തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള സിഗൂർ പ്രദേശത്തെ പ്രശസ്തനായ 'റിവാൾഡോ' എന്ന കൊമ്പൻ, ഫെബ്രുവരി 13-ന് തന്റെ 50-ാം വയസ്സിൽ ചരിഞ്ഞപ്പോൾ, അത് ആ പ്രദേശത്തെ വനപാലകർക്കും ഗ്രാമവാസികൾക്കും ഒരു വലിയ നഷ്ടമായിരുന്നു. കിഴക്കൻ-പടിഞ്ഞാറൻ ഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന ഈ ആനത്താരയിലൂടെ, ഓരോ വർഷവും നിരവധി ആനകൾ കടന്നുപോകാറുണ്ടെങ്കിലും, നാട്ടുകാരുടെ മനസ്സിൽ ഇത്രയേറെ ഇടംപിടിച്ച മറ്റൊരു ആനയുണ്ടാവില്ല.
പതിറ്റാണ്ടുകളായി മുതുമല, ബന്ദിപ്പൂർ, വയനാട്, സത്യമംഗലം വനമേഖലകളെ ബന്ധിപ്പിക്കുന്ന കാട്ടുപാതകളിലൂടെ റിവാൾഡോ സഞ്ചരിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആനത്താരകളിലൊന്നായ ഈ പ്രദേശം, അവന്റെ തട്ടകമായിരുന്നു.
കാലക്രമേണ റിവാൾഡോ ആ നാട്ടിലെ ഒരു കുടുംബാംഗത്തെപ്പോലെയായി മാറി. വനപാലകർക്ക് അവന്റെ സഞ്ചാരപഥങ്ങൾ കൃത്യമായി അറിയാമായിരുന്നു, കർഷകർക്ക് അവന്റെ സാന്നിധ്യം ഭയമില്ലാത്ത ഒന്നായിരുന്നു. വന്യമൃഗമെന്നതിലുപരി ഒരു അയൽക്കാരനെപ്പോലെയാണ് നാട്ടുകാർ അവനെ കണ്ടിരുന്നത്.
ചെറുപ്പത്തിൽ കൂട്ടമായി നടന്നവനിൽ നിന്നും പിന്നീട് ഒറ്റയാനായി മാറിയ റിവാൾഡോയുടെ വളർച്ച മുതിർന്ന ഗ്രാമവാസികൾ ഇന്നും ഓർക്കുന്നു. ഓരോ കാലാവസ്ഥയിലും അവൻ എവിടെയുണ്ടാകുമെന്ന് നാട്ടുകാർക്ക് അറിയാമായിരുന്നു; വേനലിൽ ജലസ്രോതസ്സുകൾക്ക് അരികിലും, വർഷകാലത്ത് കാടിന്റെ ഉൾഭാഗങ്ങളിലും അവൻ നിലയുറപ്പിച്ചു. പെട്ടെന്ന് വരികയും പോവുകയും ചെയ്യുന്ന ആനകളെപ്പോലെയല്ലാതെ, റിവാൾഡോയുടെ സ്ഥിരമായ സാന്നിധ്യം അവനുമായി പൊരുത്തപ്പെടാൻ ജനങ്ങളെ സഹായിച്ചു. നീലഗിരിയിലെ ഭൂപ്രകൃതി മാറുന്നതിനും, വിനോദസഞ്ചാരം വർദ്ധിക്കുന്നതിനും അവൻ സാക്ഷിയായി.
മനുഷ്യരോടുള്ള റിവാൾഡോയുടെ ഈ ഇണക്കം, ആ പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രവുമായി ബന്ധപ്പെട്ടതാണെന്ന് ചില പരിസ്ഥിതി പ്രവർത്തകർ കരുതുന്നു. 1960-കളിൽ എഴുത്തുകാരനും പ്രകൃതിസ്നേഹിയുമായ ഇ.ആർ.സി ഡേവിഡർ സിഗൂർഹള്ള, അരുവിക്ക് സമീപം നിർമ്മിച്ച 'ചീറ്റൽ വാക്ക്' എന്ന വീട്, കാടിനോട് ഇഴുകിച്ചേർന്ന ഒന്നായിരുന്നു. അവിടെ ആനകൾക്കും മറ്റ് വന്യജീവികൾക്കും സ്വതന്ത്രമായി വിഹരിക്കാമായിരുന്നു. അവിടെവെച്ചാകാം റിവാൾഡോ, മനുഷ്യരെ അക്രമിക്കാതെ സഹവർത്തിത്വത്തോടെ ജീവിക്കാൻ പഠിച്ചതെന്ന് നാട്ടുകാർ പറയുന്നു.
