ഹൗസ്‌ബോട്ട് മലിനീകരണവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഹൗസ്‌ബോട്ടുകൾക്കെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച സമീപകാല നടപടികൾ, വേമ്പനാട് പാരിസ്ഥിതിക വ്യവസ്ഥയിലെ മലിനീകരണ തോതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്. വിനോദസഞ്ചാര ബോട്ടുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കായലിന് താങ്ങാൻ കഴിയുന്ന പരിധിയേക്കാൾ (carrying capacity) അധികമാണെന്നും, ഇത് കായലിലേക്ക് മലിനജലം തള്ളുന്നതിനും, ഓയിൽ ചോർച്ചയ്ക്കും, ഖരമാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. കായലിൽ സർവീസ് നടത്തുന്ന ബോട്ടുകൾക്ക് കർശനമായ നിരീക്ഷണവും നിർബന്ധിത മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും ഏർപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ വേമ്പനാട്ടിലെ മലിനീകരണ പ്രതിസന്ധി ഹൗസ്‌ബോട്ട് ടൂറിസം കൊണ്ട് മാത്രം തുടങ്ങിയ ഒന്നല്ല.
കായലിന്റെ സ്വാഭാവിക ഒഴുക്കിലെ തടസ്സങ്ങൾ
1976-ൽ തണ്ണീർമുക്കം ബണ്ട് കമ്മീഷൻ ചെയ്തതോടുകൂടിയാണ് വേമ്പനാട് കായലിലെ മാറ്റങ്ങൾക്ക് തുടക്കമാകുന്നത്. കുട്ടനാട് മേഖലയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനും നെൽകൃഷിയെ പിന്തുണയ്ക്കാനും വേണ്ടി നിർമ്മിച്ച ഈ ബണ്ട്, കായലിന്റെ സ്വാഭാവിക വേലിയേറ്റ-വേലിയിറക്ക ഒഴുക്കിനെ മാറ്റുകയും ജൈവവൈവിധ്യത്തെയും ഉപജീവനമാർഗ്ഗങ്ങളെയും ബാധിക്കുന്ന തരത്തിൽ ഒരു ജലശാസ്ത്രപരമായ വിഭജനം (hydrological divide) സൃഷ്ടിക്കുകയും ചെയ്തു. പുഞ്ചക്കൃഷി കാലത്ത് മാത്രം ബണ്ട് അടച്ചിടാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും, നിശ്ചയിച്ചിരുന്ന സമയപരിധിയേക്കാൾ കൂടുതൽ കാലം ഇതിന്റെ പ്രവർത്തനം നീണ്ടുപോകാറുണ്ട്.
ബണ്ട് വരുന്നതിന് മുൻപ് കായലിനും അറബിക്കടലിനുമിടയിൽ വെള്ളം നിരന്തരമായി ഒഴുകിക്കൊണ്ടിരുന്ന ഒരു കാലത്തെക്കുറിച്ച് കായലിന് ചുറ്റുമുള്ള മുതിർന്നവർ പലപ്പോഴും ഓർത്തെടുക്കാറുണ്ട്. ഈ പ്രദേശത്തെ മുതിർന്നവർക്കിടയിൽ സാധാരണയുള്ള "ഒഴുകുന്ന വെള്ളം എപ്പോഴും ശുദ്ധമാണ്" എന്ന പ്രയോഗം ബണ്ട് നിലവിൽ വരുന്നതിന് മുൻപുള്ള ഒരു കാലഘട്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ബണ്ടിന്റെ പ്രവർത്തനം ദീർഘനാൾ നീണ്ടുപോകുന്നത് കായലിന്റെ സ്വയം ശുദ്ധീകരണ ശേഷിയെയും (നാച്ചുറൽ ഫ്ലഷിംഗ്), പാരിസ്ഥിതിക ആഘാതങ്ങളിൽ നിന്ന് സ്വയം വീണ്ടെടുക്കാനുള്ള കഴിവിനെയും കുറച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്.
വേമ്പനാട്ടിലെ മലിനീകരണത്തിന് കാരണം ഹൗസ്‌ബോട്ടുകൾ മാത്രമല്ല; കുട്ടനാട്ടിൽ നിന്നുള്ള കാർഷിക അവശിഷ്ടങ്ങളും കീടനാശിനികളും, കായലോരത്തെ ജനവാസ മേഖലകളിൽ നിന്നുള്ള സംസ്കരിക്കാത്ത മാലിന്യങ്ങളും, കായലുമായി ബന്ധിപ്പിച്ചിരിക്കുന്ന നദികളിലൂടെ ഒഴുകിയെത്തുന്ന മലിനീകരണ വസ്തുക്കളും ഇതിന് ആക്കം കൂട്ടുന്നു. അതേസമയം തന്നെ, ഹൗസ്‌ബോട്ട് ടൂറിസത്തിന്റെ അനിയന്ത്രിതമായ വളർച്ച മാലിന്യ സംസ്കരണത്തിൽ വലിയ വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുമുണ്ട്.
