വന്യജീവികൾ കൃഷി നശിപ്പിക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷി ലാഭകരമല്ലാത്ത അവസ്ഥയിലാണ്. കടുവ, ആന, പുള്ളിപ്പുലി തുടങ്ങിയ വലിയ മൃഗങ്ങൾ മാത്രമല്ല, കാട്ടുപന്നികൾ, നീൽഗായ് തുടങ്ങിയ മൃഗങ്ങളും, അതിലുപരി കുരങ്ങുകളും കൃഷിക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഇത് ഒരു യാഥാർത്ഥ്യമാണ്, എന്നാൽ ഇതിനെക്കുറിച്ച് ചർച്ച ചെയ്യാനോ പരിഹാരം കാണാനോ നമ്മൾ തയ്യാറല്ല. വനസംരക്ഷണ പ്രവർത്തകർ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ മടിക്കുന്നു; അവർ വിശ്വസിക്കുന്നത് - ഒരുപക്ഷേ അത് ശരിയുമായിരിക്കാം - മനുഷ്യന്റെ ഇടപെടലുകളാണ് ഈ സംഘർഷങ്ങൾക്ക് കാരണമെന്നാണ്.
മനുഷ്യൻ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ നശിപ്പിക്കുകയും, എളുപ്പത്തിൽ ഭക്ഷണവും ഇരയും തേടി അവയെ കാടിന് പുറത്തേക്ക് ഇറങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു എന്നത് സത്യമാണ്. വന്യജീവി സംരക്ഷണം വിജയകരമായതുകൊണ്ട് മൃഗങ്ങളുടെ എണ്ണം കൂടിയതും ഈ സംഘർഷത്തിന് കാരണമായിട്ടുണ്ട്. എന്നാൽ, ഇതൊന്നും കർഷകരുടെ ദയനീയമായ അവസ്ഥയെ അവഗണിക്കുന്നതിനുള്ള കാരണമായി കാണാൻ കഴിയില്ല.
ഇക്കാര്യം നമ്മൾ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. പാവപ്പെട്ട കർഷകരെയാണ് ഇത് ബാധിക്കുന്നത് എന്നതുകൊണ്ട് തന്നെ, ഈ വിഷയത്തെ അവഗണിക്കാൻ നമുക്ക് എളുപ്പവുമാണ്. പൂനെ ആസ്ഥാനമായുള്ള ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ് 2025-ൽ പ്രസിദ്ധീകരിച്ച “മനുഷ്യ-വന്യജീവി സംഘർഷം: മഹാരാഷ്ട്രയിലെ കാർഷിക നഷ്ടങ്ങളുടെ കണക്കെടുപ്പ്” എന്ന റിപ്പോർട്ട്, ഈ വിഷയത്തെക്കുറിച്ചുള്ള അപൂർവ്വമായ പഠനങ്ങളിൽ ഒന്നാണ്. വന്യജീവികൾ കാരണം മഹാരാഷ്ട്രയിൽ മാത്രം വർഷത്തിൽ 10,000 മുതൽ 40,000 കോടി രൂപ വരെ കാർഷിക നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ, ഇത് യഥാർത്ഥ നഷ്ടത്തിന്റെ വളരെ ചെറിയൊരു കണക്ക് മാത്രമാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം, വന്യജീവികളുടെ ആക്രമണം ഭയന്ന് 62 ശതമാനം കർഷകരും തങ്ങൾ കൃഷി ചെയ്തിരുന്ന സ്ഥലത്തിന്റെ വിസ്തൃതി കുറച്ചുവെന്നതാണ്. കാലാവസ്ഥാ വ്യതിയാനവും വിളകൾക്ക് ലഭിക്കുന്ന കുറഞ്ഞ വിലയും കഴിഞ്ഞാൽ, കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവികൾ കൃഷി നശിപ്പിക്കുന്നതാണ്. തങ്ങളുടെ വരുമാന നഷ്ടത്തിന് പ്രധാന കാരണം ഈ നാശനഷ്ടങ്ങളാണെന്ന് മൂന്നിലൊന്ന് കർഷകരും അഭിപ്രായപ്പെടുന്നു.
കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയും ഇന്ത്യയിലെ സെന്റർ ഫോർ വൈൽഡ് ലൈഫ് റിസേർച്ചും ചേർന്ന് 2021-ൽ നടത്തിയ പഠനത്തിൽ, കർണാടകയിലെ കർഷകർക്ക് വന്യമൃഗങ്ങളുടെ ആക്രമണം കാരണം ഓരോ വർഷവും ഒന്ന് മുതൽ മൂന്ന് മാസം വരെയുള്ള വരുമാനമാണ് നഷ്ടപ്പെടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരൊറ്റ തവണത്തെ ആനയുടെ ആക്രമണം പോലും ഒരു കർഷകന്റെ വരുമാനത്തിന്റെ 20 ശതമാനമോ അതിൽ കൂടുതലോ നഷ്ടപ്പെടുത്താൻ കാരണമാകുന്നു.
