യുറേഷ്യൻ ഓട്ടർ. 
Wildlife & Biodiversity

വാദുർ: കശ്മീരിലെ ജലാശയങ്ങളിലേക്ക് യൂറേഷ്യൻ നീർനായകളുടെ തിരിച്ചുവരവ്

ഗന്ധർബലിലെ കനാലിൽ ഒരു വ്യക്‌തി കണ്ടെത്തിയത് ജൈവശാസ്ത്രപരമായ സംഭവം മാത്രമല്ല; മറിച്ച്, കോൺക്രീറ്റ് കനാലുകൾ രൂപമാറ്റം വരുത്തിയ ഭൂപ്രകൃതിക്കിടയിലും, ജീവന് അതിന്റെ തിരിച്ചുവരവിനുള്ള ഇടുങ്ങിയ വഴികൾ കണ്ടെത്താനാകുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്.

Mir Faizan Anwar

ദൂരസ്ഥലത്തേക്കുള്ള സ്ഥലംമാറ്റം പലപ്പോഴും, ഒരു സാമൂഹിക ഒറ്റപ്പെടലായിട്ടാണ് അനുഭവപ്പെടാറുള്ളത്. കശ്‌മീരിലെ ഗന്ധർബൽ ജില്ലയിലെ, മാനസ്ബൽ ഫോറസ്റ്റ് റേഞ്ചിലേക്ക് എനിക്ക് മാറ്റം ലഭിച്ചപ്പോൾ, പഴയ സ്റ്റേഷനിൽ നിന്നുള്ള ആ ദൂരം എന്നെ കുറച്ചൊന്നുമല്ല അലട്ടിയത്. എങ്കിലും, ആ മനോഹരമായ പ്രകൃതി എനിക്ക് ആശ്വാസം നൽകാനും ഒരു ആത്മബന്ധം തോന്നിപ്പിക്കാനും അധികം സമയമെടുത്തില്ല.

കശ്മീരിലെ ഏറ്റവും വൈവിധ്യമാർന്ന പരിസ്ഥിതികളിലൊന്നാണ് മാനസ്ബൽ ഫോറസ്റ്റ് റേഞ്ച്. ആൽപൈൻ കൊടുമുടികളിൽ നിന്ന് തുടങ്ങി തണ്ണീർത്തടങ്ങളിലേക്കും, കുറ്റിച്ചെടികൾ നിറഞ്ഞ കാടുകളിൽ നിന്ന് ശുദ്ധജല സ്രോതസ്സുകളിലേക്കും ഇവിടെ ജീവൻ ഒഴുകിച്ചേരുന്നു. ആൽപൈൻ തടാകമായ ഗംഗ്ബലിലെ, തണുത്തുറഞ്ഞ വെള്ളം മുതൽ കശ്മീരിലെ ഏറ്റവും ആഴമേറിയ തടാകമായ മാനസ്ബൽ വരെയും, സിന്ധു നദിയുടെ ശാന്തമായ പ്രവാഹത്തിലും, പ്രകൃതി അതിന്റെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നു.

സിന്ധു നദിയുടെ തീരത്തുള്ള, പ്രെങ് ഗ്രാമത്തിലായിരുന്നു എനിക്ക് താമസം അനുവദിച്ചിരുന്നത്. ഇതിനടുത്തുകൂടി തന്നെ ഗന്ധർബൽ ഹൈഡൽ പ്രോജക്റ്റിലേക്ക് വെള്ളമെത്തിക്കുന്ന സിന്ധ് കനാലും കടന്നുപോകുന്നു. മനുഷ്യനിർമ്മിതമായ ഒരു ജലപാതയാണെങ്കിൽ പോലും, ഇത് ഇവിടുത്തെ വന്യജീവികളുടെ ജീവിതവുമായി ഇഴചേർന്നു നിൽക്കുന്നു. ജോലിയിൽ പ്രവേശിച്ച് ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ, ആ ബന്ധം എനിക്ക് മുന്നിൽ വെളിപ്പെട്ടു; പ്രകൃതി എനിക്കായി ഒരു അത്ഭുതം കരുതിവെച്ചിരുന്നു.

കശ്മീരിലെ കഠിനമായ മഞ്ഞുകാലമായ 'ചില്ലൈ കലാൻ' (Chillai Kalan) സമയത്തെ ഒരു തണുത്ത ജനുവരി പ്രഭാതമായിരുന്നു അത്. ഒരു ഫോറസ്റ്റ് ഗാർഡിനൊപ്പം കനാലിന് അരികിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ. അന്തരീക്ഷത്തിൽ മഞ്ഞുറഞ്ഞു നിൽക്കുന്ന, അതീവ ശാന്തമായ ഒരു പുലരി. കുറച്ചു ദൂരം നടന്നപ്പോൾ, അപ്രതീക്ഷിതമായ ഒരു കാഴ്ച കണ്ട് ഞാൻ അമ്പരന്നുപോയി. ഏതൊരു വന്യജീവി സ്നേഹിയും സ്വപ്നം കാണുന്ന, എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയായിരുന്നു അത്.

