കന്യാകുമാരി ആണവ പദ്ധതി പുരോഗമിക്കുന്നു; പഴയ താപ നിലയങ്ങളെ ആണവ ഉപയോഗത്തിലേക്ക് മാറ്റാൻ പഠനം നടത്തുന്നു

ഊർജസുരക്ഷയും, ഗ്രിഡ് സ്ഥിരതയും, ശുദ്ധ ഊർജപരിവർത്തനവും സന്തുലിതമാക്കാൻ, പുനരുപയോഗ ഊർജം, ജലവൈദ്യുതി, എന്നിവയ്‌ക്കൊപ്പം, കൽക്കരി അധിഷ്ഠിത വൈദ്യുതി ഉൽപ്പാദനത്തിനും തുടർച്ചയായ പിന്തുണ നൽകി, വൈദ്യുതി മേഖലയ്ക്ക് യൂണിയൻ ബജറ്റ് 2025–26 വൻവകയിരുത്തലുകൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കന്യാകുമാരി ആണവ പദ്ധതി പുരോഗമിക്കുന്നു; പഴയ താപനിലയങ്ങളെ ആണവ ഉപയോഗത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഇന്ത്യ പഠനം നടത്തി.
തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ കൂടംകുളം ആണവ നിലയം (കെകെഎൻപിപി) യൂണിറ്റ് 1, 2.ഫോട്ടോ: വിക്കിമീഡിയ കോമൺസ് CC BY-SA 4.0
Published on

കന്യാകുമാരിക്ക് സമീപത്തുള്ള ഒരു ആണവ വൈദ്യുതി പദ്ധതിയുടെ പ്രവർത്തനം സജീവമായി പുരോഗമിക്കുകയാണ്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും സാമ്പത്തികമായ പരിഗണനകളും പാലിച്ചുകൊണ്ട് ആണവോർജ്ജശേഷി വിപുലീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന്, ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഡൗൺ ടു എർത്ത് - നോട് പറഞ്ഞു.

യൂണിയൻ ബജറ്റ് 2025–26-ൽ, വൈദ്യുതി മേഖലയ്ക്ക് വൻതോതിലുള്ള വകയിരുത്തലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും, ഊർജസുരക്ഷ, ഗ്രിഡ് സ്ഥിരത, ശുദ്ധ ഊർജപരിവർത്തനം എന്നിവ തമ്മിൽ സന്തുലനം നിലനിർത്തുന്നതിനായി, പുനരുപയോഗ ഊർജം, ജലവൈദ്യുതി, പമ്പ് ചെയ്ത സംഭരണ ​​ജലവൈദ്യുതി എന്നിവയ്ക്കൊപ്പം കൽക്കരി അധിഷ്ഠിത വൈദ്യുതി ഉൽപാദനത്തിനും തുടർച്ചയായ ആനുകൂല്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനുപുറമെ, പഴയ ചില താപവൈദ്യുതി നിലയങ്ങളുടെ സ്ഥലങ്ങൾ, ആണവ വൈദ്യുതി ഉൽപ്പാദനത്തിനായി പുനരുപയോഗിക്കാനാകുമോ എന്നതിന്റെ സാധ്യത, സർക്കാർ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിലുള്ള വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ പുനർപ്രയോജനപ്പെടുത്തി, കുറഞ്ഞ കാർബൺ അടിസ്ഥാന വൈദ്യുതി ലഭ്യമാക്കാനാകുമെന്നതാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ആണവ നിലയങ്ങൾക്ക് പ്രത്യേകമായ ഭൂമി, നിയന്ത്രണാനുമതികൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ കണക്കിലെടുത്ത് സാങ്കേതികമായി അനുയോജ്യമായ സ്ഥലങ്ങളിൽ മാത്രമേ ഇത് നടപ്പിലാകൂ.

