

കാലാവസ്ഥാനിരീക്ഷണ ശാസ്ത്ര ലോകത്തെ സംബന്ധിച്ചിടത്തോളം അവർ ഒരുതരം 'അന്യഗ്രഹ ജീവികളെ' (Aliens) പോലെയാണ് - ഒരിക്കലും വിഭാവനം ചെയ്യാത്തവരും പ്രവചനാതീതരും. ഇപ്പോൾ അവർ നമ്മളെ ആക്രമിച്ചു തുടങ്ങിയിരിക്കുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കാലവർഷത്തിൽ ഇന്ത്യയുടെ സമതല പ്രദേശങ്ങളിൽ ഉണ്ടായ മേഘവിസ്ഫോടനത്തിന് (Cloudburst) സമാനമായ അതിശക്തമായ മഴ പെയ്തപ്പോൾ അനുഭവപ്പെട്ടത് ഇതായിരുന്നു.
സാധാരണയായി 20 മുതൽ 30 ചതുരശ്ര കിലോമീറ്റർ പരിധിയിൽ ഒരു മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്നതിനെയാണ് കാലാവസ്ഥാ നിരീക്ഷകർ 'മേഘവിസ്ഫോടനം' എന്ന് വിളിക്കുന്നത്. ഇത്തരം സംഭവങ്ങൾ സാധാരണയായി മലയോര മേഖലകളിൽ മാത്രമാണ് കണ്ടുവരാറുള്ളത്. എന്നാൽ ഓഗസ്റ്റ് 30-ന് തമിഴ്‌നാടിന്റെ തീരദേശ തലസ്ഥാനമായ ചെന്നൈയിലെ മണാലിയിൽ രാത്രി 10 മണി മുതൽ ഒരു മണിക്കൂറിനുള്ളിൽ 106 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. തുടർന്ന് 11 മണി മുതൽ അർദ്ധരാത്രി വരെ 127 മില്ലിമീറ്റർ മഴ കൂടി ലഭിച്ചു. അതേ സമയം തന്നെ തൊട്ടടുത്തുള്ള വിംകോ നഗറിൽ 157 മില്ലിമീറ്ററും, കൊരട്ടൂരിൽ 137 മില്ലിമീറ്ററും, ന്യൂ മണാലിയിൽ 103 മില്ലിമീറ്ററും മഴ പെയ്തു. വെറും രണ്ട് മണിക്കൂറിനുള്ളിൽ ചെന്നൈ നഗരം അഞ്ച് മേഘവിസ്ഫോടനങ്ങൾക്കോ അല്ലെങ്കിൽ അതിന് സമാനമായ സാഹചര്യങ്ങൾക്കോ സാക്ഷ്യം വഹിച്ചു. ഇതിന് രണ്ട് ദിവസം മുമ്പ് തെലങ്കാനയിലെ കാമറെഡ്ഡിയിൽ 48 മണിക്കൂറിനുള്ളിൽ 576 മില്ലിമീറ്റർ മഴയാണ് പെയ്തത്- കഴിഞ്ഞ 35 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയായിരുന്നു ഇത്. ഇതിൽ ഭൂരിഭാഗവും പെയ്തത് ഏതാനും മണിക്കൂറുകൾക്കുള്ളിലായിരുന്നു.
ജില്ലയിലെ പല ബ്ലോക്കുകളിലും ഈ കാലയളവിൽ 300 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി കണക്കുകൾ കാണിക്കുന്നു. സമാനമായ മഴ മറ്റ് സംസ്ഥാനങ്ങളിലും ആഞ്ഞടിച്ചു. മഴ നിഴൽ പ്രദേശമായ മഹാരാഷ്ട്രയിലെ നന്ദേഡിൽ ഓഗസ്റ്റ് 17-18 തീയതികളിൽ 206 മില്ലിമീറ്റർ മഴ ലഭിച്ചു. സെപ്റ്റംബർ 22-നും 23-നും ഇടയിൽ കൊൽക്കത്തയിൽ 251 മില്ലിമീറ്റർ മഴ പെയ്തു - കഴിഞ്ഞ 39 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സെപ്റ്റംബർ മഴയാണിത്. ഇതിൽ 180 മില്ലിമീറ്ററും വെറും മൂന്ന് മണിക്കൂറിനുള്ളിലാണ് പെയ്തത്; 98 മില്ലിമീറ്റർ ഒരു മണിക്കൂറിനുള്ളിലും.