മുതുമലയിലെ തെപ്പക്കാട് ആനക്യാമ്പിലെ ഗാർഡ് സി.എം ബാലൻ പറയുന്നത് ഇങ്ങനെയാണ്, "ഞങ്ങൾ ഒട്ടേറെ ആനകളെ നിരീക്ഷിക്കാറുണ്ട്, എന്നാൽ ചിലർ മാത്രമേ പ്രിയപ്പെട്ടവരായി മാറാറുള്ളൂ. റിവാൾഡോ അതിലൊരാളായിരുന്നു." അവൻ അക്രമാസക്തനായിരുന്നില്ല എന്നത് നാട്ടുകാരുടെ സ്നേഹം കൂടാൻ കാരണമായി. മറ്റ് കൊമ്പന്മാരെപ്പോലെ അവൻ വലിയ തോതിൽ കൃഷിനാശം വരുത്തിയിരുന്നില്ല. ഇതിനിടയിൽ മറ്റ് ആനകളുമായുള്ള പോരാട്ടങ്ങളിലും മനുഷ്യരുമായുള്ള സംഘർഷങ്ങളിലും അവന് പലതവണ പരിക്കേറ്റിരുന്നു.
ഒരിക്കൽ തുമ്പിക്കൈക്ക് സാരമായി പരിക്കേറ്റപ്പോൾ ആഹാരം കഴിക്കാൻ പ്രയാസപ്പെട്ട റിവാൾഡോ, ജനവാസ മേഖലകളിലേക്ക് കൂടുതൽ അടുത്തു. ആളുകൾ നൽകുന്ന ഭക്ഷണത്തെ അവൻ ആശ്രയിച്ചു തുടങ്ങിയതോടെ, വന്യതയും നാട്ടറിവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോയി. ഇത് പിന്നീട് വനംവകുപ്പിന്റെ ഇടപെടലുകൾക്കും കാരണമായി. എങ്കിലും ഓരോ തവണയും അവൻ കാട്ടിലേക്ക് തന്നെ മടങ്ങിപ്പോയി. മനുഷ്യരും വന്യമൃഗങ്ങളും എങ്ങനെ ഒരുമിച്ചു കഴിയാമെന്നതിന് റിവാൾഡോ ഒരു ഉദാഹരണമായിരുന്നു; പക്ഷെ അതിന് പ്രകൃതിദത്തമായ ആവാസവ്യവസ്ഥകൾ നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
സിഗൂർ പീഠഭൂമി പശ്ചിമഘട്ടത്തിലെ വെറുമൊരു വനപ്രദേശമല്ല. ദക്ഷിണേന്ത്യയിലെ രണ്ട് മലനിരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാനമായ ഒരു 'പരിസ്ഥിതി പാലം' ആണത്. ഈ ആനത്താരയിലൂടെയാണ് ആനകൾ ഓരോ കാലത്തിനനുസരിച്ച് കുടിയേറുന്നതും, വിവിധ ആനക്കൂട്ടങ്ങൾ തമ്മിൽ സമ്പർക്കം പുലർത്തുന്നതും, പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതും. ഏഷ്യയിൽ തന്നെ അവശേഷിക്കുന്ന ഏറ്റവും വലിയ ആനത്താരകളിൽ ഒന്നായാണ് ശാസ്ത്രജ്ഞർ നീലഗിരി മേഖലയെ കാണുന്നത്.