നിലവിൽ, ഈ നിർദേശം പഠന ഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം, ആണവോർജ നിയമം 1962, ആണവ നാശനഷ്ടങ്ങൾക്ക് സിവിൽ ഉത്തരവാദിത്വ നിയമം 2010, എന്നിവയിൽ ഭേദഗതികൾ വരുത്തുകയും, ‘Sustainable Harnessing and Advancement of Nuclear Energy for Transforming India Act, 2025’ അവതരിപ്പിക്കുകയും ചെയ്തതിന്റെ തുടർച്ചയായാണ് ഈ നീക്കങ്ങൾ. ഇതോടെ ആണവ വൈദ്യുതി ഉൽപ്പാദനത്തിലെ സർക്കാരിന്റെ ഏകാധിപത്യം അവസാനിക്കുകയും, യുറേനിയം ഖനനം, റിയാക്ടർ നിർമാണം, പ്രവർത്തനം, ഉപകരണ നിർമ്മാണം, ആണവ ഇന്ധനചക്രത്തിന്റെ മറ്റ് ഘടകങ്ങൾ, എന്നിവയിൽ സ്വകാര്യ-വിദേശ പങ്കാളിത്തത്തിന് അനുമതി നൽകുകയും ചെയ്തു. ലൈസൻസിംഗിനും, നിയന്ത്രണ മേൽനോട്ടത്തിനും വിധേയമായി 2047 ഓടെ 100 ഗിഗാവാട്ട് ആണവ വൈദ്യുതി ശേഷി കൈവരിക്കുകയാണ് ലക്ഷ്യം.

ദക്ഷിണേന്ത്യയിലെ ആണവ പദ്ധതി ഇതുവരെ കമ്മീഷൻ ചെയ്തിട്ടില്ലെങ്കിലും, പദ്ധതിപ്പട്ടികയിൽ തുടരുന്നതായും, പൂർണ്ണ സുരക്ഷാ മാനദണ്ഡവും, സാങ്കേതിക മികവും ഉറപ്പാക്കിയാണ് പുരോഗമിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റേഡിയോ ആക്ടീവ് മാലിന്യ സംസ്കരണവും ഡീകമ്മീഷനിംഗ് ചെലവുകളും - ചിലപ്പോൾ നിർമാണ ചെലവുകളേക്കാൾ കൂടുതലാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, അടിയന്തിരമായി നടപ്പാക്കൽ ഒഴിവാക്കാനാണ് അധികൃതരുടെ നിലപാട്.

“കന്യാകുമാരിക്ക് സമീപം ഒരു ആണവ നിലയം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കമ്മീഷൻ ചെയ്തിട്ടില്ല. കൂടാതെ, രണ്ട് ആണവ പദ്ധതികൾ കൂടി പരിഗണനയിലുണ്ട്,” എന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം. “സുരക്ഷ ഉറപ്പാക്കാനും, ചെലവേറിയ പിഴവുകൾ ഒഴിവാക്കാനും ഉദ്ദേശിച്ചാണ് പുരോഗതി മനപ്പൂർവം മന്ദഗതിയിലാക്കുന്നത്. റേഡിയോആക്ടീവ് മാലിന്യങ്ങളുടെ അന്തിമ സംസ്കരണം ഇപ്പോഴും വലിയ വെല്ലുവിളിയാണ്, ഈ മേഖലയിലെ സാങ്കേതിക വിദ്യകളിൽ പലതും ഇപ്പോഴും വികസനഘട്ടത്തിലാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഏത് പദ്ധതിയാണെന്നത് ഉദ്യോഗസ്ഥൻ വ്യക്തമായി പറഞ്ഞില്ലെങ്കിലും, ഈ മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്ന് തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലുള്ള കൂടങ്കുളം ആണവ വൈദ്യുതി നിലയമാണ്. ഇന്ത്യ-റഷ്യ സിവിൽ ആണവസഹകരണത്തിന്റെ ഭാഗമായി നിർമിച്ച ഈ നിലയം, VVER-1000 പ്രെഷറൈസ്ഡ് വാട്ടർ റിയാക്ടറുകളാണ് ഉപയോഗിക്കുന്നത്. സുരക്ഷയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന്, വികസനം വൈകുകയും പ്രാദേശിക തലത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുകയും ചെയ്തെങ്കിലും, പിന്നീട് ഇത് ഇന്ത്യയുടെ ഊർജ വൈവിധ്യവൽക്കരണ തന്ത്രത്തിലെ പ്രധാന ഘടകമായി മാറി. ഓരോന്നും ഏകദേശം 1 ഗിഗാവാട്ട് ശേഷിയുള്ള, രണ്ട് യൂണിറ്റുകൾ ഇപ്പോൾ പ്രവർത്തനത്തിലാണ്. യൂണിറ്റ് 3 മുതൽ 6 വരെ നാല് റിയാക്ടറുകൾ കൂടി നിർമാണത്തിലായതിനാൽ, പൂർത്തിയാകുമ്പോൾ നിലയത്തിന്റെ മൊത്തം ശേഷി ഗണ്യമായി വർധിക്കും.

