പ്രാതിനിധ്യത്തിനുള്ള ഫോട്ടോ. ആൻഡ്രൂ ഓക്സ്ലി ഐസ്റ്റോക്ക് വഴി
Wildlife & Biodiversity

കൂട്ടിലടയ്ക്കലോ സഹവർത്തിത്വമോ? മുട്ടിക്കൊമ്പനും കേരളത്തിലെ ആനകളുടെ ഭാവിയും

വയനാട്ടിൽ കാട്ടാനയെ പിടികൂടാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു; ആവാസവ്യവസ്ഥയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ആനകളെ മാറ്റുന്നത് സംഘർഷം രൂക്ഷമാക്കുമെന്ന് വിദഗ്ധർ

K A Shaji

വയനാട് ജില്ലയിലെ വടക്കനാട് മേഖലയിൽ കർഷകർക്കും ജനങ്ങൾക്കും ഭീഷണിയായ കാട്ടാനയെ പിടികൂടി മാറ്റാനുള്ള കേരള വനംവകുപ്പിന്റെ ശ്രമങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാൽ, ആവർത്തിച്ചുള്ള പരാജയങ്ങളും വർദ്ധിച്ചുവരുന്ന ജനരോഷവും ശാസ്ത്രീയമായ വിയോജിപ്പുകളും ഈ ദൗത്യത്തിന് വലിയ വെല്ലുവിളിയാകുന്നു. ആനയെ മുത്തങ്ങയിലെ ക്രാലിൽ (ആനക്കൂട്) തളയ്ക്കാനും പിന്നീട് 'കുങ്കിയാക്കി' മാറ്റാനുമുള്ള പദ്ധതിക്കെതിരെ വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും നിയമവിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ഇടപെടലുകൾ സംഘർഷം പരിഹരിക്കില്ലെന്നും പരിസ്ഥിതി നിയമങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇവരുടെ വാദം.

സമീപകാല സംഭവവികാസങ്ങളാണ് ദൗത്യത്തിന്റെ അടിയന്തര സ്വഭാവം നിർണ്ണയിച്ചത്. മാർച്ച് 24-നും 25-നും 'മുട്ടിക്കൊമ്പനെ' പിടികൂടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. എൺപതോളം വനംവകുപ്പ് ഉദ്യോഗസ്ഥർ ഏകോപിപ്പിച്ചു നടത്തിയ നീക്കങ്ങളെ ആന വിദഗ്ധമായി അതിജീവിച്ചു. മാർച്ച് 25-ന് പുലർച്ചെ 5.30-ഓടെ ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അനുകൂല സാഹചര്യം കണ്ട് ആനയെ സമീപിച്ചെങ്കിലും, ആന സംഘത്തിന് നേരെ തിരിഞ്ഞതോടെ ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു. പരിഭ്രാന്തിക്കിടയിൽ വള്ളുവാടി റോഡിലേക്ക് ഓടിക്കയറിയ മുട്ടിക്കൊമ്പൻ തകർന്നുകിടന്ന ട്രെഞ്ച് (കിടങ്ങ്) വഴി തിരികെ വനത്തിലേക്ക് തന്നെ രക്ഷപ്പെട്ടു.

തുടർച്ചയായ പിടികൂടൽ ശ്രമങ്ങൾ കാരണം ആന കൂടുതൽ ജാഗ്രതയുള്ളവനും പ്രവചനാതീതനുമായി മാറിയെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. ദൗത്യം ഇനിയും തുടരുമെന്ന് വൈൽഡ് ലൈഫ് വാർഡൻ വരുൺ ദാൽവി വ്യക്തമാക്കിയെങ്കിലും, വനംവകുപ്പിന്റെ നടപടികൾ ഫലപ്രദമല്ലെന്നാരോപിച്ച് പ്രദേശവാസികൾ വലിയ പ്രതിഷേധത്തിലാണ്.

