തെക്കൻ ഡൽഹിയിൽ ഫെബ്രുവരിയിലെ ഊഷ്മളമായ ഒരു സായാഹ്നം. ഒരു ഇടുങ്ങിയ റോഡിന്റെ അരികിൽ ബൈക്ക് നിർത്തി, കൈയ്യിൽ ക്ലിപ്പ് ബോർഡുമായി ഞാൻ രണ്ട് തെരുവുനായ്ക്കളിൽ 'അന്യരോടുള്ള സമീപനം' (stranger approach test) പരിശോധിക്കുകയായിരുന്നു. അതിലൊന്ന് എന്റെ മടിയിലേക്ക് ചാടിക്കയറി, വാലാട്ടിക്കൊണ്ട് വളരെക്കാലമായി കാണാത്ത ഒരു സുഹൃത്തിനെപ്പോലെ എന്റെ മുഖം നക്കാൻ തുടങ്ങി. മറ്റേതാകട്ടെ, മലർന്നു കിടന്ന് വയർ കാണിച്ചുതരികയും തന്റെ മൂക്കുകൊണ്ട് എന്റെ കണങ്കാലിൽ തട്ടുകയും ചെയ്തു. ഞാൻ അവയുടെ സ്കോറുകൾ കുറിച്ചെടുത്തു. തികച്ചും സൗമ്യരായ മൃഗങ്ങൾ!
പിന്നീട് ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
നിമിഷങ്ങൾക്കകം, ആ രണ്ട് നായകളും കുരച്ചുകൊണ്ട് എന്റെ പിന്നാലെ വരാൻ തുടങ്ങി. പല്ലുകൾ കാട്ടി ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു അവയുടെ ഓട്ടം. അതിലൊന്ന് എന്റെ കാലിന്റെ അരികിൽ വരെ എത്തി. ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനെ രണ്ട് നായകൾ കുരച്ചുകൊണ്ട് ഓടിക്കുന്നത് മാത്രം കാണുന്ന ഒരാൾ തീർച്ചയായും അവ അപകടകാരികളാണെന്ന് കരുതും. ആ കാഴ്ച ഭയമുണ്ടാക്കിയേക്കാം. ആ തെരുവിലെ നായകൾ "അക്രമാസക്തരായ തെരുവുനായ്ക്കൾ" ആണെന്ന് നിങ്ങൾ മറ്റുള്ളവരോട് പറഞ്ഞെന്നും വരാം.
എന്നാൽ കുറച്ചു മുൻപ് വരെ ഞാൻ ആ നായകളുടെ കൂടെ ഇരിക്കുകയായിരുന്നു. അവയുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. മാറിയത് ഒന്ന് മാത്രം; അതുവരെ നിശ്ചലമായിരുന്ന ഞാൻ പെട്ടെന്ന് വേഗത്തിൽ ചലിക്കുന്ന ഒരു വസ്തുവായി മാറി.
ലക്ഷക്കണക്കിന് തെരുവുനായ്ക്കളുള്ള ഡൽഹി നഗരത്തിൽ അവയുടെ പെരുമാറ്റത്തെക്കുറിച്ച് പഠിക്കുന്ന ഒരു പി.എച്ച്.ഡി ഗവേഷകനാണ് ഞാൻ. നായകളുടെ ആക്രമണ സ്വഭാവം ശാസ്ത്രീയമായി അളക്കുക എന്നത് എന്റെ ജോലിയുടെ ഭാഗമാണ്. മാസങ്ങളോളം നീണ്ട എന്റെ ഫീൽഡ് വർക്കിനിടയിൽ ഈ വൈരുദ്ധ്യം പലതവണ ആവർത്തിച്ചു: സ്നേഹത്തോടെ വാലാട്ടുകയും തലോടാൻ അനുവദിക്കുകയും ചെയ്ത നായകൾ തന്നെ മിനിറ്റുകൾക്ക് ശേഷം എന്റെ ബൈക്കിന് പിന്നാലെ കടുത്ത ദേഷ്യത്തോടെ ഓടിയടുക്കുന്നു. വ്യത്യസ്ത സ്ഥലങ്ങളിൽ, വ്യത്യസ്ത നായകളിൽ ഇത് പലതവണ സംഭവിച്ചു.
മിക്ക ആളുകളും ചിന്തിക്കാത്ത ഒരു വ്യത്യാസമാണ് ഇതിന് പിന്നിലുള്ളത്. ഓടിക്കുന്നതും (chasing) ആക്രമണവും (aggression) തികച്ചും വ്യത്യസ്തമായ പ്രേരണകളാൽ സംഭവിക്കുന്നതാണെന്ന് മൃഗ സ്വഭാവ ശാസ്ത്രജ്ഞർ (Ethologists) പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. ശാസ്ത്രീയമായി പറഞ്ഞാൽ, ഒരു നായ തനിക്ക് ഭീഷണിയുണ്ടെന്ന് തോന്നുമ്പോഴോ അല്ലെങ്കിൽ സ്വയം പ്രതിരോധിക്കാനോ ആണ് ആക്രമണ സ്വഭാവം കാണിക്കുന്നത്. ആഹാരം സംരക്ഷിക്കാനോ, കുഞ്ഞുങ്ങളെ കാക്കാനോ, അല്ലെങ്കിൽ ആരെങ്കിലും തന്റെ പരിധി ലംഘിച്ചു എന്ന് തോന്നുമ്പോഴോ ആണ് ഇത് സംഭവിക്കുക.