“ആഗോള മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, കന്യാകുമാരിയിലെ ആണവ നിലയം താരതമ്യേന ചെറുതായിരിക്കും. വൻതോതിലുള്ള വിന്യാസത്തിനു പകരം ഘട്ടംഘട്ടമായ ശേഷിവർധനവിനാണ് നിലവിൽ ഇന്ത്യ മുൻഗണന നൽകുന്നത്,” ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

2025 ആദ്യത്തോടെ, ഇന്ത്യയിൽ ഏഴ് കേന്ദ്രങ്ങളിലായി 25 ആണവ റിയാക്ടറുകൾ പ്രവർത്തിച്ചിരുന്നു, അതിൽ നാലെണ്ണം തമിഴ്നാട്ടിലായിരുന്നു. 2024–25 കാലഘട്ടത്തിൽ ആണവ നിലയങ്ങൾ ഏകദേശം 57 ടെറാവാട്ട്-മണിക്കൂർ വൈദ്യുതി ഉൽപാദിപ്പിച്ചു.

പഴയ താപ നിലയങ്ങളുടെ പുനരുപയോഗം പഠനത്തിൽ

കാലഹരണപ്പെട്ടതും, കാര്യക്ഷമത കുറഞ്ഞതുമായ ചില കൽക്കരി അധിഷ്ഠിത വൈദ്യുതി നിലയങ്ങളെ, ആണവ നിലയങ്ങളാക്കി മാറ്റാനാകുമോ എന്നതും സർക്കാർ പഠിച്ചുവരികയാണ്. എന്നാൽ ഇതിന് സാങ്കേതികമായും, സാമൂഹികമായും, നിരവധി വെല്ലുവിളികളുണ്ട്:

  • ആണവ നിലയങ്ങൾക്ക് 5–10 കിലോമീറ്റർ വരെ വ്യാപിക്കുന്ന വലിയ സുരക്ഷാ നിരോധന മേഖലകൾ ആവശ്യമാണ്.

  • നിയന്ത്രണാനുമതികളും, ഘടനാപരമായ ആവശ്യകതകളും, താപ വൈദ്യുതി നിലയങ്ങളുടേതിൽ നിന്ന് വലിയ വ്യത്യാസമുണ്ട്.

  • അധിക ഭൂമിയും, പരിസ്ഥിതി അനുമതികളും നിർബന്ധമാണ്.

ഇതിനാൽ, നിലവിലുള്ള കേന്ദ്രങ്ങളിൽ വളരെ പരിമിതമായ ചില സ്ഥലങ്ങൾ മാത്രമേ ഇത്തരമൊരു മാറ്റത്തിന് അനുയോജ്യമാകൂ.

ആണവ മുന്നേറ്റം, എന്നാൽ പൂർണമായും ശുദ്ധമല്ല

ആണവ ഊർജത്തെ, ഇന്ത്യയുടെ ശുദ്ധ ഊർജ പരിവർത്തനത്തിന്റെ ഭാഗമെന്ന നിലയിൽ അവതരിപ്പിച്ചുവരുന്നുണ്ടെങ്കിലും, അത് പൂർണമായി ‘ശുദ്ധ’മല്ലെന്ന കാര്യം ഉദ്യോഗസ്ഥർ തന്നെ അംഗീകരിക്കുന്നു. റേഡിയേഷനുമായി ബന്ധപ്പെട്ട അപകടസാധ്യതകൾക്കപ്പുറം, ആണവ നിലയങ്ങൾക്ക് വൻതോതിൽ ജലം ആവശ്യമായുണ്ട് - ചില സാഹചര്യങ്ങളിൽ ഇത് സാധാരണ താപവൈദ്യുതി നിലയങ്ങളെക്കാൾ കൂടുതലാകാം. പ്രത്യേകിച്ച്, ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിൽ ജല ഉപഭോഗം കുറയ്ക്കുന്നതിനായി വായു–ജലം സംയോജിത ശീതീകരണ സംവിധാനങ്ങൾ (എയർ–വാട്ടർ ഹൈബ്രിഡ് കൂളിംഗ് സിസ്റ്റങ്ങൾ) വികസിപ്പിക്കുന്നതിനുള്ള ഗവേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയുടെ നിലവിലെ ആണവ വൈദ്യുതി ശേഷി ഏകദേശം 8.8 ഗിഗാവാട്ടാണ്.