ടൂറിസത്തിന്റെ വളർച്ചയും കായലിന്റെ താങ്ങാനാകുന്ന പരിധിയും
2000-കളുടെ തുടക്കത്തിലാണ് വേമ്പനാട്ട് കായലിൽ ഹൗസ്‌ബോട്ട് ടൂറിസം വ്യാപകമാകുന്നത്, പ്രത്യേകിച്ച് ആലപ്പുഴ, കുമരകം പ്രദേശങ്ങളിൽ. ഇത് ഹൗസ്‌ബോട്ടുകൾക്ക് മാത്രമായി ഒരു പ്രത്യേക മേഖല രൂപപ്പെടുത്തുകയും ഇവിടം ഒരു മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. സർക്കാർ കണക്കുകൾ പ്രകാരം, ഈ പ്രദേശങ്ങളിലായി ഏതാണ്ട് 700 രജിസ്റ്റർ ചെയ്ത ഹൗസ്‌ബോട്ടുകളും, രജിസ്റ്റർ ചെയ്യാത്ത 750 ഓളം ഹൗസ്‌ബോട്ടുകളും കായലിൽ സർവീസ് നടത്തുന്നുണ്ട്.
ഒരു നിശ്ചിത ഭാഗത്ത് മാത്രം ഹൗസ്‌ബോട്ടുകൾ കേന്ദ്രീകരിക്കുന്നത് ഈ പാരിസ്ഥിതിക വ്യവസ്ഥയുടെ താങ്ങാനാകുന്ന പരിധിയെക്കുറിച്ച് (carrying capacity) വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്. ബോട്ട് അടുപ്പിക്കുന്ന കേന്ദ്രങ്ങളിൽ മതിയായ മലിനജല സംസ്കരണ സംവിധാനങ്ങളില്ലാത്തതും (sewage treatment), കൃത്യമായ മാലിന്യ വേർതിരിക്കൽ സംവിധാനങ്ങളുടെ പോരായ്മയും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. കൂടാതെ കായലുകളിലും തോടുകളിലും ചെളി അടിഞ്ഞുകൂടുന്നത് (siltation) ബോട്ട് ഗതാഗതത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ഇത് യാത്രാ വഴികൾ കുറച്ച് വഴികളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുകയും തിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഗതാഗതം സുഗമമാക്കാനും നിലവിൽ കൂടുതൽ ഉപയോഗിക്കുന്ന റൂട്ടുകളിലെ സമ്മർദ്ദം കുറയ്ക്കാനും കായലുകളിലെ ചെളി നീക്കം ചെയ്യണമെന്നും അവ പുനരുദ്ധരിക്കണമെന്നും ഹൗസ്‌ബോട്ട് ഉടമകൾ ആവശ്യപ്പെടുന്നുണ്ട്.
സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാടൻ പാടശേഖരങ്ങളുടെ ഭംഗിയും ഇത്തരത്തിൽ ബോട്ടുകൾ ഒരു പ്രദേശത്ത് മാത്രം കേന്ദ്രീകരിക്കാൻ കാരണമാകുന്നുണ്ട്. കൃഷിയും ജലാശയങ്ങളും സാധാരണ ജീവിതവുമെല്ലാം പരസ്പരം ഇഴചേർന്നു കിടക്കുന്ന റൂട്ടുകളോടാണ് വിനോദസഞ്ചാരികൾക്ക് കൂടുതൽ താല്പര്യം. ഇത് ഈ പ്രദേശങ്ങളെ കേരളത്തിന്റെ കായൽ ടൂറിസം സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നു.
