

യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ ക്ലൈമറ്റ് ഇംപാക്ട് ലാബ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, നിലവിലുള്ള ‘സൂപ്പർ’ എൽ നിനോ മൂലം 2026 സെപ്റ്റംബറിനും 2027 ഫെബ്രുവറിക്കും ഇടയിൽ ആഗോളതലത്തിൽ തീവ്രമായ ചൂടുള്ള ദിവസങ്ങളിൽ 2,39,000 അധിക മരണങ്ങൾ ഉണ്ടായേക്കാമെന്ന് കണക്കാക്കുന്നു. ഈ മരണനിരക്കിന്റെ ഭൂരിഭാഗവും ഗ്ലോബൽ സൗത്ത് (വളർന്നുവരുന്നതും വികസ്വരവുമായ) രാജ്യങ്ങളിലായിരിക്കും അനുഭവപ്പെടുകയെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ആഫ്രിക്കയിലെ സഹേൽ മേഖലയിലാണ് ഏറ്റവും വലിയ വർദ്ധനവ് പ്രവചിക്കപ്പെടുന്നത്. സെപ്റ്റംബറിനും ഫെബ്രുവറിക്കും ഇടയിൽ ഇവിടെ 66,800 അധിക ഉഷ്ണതരംഗ മരണങ്ങൾ ഉണ്ടാകാം; ഇതിൽ നൈജീരിയയിലെ 31,400 മരണങ്ങളും ഉൾപ്പെടുന്നു. അതേസമയം, ഇന്ത്യയിൽ 15,800 അധിക മരണങ്ങൾ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ഇന്തോനേഷ്യയിൽ 19,300, ഫിലിപ്പീൻസ്, വിയറ്റ്‌നാം, തായ്‌ലൻഡ്, കംബോഡിയ എന്നിവയുൾപ്പെടുന്ന തെക്കുകിഴക്കൻ ഏഷ്യയിൽ 19,400, ബ്രസീലിൽ 13,300 എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന മരണസംഖ്യ.
മരണങ്ങൾ സംഭവിക്കുന്ന സമയക്രമത്തിലും വലിയ വ്യത്യാസങ്ങൾ പ്രവചിക്കപ്പെടുന്നു. 2026 ഡിസംബറിനും 2027 ഫെബ്രുവറിക്കും ഇടയിലുള്ള സമയത്തുമാത്രം നൈജീരിയയിലും ഇന്തോനേഷ്യയിലും യഥാക്രമം 15,400, 10,400 അധിക ഉഷ്ണതരംഗ മരണങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതേ കാലയളവിൽ ബ്രസീലിൽ 8,000 ഉം ഇന്ത്യയിൽ 7,400 ഉം മരണങ്ങൾ രേഖപ്പെടുത്താം.
ഇത് കാണിക്കുന്നത്, ഇന്ത്യയിൽ പ്രവചിക്കപ്പെട്ടിട്ടുള്ള ആറുമാസത്തെ ആകെ 15,800 അധിക മരണങ്ങളുടെ പകുതിയോളവും ഈ മൂന്ന് മാസത്തിനുള്ളിൽ സംഭവിച്ചേക്കാം എന്നാണ്.
എന്നിരുന്നാലും, എൽ നിനോയുടെ പൂർണ്ണമായ കാലയളവെടുക്കുമ്പോൾ മൊത്തം മരണസംഖ്യ ഇതിനേക്കാൾ വളരെ ഉയർന്നതായിരിക്കും. ആഗോളതലത്തിൽ 2026 സെപ്റ്റംബർ മുതൽ 2027 ഫെബ്രുവരി വരെ 2,39,000 അധിക മരണങ്ങൾ പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും, ഈ പ്രതിഭാസം ആരംഭിച്ച 2026 ജൂൺ മുതൽ 2027 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആകെ 4,51,000 അധിക മരണങ്ങൾ ഉണ്ടാകാമെന്ന് ഗവേഷകർ കണക്കാക്കുന്നു. അസാധാരണമായ ഉഷ്ണതരംഗ അവസ്ഥകൾ 2027 പകുതി വരെ തുടരാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഭാവിയിൽ നിന്നുള്ള മുന്നറിയിപ്പ്
ഈ മരണങ്ങൾക്ക് കാരണമാകുന്ന അസാധാരണമായ ഉയർന്ന താപനില, നാം നേരിടാനിരിക്കുന്ന കൂടുതൽ ചൂടേറിയ ഒരു ഭാവിയുടെ സൂചനയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഈ എൽ നിനോ കാലയളവിൽ പ്രതീക്ഷിക്കുന്ന താപനില, കാലാവസ്ഥാ വ്യതിയാന പ്രവചനങ്ങൾ അനുസരിച്ച് ഭാവിയിൽ സ്വാഭാവികമായി മാറിയേക്കാവുന്ന ഉയർന്ന താപനിലയ്ക്ക് സമാനമാണെന്നും, ഏകദേശം 20 വർഷങ്ങൾക്ക് ശേഷം ഈ ഉയർന്ന താപനില മൂലമുള്ള ആരോഗ്യപ്രതിസന്ധികൾ സാധാരണ സംഭവമായി മാറിയേക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വരുന്ന മാസങ്ങളിൽ ആഗോള കരഭൂമിയിലെ താപനില സാധാരണയേക്കാൾ ഏകദേശം 1.2 ഡിഗ്രി സെൽഷ്യസ് കൂടുതലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ജൂണിൽ ആരംഭിച്ചതും വടക്കൻ ഗോളാർദ്ധത്തിലെ വസന്തകാലം വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതുമായ നിലവിലെ എൽ നിനോയാണ് ഇതിന് പ്രധാന കാരണം. സാധാരണ വർഷത്തെ അപേക്ഷിച്ച് ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം 44 ശതമാനം കൂടുതൽ തീവ്രമായ ചൂടുള്ള ദിവസങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ട് കണക്കാക്കുന്നു.
