, രാഷ്ട്രീയ വംശപരമ്പരയോ, സ്മാരകങ്ങളോ അദ്ദേഹം അവശേഷിപ്പിച്ചു പോയിട്ടില്ല. ഒരു ധാർമ്മിക സ്മരണ മാത്രം. പിന്നെ, മുഖം തിരിക്കാൻ വിസമ്മതിച്ച ഒരു സഖാവിന്റെ സ്മരണകൾ മാറ്റൊലികൊള്ളുന്ന നദികളും!
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)