തിബറ്റൻ പീഠഭൂമിയിലും ഹിമാലയൻ പ്രദേശങ്ങളിലും മാത്രം കണ്ടുവരുന്ന യാക്കുകൾ (ചമരിപ്പശുക്കൾ), അവിടുത്തെ പ്രാദേശിക കന്നുകാലി വളർത്തൽ സമൂഹങ്ങളുടെ ഉപജീവനത്തിന്റെ മുഖ്യ ആസ്തിയാണ്.. ഫോട്ടോ: iStock
Wildlife & Biodiversity

കന്നുകാലി പ്രജനനത്തിൽ വിപ്ലവം; പത്ത് യാക്കുകളെ വിജയകരമായി ക്ലോൺ ചെയ്ത് ചൈനീസ് ഗവേഷകർ

കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്യത്തെ ആദ്യത്തെ ക്ലോൺ ചെയ്ത യാക്കിന്റെ (Yak) ജനനത്തിന് പിന്നാലെയാണ് പുതിയ ഈ മുന്നേറ്റം ഉണ്ടായിരിക്കുന്നത്.

DTE Staff

ഉയർന്ന പ്രദേശങ്ങളിലെ കന്നുകാലി വളർത്തലിൽ ഉണ്ടായ 'വൻ മുന്നേറ്റം' എന്ന് സർക്കാർ നിയന്ത്രിത മാധ്യമങ്ങൾ വിശേഷിപ്പിച്ച നേട്ടത്തിലൂടെ പത്ത് ആരോഗ്യമുള്ള യാക്കുകളെ വിജയകരമായി ക്ലോൺ ചെയ്യുന്നതിൽ ചൈനീസ് ഗവേഷകർ വിജയിച്ചു.

ചൈനീസ് സർക്കാർ ടിബറ്റിനെ വിളിക്കുന്ന പേരായ സീസാങ് (Xizang) സ്വയംഭരണ മേഖലയിലെ ലാസയിലുള്ള ദാംഷുങ് കൗണ്ടിയിലാണ് യാക്കുകളെ ക്ലോൺ ചെയ്തത്. ക്ലോൺ ചെയ്ത 10 യാക്കുകളും പൂർണ്ണ വളർച്ചയെത്തുകയും മാർച്ച് 25-നും ഏപ്രിൽ 5-നും ഇടയിൽ സ്വാഭാവിക പ്രസവത്തിലൂടെ ജനിക്കുകയും ചെയ്തുവെന്ന് കൗണ്ടിയിൽ നിന്നുള്ള അറിയിപ്പിനെ ഉദ്ധരിച്ച് ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ പ്രൊപ്പഗണ്ട ഡിപ്പാർട്ട്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് പത്രമാണ് ചൈന ഡെയ്‌ലി.

പോർട്ടൽ പറയുന്നതനുസരിച്ച്, "സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് 1:1 പകർപ്പുകൾ സൃഷ്ടിച്ചാണ് ഈ കിടാങ്ങളെ ഉത്പാദിപ്പിച്ചത്. ഈ വികസനം യാക്കുകളുടെ പ്രജനന ചക്രം ഏകദേശം 20 വർഷത്തിൽ നിന്ന് അഞ്ച് വർഷത്തിൽ താഴെയായി കുറയ്ക്കാനും ദീർഘകാലമായുള്ള ജനിതക തകർച്ച പരിഹരിക്കാനും സഹായിക്കുമെന്ന് സെജിയാങ് സർവകലാശാലയിലെ ഗവേഷണ സംഘത്തെ നയിച്ച ഫാംഗ് ഷെങ്‌ഗുവോ പറഞ്ഞു".

കഴിഞ്ഞ വർഷം ജൂലൈയിൽ "നാം കോ നമ്പർ 1" (Nam Co No 1) ജനിച്ചതോടെയാണ് ചൈന ആദ്യമായി ഒരു യാക്കിനെ ക്ലോൺ ചെയ്തത്. നിലവിലെ മുന്നേറ്റം അതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ലബോറട്ടറിയിലെ ഒരു പരീക്ഷണ വിജയത്തിൽ (0-to-1) നിന്ന് വലിയ തോതിലുള്ള ഉൽപ്പാദനത്തിലേക്കുള്ള (1-to-10) മാറ്റത്തെ സൂചിപ്പിക്കുന്നുവെന്നും വ്യാവസായിക അടിസ്ഥാനത്തിലുള്ള വിപുലീകരണത്തിന് ഇത് അടിത്തറയിടുമെന്നും ഫാംഗ് പറഞ്ഞു.

വേഗത്തിൽ വളരുന്നവർ, ഉയർന്ന പ്രത്യുൽപ്പാദന ശേഷിയുള്ളവർ, ശക്തമായ പ്രതിരോധ സംവിധാനമുള്ളവർ, ഉയർന്ന പ്രദേശങ്ങളിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കഴിയുന്നവർ എന്നിങ്ങനെയുള്ള സവിശേഷതകളുള്ള മികച്ച "സീഡ് യാക്കുകളെ" (Seed yaks) കണ്ടെത്തുന്നതിനായി ശാസ്ത്രജ്ഞർ ഏകദേശം 9,000 യാക്കുകളുടെ ജീനോം സീക്വൻസിംഗ് നടത്തി.

തുടർന്ന് ഈ മികച്ച ജനിതക വിഭാഗങ്ങളെ പകർത്താൻ അവർ സൊമാറ്റിക് സെൽ ക്ലോണിംഗ് (Somatic cell cloning) ഉപയോഗിച്ചു. ടിബറ്റിലെ യാക്ക് വ്യവസായം പതിറ്റാണ്ടുകളായി നേരിടുന്ന ജനിതക തകർച്ചയ്ക്കും പരമ്പരാഗത പ്രജനന രീതികളുടെ പോരായ്മകൾക്കും ഈ സമീപനം നേരിട്ട് പരിഹാരം കാണുന്നതായി ചൈന ഡെയ്‌ലി ലേഖനം പറയുന്നു.

ഫാംഗ് പറയുന്നതനുസരിച്ച്, 2028-ഓടെ നൂറിലധികം മികച്ച ക്ലോൺ ചെയ്ത യാക്കുകളെ വളർത്താനും ഉയർന്ന പ്രദേശങ്ങൾക്കായി മെച്ചപ്പെട്ട ആദ്യത്തെ യാക്ക് ഇനത്തെ വികസിപ്പിക്കാനും ഗവേഷണ സംഘം പദ്ധതിയിടുന്നുണ്ട്. ഇതോടൊപ്പം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രജനന രീതികളും (Breeding protocols) വികസിപ്പിക്കും.

തിബറ്റൻ പീഠഭൂമിയിലും ഹിമാലയൻ പ്രദേശങ്ങളിലും മാത്രം കണ്ടുവരുന്ന യാക്കുകൾ, അവിടുത്തെ പ്രാദേശിക കന്നുകാലി വളർത്തൽ സമൂഹങ്ങളുടെ ഉപജീവനത്തിന്റെ മുഖ്യ ആസ്തിയും പീഠഭൂമിയിലെ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകവുമാണ്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)