മൂടൽമഞ്ഞുള്ള ഒരു പ്രഭാതത്തിൽ പാമ്പാടുംചോല ദേശീയോദ്യാനം, ഹരിത ഭംഗിയിൽ തിളങ്ങി നിൽക്കുന്നു. ഇടുക്കി ജില്ലയിൽ സമുദ്രനിരപ്പിൽ നിന്ന് 1,900-2,300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ചോലവന-പുൽമേട് പ്രദേശം, ഒരുകാലത്ത് ഓസ്ട്രേലിയൻ വാറ്റിൽ മരങ്ങൾക്കിടയിൽ വീർപ്പുമുട്ടുകയായിരുന്നു. എന്നാൽ ഇപ്പോൾ അതിന് പുനർജ്ജന്മം കിട്ടിയിരിക്കുന്നു.
പത്തു വർഷം മുൻപ് വരെ, അക്കേഷ്യ ഇനത്തിൽപ്പെട്ട ഈ വാറ്റിൽ മരങ്ങൾ പാമ്പാടുംചോലയിലെ തനതായ സസ്യജാലങ്ങളെയും, നീലഗിരി മാർട്ടൻ, കേരള ലാഫിംഗ് ത്രഷ് (ചിലപ്പൻ പക്ഷി) തുടങ്ങിയ ജീവിവർഗങ്ങളെയും അടക്കിവാണിരുന്നുവെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി. പ്രസാദ് പറയുന്നു. 1960-കളിൽ തോൽ സംസ്‌കരണത്തിന് ആവശ്യമായ ടാനിൻ വേർതിരിച്ചെടുക്കാനാണ് വനംവകുപ്പ്, വാറ്റിൽ മരങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചത്. അതോടൊപ്പം, വേഗത്തിൽ വളരുന്നതും എപ്പോഴും പച്ചപ്പ് നൽകുന്നതുമായ യൂക്കാലിപ്‌റ്റസ്, പൈൻ മരങ്ങളും അന്ന് വെച്ചു പിടിപ്പിച്ചു.
നനവാർന്ന ഉയർന്ന പീഠഭൂമികളിൽ, ഈ മരങ്ങൾ അതിവേഗം പടർന്നുപിടിച്ചു. എന്നാൽ ഇവയുടെ ഇടതൂർന്ന തണൽ, താഴെയുള്ള ഔഷധസസ്യങ്ങളെയും കാട്ടുപൂക്കളെയും നശിപ്പിച്ചു. ഇത് പരാഗണത്തെയും, പുൽത്തീറ്റ ആശ്രയിക്കുന്ന മൃഗങ്ങളെയും ബാധിച്ചു. മണ്ണ് കടുപ്പമേറിയതായതോടെ, മഴവെള്ളം ആഗിരണം ചെയ്യാനും ഭൂഗർഭജലം റീചാർജ് ചെയ്യാനുമുള്ള മണ്ണിന്റെ ശേഷി നഷ്ടപ്പെട്ടു. ചോലവനങ്ങളിലെ തണുത്ത കാലാവസ്ഥയെയും അരുവികളെയും ആശ്രയിച്ച്, പച്ചക്കറി കൃഷി ചെയ്യുന്ന വട്ടവട, കോവിലൂർ തുടങ്ങിയ ഗ്രാമങ്ങളെ ഇത് ദോഷകരമായി ബാധിച്ചു. "പുൽമേടുകൾ ഇല്ലാതാകുമ്പോൾ വെള്ളവും ഇല്ലാതാകുന്നു," എന്ന് 65 കാരനായ കർഷകൻ ബേബിക്കുട്ടി വിശദീകരിക്കുന്നു. ഈ പച്ചപ്പുള്ള തോട്ടങ്ങൾ പ്രകൃതിപരമായി ശൂന്യമാണെന്ന് 1990-കളോടെ വനംവകുപ്പ് തിരിച്ചറിഞ്ഞു.
