

തൃശ്ശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കവേ, 2026 ഏപ്രിൽ 21-ന് തൃശ്ശൂർ മുണ്ടത്തിക്കോടുള്ള പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടന പരമ്പരയിൽ 13 തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. ആ സ്ഫോടനങ്ങൾ രാസവസ്തുക്കൾ നിറഞ്ഞ കെട്ടിടങ്ങളെ മാത്രമല്ല തകർത്തത്; കേരളത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നിനോടനുബന്ധിച്ചുള്ള സുരക്ഷാ മുൻകരുതലുകൾ എത്രത്തോളം പൊള്ളയാണെന്ന് അവ ഒരിക്കൽ കൂടി തുറന്നുകാട്ടി.
രക്ഷാപ്രവർത്തകർക്ക് സംഭവസ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞപ്പോഴേക്കും അവിടം കരിപിടിച്ച ലോഹാവശിഷ്ടങ്ങളും വെന്തുരുകിയ മണ്ണും മനുഷ്യശരീരഭാഗങ്ങളും നിറഞ്ഞ ഒരു ശ്മശാനഭൂമിയായി മാറിയിരുന്നു. പെട്ടെന്നുണ്ടായ തീപ്പൊരിക്കു പിന്നാലെ തുടർച്ചയായ സ്ഫോടനങ്ങളുണ്ടായെന്നും രക്ഷപ്പെടാൻ സമയം ലഭിച്ചില്ലെന്നുമാണ് അതിജീവിച്ചവർ പറഞ്ഞത്.
കൊല്ലപ്പെട്ടവരിൽ പലരും ഔദ്യോഗിക രേഖകളിൽ പോലും ഇടംപിടിക്കാത്ത ദിവസവേതനക്കാരായിരുന്നു. അന്ന് എത്ര ഉച്ചഭക്ഷണ പാക്കറ്റുകൾ ഓർഡർ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലാണ് എത്രപേർ ഉള്ളിലുണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥർക്ക് കണക്കാക്കേണ്ടി വന്നത്. ഈ ഒരു കാര്യം മാത്രം മതി നമ്മുടെ സംവിധാനങ്ങളുടെ അവഗണന എത്ര ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കാൻ.
ഇത്തരം ദൃശ്യങ്ങൾ നമുക്ക് പരിചിതമാണെന്നതാണ് ഏറ്റവും ഭയാനകമായ വസ്തുത. പത്തു വർഷം മുൻപ്, 2016 ഏപ്രിൽ 10-ന് കൊല്ലം പുറ്റിംഗൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ നൂറിലധികം പേർ മരിച്ചിരുന്നു. നിയമവിരുദ്ധമായി സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചുണ്ടായ ആ ദുരന്തം വലിയ ജനരോഷത്തിനും കോടതി ഇടപെടലുകൾക്കും വഴിതെളിച്ചു. ഇത്തരം വീഴ്ചകൾ ഇനി ആവർത്തിക്കില്ലെന്ന് അധികാരികൾ ഉറപ്പുനൽകുകയും ചെയ്തു.
സമിതികൾ രൂപീകരിച്ചു, മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി, കർശനമായ പരിശോധനകൾ പ്രഖ്യാപിച്ചു. കേരളം ഈ പാഠങ്ങൾ ഉൾക്കൊള്ളുമെന്ന് ആ നിമിഷങ്ങളിൽ തോന്നിപ്പിച്ചിരുന്നു. എന്നാൽ മുണ്ടത്തിക്കോട് സ്ഫോടനം തെളിയിക്കുന്നത് അത്തരം പാഠങ്ങളൊന്നും നാം പഠിച്ചില്ല എന്നാണ്. ഓരോ വർഷവും ഈ അനാസ്ഥ തുടരുകയും 'ദൗർഭാഗ്യകരമായ അപകടം' എന്ന പേരിൽ അവ ആവർത്തിക്കപ്പെടുകയും ചെയ്യുന്നു.
