ഫോട്ടോ: കൗശിക് രാജ്ബോങ്ഷി
Wildlife & Biodiversity

അന്ത്യനൃത്തം

ഏഷ്യയിലെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക സമതലങ്ങളിൽ (Floodplains) അവശേഷിക്കുന്നത് ആയിരത്തിൽ താഴെ ബംഗാൾ ഫ്ലോറിക്കൻ (Bengal floricans) പക്ഷികൾ മാത്രം

Dhritiman Das

ഭാരതത്തിലെയും നേപ്പാളിലെയും ഗംഗാ-ബ്രഹ്മപുത്ര സമതലങ്ങളിൽ കാണപ്പെടുന്നതും, കാലാനുസൃതമായി വെള്ളപ്പൊക്കമുണ്ടാകുന്നതുമായ എക്കൽ പുൽമേടുകളിൽ വസിക്കുന്ന ഒരു തരം 'ബസ്റ്റാർഡ്' (Bustard) പക്ഷിയാണ് ബംഗാൾ ഫ്ലോറിക്കൻ. ഇംപെരേറ്റ സിലിണ്ട്രിക്ക (Imperata cylindrica), സക്കറം സ്പോണ്ടേനിയം (Saccharum spontaneum), സക്കറം ബംഗാളൻസ് (Saccharum bengalense), ഡെസ്മോസ്റ്റാക്കിയ ബിപിന്നറ്റ (Desmostachya bipinnata) തുടങ്ങിയ പ്രത്യേകതരം പുല്ലുകൾ നിറഞ്ഞ ഈ അപൂർവ്വ ഭൂപ്രകൃതിയിലെ ഇടത്തരം വലിപ്പമുള്ള പക്ഷിയാണിത്.

ഇടത്തരം വലിപ്പമാണെങ്കിലും, ഈ പുൽമേടുകളിലെ ഏറ്റവും ആകർഷകമായ ജീവികളിൽ ഒന്നാണ് ഫ്ലോറിക്കൻ.

ആൺപക്ഷികൾക്ക് കറുത്ത നിറത്തിലുള്ള തൂവലുകളും തലയിൽ ഒരു പൂവും (crest) ഉണ്ട്. പ്രജനനകാലത്ത് പെൺപക്ഷികളെ ആകർഷിക്കാനായി ഉയർത്താൻ കഴിയുന്ന നീളമേറിയ തൂവലുകൾ ഇവയ്ക്കുണ്ട്. പറക്കുമ്പോൾ മാത്രമാണ് ഇവയുടെ ചിറകുകളിലെ വെള്ളനിറം തെളിഞ്ഞു കാണുക. പ്രജനനകാലത്തെ പ്രകടനങ്ങളാണ് ആൺപക്ഷികളെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാക്കുന്നത്. കുത്തനെയുള്ള ചാട്ടങ്ങളും ചിറകുകളുടെ ചലനങ്ങളും പ്രത്യേക ശബ്ദങ്ങളും വഴി ഇവ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു. മറ്റ് ആൺപക്ഷികൾക്കൊപ്പം ചേർന്ന് 'ലെക്കിംഗ്' (Lekking) എന്നറിയപ്പെടുന്ന ഈ കൂട്ടായ പ്രകടനം വഴിയാണ് ഇവ സ്വന്തം പ്രദേശം ഉറപ്പിക്കുന്നതും പെൺപക്ഷികളെ ആകർഷിക്കുന്നതും.

"പുൽമേടുകളിലെ നർത്തകൻ" എന്ന് വിളിക്കപ്പെടുന്ന ഈ പക്ഷിയെ അസമീസ് ഭാഷയിൽ 'ഉലു-മോറ' (ulu-mo’ra) എന്നും ബോഡോ ഭാഷയിൽ 'ദാവോട്രിലിംഗ്' (daotriling) എന്നും വിളിക്കുന്നു. ഇന്ത്യയിൽ ഉത്തർപ്രദേശിലെ ദുധ്വ നാഷണൽ പാർക്ക്, അസമിലെ മാനസ്, കാസിരംഗ, ഓറംഗ്, ദിബ്രു-സൈഖോവ നാഷണൽ പാർക്കുകൾ എന്നിവ ഇവയുടെ പ്രധാന കേന്ദ്രങ്ങളാണ്. കൂടാതെ ഭൈരബ്കുണ്ഡ റിസർവ് ഫോറസ്റ്റ്, അമർപൂർ, മജുലിയിലെ നദീദ്വീപുകൾ, ബ്രഹ്മപുത്ര താഴ്‌വരയിലെ സാദിയ തുടങ്ങിയ ചെറിയ പുൽമേടുകളിലും ഇവയെ കാണാം. മാനസ് നാഷണൽ പാർക്കിനോട് ചേർന്നുള്ള കൊകിലാബാരി അഗ്രികൾച്ചർ ഫാമിലും ഇവയുടെ സാന്നിധ്യമുണ്ട്. ഇന്ത്യയ്ക്കും നേപ്പാളിനും പുറമെ, കംബോഡിയയിലെ ടോൺലെ സാപ് സമതലങ്ങളിൽ മാത്രമാണ് 'ഹൗബറോപ്സിസ് ബ്ലാണ്ടിനി' (Houbaropsis blandini) എന്നറിയപ്പെടുന്ന ഇവയുടെ മറ്റൊരു ഉപവിഭാഗം അവശേഷിക്കുന്നത്.