"ഈ മേഘവിസ്ഫോടനങ്ങൾ അഭൂതപൂർവ്വമായിരുന്നു," എന്ന് ബെർഹാംപൂർ ഐസറിലെ (IISER) പ്രൊഫസർ പാർത്ഥസാരഥി മുഖോപാധ്യായ പറയുന്നു. ഇത്തരം സംഭവങ്ങൾ ഇതാദ്യമായല്ല സംഭവിക്കുന്നത്. 2005-ലെ മുംബൈ പ്രളയവും 2018-ലെ കേരള പ്രളയവും അസാധാരണമായ മഴയുടെ ഉദാഹരണങ്ങളാണ്. 2018-ലെ കേരള പ്രളയസമയത്ത് ഓഗസ്റ്റ് 6 മുതൽ 19 വരെ, ഒരു മാസത്തെ ശരാശരിയേക്കാൾ 150-160 ശതമാനം കൂടുതൽ മഴ ലഭിച്ചതായി അദ്ദേഹം വിശദീകരിക്കുന്നു. "എന്നാൽ 2025-ൽ സംഭവിച്ചതുപോലെ ഇത്രയധികം അസാധാരണ മഴക്കാലങ്ങൾ ഇതിനുമുമ്പ് നമ്മൾ കേട്ടിട്ടില്ല." കൂടാതെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമതല പ്രദേശങ്ങളിൽ മേഘവിസ്ഫോടനം ഉണ്ടാകുമെന്ന് ഒരു പ്രവചനത്തിലും സൂചിപ്പിച്ചിരുന്നില്ല.
നിലവിലെ കാലാവസ്ഥാ മോഡലുകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്; അവ വലിയ പ്രദേശങ്ങളിലെ പൊതുവായ മാറ്റങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്, അല്ലാതെ മേഘവിസ്ഫോടനം പോലുള്ള ചെറിയ പ്രദേശത്തെ പ്രത്യേക സംഭവങ്ങളെക്കുറിച്ചല്ല. "ആഗോള ശരാശരി താപനിലയിൽ ഓരോ 1 ഡിഗ്രി സെൽഷ്യസ് വർദ്ധനവുണ്ടാകുമ്പോഴും അന്തരീക്ഷത്തിലെ ജലബാഷ്പം 7 ശതമാനം വർദ്ധിക്കുമെന്ന് മാത്രമേ നമുക്കറിയൂ," മുഖോപാധ്യായ പറയുന്നു. പർവ്വതങ്ങളുടെ തടസ്സമില്ലാതെ (Orographic lift), വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു ചെറിയ പ്രദേശത്ത് ഇത്രയും ശക്തമായ മഴ പെയ്യാൻ കാരണമാകുന്ന പ്രതിഭാസത്തെക്കുറിച്ച് നാം കൂടുതൽ പഠിക്കേണ്ടതുണ്ട്.
ശാസ്ത്രീയമായ അറിവിലെ പരിമിതികളും കാലാവസ്ഥാ മോഡലുകളുടെ പോരായ്മകളും നിലനിൽക്കുമ്പോഴും, സമീപകാല സംഭവങ്ങൾ രണ്ട് കാര്യങ്ങൾ വ്യക്തമാക്കുന്നു. ഒന്ന്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ മോഡലുകൾ പ്രവചിക്കാത്ത ഇടങ്ങളിൽ പോലും കണ്ടുതുടങ്ങിയിരിക്കുന്നു. രണ്ട്, അവ പ്രവചിക്കപ്പെട്ട കാലയളവിനേക്കാൾ വളരെ നേരത്തെ തന്നെ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.
പതിറ്റാണ്ടുകൾക്ക് ശേഷം മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന ഇത്തരം മാറ്റങ്ങൾ ഇപ്പോൾ ലോകമെമ്പാടും പ്രകടമാവുകയാണ്. ഒക്ടോബർ 16-ന് 23 രാജ്യങ്ങളിൽ നിന്നുള്ള 160 ശാസ്ത്രജ്ഞർ പുറത്തിറക്കിയ "ഗ്ലോബൽ ടിപ്പിംഗ് പോയിന്റ്‌സ് 2025" എന്ന റിപ്പോർട്ട് പ്രകാരം, പവിഴപ്പുറ്റുകളുടെ വൻതോതിലുള്ള നാശത്തോടെ ഭൂമി അതിന്റെ ആദ്യത്തെ വിനാശകരമായ കാലാവസ്ഥാ 'ടിപ്പിംഗ് പോയിന്റിൽ' (Tipping point) എത്തിക്കഴിഞ്ഞു. മനുഷ്യനിർമ്മിതമായ താപനം മൂലം ഭൂമിയിൽ മാറ്റാനാവാത്ത പ്രത്യാഘാതങ്ങൾ തുടങ്ങുന്ന ഘട്ടത്തെയാണ് ടിപ്പിംഗ് പോയിന്റ് എന്ന് വിളിക്കുന്നത്. ഇത്തരം ഘട്ടങ്ങൾ 2030-കൾക്കും ഈ നൂറ്റാണ്ടിന്റെ അവസാനത്തിനും ഇടയിൽ സംഭവിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അത് അതിനേക്കാൾ വേഗത്തിൽ സംഭവിക്കുന്നു എന്നാണ്. "നമ്മൾ ഒരു പുതിയ കാലാവസ്ഥാ യാഥാർത്ഥ്യത്തിലാണ്," എന്ന് ടിം ലെന്റൺ പറയുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
2025 നവംബർ 16-30 പ്രിന്റ് പതിപ്പിൽ ഭൂമി വേഗത്തിൽ ചൂടാകുന്നു എന്ന കവർ സ്റ്റോറിയുടെ ഭാഗമായാണ് ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്. ഡൗൺ ടു എർത്ത്