SOE 2026: ഇന്ത്യയുടെ ആയുർദൈർഘ്യം; ഇതുവരെയുള്ള വളർച്ചയും വെല്ലുവിളികളും
ഗ്രാമീണ രാജസ്ഥാനിലെ ഒരു കുടുംബം.വിക്രം രഘുവംശി ഐസ്റ്റോക്ക് വഴി

SOE 2026: ഇന്ത്യയുടെ ആയുർദൈർഘ്യം,ഒരു വിശകലനം

രാജ്യത്തെ ആയുർദൈർഘ്യം ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു, എന്നാൽ കോവിഡ്-19 മഹാമാരിയുടെ വരവോടെ അത് പെട്ടെന്ന് തടസ്സപ്പെട്ടു.
Published on

ജനിക്കുമ്പോഴുള്ള ശരാശരി ആയുർദൈർഘ്യം ഉയർത്തുന്ന കാര്യത്തിൽ ഇന്ത്യ വലിയ മുന്നേറ്റങ്ങൾ കൈവരിച്ചിരുന്നു. 1970-കളുടെ തുടക്കത്തിൽ വെറും 49.7 വയസ്സായിരുന്ന ആയുർദൈർഘ്യം 2016-20 കാലഘട്ടമായപ്പോഴേക്കും 70 വയസ്സിലേക്ക് ഉയർന്നു. ഏകദേശം അഞ്ച് പതിറ്റാണ്ടുകളോളം സ്ഥിരതയോടെ നിലനിന്ന ഈ വളർച്ചാ പ്രവണതയെ കോവിഡ്-19 മഹാമാരി പെട്ടെന്ന് തടസ്സപ്പെടുത്തി. 2017-21 കാലയളവിൽ ജനിക്കുമ്പോഴുള്ള ആയുർദൈർഘ്യം 69.8 വയസ്സായി കുറഞ്ഞു.

ഈ കുറവ് 0.2 വയസ്സ് മാത്രമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും, വർഷങ്ങളായി ഈ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നിർണ്ണായക സൂചികയാണ്. നഗര-ഗ്രാമ ഭേദമന്യേ ഈ ഇടിവ് ദൃശ്യമാണ്. നഗരങ്ങളിലെ ആയുർദൈർഘ്യം 2016-20 കാലത്തെ 73.2 വയസ്സിൽ നിന്ന് 2017-21-ൽ 72.9 വയസ്സായി കുറഞ്ഞു. ഇതേ കാലയളവിൽ ഗ്രാമപ്രദേശങ്ങളിലേത് 68.6-ൽ നിന്ന് 68.5 വയസ്സിലേക്കും താഴുകയുണ്ടായി. ആയുർദൈർഘ്യത്തിലുണ്ടായ ഈ തിരിച്ചുപോക്ക് 2020-ലും 2021-ലും മരണനിരക്കിലുണ്ടായ വലിയ വർദ്ധനവുമായി ചേർന്നുനിൽക്കുന്നതാണ്.

എസ്.ആർ.എസ് അടിസ്ഥാനമാക്കിയുള്ള സംക്ഷിപ്ത ജീവിതപ്പട്ടിക 2017-21", കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അവലോകന രീതി

ജനിക്കുമ്പോഴുള്ള ശരാശരി ആയുർദൈർഘ്യം എന്നത്, നിലവിലുള്ള മരണനിരക്കുകൾ ഒരാളുടെ ജീവിതകാലം മുഴുവൻ ഒരുപോലെ തുടരുകയാണെങ്കിൽ ആ വ്യക്തിക്ക് പ്രതീക്ഷിക്കാവുന്ന ശരാശരി ആയുസ്സാണ്. ജനന-മരണ നിരക്കുകൾ കൃത്യമായി കണക്കാക്കാൻ വിഭാവനം ചെയ്തിട്ടുള്ള 'സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം' (SRS) എന്ന ബൃഹത്തായ ജനസംഖ്യാ സർവേയാണ് ആയുർദൈർഘ്യം കണക്കാക്കുന്നതിനുള്ള പ്രാഥമിക സ്രോതസ്സ്.

ഇതിനായി ഇന്ത്യ ഉപയോഗിക്കുന്നത് ഐക്യരാഷ്ട്രസഭ വികസിപ്പിച്ചെടുത്ത MORTPAK 4 എന്ന സോഫ്റ്റ്‌വെയറാണ്. SRS വിവരങ്ങളിൽ നിന്നുള്ള ഓരോ പ്രായപരിധിയിലുള്ള മരണനിരക്കുകൾ (ASDRs) ഉപയോഗിച്ച് ചുരുക്കിയ 'ലൈഫ് ടേബിളുകൾ' (Abridged Life Tables) തയ്യാറാക്കാൻ ഈ സോഫ്റ്റ്‌വെയർ സഹായിക്കുന്നു. വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനും മാറ്റങ്ങൾ കുറയ്ക്കാനും വേണ്ടി അഞ്ച് വർഷത്തെ ശരാശരി മരണനിരക്കാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ ഗ്രാമ-നഗര മേഖലകൾക്കും സ്ത്രീ-പുരുഷ വിഭാഗങ്ങൾക്കും വേണ്ടി പ്രത്യേകം കണക്കാക്കുന്നു.

എസ്.ആർ.എസ് അടിസ്ഥാനമാക്കിയുള്ള സംക്ഷിപ്ത ജീവിതപ്പട്ടിക 2017-21", കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത് 'സ്റ്റേറ്റ് ഓഫ് ഇൻഡ്യാസ് എൻവയോൺമെന്റ് 2026' (State of India’s Environment 2026) റിപ്പോർട്ടിലാണ്.

'സ്റ്റേറ്റ് ഓഫ് ഇൻഡ്യാസ് എൻവയോൺമെന്റ് 2026' റിപ്പോർട്ട് വാങ്ങാൻ ഈ ലിങ്ക് സന്ദർശിക്കുക: https://csestore.cse.org.in/default/books/state-of-india-s-environment-2026.html

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in