"ആനത്താരകൾ ആനകൾക്ക് ഒരു ആഡംബരമല്ല, അവയുടെ അതിജീവനത്തിന് അത്യന്താപേക്ഷിതമായ വഴികളാണ്," എന്ന് വന്യജീവി ശാസ്ത്രജ്ഞനായ നാഗരാജ് ഭാസ്കരൻ വ്യക്തമാക്കുന്നു. ഈ ബന്ധങ്ങൾ മുറിഞ്ഞുപോയാൽ, ആനക്കൂട്ടങ്ങൾ ഒറ്റപ്പെടുകയും മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിക്കുകയും അവയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാവുകയും ചെയ്യും. റിവാൾഡോ എന്ന കൊമ്പന് ഇത്രയും കാലം ജീവിക്കാൻ കഴിഞ്ഞത് അവൻ കാടുകൾ തമ്മിൽ ബന്ധിക്കപ്പെട്ടിരുന്ന ഒരു പഴയ കാലത്ത് ജനിച്ചതുകൊണ്ടുകൂടിയാണ്. എന്നാൽ ഇന്ന്, ആ സാഹചര്യം മാറിവരുകയാണ്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സിഗൂർ മേഖലയിലെ ഭൂവിനിയോഗത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. വർദ്ധിച്ചുവരുന്ന ജനവാസ മേഖലകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾക്ക് ചുറ്റുമുള്ള വേലികൾ, സ്വകാര്യ എസ്റ്റേറ്റുകൾ, റോഡുകൾ എന്നിവ കാരണം കാട് പല ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ഭക്ഷണത്തിനും വെള്ളത്തിനുമായി ആനകൾക്ക് ഇപ്പോൾ കൃഷിയിടങ്ങളിലൂടെയും ജനവാസ മേഖലകളിലൂടെയും കടന്നുപോകേണ്ടി വരുന്നു.
പരമ്പരാഗതമായി ആനകൾ ഉപയോഗിച്ചിരുന്ന പാതകളിൽ ചെറിയ തടസ്സങ്ങൾ ഉണ്ടായാൽ പോലും അത് അവയുടെ സഞ്ചാരത്തെ ബാധിക്കും. "നൂറ്റാണ്ടുകളായി ആനകൾ പിന്തുടരുന്ന പരമ്പരാഗതമായ വഴികളുണ്ട്. അവ തടസ്സപ്പെടുത്തിയാലും ആനകൾ ആ വഴി ഉപേക്ഷിക്കില്ല, പകരം അവശേഷിക്കുന്ന ചെറിയ ഇടങ്ങളിലൂടെ, അത് ഗ്രാമങ്ങളാണെങ്കിൽ പോലും, കടന്നുപോകാൻ ശ്രമിക്കും" എന്ന് ഡോക്ടർ രാജേഷ് കുമാർ പറയുന്നു.
കാട് പൂർണ്ണമായി ഇല്ലാതാകുന്നതിനേക്കാൾ വലിയ ഭീഷണി, അത് ചെറിയ ഭാഗങ്ങളായി വിഭജിക്കപ്പെടുന്നതാണ്. വനം ചെറിയ കഷണങ്ങളാകുമ്പോൾ ആനകൾക്ക് ഒരു ഭാഗത്തുനിന്നും മറ്റൊരിടത്തേക്ക് പോകുന്നത് കൂടുതൽ അപകടകരമാവുകയും മനുഷ്യരുമായുള്ള സംഘർഷം പതിവാകുകയും ചെയ്യുന്നു.