"താപനില വിളകളെ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാൻ നമുക്ക് നേരത്തെ തന്നെ സാധിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഉയർന്ന താപനിലയുടെ ഏറ്റവും ദാരുണമായ പ്രത്യാഘാതമായ മരണങ്ങളെപ്പോലും പ്രവചിക്കാൻ നമുക്ക് കഴിയും. വരുന്ന മാസങ്ങളിൽ എൽ നിനോ കാരണം 4,51,000 ആളുകൾ മരിച്ചേക്കാമെന്ന് കണക്കാക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇത് കേൾക്കുമ്പോൾ നിശ്ചലമായിപ്പോകുന്നത്ര വലിയൊരു സംഖ്യയാണ്, എന്നാൽ ഇതിൽ മാതാപിതാക്കളും കുട്ടികളും മുത്തശ്ശിമാരും അയൽക്കാരും ജോലിക്ക് പോകുന്നവരും കുടുംബങ്ങളെ നോക്കുന്നവരും സാധാരണ മനുഷ്യരുമുണ്ട്," ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ സഹസ്ഥാപകനും ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് പ്രൊഫസറുമായ മൈക്കൽ ഗ്രീൻസ്റ്റോൺ പറയുന്നു.
"വരുന്ന മാസങ്ങളിൽ പതിനായിരക്കണക്കിന് ജീവനുകൾ രക്ഷിക്കുന്നതിനായി അടിയന്തര നടപടികൾ എവിടെയൊക്കെ സ്വീകരിക്കാമെന്ന് കൃത്യമായി മനസ്സിലാക്കാൻ ഈ റിപ്പോർട്ട് ഭരണാധികാരികളെയും തീരുമാനങ്ങളെടുക്കുന്നവരെയും സഹായിക്കുന്നു."
താപനിലയും അധിക മരണനിരക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ക്ലൈമറ്റ് ഇംപാക്ട് ലാബ് നേരത്തെ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. അതത് പ്രദേശങ്ങളിലെ പ്രാദേശിക കാലാവസ്ഥ, ജനങ്ങളുടെ അതിജീവന ശേഷി, അതിനോട് പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയ്ക്ക് അനുസൃതമായി ഈ ഗവേഷണ ഡാറ്റ ക്രമീകരിച്ചു. ലോകമെമ്പാടുമുള്ള 24,378 പ്രദേശങ്ങളിലെ 'ECMWF SEAS5' സീസണൽ ഫോർകാസ്റ്റിംഗ് സിസ്റ്റത്തിൽ നിന്നുള്ള ദീർഘകാല താപനില പ്രവചനങ്ങളുമായി ഈ വിവരങ്ങൾ ഗവേഷകർ ലയിപ്പിച്ചു പരി പരിശോധിച്ചു.
തുടർന്ന്, 1996-2025 കാലഘട്ടത്തിലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ എത്ര അധിക ഉഷ്ണതരംഗ മരണങ്ങൾ സംഭവിക്കുമെന്ന് അവർ കണക്കാക്കി. താപനില പ്രവചനങ്ങളിലെയും താപനില-മരണനിരക്ക് ബന്ധങ്ങളിലെയും അനിശ്ചിതത്വങ്ങളും ഇതിൽ കണക്കിലെടുത്തിട്ടുണ്ട്.