കേരളത്തിൽ കഠിനമായ ചൂടും ഈർപ്പവും അനുഭവപ്പെടുന്ന വേനൽക്കാലത്താണ് തൃശ്ശൂർ പൂരം നടക്കുന്നത്. പടക്കനിർമ്മാണ ശാലകൾക്കുള്ളിൽ ഈ സാഹചര്യം കൂടുതൽ ഭീകരമാണ്. ശരിയായ വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ ഷെഡുകളിൽ, അത്യുഷ്ണത്തിൽ വിയർത്തൊലിച്ച് നിൽക്കുന്ന തൊഴിലാളികൾ അപകടകാരികളായ രാസമിശ്രിതങ്ങൾ കൈകാര്യം ചെയ്യുന്നു. ഉയർന്ന താപനിലയിൽ വെടിമരുന്ന് മിശ്രിതങ്ങൾ കൂടുതൽ അസ്ഥിരമാകുമെന്നും ചെറിയൊരു ഘർഷണം പോലും വൻ സ്ഫോടനത്തിന് കാരണമാകുമെന്നും വിദഗ്ധർ പണ്ടേ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
വേനൽക്കാലത്ത് കഠിനമായ ചൂടിൽ ശരിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പടക്കങ്ങൾ നിർമ്മിക്കുന്നത് ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് മുൻ സ്ഫോടകവസ്തു സുരക്ഷാ കൺസൾട്ടന്റായ ജി. മോഹൻ കുമാർ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നിട്ടും പൂരത്തിന്റെ സമയപരിധി പാലിക്കാൻ വേണ്ടി മാത്രം അതേ സാഹചര്യങ്ങളിൽ നിർമ്മാണം തുടരുന്നു. കാലാവസ്ഥാ വ്യതിയാനം ഇന്ന് വെറുമൊരു അനുബന്ധ വിഷയമല്ല, മറിച്ച് അപകടസാധ്യത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകമായി മാറിയിരിക്കുന്നു.
ഇത്തരം ദുരന്തങ്ങൾ ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്, കാരണം സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യയിൽ വ്യക്തമായ നിയമങ്ങളുണ്ട്. ഓരോ ഷെഡിലും എത്ര തൊഴിലാളികൾ വേണം, കെട്ടിടങ്ങൾ തമ്മിൽ എത്ര അകലം പാലിക്കണം, എത്രത്തോളം സ്ഫോടകവസ്തുക്കൾ ശേഖരിക്കാം എന്നിവയെല്ലാം ഈ നിയമങ്ങളിൽ കൃത്യമായി പറയുന്നുണ്ട്.
എന്നാൽ മുണ്ടത്തിക്കോടിൽ ഈ മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെട്ടതായാണ് കാണുന്നത്. രണ്ട് പേർക്ക് മാത്രം അനുമതിയുള്ള ഷെഡുകളിൽ കൂടുതൽ തൊഴിലാളികൾ ഉണ്ടായിരുന്നു. പാലിക്കേണ്ട 12 മുതൽ 18 മീറ്റർ വരെ അകലം ഉണ്ടായിരുന്നില്ല. അനുവദനീയമായ അളവിലും കൂടുതൽ വെടിമരുന്ന് നിർമ്മാണ സ്ഥലത്തിന് തൊട്ടടുത്ത് തന്നെ കൂട്ടിയിട്ടു. മരുന്നുകൾ കൂട്ടിക്കലർത്തുന്നതും ഉണക്കുന്നതുമെല്ലാം ഒരേ സ്ഥലത്തായിരുന്നു. ഇതൊരു ആകസ്മികമായ അപകടമല്ലെന്നും മറിച്ച് നിയമലംഘനങ്ങളുടെ സ്വാഭാവിക പ്രത്യാഘാതമാണെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിയമങ്ങളുടെ അഭാവമല്ല, അവയോടുള്ള അനാദരവാണ് ഇവിടെ സംഭവിച്ചത്.