2025-ൽ കർണാടകയിലെ കുടക് ജില്ലയിൽ നടത്തിയ മറ്റൊരു പഠനം കാണിക്കുന്നത്, സർവേയിൽ പങ്കെടുത്ത കർഷകരിൽ പകുതിയോളം പേരും (50 ശതമാനം) വർഷത്തിൽ ഏകദേശം 90,000 രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്നാണ്. ഇത് പല കർഷകരെയും കടക്കെണിയിലാക്കുന്നു. ഹിമാചൽ പ്രദേശ് വനം വകുപ്പിന്റെ കണക്കുകൾ പ്രകാരം, അവിടെ വാർഷിക വിള നാശം 500 കോടി രൂപയോളമാണ്. എന്നാൽ, കൃഷി സംരക്ഷിക്കുന്നതിനായി വേലി കെട്ടുന്നതിനും മറ്റും ചെലവാക്കുന്ന തുക കൂടി കണക്കാക്കിയാൽ, ഈ നഷ്ടം ചുരുങ്ങിയത് 1,500 കോടി രൂപയാകും.
ഇതേ കാര്യം 2026-ൽ തമിഴ്‌നാട്ടിലെ പശ്ചിമഘട്ടത്തിൽ നടത്തിയ പഠനവും ശരിവെക്കുന്നു. സർവേയിൽ പങ്കെടുത്ത 90 ശതമാനം കർഷകരും വന്യജീവി ആക്രമണത്തെയാണ് കൃഷിയിലെ ഏറ്റവും വലിയ ഭീഷണിയായി ചൂണ്ടിക്കാട്ടിയത്. കാട്ടുപന്നികൾ, മയിലുകൾ, ആനകൾ എന്നിവ കാരണം മൊത്തം വിളയുടെ 50 മുതൽ 60 ശതമാനം വരെ നഷ്ടപ്പെടുന്നതായാണ് പഠനം പറയുന്നത്.
രാജ്യത്തുടനീളം ‘ഡൗൺ ടു എർത്ത്’ നടത്തിയ അന്വേഷണങ്ങളിൽ നിന്നും വ്യക്തമാകുന്നത് ഒരേ കഥയാണ് - നഷ്ടപ്പെട്ട വരുമാനവും ഉപജീവനമാർഗ്ഗവും, വർദ്ധിച്ചുവരുന്ന കടബാധ്യതകളും. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഈ ബന്ധം എങ്ങനെ ‘പുനഃസ്ഥാപിക്കാം’ (rebalance) എന്നും, ഒരു സഹവർത്തിത്വം എങ്ങനെ സാധ്യമാക്കാം എന്നതുമാണ് പ്രസക്തമായ ചോദ്യം.
ഈ വിഷയത്തിൽ ഇന്ത്യൻ സർക്കാരിന്റെ പ്രതികരണം ഇതുവരെ വളരെ മന്ദഗതിയിലുള്ളതും അവ്യക്തവും നിരാശാജനകവുമാണ്. എങ്കിലും, ഈ പ്രതിസന്ധിയുടെ ഗൗരവം സർക്കാർ ഇപ്പോൾ അംഗീകരിക്കുന്നു എന്നത് ഒരു നല്ല കാര്യമാണ്. 2026-ലെ ഖാരിഫ് സീസൺ (ജൂൺ-ജൂലൈ) മുതൽ, വന്യജീവികൾ മൂലമുണ്ടാകുന്ന കാർഷിക നഷ്ടങ്ങളെ 'പ്രധാനമന്ത്രി ഫസൽ ബീമ യോജന' (PMFBY) എന്ന ദേശീയ വിള ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. വിളനാശം സംഭവിച്ചാൽ 72 മണിക്കൂറിനുള്ളിൽ കർഷകർ അത് റിപ്പോർട്ട് ചെയ്യണം. ഡ്രോണുകൾ ഉപയോഗിച്ച് ഈ നഷ്ടം പരിശോധിച്ചതിന് ശേഷമായിരിക്കും നഷ്ടപരിഹാരം നൽകുക. നിലവിലെ ഇൻഷുറൻസ് ചട്ടങ്ങൾ വെച്ച് ഈ സംവിധാനം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.