ഈ മാസം വടക്കനാട് സ്വദേശിയായ രാജീവ് എന്ന യുവാവ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ദൗത്യം ഇത്ര വേഗത്തിലാക്കാൻ കാരണം. രാജീവിനെ കൊന്നത് മുട്ടിക്കൊമ്പനാണെന്ന് നാട്ടുകാർ ഉറച്ചുവിശ്വസിക്കുമ്പോഴും, അതിന് കൃത്യമായ തെളിവുകളില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. ജനങ്ങളുടെ ധാരണയും വസ്തുതകളും തമ്മിലുള്ള ഈ വൈരുദ്ധ്യമാണ് ഇപ്പോൾ വിവാദങ്ങൾക്ക് ആധാരം.

മുട്ടിക്കൊമ്പൻ സ്ഥിരമായി കൃഷിയിടങ്ങളിലും തോട്ടങ്ങളിലും ഇറങ്ങി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുന്നത് ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നുണ്ട്. വനംവകുപ്പ് പലതവണ ആനയെ കാട്ടിലേക്ക് തുരത്തിയെങ്കിലും അവൻ വീണ്ടും തിരിച്ചെത്തുകയാണ്. ആനയെ 'പ്രശ്നക്കാരൻ' എന്നാണ് ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്. എങ്കിലും, ഈ ആന ആരെങ്കിലും കൊന്നതായി മുൻപ് രേഖകളില്ല. രാജീവിന്റെ മരണത്തിൽ ഈ ആനയ്ക്കുള്ള പങ്കിനെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.

പരിസ്ഥിതി സംഘടനകൾ നൽകിയ ഹർജിയിൽ വനംവകുപ്പിന്റെ നീക്കത്തെ ചോദ്യം ചെയ്യുന്നുണ്ട്. മുട്ടിക്കൊമ്പൻ ഏതെങ്കിലും അക്രമസംഭവത്തിൽ ഉൾപ്പെട്ടതായി ക്യാമറ ട്രാപ്പുകളോ മറ്റ് ഫോറൻസിക് തെളിവുകളോ ഹാജരാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. വയനാട്, ബന്ദിപ്പൂർ, മുതുമല, നാഗർഹോള എന്നീ വനമേഖലകൾക്കിടയിൽ സഞ്ചരിക്കുന്ന ആനകളുടെ വലിയൊരു ശൃംഖലയുടെ ഭാഗമാണ് ഈ ആനയെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു.

യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രാത്രികാലങ്ങളിലെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളും വനമേഖലയിലെ അനാവശ്യമായ മനുഷ്യസാന്നിധ്യവും ആനകളെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു. കൃത്യമായ തിരിച്ചറിയൽ രേഖകളില്ലാതെ ഒരു ആനയെ മാത്രം ലക്ഷ്യം വെക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നാണ് വാദം.

നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആനയെ പിടികൂടാൻ ശ്രമിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ടി.എസ്. സന്തോഷ് വാദിക്കുന്നു. "വന്യജീവി സംരക്ഷണ നിയമപ്രകാരം ആനയെ പിടികൂടുന്നത് അവസാനത്തെ വഴി മാത്രമായിരിക്കണം. ആന ഭീഷണിയാണെന്നതിന് കൃത്യമായ തെളിവുകൾ വേണം. ഇവിടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് നടപടിയെടുക്കുന്നത്," അദ്ദേഹം പറയുന്നു.

1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം അത്യപൂർവ്വ സാഹചര്യങ്ങളിൽ മാത്രമേ ആനയെ പിടികൂടാൻ പാടുള്ളൂ. മറ്റു വഴികളെല്ലാം പരാജയപ്പെട്ടാൽ മാത്രമേ ഇതിന് അനുമതി നൽകാവൂ. കാട്ടാനയെ പിടികൂടി ക്രാലിൽ അടയ്ക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ ലംഘനമാകാൻ സാധ്യതയുണ്ടെന്നും ഹർജിക്കാർ ഭയപ്പെടുന്നു.