ഈ അനാസ്ഥയ്ക്ക് പിന്നിൽ തൃശൂർ പൂരവുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളുണ്ട്. ഇതൊരു സാംസ്കാരിക കൂട്ടായ്മ മാത്രമല്ല, മറിച്ച് ഒരു വലിയ മത്സരവേദി കൂടിയാണ്. മുൻവർഷത്തേക്കാൾ ഗംഭീരമായ വെടിക്കെട്ട് നടത്താൻ ക്ഷേത്രക്കമ്മറ്റികൾ വൻതോതിൽ പണം ചെലവാക്കുന്നു. കൃത്യസമയത്ത് ജോലി തീർക്കാൻ കരാറുകാരും തൊഴിലാളികളും വലിയ സമ്മർദ്ദത്തിലാകുന്നു. ഈ സാഹചര്യത്തിൽ സുരക്ഷാ നിയമങ്ങൾ പലപ്പോഴും ഒരു തടസ്സമായാണ് അവർക്ക് തോന്നുന്നത്.
മത്സരത്തിൽ ജയിക്കുക എന്നതിന് പ്രാധാന്യം വരുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനിലെ (PESO) മുൻ ഉദ്യോഗസ്ഥൻ നിരീക്ഷിക്കുന്നു. രാഷ്ട്രീയ സമ്മർദ്ദവും ജനവികാരവും ഭയന്ന് ഭരണകൂടവും ഇത്തരം ലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നു. അങ്ങനെ നിയമങ്ങൾ കടലാസിൽ മാത്രമാവുകയും പ്രായോഗികമായി ലംഘിക്കപ്പെടുകയും ചെയ്യുന്ന ഒരു സമാന്തര സംവിധാനം ഇവിടെ നിലനിൽക്കുന്നു.
ഈ സംവിധാനത്തിന്റെ ഇരകളാകുന്നത് പാവപ്പെട്ട തൊഴിലാളികളാണ്. മിക്കവരും പരിശീലനം ലഭിക്കാത്ത അസംഘടിത തൊഴിലാളികളാണ്. സുരക്ഷാ ഉപകരണങ്ങളോ ഇൻഷുറൻസോ ഇല്ലാതെയാണ് അവർ പണിയെടുക്കുന്നത്. അപകടം നടന്നുകഴിഞ്ഞാൽ അവരെ തിരിച്ചറിയാൻ പോലും ബന്ധുക്കൾ കഷ്ടപ്പെടുന്നു. മുണ്ടത്തിക്കോടിൽ തൊഴിലാളികളുടെ എണ്ണം കണക്കാക്കാൻ ഊണ് പൊതികൾ എണ്ണേണ്ടി വന്നത് അവർ ഈ വ്യവസ്ഥിതിയിൽ എത്രത്തോളം നിസ്സാരരാണെന്നതിന്റെ തെളിവാണ്.
പടക്കവുമായി ബന്ധപ്പെട്ട അപകടങ്ങളുടെ വലിയൊരു ചരിത്രം തന്നെ കേരളത്തിനുണ്ട്. പുറ്റിംഗൽ ദുരന്തം ഏറ്റവും വലുതാണെങ്കിലും അത് ഒറ്റപ്പെട്ടതല്ല. തൃശ്ശൂരിൽ തന്നെ പടക്കനിർമ്മാണത്തിനിടയിലും വെടിക്കെട്ടിനിടയിലും എത്രയോ മരണങ്ങൾ നടന്നിട്ടുണ്ട്. നിയമവിരുദ്ധമായ സംഭരണം, അമിത തിരക്ക്, മേൽനോട്ടക്കുറവ് എന്നിവ തന്നെയാണ് എല്ലാ ന്വേഷണ റിപ്പോർട്ടുകളിലും ആവർത്തിച്ചു വരുന്നത്. 2024-ൽ കാസർഗോഡ് ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ 150-ഓളം പേർക്ക് പരിക്കേറ്റതും ഈ പ്രശ്നത്തിന്റെ ആഴം വ്യക്തമാക്കുന്നു. എന്നാൽ ഇത്രയേറെ അപകടങ്ങൾ നടന്നിട്ടും ശാശ്വതമായ തിരുത്തൽ നടപടികൾ ഇന്നും വിദൂരമാണ്.