എന്നാൽ പിന്നാലെ ഓടുന്നത് 'പ്രഡേറ്ററി മോട്ടോർ സീക്വൻസ്' (predatory motor sequence) എന്നറിയപ്പെടുന്ന ഒരു ജന്മവാസനയുടെ ഭാഗമാണ്. ഇത് ഭീഷണി മൂലമല്ല, മറിച്ച് ചലനം മൂലമാണ് ഉണ്ടാകുന്നത്. വേഗത്തിൽ പോകുന്ന സൈക്കിൾ, ഓടുന്ന ഒരാൾ, കറങ്ങുന്ന ടയറുകൾ - ഇതെല്ലാം നായയുടെ തലച്ചോറിലെ ഒരു പ്രതികരണത്തെ ഉണർത്തുന്നു. നായ നിങ്ങളെ ആക്രമിക്കാൻ തീരുമാനിക്കുകയല്ല, മറിച്ച് ഒരു നൂലിൽ തട്ടിക്കളിക്കുന്ന പൂച്ചയെപ്പോലെ ചലനത്തോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്. ഇതൊരു വൈകാരിക പ്രതികരണമല്ല, മറിച്ച് കേവലം ചലനം കൊണ്ടുണ്ടാകുന്ന പ്രതികരണമാണ്.
മറ്റൊരു രസകരമായ കാര്യം ഈ സ്വഭാവത്തിലെ സ്ഥിരതയില്ലായ്മയാണ്. എല്ലാ നായകളും വാഹനങ്ങളെ ഓടിക്കാറില്ല. ഒരു ദിവസം എന്നെ ഓടിച്ച നായ തന്നെ മറ്റൊരു ദിവസം മിണ്ടാതിരുന്നിട്ടുണ്ട്. ഇത് തെളിയിക്കുന്നത് ഇതൊരു വ്യക്തിപരമായ ശത്രുതയല്ല എന്നാണ്. ആക്രമണ സ്വഭാവമുള്ള ഒരു നായ എല്ലാ സാഹചര്യത്തിലും അങ്ങനെ തന്നെയായിരിക്കും. എന്നാൽ ഓടിക്കുന്നത് പല സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കും: അവ വിശ്രമിക്കുന്ന സ്ഥലത്തിന് എത്ര അടുത്താണ് നിങ്ങൾ എന്നതും, അവ ഒറ്റയ്ക്കാണോ കൂട്ടമായിട്ടാണോ എന്നതും, വാഹനത്തിന്റെ വേഗതയും ഇതിൽ പ്രധാനമാണ്.
നായകളുടെ കൂട്ടായ്മ ഇതിൽ വലിയ പങ്ക് വഹിക്കുന്നു. ഒറ്റയ്ക്ക് കിടക്കുന്ന ഒരു നായ ഒരുപക്ഷേ നിങ്ങളെ ശ്രദ്ധിക്കുക പോലും ഇല്ല. എന്നാൽ കൂടെ രണ്ട് നായകൾ കൂടി ഉണ്ടെങ്കിൽ കാര്യങ്ങൾ മാറും. ഒരു നായ പ്രതികരിച്ചാൽ മറ്റുള്ളവരും അത് പിന്തുടരുന്നു. ഇതിനെ 'സോഷ്യൽ ഫെസിലിറ്റേഷൻ' (social facilitation) എന്ന് വിളിക്കുന്നു. പുറമേ നിന്ന് നോക്കുന്ന ഒരാൾക്ക് ഇതൊരു ആസൂത്രിത ആക്രമണമായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഇതൊരു ചെയിൻ റിയാക്ഷൻ മാത്രമാണ്.
ശീലങ്ങളും ഇതിൽ പ്രധാനമാണ്. തിരക്കേറിയ റോഡരികിൽ കഴിയുന്ന നായകൾ വാഹനങ്ങളെ ശ്രദ്ധിക്കാറില്ല, കാരണം അവ വാഹനങ്ങൾ കണ്ട് ശീലിച്ചവരാണ്. എന്നാൽ ശാന്തമായ റെസിഡൻഷ്യൽ ഏരിയകളിൽ വാഹനങ്ങൾ അപൂർവ്വമായി മാത്രം വരുന്നത് നായകളിൽ പ്രതികരണം ഉണ്ടാക്കുന്നു.