വിനോദസഞ്ചാരം, നീലഗിരിയുടെ സാമ്പത്തിക അടിത്തറയായി മാറിയിരിക്കുകയാണ്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ടൂറിസം, തൊഴിലവസരങ്ങളും വരുമാനവും നൽകുന്നുണ്ടെങ്കിലും, കൃത്യമായ പ്ലാനിംഗ് ഇല്ലാത്ത വികസനം വലിയ പാരിസ്ഥിതിക വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. പ്രത്യേകിച്ച്, വന്യജീവികൾ സഞ്ചരിക്കുന്ന അതീവ ജാഗ്രതാ മേഖലകളിൽ റിസോർട്ടുകളും ലോഡ്ജുകളും റോഡുകളും നിർമ്മിക്കുന്നത്, ആനകളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു. വാഹനങ്ങളുടെ തിരക്ക്, ബഹളം, കൃത്രിമ വെളിച്ചം എന്നിവ മൃഗങ്ങളുടെ സ്വൈര്യജീവിതത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
ടൂറിസം, പ്രകൃതിക്ക് ദോഷകരമായ ഒന്നല്ലെന്ന്, ഊട്ടിയിലെ പരിസ്ഥിതി പ്രവർത്തകൻ സാദിഖ് അലി നിരീക്ഷിക്കുന്നു. "പ്രശ്നം ടൂറിസമല്ല, മറിച്ച് പ്രകൃതിയുടെ അതിർവരമ്പുകൾ മാനിക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ്. തെറ്റായ ഒരു സ്ഥാനത്ത് പണിയുന്ന ഒരൊറ്റ റിസോർട്ട് മതി, നൂറുകണക്കിന് ആനകൾ ആശ്രയിക്കുന്ന ഒരു സഞ്ചാരപാത എന്നെന്നേക്കുമായി തടസ്സപ്പെടാൻ," അദ്ദേഹം ചൂണ്ടിക്കാട്ടുന്നു
കാടിനുള്ളിലെ നിർമ്മാണപ്രവർത്തനങ്ങൾ പോലെ തന്നെ പുറമെ കാണാൻ കഴിയാത്ത, എന്നാൽ അതീവ ഗൗരവകരമായ മറ്റൊരു ഭീഷണി കൂടി നീലഗിരി നേരിടുന്നുണ്ട്. ലന്റാന (കൊങ്ങിണി), യൂപ്പറ്റോറിയം (കമ്മ്യൂണിസ്റ്റ് പച്ച), സെന്ന (മഞ്ഞക്കൊന്ന) തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വനങ്ങളിലും. പുൽമേടുകളിലും വൻതോതിൽ പടർന്നുപിടിച്ചിരിക്കുകയാണ്. ആനകൾക്കും മറ്റ് സസ്യാഹാരികൾക്കും ആവശ്യമായ ഭക്ഷണം നൽകിയിരുന്ന തദ്ദേശീയ സസ്യങ്ങളെ ഇവ ഇല്ലാതാക്കുന്നു. ഇത്തരം സസ്യങ്ങൾ കാടിന്റെ സ്വാഭാവികമായ വളർച്ചയെ തടയുകയും പോഷകഗുണമുള്ള ഭക്ഷണത്തിന്റെ ലഭ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് ആനകളെ ഭക്ഷണത്തിനായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്നു.
ആവാസവ്യവസ്ഥ വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഒരു ഗവേഷകൻ പറയുന്നത് ഇങ്ങനെയാണ്: "കാടിനുള്ളിലെ പുൽമേടുകൾ അപ്രത്യക്ഷമാവുകയും അധിനിവേശ സസ്യങ്ങൾ കാട് കൈയടക്കുകയും ചെയ്യുമ്പോൾ ആനകൾക്ക് ഭക്ഷണത്തിനുള്ള വഴികൾ അടയുന്നു. ആനകൾ മനപ്പൂർവ്വം മനുഷ്യരുമായി സംഘർഷമുണ്ടാക്കാൻ വരുന്നതല്ല; കാടിനുള്ളിൽ ഭക്ഷണമില്ലാതാകുമ്പോൾ അത് ലഭ്യമായ ഇടങ്ങളിലേക്ക് അവ സഞ്ചരിക്കുന്നു എന്ന് മാത്രം."