കനാലിന്റെ വശത്തായി ഒരു 'യൂറേഷ്യൻ നീർനായ' (Eurasian Otter) ശാന്തമായി ഇരിക്കുന്നു. ഏകാകിയായിരുന്ന ആ ജീവി, ഒട്ടും പരിഭ്രമമില്ലാതെ അൽപ്പനേരം നോക്കിനിന്ന ശേഷം വെള്ളത്തിലേക്ക് വഴുതിയിറങ്ങി. എനിക്കതിന്റെ ചിത്രം പകർത്താൻ സാധിച്ചു. സിന്ധു നദിയിൽ നിന്ന് ലഭിക്കുന്ന യൂറേഷ്യൻ നീർനായയുടെ, ആദ്യത്തെ നേരിട്ടുള്ള ഫോട്ടോഗ്രാഫിക് തെളിവ്, എന്നാണ് പിന്നീട് മുതിർന്ന ഉദ്യോഗസ്ഥർ ഇതിനെ വിശേഷിപ്പിച്ചത്.

ഉടൻ തന്നെ കുറച്ച് നാട്ടുകാർ അവിടെ തടിച്ചുകൂടി. പരിചിതമല്ലാത്തതുകൊണ്ട് അവർ അതിനെ ഒരു മുതലയാണെന്ന് കരുതി തെറ്റിദ്ധരിച്ചു. എന്നെപ്പോലെ തന്നെ അവരും ആദ്യമായാണ് ഒരു നീർനായയെ കാണുന്നത്. കശ്മീരിലെ കാട്ടുപന്നികളെപ്പോലെ, ഈ 'അന്യഗ്രഹ' ജീവിയെയും ആരോ മനഃപൂർവ്വം ഇവിടെ കൊണ്ടുവന്നു വിട്ടതാണെന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. എന്നാൽ ഇത് പുറത്തുനിന്ന് വന്നതല്ലെന്നും, വൃത്തിയുള്ള ജലാശയങ്ങളിൽ മാത്രം ജീവിക്കുന്ന അപൂർവ്വമായ ഒന്നാണെന്നും, അവരെ ബോധ്യപ്പെടുത്താൻ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു.

യഥാർത്ഥത്തിൽ, യൂറേഷ്യൻ നീർനായ കശ്മീരിന് അപരിചിതമല്ല. ശാസ്ത്രീയമായി 'ലൂട്ര ലൂട്ര' (Lutra lutra) എന്നറിയപ്പെടുന്ന ഈ മാംസഭുക്കായ സസ്തനിയെ, കശ്മീരി ഭാഷയിൽ 'വാദുർ' (Wadur) എന്നാണ് വിളിക്കുന്നത്.

കശ്മീർ താഴ്വരയുടെ ചില ഭാഗങ്ങളിൽ നിന്ന് വംശനാശം സംഭവിച്ചുവെന്ന് കരുതിയ നീർനായകൾ, അടുത്ത കാലത്തായി വീണ്ടും പ്രത്യക്ഷപ്പെടുന്നത് അവയുടെ നിശബ്ദമായ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു. കശ്മീരിലെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള കണ്ടെത്തലുകളും വിരൽ ചൂണ്ടുന്നത്, ഇവ കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നാണ്. മനുഷ്യശ്രദ്ധ അധികം എത്താത്ത ജലാശയങ്ങളിൽ ഇവ ഇന്നും അതിജീവനത്തിനായി പോരാടുന്നു എന്നതിന്റെ തെളിവാണിത്.

സിന്ധ് കനാൽ

ലോകമെമ്പാടും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഐ.യു.സി.എൻ (IUCN) റെഡ് ലിസ്റ്റിൽ 'നിയർ ത്രെറ്റൻഡ്' (Near Threatened) വിഭാഗത്തിലാണ് ഈ വർഗ്ഗത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. സൈറ്റ്സ് (CITES) പട്ടികയിലെ ഒന്നാം അനുബന്ധത്തിലും, ഇന്ത്യയുടെ 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ രണ്ടാം ഷെഡ്യൂളിലും ഇവ ഇടംപിടിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥയുടെ നാശം, ജല മലിനീകരണം, മനുഷ്യന്റെ ഇടപെടലുകൾ എന്നിവ മൂലം ഇവയുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതാണ് ഈ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾക്ക് കാരണം.

ഹിമാലയൻ മേഖലയിൽ, ശുദ്ധജലത്തിന്റെ ആരോഗ്യസ്ഥിതി അളക്കുന്ന ഒരു സെൻസിറ്റീവ് 'ബാരോമീറ്റർ' ആയിട്ടാണ് യൂറേഷ്യൻ നീർനായകളെ കണക്കാക്കുന്നത്. നദികൾ പൂർണ്ണമായും മൃതമാകുന്നതിന് വളരെ മുൻപേ തന്നെ ഇവ അവിടെ നിന്ന് അപ്രത്യക്ഷമാകാറുണ്ട്. ശുദ്ധജല ആവാസവ്യവസ്ഥയിലെ ഒരു പ്രധാന ഇരപിടിയൻ എന്ന നിലയിൽ, പ്രകൃതിയുടെ സന്തുലിതാവസ്ഥയെയാണ് നീർനായ പ്രതിനിധീകരിക്കുന്നത്. ഇവയുടെ സാന്നിധ്യം അവിടുത്തെ ജലം ശുദ്ധമാണെന്നും, ഭക്ഷണത്തിന് ആവശ്യമായ ജീവിവർഗ്ഗങ്ങൾ അവിടെയുണ്ടെന്നും, ജലാശയങ്ങൾ ആരോഗ്യകരമാണെന്നുമുള്ളതിന്റെ വ്യക്തമായ സൂചനയാണ്.