എന്നാൽ പുൽമേടുകൾ നശിക്കുന്നതിനൊപ്പം ഭാരതത്തിലെയും നേപ്പാളിലെയും ഈ അപൂർവ്വ പക്ഷി വർഗ്ഗവും വംശനാശഭീഷണി നേരിടുകയാണ്. പുൽമേടുകൾ കൃഷിഭൂമിയായി മാറുന്നതും, കൃഷിയുടെ വ്യാപനം, പുൽമേടുകൾക്ക് തീയിടുന്നത്, അമിതമായ മേച്ചിൽ, കൈയേറ്റങ്ങൾ, പുഴകളുടെ ഗതിമാറ്റം, അടിസ്ഥാന സൗകര്യ വികസനം മൂലമുണ്ടാകുന്ന തടസ്സങ്ങൾ, അധിനിവേശ സസ്യങ്ങളുടെ വ്യാപനം, ശാസ്ത്രീയമല്ലാത്ത തീ മാനേജ്‌മെന്റ് എന്നിവയെല്ലാം ഈ പക്ഷികളുടെ ആവാസവ്യവസ്ഥയെ തകിടം മറിച്ചിരിക്കുന്നു. ഭക്ഷണത്തിനായും പ്രജനനത്തിനായും കൂടുകൂട്ടുന്നതിനായും ഈ പുൽമേടുകളെയാണ് ഫ്ലോറിക്കൻ പക്ഷികൾ പ്രധാനമായും ആശ്രയിക്കുന്നത്.

ഒരു പ്രധാന പുൽമേട് പക്ഷിയെന്ന നിലയിൽ, ബംഗാൾ ഫ്ലോറിക്കന്റെ സാന്നിധ്യം ആ ആവാസവ്യവസ്ഥയുടെ ഗുണനിലവാരത്തെയും ശരിയായ പരിസ്ഥിതി പ്രവർത്തനങ്ങളെയും സൂചിപ്പിക്കുന്നു. ദക്ഷിണേഷ്യൻ പുൽമേടുകളുടെ പ്രതീകമെന്ന നിലയിലാണ് ഇതിന്റെ സംരക്ഷണ പ്രാധാന്യം കണക്കാക്കപ്പെടുന്നത്. എന്നാൽ, നിർഭാഗ്യവശാൽ ഈ പുൽമേടുകൾ അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണ്, മാത്രമല്ല പരിസ്ഥിതി സംരക്ഷണ പദ്ധതികളിൽ ഈ ആവാസവ്യവസ്ഥയ്ക്ക് അർഹമായ പരിഗണന ഇന്നും ലഭിക്കുന്നില്ല.

ഇതിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ സജീവമാണ്. മാനസ് നാഷണൽ പാർക്കിന് സമീപമുള്ള കൊകിലാബാരി അഗ്രികൾച്ചർ ഫാമിൽ സ്കൂൾ കുട്ടികൾ, സ്ത്രീ കൂട്ടായ്മകൾ, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവർക്കായി നടത്തുന്ന ബോധവൽക്കരണ പരിപാടികൾ വേട്ടയാടലും മുട്ടകൾ ശേഖരിക്കുന്നതും കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ഭൈരബ്കുണ്ഡ ജോയിന്റ് ഫോറസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റികളും പുൽമേടുകളുടെ സംരക്ഷണത്തിനായി ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അരുണാചൽ പ്രദേശിലെ ദിബാംഗ് താഴ്‌വരയിൽ ഇടു മിഷ്മി (Idu Mishmi) ഗോത്രസമൂഹം സംരക്ഷിക്കുന്ന കമ്മ്യൂണിറ്റി റിസർവ് വനങ്ങളിലും ഈ പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. വലിയ പക്ഷികളെ ഉപദ്രവിക്കാത്ത ഇവരുടെ പാരമ്പര്യവും സംസ്കാരവും ഈ പക്ഷികൾക്ക് വലിയൊരു സംരക്ഷണമാണ് അവിടെ നൽകുന്നത്.

എന്നാൽ സമയം അതിവേഗം കടന്നുപോവുകയാണ്. ലോകത്താകെ ഇന്ന് ആയിരത്തിൽ താഴെ ബംഗാൾ ഫ്ലോറിക്കൻ പക്ഷികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. അവ തന്നെ ചിതറിക്കിടക്കുന്ന ചെറിയ പുൽമേടുകളിലായി ഒതുങ്ങിയിരിക്കുകയാണ്. ഇവയെ ഫലപ്രദമായി സംരക്ഷിക്കണമെങ്കിൽ പുൽമേടുകളുടെ സ്വാഭാവിക ഘടന നിലനിർത്തുകയും, കാട്ടുതീ നിയന്ത്രിക്കുകയും, അധിനിവേശ സസ്യങ്ങളെ ഇല്ലാതാക്കുകയും വേണം. കൂടാതെ കൃഷിഭൂമികൾക്കും നദീസമതലങ്ങൾക്കും പ്രാധാന്യം നൽകുന്ന വിപുലമായ പ്ലാനിംഗ് ആവശ്യമാണ്. മനുഷ്യൻ ഉപയോഗിക്കുന്ന ഭൂമിയെക്കൂടി ആശ്രയിച്ചു കഴിയുന്ന പക്ഷിയായതിനാൽ, ഇവയുടെ സംരക്ഷണത്തിൽ പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)