മുട്ടിക്കൊമ്പനെ കുങ്കിയാനയാക്കി മാറ്റുക എന്ന മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യമാണ് വനംവകുപ്പിനുള്ളതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത് കേവലം വന്യജീവി സംഘർഷം പരിഹരിക്കാനല്ല, മറിച്ച് ഒരു കാട്ടാനയെ മെരുക്കി പണിയെടുപ്പിക്കാനുള്ള ശ്രമമാണെന്നാണ് ഇവർ പറയുന്നത്.

സംഘർഷം പരിഹരിക്കുന്നതിന് പകരം ആനകളെ മാറ്റുന്നതിലാണ് ഇപ്പോൾ മുൻഗണനയെന്ന് പരിസ്ഥിതി പ്രവർത്തക വീണ മരത്തൂർ പറയുന്നു. "ഒരു ആനയെ കുങ്കിയാക്കുന്നത് താൽക്കാലികമായി ഭരണപരമായ പ്രശ്നങ്ങൾ പരിഹരിക്കുമായിരിക്കും, എന്നാൽ ഇത് ധാർമ്മികമായും പാരിസ്ഥിതികമായും വലിയ ചോദ്യങ്ങൾ ഉയർത്തുന്നു," അവർ പറഞ്ഞു.

കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ ചിത്രം പരിശോധിച്ചാൽ ഈ ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്ന് കാണാം. കഴിഞ്ഞ ആറേഴ് വർഷത്തിനിടെ 700-ലധികം കാട്ടാനകളാണ് കേരളത്തിൽ ചത്തത്. ഇതിൽ ഭൂരിഭാഗവും ഷോക്കേറ്റും വിഷം ഉള്ളിൽ ചെന്നും പടക്കം പൊട്ടിയുമാണ്. മറുവശത്ത് മനുഷ്യർ കൊല്ലപ്പെടുന്ന സംഭവങ്ങളും തുടരുന്നു. ഇത് കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് വനഭൂമി കയ്യേറ്റവും കാടിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നതും മൂലം ഉണ്ടാകുന്ന വലിയ പ്രതിസന്ധിയാണ്.

ആവാസവ്യവസ്ഥയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ വ്യക്തിഗത ആനകളെ മാറ്റുന്നത് കൊണ്ട് ഫലമില്ലെന്ന് പ്രോജക്ട് എലിഫന്റ് ശാസ്ത്രജ്ഞനും മുൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായിരുന്ന അജു മാത്യു ജോർജ്ജ് പറയുന്നു. ഒരു ആനയെ മാറ്റിയാൽ ആ പ്രദേശം മറ്റൊരു ആന കയ്യടക്കുന്നതാണ് കേരളം കണ്ടുവരുന്ന രീതി.

പാലക്കാട്ടെ പി.ടി-7-നെ പിടികൂടിയപ്പോൾ മറ്റൊരു ആന അവിടെയെത്തി. ചിന്നക്കനാലിലെ അരിക്കൊമ്പന്റെ മാറ്റത്തിന് ശേഷം ചക്കക്കൊമ്പൻ അവിടെയെത്തി. ഇതേ സാഹചര്യം തന്നെയാണ് നെല്ലിയാമ്പതിയിലും അതിരപ്പിള്ളിയിലും കാണുന്നത്. "ഒരു ആനയെ മാറ്റിയാൽ പ്രശ്നം തീരുമെന്നത് തെറ്റായ ധാരണയാണ്. കാടിന്റെ സാഹചര്യം മാറാത്ത കാലത്തോളം മറ്റൊരു ആന ആ സ്ഥാനം ഏറ്റെടുക്കും. നമ്മൾ പ്രശ്നം പരിഹരിക്കുകയല്ല, സ്ഥലം മാറ്റുക മാത്രമാണ് ചെയ്യുന്നത്," ടി.എസ്. സന്തോഷ് വ്യക്തമാക്കി.

