പാലക്കാട്ട് മുറ്റത്തും പറമ്പിലും കാട്ടുപന്നികൾ; ഉറക്കം നഷ്ടപ്പെട്ട് കർഷകർ. ഫോട്ടോ: കെ എ ഷാജി
Wildlife & Biodiversity

തോക്കും നിയമവും പിന്നെ കൃഷിനാശവും: നൂലാമാലകളിൽ കുരുങ്ങി കേരളത്തിന്റെ കാട്ടുപന്നി നിർമ്മാർജ്ജന നയം

ലൈസൻസ് നിയമങ്ങളും, പരിസ്ഥിതി ആശങ്കകളും, വർദ്ധിച്ചുവരുന്ന കൃഷിനാശവും തമ്മിലുള്ള പോരാട്ടം: വന്യജീവി സംഘർഷം പരിഹരിക്കാനാവാതെ സംസ്ഥാനം പ്രതിസന്ധിയിൽ

K A Shaji

കേരളത്തിൽ വന്യജീവി ശല്യം മൂലമുള്ള കൃഷിനാശം തടയാൻ കൊണ്ടുവന്ന പന്നിനിർമ്മാർജ്ജന നയം വലിയ പ്രതിസന്ധിയെ നേരിടുന്നു. ലൈസൻസുള്ള തോക്കുകളുടെ ഉപയോഗത്തിന് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയതോടെ തുടങ്ങിയ ഈ ആശയക്കുഴപ്പം, വന്യജീവി സംരക്ഷണം, ആയുധ നിയമങ്ങൾ, കർഷകരുടെ അതിജീവനം എന്നിവയെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിൽ, തോക്കുകളുടെ ഉപയോഗത്തിൽ ഏർപ്പെടുത്തിയ വിവാദപരമായ നിയന്ത്രണങ്ങൾ, ഇടതുപക്ഷ സർക്കാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

സ്പോർട്സ് ആവശ്യങ്ങൾക്കും, സ്ഥാപനങ്ങൾക്കും നൽകിയിട്ടുള്ള തോക്കുകൾ പന്നികളെ വെടിവെക്കാൻ ഉപയോഗിക്കരുത് എന്ന വനംവകുപ്പിന്റെ ഉത്തരവാണ്, വിവാദത്തിന് തുടക്കമിട്ടത്. സ്വയംരക്ഷയ്ക്കോ, കൃഷി സംരക്ഷണത്തിനോ വേണ്ടി നൽകിയിട്ടുള്ള തോക്കുകൾ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നായിരുന്നു പുതിയ നിർദ്ദേശം. ആയുധ നിയമപ്രകാരം ഓരോ തോക്കിനും പ്രത്യേക ഉദ്ദേശ്യങ്ങൾ നിശ്ചയിച്ചിട്ടുള്ളതിനാൽ, മറ്റ് ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആഭ്യന്തര വകുപ്പിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും വിലയിരുത്തലാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിലുണ്ടായിരുന്നത്.

എന്നാൽ ഈ നീക്കം, കർഷക സംഘടനകളുടെയും, പ്രാദേശിക ഭരണകൂടങ്ങളുടെയും, ഷൂട്ടിംഗ് അസോസിയേഷനുകളുടെയും കടുത്ത എതിർപ്പിന് കാരണമായി. കേരളത്തിൽ പന്നികളെ വെടിവെക്കാൻ നിയോഗിക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം സ്പോർട്സ് ലൈസൻസുള്ളവരാണ്. ഇവരെ ഒഴിവാക്കിയാൽ വന്യജീവി ശല്യം തടയാൻ ആവശ്യത്തിന് ആളുകളെ കിട്ടില്ലെന്ന പ്രായോഗിക ബുദ്ധിമുട്ടാണ് ഇവർ ഉയർത്തുന്നത്. പരാതികൾ വ്യാപകമായതോടെ ഈ ഉത്തരവ് നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

നിയമപരവും പ്രായോഗികവുമായ വശങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. വന്യജീവി നിയന്ത്രണ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ കൃത്യമായ പരിശോധനകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും, കർഷക സംഘടനകളുടെ ശക്തമായ സ്വാധീനവും പരിഗണിക്കുമ്പോൾ, രാഷ്ട്രീയമായി ഏറെ നിർണ്ണായകമായ ഒരു ഘട്ടത്തിലാണ് സർക്കാർ ഈ തീരുമാനമെടുത്തിരിക്കുന്നത്.