ആവാസവ്യവസ്ഥകൾ താളം തെറ്റുകയും, ഭക്ഷണലഭ്യത കുറയുകയും ചെയ്തതോടെ, മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷം, നീലഗിരി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറി. കർഷകർക്ക് തങ്ങളുടെ അധ്വാനവും വിളകളും നഷ്ടപ്പെടുമ്പോൾ, ആനകൾക്ക് വൈദ്യുതാഘാതം, കുഴികളിൽ വീഴുക, വാഹനങ്ങൾ ഇടിക്കുക, മനുഷ്യരിൽ നിന്നും തിരിച്ചടിയുണ്ടാവുക തുടങ്ങിയ വലിയ ഭീഷണികളാണ് നേരിടേണ്ടി വരുന്നത്. ഇത്തരം സാഹചര്യങ്ങൾ ഗ്രാമീണർക്കിടയിൽ ഭയവും രോഷവും ഉണ്ടാക്കുന്നു, ഇത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
"ഈ സംഘർഷം കേവലം വന്യജീവികളുടെ പ്രശ്നമല്ല, മറിച്ച് ഭൂവിനിയോഗത്തിലെ പാളിച്ചയാണ്," എന്ന് വന്യജീവി സംഘർഷ ലഘൂകരണ വിദഗ്ധർ നിരീക്ഷിക്കുന്നു. വനങ്ങൾ ചുരുങ്ങുകയും ആനത്താരകൾ ഇടുങ്ങിയതാവുകയും ചെയ്യുമ്പോൾ മനുഷ്യരും ആനകളും നേർക്കുനേർ വരുന്നത് ഒഴിവാക്കാൻ കഴിയില്ല. അതിനാൽ, മനുഷ്യർക്ക് സുരക്ഷ നൽകുന്നതുപോലെ തന്നെ ആനകളുടെ സ്വാഭാവിക വാസസ്ഥലങ്ങൾ പുനഃസ്ഥാപിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ.
നിലവിൽ, ആനകളുടെ വരവ് മുൻകൂട്ടി അറിയിക്കുന്ന സംവിധാനങ്ങൾ, കൃഷിനാശം തടയാനുള്ള നടപടികൾ, നഷ്ടപരിഹാരം നൽകൽ തുടങ്ങിയ വിവിധ പദ്ധതികൾ ആനകളുമായുള്ള സഹവർത്തിത്വത്തിനായി നടപ്പിലാക്കുന്നുണ്ട്. എങ്കിലും, ആനത്താരകളുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ.
ഈ വെല്ലുവിളികൾക്കിടയിലും, റിവാൾഡോയുടെ ജീവിതം പരിസ്ഥിതി പഠനത്തിന് അപൂർവ്വമായ ചില ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്. മനുഷ്യന്റെ ഇടപെടലുകൾ കാരണം രൂപമാറ്റം വന്ന ഒരു ആനത്താരയിൽ ജീവിച്ചിട്ടും, പതിറ്റാണ്ടുകളോളം അവൻ അതിജീവിച്ചു. ആനകളുടെ മനക്കരുത്തും, ആവാസവ്യവസ്ഥകളുടെ പരസ്പര ബന്ധവും എത്രത്തോളം പ്രധാനമാണെന്ന് അവന്റെ ജീവിതം തെളിയിക്കുന്നു. ഒരു കാലഘട്ടത്തിൽ അവൻ ഒരു 'പ്രശ്നക്കാരനായ' ആനയായി മുദ്രകുത്തപ്പെട്ടിരുന്നു. എന്നാൽ ആളുകൾ ഭക്ഷണം നൽകുന്നത് അവസാനിപ്പിക്കുകയും, സഞ്ചാരപഥങ്ങൾ തുറന്നുകിടക്കുകയും ചെയ്തതോടെ അവൻ പതുക്കെ തന്റെ സ്വാഭാവികമായ രീതികളിലേക്ക് മടങ്ങിപ്പോയി. തന്റെ പഴയ താവളങ്ങളിലേക്ക് അവൻ വീണ്ടും മടങ്ങിയെത്തിയത് ആനകളുടെ കൃത്യമായ ഓർമ്മശക്തിയെയും തങ്ങളുടെ പാരമ്പര്യ ഭൂമിയോടുള്ള ആഴത്തിലുള്ള ആത്മബന്ധത്തെയുമാണ് കാണിക്കുന്നത്.