മത്സ്യത്തൊഴിലാളികളും പ്ലാസ്റ്റിക് മലിനീകരണവും
കേരളത്തിലുടനീളം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം വർദ്ധിച്ച അതേ കാലയളവിലാണ് ഹൗസ്‌ബോട്ട് ടൂറിസവും വളർന്നത്. കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് കാരണം ഹൗസ്‌ബോട്ടുകളാണെന്നാണ് പലപ്പോഴും മത്സ്യത്തൊഴിലാളികൾ പറയുന്നത്. പ്രത്യേകിച്ചും, കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകളിൽ പലപ്പോഴും ഭക്ഷണാവശിഷ്ടങ്ങൾ ഉണ്ടാകാറുണ്ട്; ഇത് മത്സ്യങ്ങളെ ആകർഷിക്കുകയും അവ ബാഗുകൾക്കുള്ളിൽ കുടുങ്ങുകയും ചെയ്യാറുണ്ട്. സമാനമായി, കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് അടിഞ്ഞുകൂടുന്നത് വർദ്ധിച്ചതായും ഇത് കായൽ ജീവികളുടെ ആവാസവ്യവസ്ഥയെയും കക്ക വാരൽ പോലുള്ള ഉപജീവന മാർഗ്ഗങ്ങളെയും ബാധിക്കുന്നതായും കക്ക വാരൽ തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു.
ബണ്ടിന്റെ പ്രവർത്തനം മൂലം കായലിലെ വെള്ളം കെട്ടിക്കിടക്കുന്നത് കായലിന്റെ തെക്കൻ പ്രദേശങ്ങളിൽ മാലിന്യങ്ങൾ കുന്നുകൂടാൻ കാരണമായിട്ടുണ്ടെന്ന് പ്രദേശവാസികൾ വാദിക്കുന്നു. നദികളുമായും തോടുകളുമായും ജനവാസ മേഖലകളുമായും ബന്ധപ്പെട്ടുകിടക്കുന്ന ഒരു ജലവ്യവസ്ഥയായതിനാൽ, കായലിലെത്തുന്ന മാലിന്യങ്ങൾ മുകൾത്തട്ടിലുള്ള നഗരങ്ങളിൽ നിന്നോ, കാർഷിക അവശിഷ്ടങ്ങളിൽ നിന്നോ, കായലോരത്തെ വീടുകളിൽ നിന്നോ ഒക്കെ ഉണ്ടാകാം.
മലിനീകരണത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഹൗസ്‌ബോട്ടുകൾ പലപ്പോഴും എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടുന്ന ലക്ഷ്യങ്ങളായി മാറാറുണ്ടെങ്കിലും, ഈ തണ്ണീർത്തട പ്രദേശത്തുടനീളം ഏകോപിതമായി മാലിന്യങ്ങൾ ശേഖരിക്കുന്നതിനും വേർതിരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള സംവിധാനങ്ങളുടെ അഭാവമാണ് യഥാർത്ഥത്തിൽ വലിയ ആശങ്കയായി തുടരുന്നത്. സമീപവർഷങ്ങളിൽ, കുടുംബശ്രീ, ഹരിതകേരള മിഷൻ തുടങ്ങിയ സംസ്ഥാന സർക്കാർ സംരംഭങ്ങൾ മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ഇവ നടപ്പിലാക്കുന്നതിൽ ഇപ്പോഴും പോരായ്മകൾ നിലനിൽക്കുന്നുണ്ട്.
മലിനീകരണ നിയന്ത്രണവും ഭരണസംവിധാനവും
ഹൗസ്‌ബോട്ട് ടൂറിസത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച ഈ മേഖലയിലെ ഭരണസംവിധാനത്തിന്റെ ഏകോപനമില്ലായ്മയെയും തുറന്നുകാട്ടുന്നുണ്ട്. ഇൻലാൻഡ് വെസൽസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന പോർട്ട് ഡിപ്പാർട്ട്‌മെന്റിനാണ് ബോട്ടുകളുടെ രജിസ്ട്രേഷൻ ചുമതല. അതേസമയം മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ നൽകുന്നത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് (PCB). ഇതിനുപുറമെ, ടൂറിസം വകുപ്പിന് കീഴിലുള്ള ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ് (DTPC) ഹൗസ്‌ബോട്ടുകൾക്കായുള്ള മലിനജല സംസ്കരണ പ്ലാന്റുകളുടെ (STP) മേൽനോട്ട ചുമതല. വിവിധ വകുപ്പുകൾക്കിടയിലുള്ള ഈ വികേന്ദ്രീകൃത ഘടന കൃത്യമായ ആസൂത്രണത്തിനും നിരീക്ഷണത്തിനും വലിയ പരിമിതിയായി മാറുന്നുണ്ട്.
നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, ഹൗസ്‌ബോട്ടുകൾ മലിനജല സംസ്കരണ പ്ലാന്റുകൾ (STPs) ഉപയോഗിക്കണമെന്നും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കണമെന്നുമാണ് വ്യവസ്ഥ. എങ്കിലും, മാലിന്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും പരിമിതമാണ്. നിലവിലുള്ള രണ്ട് എസ്ടിപികളിൽ (STPs) ഒന്ന് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്; ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ബുദ്ധിമുട്ടാണെന്നും അല്ലെങ്കിൽ ഇവ ദീർഘകാലമായി പ്രവർത്തനരഹിതമാണെന്നും പല ബോട്ട് ഉടമകളും പറയുന്നു. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ എസ്ടിപികൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും, ദുർഗന്ധം, മോശം അറ്റകുറ്റപ്പണികൾ, മാലിന്യങ്ങൾ കുന്നുകൂടൽ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം പ്രാദേശിക സമൂഹങ്ങളിൽ നിന്ന് കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നത്.
ഹൗസ്‌ബോട്ട് എഞ്ചിനുകളിൽ നിന്നുള്ള ഓയിൽ ചോർച്ചയാണ് മറ്റൊരൊഴിയാബാധയായി തുടരുന്ന ആശങ്ക. പല ബോട്ടുകളും ഇപ്പോഴും കപ്പൽ ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്ത ലോറി എഞ്ചിനുകളെയാണ് ആശ്രയിക്കുന്നത്; ഇത് കായലിലേക്ക് ഓയിൽ ഒഴുകിയെത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കേരളത്തിന്റെ ആഭ്യന്തര ജലഗതാഗത മേഖലയിൽ ഇലക്ട്രിക് എഞ്ചിനുകളും കൂടുതൽ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളും പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, ഉയർന്ന സാമ്പത്തിക ചെലവും ഔദ്യോഗിക പിന്തുണയുടെ കുറവും കാരണം ഹൗസ്‌ബോട്ട് വ്യവസായത്തിൽ ഇവയുടെ ഉപയോഗം ഇപ്പോഴും വളരെ പരിമിതമാണ്.
ഇത്തരം പാരിസ്ഥിതിക ആശങ്കകൾ നിലനിൽക്കുമ്പോഴും, വേമ്പനാടിന് ചുറ്റുമുള്ള നിരവധി ജനവിഭാഗങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗമായി ടൂറിസം മാറിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും ബോട്ട് ക്യാപ്റ്റൻമാർ, സഹായികൾ, പാചകക്കാർ, ഗൈഡുകൾ എന്നീ നിലകളിൽ ഹൗസ്‌ബോട്ടുകൾ തൊഴിലവസരങ്ങൾ നൽകുന്നു. മത്സ്യബന്ധന മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ പുതിയ തലമുറ ടൂറിസത്തെ ഒരു ബദൽ ഉപജീവനമാർഗ്ഗമായാണ് കൂടുതലായി കാണുന്നത്.
അതുകൊണ്ടുതന്നെ വേമ്പനാട് നേരിടുന്ന യഥാർത്ഥ വെല്ലുവിളി ഹൗസ്‌ബോട്ട് ടൂറിസം വേണോ വേണ്ടയോ എന്നതല്ല; മറിച്ച്, പരിസ്ഥിതിലോലമായ ഈ സാമൂഹിക-പാരിസ്ഥിതിക വ്യവസ്ഥിതിയുമായി പൊരുത്തപ്പെട്ടുപോകാൻ ടൂറിസത്തിന് എങ്ങനെ സാധിക്കും എന്നതാണ്. കായലിലെ മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിന്, ഹൗസ്‌ബോട്ടുകൾക്കെതിരെ ഇടയ്ക്കിടെ നടത്തുന്ന കർശന നടപടികൾക്കപ്പുറം ഏകോപിതമായ പ്രവർത്തനങ്ങൾ ആവശ്യമാണ്. കായലിന് താങ്ങാനാകുന്ന പാരിസ്ഥിതിക പരിധി (carrying capacity) നിശ്ചയിക്കുക, മലിനജല സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ജലാശയങ്ങൾ പുനരുദ്ധരിക്കുക, സർക്കാർ ഏജൻസികൾ, ടൂറിസം ഓപ്പറേറ്റർമാർ, പ്രാദേശിക ജനവിഭാഗങ്ങൾ എന്നിവർ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കായലിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന ഇത്തരം വിപുലമായ പാരിസ്ഥിതിക-ഭരണപരമായ പരാജയങ്ങൾക്ക് പരിഹാരം കാണാതെ, ഇടയ്ക്കിടെയുള്ള നിയമപരമായ ഇടപെടലുകൾ കൊണ്ട് മാത്രം വേമ്പനാട് കായലിന്റെ ആരോഗ്യം ദീർഘകാലത്തേക്ക് വീണ്ടെടുക്കാൻ കഴിയില്ല.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)