ദീർഘകാലത്തിൽ ഇത് ഗണ്യമായി ഉയർത്തി 2047 ഓടെ ഏകദേശം 100 ഗിഗാവാട്ടിലേക്കെത്തിക്കാനുള്ള ലക്ഷ്യവും പരിഗണനയിലുണ്ട്. എന്നാൽ സാങ്കേതിക വിദ്യകളിലേക്കുള്ള പ്രവേശനം, ധനസഹായം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെ ആശ്രയിച്ചായിരിക്കും ഈ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാകുകയെന്ന് പദ്ധതിയൊരുക്കുന്നവർ വ്യക്തമാക്കുന്നു.

അതേസമയം, കലഹരണപ്പെട്ടതും, കാര്യക്ഷമത കുറഞ്ഞതുമായ ചില താപ വൈദ്യുതി നിലയങ്ങളെ, ആണവ വൈദ്യുതി ഉൽപാദനത്തിനായി പുനർപ്രയോജനപ്പെടുത്താനാകുമോ എന്നതും സമാന്തരമായി പഠിച്ചുവരികയാണ്. എന്നാൽ, ഇതിന് കർശനമായ പരിമിതികളുണ്ട്. ആണവ നിലയങ്ങൾക്ക് വലിയ സുരക്ഷാ നിരോധന മേഖലകൾ, വ്യാപകമായ നിയന്ത്രണാനുമതികൾ, അധിക ഭൂമി എന്നിവ ആവശ്യമായതിനാൽ, ഇത്തരമൊരു പരിവർത്തനം, സാങ്കേതികമായും സാമൂഹികമായും ഏറെ സങ്കീർണ്ണമാണ്.

സ്വകാര്യ ഉടമസ്ഥത സംസ്ഥാനത്തിന്റെ കർശന നിയന്ത്രണത്തിൽ

സംരക്ഷണ വ്യവസ്ഥകളോടെ, ആണവോർജ്ജ മേഖലയിലേക്ക് സ്വകാര്യ മേഖലയുടെ പങ്കാളിത്തം സർക്കാർ ഘട്ടംഘട്ടമായി തുറന്നുകൊണ്ടിരിക്കുകയാണ്. മേൽനോട്ടം ഉറപ്പാക്കാനും, സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകാതിരിക്കാനും, പദ്ധതികളിൽ കുറഞ്ഞത് 51 ശതമാനം ഓഹരി ഉടമസ്ഥാവകാശം സംസ്ഥാനത്തിന് നിലനിർത്താനാണ് സാധ്യത. അന്താരാഷ്ട്ര ആണവ സാങ്കേതിക കമ്പനികളുമായുള്ള പങ്കാളിത്ത സാധ്യതകൾ പരിശോധിക്കുന്ന പ്രധാന പൊതുമേഖലാ സ്ഥാപനമായി എൻടിപിസി (NTPC) മുന്നോട്ട് വരികയാണ്.

നിലയങ്ങൾ നിർമ്മിക്കുക എന്നതിലൊതുങ്ങാതെ, സാങ്കേതികവിദ്യ കൈമാറ്റത്തിലേക്കാണ് പ്രധാന ശ്രദ്ധ. ഇതിലൂടെ ദീർഘകാലത്തിൽ വിദേശ വിതരണക്കാരിലേക്കുള്ള ആശ്രിതത്വം കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ആഗോള കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യൻ പങ്കാളികളെ കണ്ടെത്തുന്ന കാര്യത്തിലും ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് വ്യക്തത തേടുന്ന കാര്യത്തിലും ഇനിയും പുരോഗതി കൈവരിക്കാനുണ്ട്.