ഈ തെറ്റായ രീതികളെ ചോദ്യം ചെയ്യുന്നവർ ആഴത്തിലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രശ്നം കേവലം സുരക്ഷാ ലംഘനങ്ങളുടേതല്ലെന്ന് തൃശ്ശൂർ സ്വദേശിയും മൃഗാവകാശ പ്രവർത്തകനുമായ വി.കെ. വെങ്കിടാചലം പറയുന്നു. ആഘോഷങ്ങളിലെ ആഡംബരത്തോടുള്ള ആവേശം അപകടകരമായ രീതിയിലേക്ക് മാറിയിരിക്കുകയാണ്. ഓരോ വർഷവും വെടിക്കെട്ടിന്റെ അളവ് കൂടുന്നു, മുന്നറിയിപ്പുകൾ അവഗണിക്കപ്പെടുന്നു. പൂരത്തെ ഒരു വ്യവസ്ഥിതിയുടെ പരാജയമായി കാണുന്നതിന് പകരം വെറുമൊരു അപകടമായി മാത്രം കാണുന്നതിനെ അദ്ദേഹം വിമർശിക്കുന്നു. പ്രകൃതി മലിനീകരണം, മൃഗങ്ങൾ അനുഭവിക്കുന്ന ക്രൂരത, കഠിനമായ ചൂട് എന്നിവയെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആചാരങ്ങളെ ചോദ്യം ചെയ്യാനുള്ള വൈമുഖ്യം നമ്മുടെ സമൂഹത്തിന്റെ പോരായ്മയാണെന്ന് അദ്ദേഹം കരുതുന്നു.
ഈ അപകടങ്ങൾ ഒഴിവാക്കാൻ വിദഗ്ധർ പല നിർദ്ദേശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങളുള്ള 'ഫയർവർക്സ് പാർക്കുകൾ' സ്ഥാപിക്കുക, തൊഴിലാളികൾക്ക് നിർബന്ധിത പരിശീലനവും ഇൻഷുറൻസും നൽകുക, സുരക്ഷിതമായ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുക എന്നിവ ഇതിൽ ചിലതാണ്. എന്നാൽ ഇതിനെല്ലാം ഭരണകൂടത്തിന്റെ ഇച്ഛാശക്തിക്കൊപ്പം പൊതുജനങ്ങളുടെ കാഴ്ചപ്പാടിലും മാറ്റം വരണം. പൂരത്തിന്റെ അന്തസ്സ് വെടിക്കെട്ടിന്റെ വലുപ്പത്തിലാണെന്നു വിശ്വസിക്കുന്നിടത്തോളം ഇത്തരം മാറ്റങ്ങൾ വലിയ പ്രതിരോധം നേരിടും.
തൃശ്ശൂർ പൂരം ഇന്നും ജനങ്ങളെ വിസ്മയിപ്പിച്ചുക്കൊണ്ട് തുടരുന്നു. എന്നാൽ ആ വർണ്ണക്കാഴ്ചകൾക്ക് പിന്നിൽ കഠിനമായ ചൂടും തിരക്കും അനാസ്ഥയും നിറഞ്ഞ ഒരു കയ്പേറിയ യാഥാർത്ഥ്യമുണ്ട്. നിയമലംഘനങ്ങളെ ദുരന്തം നടക്കുന്നത് വരെ സഹിക്കുന്ന ഒരു സംവിധാനമാണ് ഇതിന് വളം വെക്കുന്നത്. ഉയർന്ന സാക്ഷരതയും സാമൂഹിക ബോധവുമുള്ള ഒരു സംസ്ഥാനത്ത്, ഒഴിവാക്കാവുന്ന ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് നമ്മുടെ ഉത്തരവാദിത്തത്തെയും മുൻഗണനകളെയും കുറിച്ച് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)