നദികൾ മാറ്റത്തിനു വിധേയമാകുമ്പോൾ, ജൈവവൈവിധ്യം നിലനിർത്തുന്നതിൽ കനാലുകൾ വഹിക്കുന്ന നിർണ്ണായകമായ പങ്കിലേക്കാണ് ഈ കണ്ടെത്തൽ വിരൽചൂണ്ടുന്നത്. വൈദ്യുതി ഉൽപാദനത്തിനായി നിർമ്മിക്കപ്പെട്ടവയാണെങ്കിലും, പലപ്പോഴും ഇവ നദികളെയും തണ്ണീർത്തടങ്ങളെയും തടാകങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണികളായി പ്രവർത്തിക്കുന്നു. മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെ, വന്യജീവികൾക്ക് സഞ്ചരിക്കാനും, ഇരതേടാനും, അഭയം പ്രാപിക്കാനുമുള്ള പാതകളായി ഇത്തരം കനാലുകൾ മാറുന്നു.

എങ്കിലും, ഈ തിരിച്ചുവരവ് ഇപ്പോഴും ആശങ്കാജനകമാണ്. തണ്ണീർത്തടങ്ങളുടെ ശോഷണം, മലിനീകരണം, കനാലുകളുടെ നിർമ്മാണം, നീർനായയെ മുതലയായി തെറ്റിദ്ധരിക്കുന്നത് എന്നിവ വലിയ ഭീഷണികളുയർത്തുന്നു. ഇത്തരം തെറ്റിദ്ധാരണകൾ ഒരു ജീവിയുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കിയേക്കാം.

കഠിനമായ മഞ്ഞുകാലത്ത് നീർനായയെ കണ്ടെത്താനായി എന്നത് ശ്രദ്ധേയമാണ്. തണുത്തുറഞ്ഞ മാസങ്ങളിൽ, അതിജീവിക്കാൻ വെറും വെള്ളം മാത്രം പോരാ; ശല്യപ്പെടുത്താത്ത നദീതീരങ്ങളും, തടസ്സമില്ലാത്ത ജലപ്രവാഹവും കൃത്യമായ ഭക്ഷണസ്രോതസ്സും അത്യാവശ്യമാണ്.

ജനവാസ മേഖലയ്ക്ക് തൊട്ടടുത്തുള്ള ഒരു കനാലിൽ വെച്ചുണ്ടായ ഈ ചെറിയ കൂടിക്കാഴ്ച, പ്രകൃതി സംരക്ഷണം എന്നത് എപ്പോഴും കൊട്ടിഘോഷിച്ചു നടക്കേണ്ട ഒന്നല്ലെന്ന ഓർമ്മപ്പെടുത്തലാണ്. അത് എപ്പോഴും ഔദ്യോഗിക പ്രഖ്യാപനങ്ങളോടെയാകണമെന്നില്ല. ചിലപ്പോൾ ആരുമറിയാതെ, നിശബ്ദമായി, വെള്ളത്തിലെ ചെറിയ ഓളങ്ങൾ പോലെ അത് നമ്മെ കടന്നുപോയേക്കാം.

ഒരുപക്ഷേ നീർനായയുടെ ഈ ശാന്തമായ മടങ്ങിവരവ് വെറുമൊരു ജൈവപ്രതിഭാസം മാത്രമല്ല; വെള്ളം തന്നെ നമ്മോട് മന്ത്രിക്കുന്ന ഒരു ഓർമ്മപ്പെടുത്തലായിരിക്കാം ഇത് - കോൺക്രീറ്റ് കനാലുകൾ കൊണ്ട് നമ്മൾ മാറ്റം വരുത്തിയ ഭൂപ്രകൃതിക്കിടയിലും, ജീവന് അതിന്റെ തിരിച്ചുവരവിനുള്ള ഇടുങ്ങിയ വഴികൾ കണ്ടെത്താനാകുമെന്ന്. അവ എവിടെയൊക്കെ അതിജീവിക്കുന്നു എന്ന് ശാസ്ത്രം പറയുമ്പോൾ, അവ വംശനാശത്തിന് എത്രത്തോളം അടുത്താണെന്ന് ഇത്തരം അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. അവയെ തിരിച്ചറിയുക എന്നതും സംരക്ഷിക്കുക എന്നതും നമ്മുടെ ഉത്തരവാദിത്തമാണ്.

ജമ്മു കശ്മീർ വനം വകുപ്പിലെ റേഞ്ച് ഓഫീസറും വന്യജീവി പ്രേമിയുമാണ് മിർ ഫൈസാൻ അൻവർ.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)