റിവാൾഡോയെ നിരീക്ഷിച്ചിരുന്ന രാജേഷ് കുമാർ പറയുന്നത് ഇങ്ങനെയാണ്: "ഭൂപ്രകൃതി അനുവദിക്കുകയാണെങ്കിൽ, ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാൻ ആനകൾക്ക് കഴിയുമെന്ന് അവന്റെ ജീവിതം കാണിച്ചുതന്നു. അവയ്ക്ക് ആവശ്യമായ സ്വതന്ത്രമായ ഇടം ലഭ്യമാണെങ്കിൽ മനുഷ്യന്റെ നിരന്തരമായ ഇടപെടലുകൾ അവിടെ ആവശ്യമില്ല."
പരിചയമുള്ള ഒരു ആനയുടെ വിയോഗം ഒന്നുകൊണ്ടു മാത്രം, വന്യജീവി സംരക്ഷണ നയങ്ങളിൽ പെട്ടെന്ന് വലിയ മാറ്റങ്ങളുണ്ടാക്കിയെന്നു വരില്ല. എങ്കിലും, നമ്മുടെ പ്രകൃതിയുടെ പോക്ക് എങ്ങോട്ടാണെന്ന് ചിന്തിക്കാൻ അത്തരം സന്ദർഭങ്ങൾ ഒരവസരം നൽകുന്നുണ്ട്.
"വയസ്സായ ഓരോ കൊമ്പൻ ചരിയുമ്പോഴും, ആ പ്രദേശം പണ്ട് എങ്ങനെയായിരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് നമുക്ക് നഷ്ടപ്പെടുന്നത്," എന്ന് കോയമ്പത്തൂർ ആസ്ഥാനമായുള്ള പരിസ്ഥിതി പ്രവർത്തകൻ കെ. മോഹൻരാജ് പറയുന്നു. "അടുത്ത തലമുറയിലെ ആനകൾക്ക് ഇത്രയും കാലം സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഇവിടെ ഉണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം."
നീലഗിരിയിലെ പരിസ്ഥിതി ചർച്ചകളുടെ കാതൽ ഈ ആശങ്കയാണ്. ആനകളുടെ എണ്ണം മാത്രം നോക്കി ഒരു പ്രദേശത്തിന്റെ ആരോഗ്യം അളക്കാൻ കഴിയില്ല. അവയുടെ ആവാസവ്യവസ്ഥകളുടെയും, ആനത്താരകളുടെയും തുടർച്ച നിലനിർത്തുക എന്നത് അത്രതന്നെ പ്രധാനമാണ്.
നീലഗിരിയിലെ ആനകളുടെ ഭാവി തീരുമാനിക്കുന്നത് വനംവകുപ്പ് മാത്രമല്ല; മറിച്ച് നാടിന്റെ വികസനം ആസൂത്രണം ചെയ്യുന്നവർ, ടൂറിസം മേഖലയിലുള്ളവർ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ഏജൻസികൾ, പ്രാദേശിക ജനവിഭാഗങ്ങൾ എന്നിവർ കൂടിയാണ്.
സിഗൂർ പീഠഭൂമിയിലൂടെ നിശബ്ദനായി നടന്നുപോയിരുന്ന ആ കൊമ്പനെ വനപാലകരും ഗ്രാമവാസികളും ഓർത്തെടുക്കുമ്പോൾ, അവന്റെ വിയോഗം വലിയൊരു പാരിസ്ഥിതിക സന്ദേശമാണ് നൽകുന്നത്. റിവാൾഡോയുടെ മരണം കേവലം ഒരു ആനയുടെ ആയുസ്സിന്റെ അന്ത്യമല്ല. മറിച്ച്, വന്യജീവികളെ പതിറ്റാണ്ടുകളോളം സംരക്ഷിക്കാൻ ശേഷിയുള്ള ഇടങ്ങൾ നമുക്കിടയിൽ കുറഞ്ഞുവരുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. "ആനകൾ ഇനിയും ഇവിടെയുണ്ടാകും," പരിസ്ഥിതി പ്രവർത്തകനായ സാദിഖ് അലി പറയുന്നു. "പക്ഷേ അവ നമ്മളോടൊപ്പം സമാധാനമായി കഴിയണമോ അതോ നിരന്തരമായ സംഘർഷത്തിൽ ഏർപ്പെടണമോ എന്നത് നമ്മൾ പ്രകൃതിയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും."
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)