2015 മാർച്ചിലുണ്ടായ കാട്ടുതീയിൽ, ഏകദേശം 40 ഹെക്ടറോളം വാറ്റിൽ മരങ്ങൾ കത്തിനശിച്ചു. "അതൊരു വലിയ വഴിത്തിരിവായിരുന്നു," അന്നത്തെ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കൂടിയായ പ്രസാദ് ഓർക്കുന്നു. വാറ്റിൽ മരങ്ങൾ വീണ്ടും അവിടെ വളരാൻ അനുവദിച്ചാൽ, പ്രകൃത്യാ ഉള്ള പുൽമേടുകളെ വീണ്ടെടുക്കാനുള്ള അവസാന അവസരവും നഷ്ടമാകുമെന്ന് അവർക്ക് ബോധ്യപ്പെട്ടു. 2020 മുതൽ 2024 വരെ വനംവകുപ്പ് പ്രാദേശിക ജനതയുടെ സഹായത്തോടെ, പട്ടിയങ്കൽ, പഴത്തോട്ടം, തമ്പുരാൻ ചോല, ബന്ദർ എന്നിവിടങ്ങളിലെ 475 ഹെക്ടറോളം സ്ഥലത്തെ വാറ്റിൽ മരങ്ങൾ നീക്കം ചെയ്തു. പ്രാദേശിക യുവാക്കൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ, വേരുകൾ പിഴുതെറിഞ്ഞും, വെട്ടിമാറ്റിയ തടികൾ ഉപയോഗിച്ച് മണ്ണൊലിപ്പ് തടയാനുള്ള വരമ്പുകൾ നിർമ്മിച്ചും, തദ്ദേശീയമായ പുല്ലുകൾ നട്ടുപിടിപ്പിച്ചു. 2021-ൽ കേരളം 'സംസ്ഥാന ഇക്കോ റസ്റ്റോറേഷൻ നയം' സ്വീകരിച്ചതോടെ ഈ പ്രവർത്തനങ്ങൾക്ക് വലിയ കരുത്ത് ലഭിച്ചു. വിദേശ മരത്തോട്ടങ്ങളെ പാരിസ്ഥിതിക ഭീഷണിയായി കാണുന്ന ഈ നയം, ഉയർന്ന പ്രദേശങ്ങളിൽ നിന്ന് വാറ്റിൽ, യൂക്കാലിപ്‌റ്റസ് തുടങ്ങിയവ നീക്കം ചെയ്യുന്നതിന് മുൻഗണന നൽകുന്നു.
വാറ്റിൽ മരങ്ങൾ മാറ്റിയ ഇടങ്ങളിൽ നടത്തിയ പരിശോധനകൾ സൂചിപ്പിക്കുന്നത്, മണ്ണിന്റെ നനവ് കൂടുകയും നീലഗിരി മാർട്ടൻ ഉൾപ്പെടെയുള്ള ചെറിയ ജീവികളുടെ സാന്നിധ്യം വർദ്ധിക്കുകയും ചെയ്തു എന്നാണ്. "തുടക്കത്തിൽ എന്തിനാണ് മരങ്ങൾക്ക് പകരം കാട്ടുപുല്ലുകൾ നട്ടുപിടിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലായിരുന്നില്ല," എന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളിയായ മീന പറയുന്നു. "എന്നാൽ ഇപ്പോൾ ചിത്രശലഭങ്ങൾ തിരിച്ചുവരുന്നതും, ക്യാമ്പിന് അടുത്തുള്ള അരുവി വീണ്ടും ഒഴുകുന്നതും കാണുമ്പോൾ ഞങ്ങൾ മലനിരകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണെന്ന് മനസ്സിലാകുന്നു."
ഇനി 600 ഹെക്ടർ കൂടി ഇത്തരത്തിൽ വൃത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇരവികുളം, സൈലന്റ് വാലി തുടങ്ങിയ ഇടങ്ങളിലും ഈ മാതൃക പഠനവിധേയമാക്കുന്നുണ്ട്. എങ്കിലും ജലലഭ്യതയും, ജീവികളുടെ തിരിച്ചുവരവും, മണ്ണിന്റെ ആരോഗ്യവും, നിരന്തരം നിരീക്ഷിക്കണമെന്നും ഇല്ലെങ്കിൽ ഈ മാറ്റങ്ങൾ തകിടം മറിയാൻ സാധ്യതയുണ്ടെന്നും കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞയായ, അനിത കെ. ഓർമ്മിപ്പിക്കുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)