വന്യജീവി സംരക്ഷണ നിയമങ്ങളും, ആയുധ നിയമങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. വന്യജീവി മാനേജ്‌മെന്റ് വനംവകുപ്പിന്റെ കീഴിലും, തോക്ക് ലൈസൻസ് ആഭ്യന്തര വകുപ്പിന്റെയും ജില്ലാ കളക്ടർമാരുടെയും കീഴിലുമാണ് വരുന്നത്. ഈ രണ്ട് വിഭാഗങ്ങളും തമ്മിൽ കൃത്യമായ ഏകോപനം ഇല്ലാത്തത് ഫീൽഡ് തലത്തിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്ന് ഹൈക്കോടതിയിലെ പരിസ്ഥിതി അഭിഭാഷകൻ ടി.എസ്. സന്തോഷ് ചൂണ്ടിക്കാട്ടുന്നു.

ഈ നിയമക്കുരുക്ക്, കർഷകർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. കേരളത്തിൽ പന്നികളെ വെടിവെക്കാൻ എംപാനൽ ചെയ്യപ്പെട്ട ഏകദേശം 250 ഷൂട്ടർമാരിൽ പകുതിയോളം പേർ, സ്പോർട്സ് ലൈസൻസ് ഉള്ളവരാണ്. പരിശീലനം ലഭിച്ച ഇത്തരക്കാരെ ഒഴിവാക്കിയാൽ വന്യജീവി ആക്രമണം രൂക്ഷമായ മലയോര മേഖലകളിൽ പെട്ടെന്ന് നടപടിയെടുക്കാൻ സർക്കാരിന് സാധിക്കില്ല. നിയന്ത്രണങ്ങൾ കർഷകന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നാണ് കർഷക സംഘടനകളുടെ വാദം.

രൂക്ഷമാകുന്ന വന്യജീവി-മനുഷ്യ സംഘർഷം

കേരളത്തിൽ വന്യജീവി സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നയരൂപീകരണത്തിലെ അനിശ്ചിതത്വം നിലനിൽക്കുന്നത്. വനാതിർത്തിയോട് ചേർന്നുള്ള ജില്ലകളിലെ കർഷകർ, കാട്ടുപന്നികളുടെ ശല്യം മൂലം വൻതോതിലുള്ള കൃഷിനാശമാണ് റിപ്പോർട്ട് ചെയ്യുന്നത്. കാടുവിട്ട് തോട്ടങ്ങളിലേക്കും, കൃഷിയിടങ്ങളിലേക്കും പലപ്പോഴും നഗരപ്രദേശങ്ങളിലേക്ക് പോലും ഇത് വ്യാപിച്ചിരിക്കുന്നു. വനമേഖലകളുടെ വിഭജനവും, കൃഷിരീതികളിലെ മാറ്റവും, വേട്ടയാടിപ്പിടിക്കാൻ വന്യമൃഗങ്ങളെ കിട്ടാത്തതും, കൃഷിയിടങ്ങളിൽ സുലഭമായി ആഹാരം ലഭിക്കുന്നതും, പന്നികളുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ഒരു സീസണിലെ മുഴുവൻ വരുമാനവും ഇല്ലാതാക്കുന്ന ഇത്തരം കൃഷിനാശങ്ങൾ, ചെറുകിട കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.

നടപടിക്രമങ്ങളിലെ കാലതാമസം ഈ പ്രതിസന്ധി വർദ്ധിപ്പിക്കുന്നു എന്നാണ് കർഷക സംഘടനകളുടെ പരാതി. കൃഷിനാശം ഒരു രാത്രികൊണ്ട് സംഭവിക്കുമ്പോൾ, പ്രതിരോധ നടപടികൾക്കുള്ള ഔദ്യോഗിക അനുമതി ലഭിക്കാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നു. അനുമതി നൽകുന്ന രീതി ലഘൂകരിക്കുകയും കൂടുതൽ ഷൂട്ടർമാരെ ലഭ്യമാക്കുകയും ചെയ്തില്ലെങ്കിൽ, കാർഷിക മേഖലയിലെ തകർച്ച തുടരുമെന്നാണ് ഇവരുടെ പക്ഷം.