ഇതിനൊപ്പം തന്നെ, സംസ്ഥാന സർക്കാരുകളും കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നുണ്ട്. എന്നാൽ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് കണ്ടെത്തിയതുപോലെ, വന്യജീവികളുടെ ആക്രമണത്തിന് ഇരയായ കർഷകരിൽ 25 ശതമാനം പേർ മാത്രമാണ് നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്. ഇതിൽ തന്നെ, അർഹമായ നഷ്ടപരിഹാരം ലഭിച്ചത് വെറും 1-2 ശതമാനം പേർക്ക് മാത്രമാണ്. ഇതിന് പ്രധാന കാരണം, പല കർഷകർക്കും ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് അറിയില്ലെന്നതാണ്; അറിവുള്ളവർ തന്നെ സങ്കീർണ്ണമായ സർക്കാർ നടപടിക്രമങ്ങൾ കാരണം പിന്തിരിഞ്ഞുപോകുന്നു.
കേരളത്തിലാണ് ഈ വിഷയം ഇപ്പോൾ ഏറ്റവും കൂടുതൽ ചൂടുപിടിക്കുന്നത്. ഇത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പോരാട്ടം എന്നതിലുപരി, കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കമായി കൂടി മാറിക്കഴിഞ്ഞു. വന്യജീവി സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം, ഒരു വന്യജീവിയെ "ഉപദ്രവകാരി" (vermin) എന്ന് പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് മാത്രമേ അധികാരമുള്ളൂ. അങ്ങനെ പ്രഖ്യാപിച്ചാൽ മാത്രമേ വനം വകുപ്പിന് ആ മൃഗങ്ങളെ ഉന്മൂലനം (culling) ചെയ്യാൻ അനുവാദമുള്ളൂ. എന്നാൽ, പല സംസ്ഥാനങ്ങളിലെയും പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഇത്തരമൊരു തീരുമാനം എടുക്കാൻ കേന്ദ്രം മടിക്കുകയാണ്.
ഇതിനെത്തുടർന്ന്, 2024-25 കാലയളവിൽ കേരള സർക്കാർ സ്വന്തമായി ഒരു വന്യജീവി സംരക്ഷണ ബില്ല് അവതരിപ്പിച്ചു. കാട്ടുപന്നി ആക്രമണങ്ങളെ സംസ്ഥാനതലത്തിലുള്ള ദുരന്തമായി പ്രഖ്യാപിക്കുകയും അവയെ "ഉപദ്രവകാരി"യായി കണക്കാക്കുകയും ചെയ്യുന്നതായിരുന്നു ഈ ബില്ല്. 2026 ഫെബ്രുവരിയിൽ, രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഈ ബില്ല് അയക്കാൻ ഗവർണർ ഒടുവിൽ സമ്മതിച്ചു. ഈ ബില്ല് പ്രകാരം കർഷകർക്ക് നേരിട്ട് മൃഗങ്ങളെ കൊല്ലാൻ അനുവാദമില്ല; പകരം, പഞ്ചായത്തുകൾക്ക് ലൈസൻസുള്ള വേട്ടക്കാരെ വിളിച്ച് നിയന്ത്രണ നടപടികൾ സ്വീകരിക്കാനുള്ള അധികാരം നൽകുന്നു.
മറുവശത്ത്, 2025-ന്റെ അവസാനത്തിൽ, 'റീസസ് കുരങ്ങുകളെ' വീണ്ടും ഷെഡ്യൂൾ 2-ൽ ഉൾപ്പെടുത്തി സംരക്ഷണം നൽകാൻ നാഷണൽ ബോർഡ് ഓഫ് വൈൽഡ് ലൈഫ് ശുപാർശ ചെയ്തു. ഇത് അവയെ നിയന്ത്രിക്കുന്നത് കൂടുതൽ പ്രയാസകരമാക്കും. മൃഗങ്ങളുടെ അവകാശങ്ങൾക്കായുള്ള സംഘടനകളുടെ സമ്മർദ്ദത്താൽ എടുത്ത ഈ തീരുമാനം, വനം വകുപ്പ് പോലും കുരങ്ങുകൾ വലിയ ശല്യമായി മാറിയെന്ന് സമ്മതിക്കുന്ന യാഥാർത്ഥ്യത്തെ അവഗണിക്കുന്നു എന്നതാണ് സത്യം. കൂടാതെ, വന്ധ്യംകരണം (sterilization) വഴി കുരങ്ങുകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. ഈ തീരുമാനത്തെ ഞാൻ 'യാഥാർത്ഥ്യബോധമില്ലാത്തത്' (tone-deaf) എന്ന് മാത്രമേ വിളിക്കൂ. ഇത്തരം സമീപനങ്ങൾ സംഘർഷം കുറയ്ക്കുകയല്ല, മറിച്ച് വർദ്ധിപ്പിക്കുകയേ ഉള്ളൂ. ഇത് വനസംരക്ഷണത്തിനോ കർഷകർക്കോ ഗുണകരമല്ല.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)