ഹരിത ലക്ഷ്യങ്ങളെ താങ്ങാനാവുന്ന ഊർജ്ജവുമായി സന്തുലിതമാക്കുക

ഊർജ്ജപരിവർത്തന ശ്രമങ്ങൾ, ഉപഭോക്തൃ വൈദ്യുതി നിരക്കുകളിൽ പെട്ടെന്നുള്ള വർധനവിന് ഇടയാക്കരുതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിലെ നിലയിൽ നിന്ന് വൈദ്യുതി വില അസഹനീയമായ നിലയിലേക്ക് നീങ്ങാതെ, കുറഞ്ഞ കാർബൺ വൈദ്യുതി ശേഷി വികസിപ്പിക്കുകയാണ് ലക്ഷ്യം. ദീർഘകാല സാമ്പത്തിക മത്സരക്ഷമത ഉറപ്പാക്കുന്നതിന്, ചെലവ് നിയന്ത്രിക്കുക എന്നത് നിർണായകമാണെന്ന വിലയിരുത്തലുമുണ്ട്.

പ്രവർത്തനഘട്ടത്തിൽ എമിഷൻ കുറഞ്ഞതായിരുന്നാലും, ആണവ ഊർജം വലിയ മൂലധന നിക്ഷേപം ആവശ്യപ്പെടുന്നതാണ്. അതിനാലാണ് വേഗത്തിലുള്ള വികസനത്തിന് പകരം, ഘട്ടംഘട്ടമായ വിപുലീകരണം സ്വീകരിക്കാനുള്ള സർക്കാർ തീരുമാനം ശക്തിപ്പെടുന്നത്.

ഭൂമി ഏറ്റെടുക്കൽ, പ്രധാന വെല്ലുവിളി

ആണവ മേഖലയിലും താപവൈദ്യുതി മേഖലയിലും, ഭൂമി ഏറ്റെടുക്കൽ ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു. പദ്ധതികൾ പാരിസ്ഥിതികമായ നയങ്ങൾ പിന്തുടരുണ്ടെന്ന് ഉറപ്പുവരുത്തണം. അതേസമയം, സാമൂഹിക പ്രതിരോധവും, ജലക്ഷാമവും സ്ഥലം വികസിപ്പിക്കുന്നതിന് സങ്കീർണ്ണമാക്കുന്നു. താപനിലയങ്ങളിലൂടെ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ദൂരീകരിക്കുന്നതിനായി നിർമ്മാണ സാമഗ്രികളിൽ ഫ്ലൈ ആഷ് ഉപയോഗിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ആഗോള ആണവോർജ്ജ അവലോകനം 2026, റിപ്പോർട്ട് പ്രകാരം, ഇന്ത്യയെ ചൈന, ഫ്രാൻസ്, റഷ്യ, അമേരിക്ക എന്നിവയോടൊപ്പം, ആഗോള ആണവ വിപുലീകരണത്തെ 2050 വരെ നയിക്കുന്ന അഞ്ച് പ്രധാന രാജ്യങ്ങളിൽ ഒന്നായി പരിഗണിക്കുന്നു. ഈ റിപ്പോർട്ട് ഇന്ത്യയെ നിലവിലുള്ള ആണവ നിലയങ്ങൾ, നിർമാണത്തിലിരിക്കുന്ന റിയാക്ടറുകൾ, കൂടാതെ ആസൂത്രിതമായ പദ്ധതികളുടെ പൈപ്പ്‌ലൈൻ എന്നിവയുള്ള ഒരു സ്ഥാപിത ആണവോർജ്ജ രാജ്യമായി എടുത്തുകാണിക്കുന്നു. ഇതുവഴി 2035ന് ശേഷമുള്ള ആഗോള ആണവോർജ്ജ ശേഷിവർധന ഘട്ടത്തിൽ, ഇന്ത്യയ്ക്ക് ഘടനാപരമായ പ്രാധാന്യം ലഭിക്കുന്നു.