കാട്ടുപന്നികളെ ശല്യക്കാരായ ജീവികളായി പ്രഖ്യാപിച്ചുകൊണ്ട് ചില മേഖലകളിൽ അവയെ കൊല്ലാൻ ജില്ലാതലത്തിൽ അനുമതി നൽകാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇത്തരം പന്നികളെ വെടിവെക്കാൻ അനുമതി നൽകാൻ അധികാരമുണ്ട്. എന്നാൽ, നൂലാമാലകളും പരിശീലനം ലഭിച്ച ഷൂട്ടർമാരുടെ കുറവും കാരണം, പലയിടങ്ങളിലും ഇത് കൃത്യമായി നടപ്പിലാകുന്നില്ല. ഷൂട്ടർമാരുടെ കുറവ് മൂലം പന്നിനിർമ്മാർജ്ജനം സ്തംഭിക്കുന്നു എന്ന പരാതി ഉയർന്നതോടെയാണ്, കൂടുതൽ ഷൂട്ടർമാരെ ഉറപ്പാക്കാൻ വനംവകുപ്പ് നിർദ്ദേശം നൽകിയത്.

കേരളത്തിന് പുറത്തും ഇതൊരു വലിയ പാരിസ്ഥിതിക പ്രശ്നമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം, കാട്ടുപന്നി ഷെഡ്യൂൾ II-ൽ ഉൾപ്പെടുന്ന ജീവിയാണ്. കേന്ദ്ര സർക്കാരിന് മാത്രമേ ഒരു ജീവിയെ നിശ്ചിത കാലയളവിലേക്ക് പൂർണ്ണമായും 'ശല്യമായി' പ്രഖ്യാപിച്ച് ഷെഡ്യൂൾ V-ലേക്ക് മാറ്റാൻ അധികാരമുള്ളൂ. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങി നിരവധി സംസ്ഥാനങ്ങൾ സമാനമായ കൃഷിനാശം ചൂണ്ടിക്കാട്ടി ഈ കാര്യത്തിൽ കൂടുതൽ ഇളവുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, വ്യാപകമായ രീതിയിലുള്ള പന്നിനിർമ്മാർജ്ജനത്തോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ, കാട്ടുപന്നികൾക്ക് വലിയ പങ്കുണ്ടെന്നും വലിയ മാംസഭുക്കുകളുടെ പ്രധാന ഇരയാണിവയെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു. നിയന്ത്രണമില്ലാതെ വേട്ടയാടാൻ അനുമതി നൽകുന്നത്, ഭക്ഷ്യശൃംഖലയെ തകർക്കുമെന്നും നിയമവിരുദ്ധ വേട്ടസംഘങ്ങൾ വീണ്ടും സജീവമാകാൻ കാരണമാകുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

അഭിപ്രായങ്ങൾ ചേരിതിരിയുന്നു

ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങളെക്കുറിച്ച് സംരക്ഷണ ശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോഴും ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെ വന്യജീവി നിയമങ്ങളിൽ ഇളവ് വരുത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ വി.എസ്. വിജയൻ മുന്നറിയിപ്പ് നൽകുന്നു. ഒരിക്കൽ വലിയ തോതിലുള്ള വേട്ടയ്ക്കോ കൊന്നൊടുക്കലിനോ അനുമതി നൽകിയാൽ, അത് ദുരുപയോഗം ചെയ്യുന്നത് തടയാൻ വനംവകുപ്പിന് പ്രായോഗികമായി പ്രയാസമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അന്തരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്‌ഗിൽ, ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അന്താരാഷ്ട്ര തലത്തിൽ നിലവിലുള്ള മാതൃകകൾ പിന്തുടർന്ന്, കൃത്യമായ മേൽനോട്ടത്തോടെ ഇത്തരം മൃഗങ്ങളെ നീക്കം ചെയ്യുന്നത് വന്യജീവി പരിപാലനത്തിന്റെ ഭാഗമായി കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