എന്തുകൊണ്ടാണ് ഈ പഠനം പ്രസക്തമാകുന്നത്? കാരണം, നായകൾ അക്രമാസക്തരാണെന്ന തെറ്റായ ധാരണ അവയ്ക്ക് വലിയ ദോഷം ചെയ്യുന്നു. 2025 ഓഗസ്റ്റിൽ സുപ്രീം കോടതി തെരുവുനായ്ക്കളുടെ കാര്യത്തിൽ ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. നായകളെ വന്ധ്യംകരിച്ച് അവയുടെ പഴയ സ്ഥലത്ത് തന്നെ വിടണമെന്നാണ് നിയമമെങ്കിലും, "അപകടകാരികളായ അക്രമാസക്തരായ" നായകളെ ഷെൽട്ടറുകളിലേക്ക് മാറ്റാമെന്ന് കോടതി പറഞ്ഞു.
ഇവിടെ "അക്രമാസക്തം" (aggressive) എന്ന വാക്കിന്റെ അർത്ഥം വളരെ പ്രധാനമാണ്. ആരാണ് ഇത് തീരുമാനിക്കുന്നത്? ഒരു നായ സൈക്കിളിന് പിന്നാലെ ഓടുന്നത് കാണുന്ന ഒരാൾ പരാതിപ്പെട്ടാൽ, ആ നായയെ അക്രമാസക്തമായി കണക്കാക്കി എന്നെന്നേക്കുമായി തെരുവിൽ നിന്ന് മാറ്റിയേക്കാം. എന്നാൽ എന്റെ പഠനങ്ങൾ കാണിക്കുന്നത്, ഇതേ നായ മനുഷ്യരോട് വളരെ സൗഹൃദപരമായി പെരുമാറുന്നവയാണെന്നാണ്. കൃത്യമായ ശാസ്ത്രീയ അവബോധമില്ലാതെ ഈ നിയമം നടപ്പിലാക്കിയാൽ, പാവപ്പെട്ട പല നായകളും അനാവശ്യമായി ഷെൽട്ടറുകളിൽ അടയ്ക്കപ്പെടും.
ഇതൊരു അക്കാദമിക് വിഷയം മാത്രമല്ല. ഡൽഹിയിലെ നായകളുടെ യഥാർത്ഥ സ്വഭാവം മാപ്പ് ചെയ്യുക എന്നത് എന്റെ ഗവേഷണത്തിന്റെ ലക്ഷ്യമാണ്. നായകൾ അക്രമാസക്തരാണെന്ന് ആളുകൾ കരുതുന്ന പല ഇടങ്ങളിലും യഥാർത്ഥത്തിൽ അവ സൗമ്യരാണെന്നും എന്നാൽ വാഹനങ്ങളെ ഓടിക്കുന്ന സ്വഭാവം ഉള്ളവരാണെന്നും തെളിയിക്കാൻ കഴിഞ്ഞാൽ, അത് നഗരസഭകൾക്കും മറ്റും ശരിയായ തീരുമാനമെടുക്കാൻ സഹായിക്കും. വാഹനത്തിന് പിന്നാലെ ഓടുന്നത് അപകടമല്ലെന്ന് ഇതിനർത്ഥമില്ല; അത് യാത്രക്കാരിൽ പരിഭ്രാന്തിയുണ്ടാക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം. പക്ഷേ, അതിനുള്ള പരിഹാരം പ്രശ്നത്തിന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കിയുള്ളതാകണം.
അടുത്ത തവണ ഒരു തെരുവുനായ നിങ്ങളുടെ പിന്നാലെ ഓടി വരുമ്പോൾ ഓർത്തോളൂ; കുറച്ചു മുൻപ് വരെ അത് എവിടെയെങ്കിലും സമാധാനമായി ഉറങ്ങുകയോ ആരോടെങ്കിലും ഭക്ഷണം ചോദിക്കുകയോ ആയിരുന്നിരിക്കാം. അത് നിങ്ങളെ ആക്രമിക്കാൻ ഉറപ്പിച്ചതല്ല, നിങ്ങൾ അതിന്റെ ലോകത്തിലൂടെ അല്പം വേഗത്തിൽ സഞ്ചരിച്ചു എന്ന് മാത്രം. ഈ വ്യത്യാസം തിരിച്ചറിയുന്നത് നായകളോടുള്ള നമ്മുടെ സമീപനത്തിൽ വലിയ മാറ്റം വരുത്തും. കോടിക്കണക്കിന് തെരുവുനായ്ക്കൾ വസിക്കുന്ന നമ്മുടെ നാട്ടിൽ, അവയെ തെരുവിൽ ജീവിക്കാൻ അനുവദിക്കണമോ അതോ പിടിച്ചു കെട്ടണമോ എന്ന് തീരുമാനിക്കുന്നത് ഈ ഒരു ചെറിയ തിരിച്ചറിവായിരിക്കും.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)