തീവ്രമായ ചൂട് സാധാരണമാകുന്നതിന് മുൻപ് പ്രവർത്തിക്കുക
വിവിധ രാജ്യങ്ങളിൽ പ്രതീക്ഷിക്കുന്ന മരണങ്ങളുടെ സമയക്രമത്തിൽ വലിയ വ്യത്യാസങ്ങൾ കാണപ്പെടുന്നുണ്ട്; ഇത് സർക്കാരുകൾക്കും മാനുഷിക സഹായ ഏജൻസികൾക്കും മുൻകൂട്ടി ഇടപെടലുകൾ നടത്താനുള്ള സമയം നൽകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ അപകടസാധ്യത നിലവിലെ ആറുമാസത്തെ പ്രവചനത്തിനും അപ്പുറത്തേക്ക് നീളാൻ സാധ്യതയുണ്ട്. 2027 ഫെബ്രുവരെന്ന കാലയളവിന് ശേഷവും അസാധാരണമായ ചൂട് തുടരാൻ സാധ്യതയുള്ളതിനാൽ, 2027 വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ത്യയിലും പാകിസ്ഥാനിലും ചൂട് മൂലമുള്ള മരണങ്ങൾ ഇനിയും ഉയർന്നേക്കാമെന്ന് ഗവേഷകർ പറഞ്ഞു. എൽ നിനോ മുന്നോട്ട് പോകുന്നതിനനുസരിച്ച് തങ്ങളുടെ പ്രവചനങ്ങൾ പുതുക്കുമെന്ന് ക്ലൈമറ്റ് ഇംപാക്ട് ലാബ് അറിയിച്ചു.
ലക്ഷ്യബോധത്തോടെയുള്ള അടിയന്തര നടപടികളിലൂടെ ഇപ്പോഴും പതിനായിരക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് വാദിക്കുന്നു. ജാഗ്രതാ നിർദ്ദേശങ്ങൾ (Heat warnings), ദുർബലവിഭാഗങ്ങളിലേക്കുള്ള ആരോഗ്യസഹായങ്ങൾ, തണുപ്പുള്ള കേന്ദ്രങ്ങളും (Cooling centres) കുടിവെള്ള കേന്ദ്രങ്ങളും സ്ഥാപിക്കൽ, പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കുള്ള സംരക്ഷണം, ആരോഗ്യ സംവിധാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കൽ എന്നിവ തീവ്രമായ താപനിലയുടെ ആഘാതം കുറയ്ക്കാനുള്ള വഴികളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, ഇന്ന് അസാധാരണമായി തോന്നുന്ന താപനില നാളെ സാധാരണയായി മാറുമ്പോൾ ഇത്തരം അടിയന്തര നടപടികൾ മാത്രം മതിയാകില്ല.
മെച്ചപ്പെട്ട താപനില പ്രവചനം, ഹീറ്റ് ആക്ഷൻ പ്ലാനുകൾ, കൂളിംഗ് സാങ്കേതികവിദ്യകളിലേക്കുള്ള വിപുലമായ പ്രവേശനം എന്നിവ ഉൾപ്പെടെ ദീർഘകാല പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താൻ ഗവേഷകർ ആഹ്വാനം ചെയ്തു. കൂടാതെ, വിവിധ പ്രദേശങ്ങൾ, കാലാവസ്ഥകൾ, ആരോഗ്യ സംവിധാനങ്ങൾ എന്നിവയിലുടനീളം ഏതെല്ലാം മുൻകരുതലുകളാണ് കൂടുതൽ ഫലപ്രദമാകുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
"അടിയന്തര പ്രതികരണങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെയും തന്ത്രപരമായ പരിശ്രമങ്ങളിലൂടെയും ഈ വർഷം നിരവധിയാളുകളുടെ ജീവൻ രക്ഷിക്കാൻ സാധിക്കും. എന്നാൽ 20 വർഷങ്ങൾക്ക് ശേഷം, ഇന്നത്തെ ഈ തീവ്രമായ താപനില പുതിയ സാധാരണ നിലയായി മാറുമ്പോൾ, നാം എപ്പോഴും ഒരു അടിയന്തരാവസ്ഥയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല," റിപ്പോർട്ടിന്റെ സഹരചയിതാവും ബർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ തമ്മാ കാർലെട്ടൺ പറയുന്നു.
"വരും വർഷങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന തയ്യാറെടുപ്പുകളും ആസൂത്രണ സംവിധാനങ്ങളും രൂപകൽപ്പന ചെയ്യാനും വിന്യസിക്കാനും വിലയിരുത്താനും നാം ഇപ്പോൾ തന്നെ വിഭവങ്ങൾ സമാഹരിക്കേണ്ടതുണ്ട്."
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)