പന്നികളെ കൊന്നൊടുക്കുന്നത് കൊണ്ടുമാത്രം ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്ന് വന്യജീവി ഗവേഷകർ നിരീക്ഷിക്കുന്നു. കാടിനുള്ളിലെ ഭക്ഷണലഭ്യത കുറയുന്നത് ഉൾപ്പെടെയുള്ള പാരിസ്ഥിതിക കാരണങ്ങൾ പരിഹരിക്കപ്പെടണമെന്നും, കർഷകരെയും തദ്ദേശവാസികളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള വനപരിപാലന രീതികളാണ് (Participatory Forest Management) വേണ്ടതെന്നും കെ.എഫ്.ആർ.ഐയിലെ ടി.വി. സജീവ് അഭിപ്രായപ്പെടുന്നു. കാട്ടുപന്നി ശല്യം കർഷകരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും, വെടിവെച്ചു കൊല്ലുന്നതിനേക്കാൾ ഉപരിയായി കൃത്യമായ നിരീക്ഷണ സംവിധാനങ്ങളും ആവാസവ്യവസ്ഥയിലുള്ള ഇടപെടലുകളും ആവശ്യമാണെന്ന് പി.ഒ. നമീറും വ്യക്തമാക്കുന്നു.

വന്യജീവി നിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ചകൾ കൃഷിയിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യയിലുടനീളം വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കും റോഡുകളിലേക്കും ഇറങ്ങുന്നത് മൂലമുള്ള അപകടങ്ങൾ വർദ്ധിച്ചുവരികയാണ്. വനാതിർത്തികളിൽ മനുഷ്യർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ, സർക്കാരിന് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നു. എന്നാൽ, ഇത്തരം അനിഷ്ട സംഭവങ്ങളുടെ പേരിൽ മാത്രം പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങൾ, പതിറ്റാണ്ടുകളായുള്ള വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ദോഷം ചെയ്യുമെന്ന് അധികൃതർ ഭയപ്പെടുന്നു. ശാസ്ത്രീയമായ കണക്കെടുപ്പുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇത്തരം നയങ്ങൾ രൂപീകരിക്കാവൂ എന്നാണ് ഇവരുടെ പക്ഷം.

കേരളത്തിലെ കണക്കുകൾ പരിശോധിച്ചാൽ ഈ പ്രശ്നത്തിന്റെ സങ്കീർണ്ണത വ്യക്തമാകും. കാലാവസ്ഥാ വ്യതിയാനവും, ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും കാട്ടുപന്നികളുടെ എണ്ണത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. പന്നികളുടെ രാത്രികാല സ്വഭാവവും, പെട്ടെന്ന് ഇണങ്ങാത്ത രീതിയും കാരണം അവയെ കെണിവെച്ച് പിടിക്കുന്നത് പ്രായോഗികമല്ല. അതുകൊണ്ടുതന്നെ വെടിവെച്ചു കൊല്ലുക എന്നത് മാത്രമാണ് പ്രധാന മാർഗ്ഗമായി സർക്കാർ കാണുന്നത്. 2019-ലെ കണക്കനുസരിച്ച് കേരളത്തിൽ ഏകദേശം 58,000 കാട്ടുപന്നികളുണ്ടെന്നാണ് കണക്ക്. ഇത് പ്രശ്നത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കാണിക്കുന്നു.

തോക്ക് ലൈസൻസിനെച്ചൊല്ലിയുള്ള ഇപ്പോഴത്തെ തർക്കം ഒരു വലിയ ഭരണഘടനാപരമായ ചോദ്യമാണ് ഉയർത്തുന്നത്: ജനസാന്ദ്രതയേറിയതും, കാടും കൃഷിയും ഇടകലർന്നതുമായ കേരളം പോലുള്ള ഒരിടത്ത്, വന്യജീവി നിയമങ്ങളും ആയുധ നിയമങ്ങളും എങ്ങനെ ഒത്തുപോകും? ഇതിനൊരു പരിഹാരമായി നയരൂപീകരണ വിദഗ്ധർ മുന്നോട്ട് വെക്കുന്നത് ഒരു പ്രത്യേക പ്രോട്ടോക്കോൾ ആണ്. വനംവകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ, ജില്ലാ അധികൃതരുടെ അനുമതിയോടെ സ്പോർട്സ് ലൈസൻസുള്ള തോക്കുകൾ താൽക്കാലികമായി ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകാവുന്നതാണ്. വനംവകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി പുറപ്പെടുവിക്കുന്ന കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളിലൂടെ മാത്രമേ നിയമപരമായ ഈ ആശയക്കുഴപ്പം പരിഹരിക്കാൻ സാധിക്കൂ.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)