മുന്നോട്ടു നോക്കുമ്പോൾ, ഈ റിപ്പോർട്ട്, ഇന്ത്യയുടെ ആണവോർജ്ജത്തെ, സർക്കാറിന്റെ വിപുലമായ ശേഷിവർധന ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുന്നു. ഈ ലക്ഷ്യങ്ങൾ യാഥാർഥ്യമാകുന്നത് തുടർച്ചയായ നയപിന്തുണ, കാര്യക്ഷമമായ ധനവിനിമയ സംവിധാനങ്ങൾ, നിയന്ത്രണ നടപടികളിലെ കാര്യക്ഷമത, വ്യവസായവും തൊഴിൽശക്തിയും ആവശ്യമായ തോതിൽ വികസിപ്പിക്കൽ എന്നിവയെ ആശ്രയിച്ചിരിക്കും.

ഇന്ത്യയുടെ ആണവോർജ്ജത്തെ, ഡീകാർബണൈസേഷൻ, ഗ്രിഡ് സ്ഥിരത, വൈദ്യുതീകരണവും വ്യവസായവത്കരണവും മൂലം ഉയരുന്ന ആവശ്യകത എന്നിവ പ്രദാനം ചെയ്യുന്ന ഘടകമായാണ് പരിഗണിക്കുന്നത്.

നയപരിഷ്കാരങ്ങൾ

വൈദ്യുതി നിയമത്തിലും മറ്റ് മേഖലാ നയങ്ങളിലുമുള്ള പ്രധാന ഭേദഗതികൾ അടുത്ത മാസങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്നു. ഈ പരിഷ്കാരങ്ങൾ, മുഴുവൻ വിപണിയുടെ ഘടന, സ്വകാര്യ പങ്കാളിത്തം, നിയന്ത്രണ മേൽനോട്ടം എന്നിവയെ സ്വാധീനിക്കാനിടയുണ്ട്.

2070- ഓടെ നെറ്റ്-സീറോ എമിഷൻ നേടാനുള്ള ഇന്ത്യയുടെ ദീർഘകാല കാലാവസ്ഥാ പ്രതിബദ്ധതയാണ്, ഈ ശ്രമങ്ങൾക്ക് അടിസ്ഥാനമാകുന്നത്. എന്നാൽ ശുദ്ധ ഊർജത്തിന്റെ വ്യാപനം വർധിപ്പിക്കുന്നതിലുള്ള പുരോഗതി വിലയിരുത്താനും, ഒരേസമയം ചെലവുകുറവും വിശ്വാസ്യതയും നിലനിർത്താനും, 2040 ഒരു നിർണായക ഘട്ടമാനിന്നാണ് നയം രൂപീകരിക്കുന്നവരുടെ കാഴ്ചപ്പാട്.

കേന്ദ്ര ബജറ്റിൽ കൽക്കരി, ജലവൈദ്യുതി, സംഭരണം മുൻനിരയിൽ

ആണവ ഊർജ പദ്ധതികൾ രൂപംകൊള്ളുന്നതിനിടെ, മൊത്തത്തിലുള്ള വൈദ്യുതി തന്ത്രം വൈവിധ്യമാർന്നതായിത്തന്നെയാണ് തുടരുന്നത്. ഫെബ്രുവരി 1ന് പ്രഖ്യാപിക്കാനിരിക്കുന്ന 2025–26 ലെ കേന്ദ്ര ബജറ്റിൽ, പുനരുപയോഗ ഊർജം, ജലവൈദ്യുത പദ്ധതികൾ, ബാറ്ററി അധിഷ്ഠിത സംഭരണത്തിന് ബദലായി പമ്പ്ഡ് സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി വൈദ്യുതി മേഖലയ്ക്കായി ഗണ്യമായ തുക നീക്കിവെക്കുമെന്നാണ് പ്രതീക്ഷ.

കാലാവസ്ഥാ ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തിൽ, സമ്മർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും, ആവശ്യങ്ങൾ കൂടി വരുന്നതിനാൽ, ഊർജ സുരക്ഷയും ഗ്രിഡ് സ്ഥിരതയും ഉറപ്പാക്കുന്നതിനായി, കൽക്കരി അധിഷ്ഠിത വൈദ്യുതിക്ക് നയപരമായ ശ്രദ്ധ തുടർന്നും ലഭിക്കുന്നു.

Down To Earth
malayalam.downtoearth.org.in