അരിക്കൊമ്പന്റെ കാര്യത്തിൽ സംഭവിച്ചത് ഇതിന് വലിയൊരു ഉദാഹരണമാണ്. 2023-ൽ അരിക്കൊമ്പനെ മാറ്റിയെങ്കിലും പ്രശ്നം അവസാനിച്ചില്ല. പുതിയ ഇടങ്ങളിൽ ആന കൂടുതൽ സംഘർഷങ്ങൾ ഉണ്ടാക്കുകയും ഒടുവിൽ അയൽസംസ്ഥാനത്തേക്ക് കടക്കുകയും ചെയ്തു. ഇത് പ്രശ്നത്തിന്റെ വ്യാപ്തി കൂട്ടുകയാണുണ്ടായത്.

ആനയെ പിടികൂടുക എന്നത് അതീവ അപകടകരമായ കാര്യമാണ്. മയക്കുവെടി വെക്കുന്നതും കെട്ടിയിട്ട് കൊണ്ടുപോകുന്നതും ആനയ്ക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഇന്ത്യയിൽ പലയിടത്തും ഇത്തരം ദൗത്യങ്ങൾക്കിടയിൽ ആനകൾക്ക് പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്.

ക്രാലിൽ ആനയെ അടയ്ക്കുന്നത് ഒരു പരിഹാരമല്ലെന്ന് ഗവേഷകനായ മുനീർ തോൽപ്പെട്ടി പറയുന്നു. "ആന എന്തുകൊണ്ട് കാടിന് പുറത്തിറങ്ങുന്നു എന്നതിനാണ് ഉത്തരം കണ്ടെത്തേണ്ടത്. കാടിനുള്ളിലെ പ്രശ്നങ്ങളും മനുഷ്യർ വനമേഖലയിൽ ചെലുത്തുന്ന സമ്മർദ്ദവും പരിഹരിക്കാത്തതുവരെ ഈ ദുരന്തങ്ങൾ തുടരും," അദ്ദേഹം പറഞ്ഞു.

റേഡിയോ കോളറിംഗ്, തുടർച്ചയായ ട്രാക്കിംഗ്, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ തുടങ്ങിയ മാർഗ്ഗങ്ങൾ ആനയെ പിടികൂടാതെ തന്നെ സംഘർഷം കുറയ്ക്കാൻ സഹായിക്കുമെന്ന് സന്തോഷും മുനീറും ചൂണ്ടിക്കാട്ടുന്നു. "റേഡിയോ കോളർ ഉണ്ടെങ്കിൽ ആനയുടെ സഞ്ചാരം മുൻകൂട്ടി അറിഞ്ഞ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാം. എന്നാൽ മുട്ടിക്കൊമ്പന്റെ കാര്യത്തിൽ അത്തരമൊരു പ്രാഥമിക നീക്കം പോലും ഉണ്ടായിട്ടില്ല," അവർ പറഞ്ഞു.

മുട്ടിക്കൊമ്പനെ റേഡിയോ കോളർ ധരിപ്പിച്ച് നിരീക്ഷിക്കുന്നതിന് പകരം നേരിട്ട് പിടികൂടാനാണ് സർക്കാർ ശ്രമിക്കുന്നത്. അതേസമയം, പ്രാദേശികമായി ജനങ്ങൾ വലിയ ഭീതിയിലാണ്. കൃഷിനാശവും ജീവഭയവും അവരെ നിരാശരാക്കുന്നു. വനാതിർത്തിയിലെ ട്രെഞ്ചുകൾ കൃത്യമായി പരിരക്ഷിക്കാത്തതാണ് ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ പ്രധാന കാരണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

മുത്തങ്ങയിൽ ആനയ്ക്കായി കൂട് ഒരുങ്ങുമ്പോഴും വടക്കനാട് വനാതിർത്തിയിൽ ആനയെ പിടികൂടാനുള്ള നീക്കങ്ങൾ തുടരുമ്പോഴും, മുട്ടിക്കൊമ്പന്റെ വിധി കേരളത്തിന്റെ വന്യജീവി നയങ്ങളുടെ പരീക്ഷണം കൂടിയായി മാറുകയാണ്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)