പ്ലാസ്റ്റിക് ഇന്ന് എവിടെയും നിറഞ്ഞിരിക്കുന്നു... നമ്മൾ മാലിന്യത്തിൽ മുങ്ങിത്താഴുകയാണ്, ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. നിർമ്മാതാക്കൾ, ഇറക്കുമതിക്കാർ, ബ്രാൻഡ് ഉടമകൾ എന്നിവർക്ക് 100 ശതമാനം ശേഖരണ ലക്ഷ്യം (collection target) നിഷ്കർഷിക്കുന്ന എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (EPR - വിപുലീകൃത നിർമ്മാതാക്കളുടെ ഉത്തരവാദിത്തം) കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഔദ്യോഗിക രേഖകൾ പ്രകാരം, കഴിഞ്ഞ 4-5 വർഷങ്ങളിൽ രാജ്യം ഉത്പാദിപ്പിച്ച എല്ലാ പലാസ്റ്റിക് മാലിന്യങ്ങളും റീസൈക്കിൾ ചെയ്തുകഴിഞ്ഞു. ഇതിലൂടെ ലഭിച്ച റവന്യൂ നാല് ചന്ദ്രയാൻ ദൗത്യങ്ങൾക്ക് തുല്യമാണ്! എങ്കിൽ പിന്നെ എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് നമ്മൾ ഇപ്പോഴും ചുറ്റും പ്ലാസ്റ്റിക് മാലിന്യങ്ങൾ കാണുന്നത്? ഈ ഇ.പി.ആർ (EPR) സംവിധാനത്തെക്കുറിച്ചും അത് യഥാർത്ഥത്തിൽ എന്താണ് നേടിത്തരുന്നത് അഥവാ നേടിത്തരാത്തത് എന്നതിനെക്കുറിച്ചും നമുക്ക് അല്പം ആഴത്തിൽ പരിശോധിക്കാം.
ഞാൻ സുനിത നാരായൺ, ഇത് എന്റെ ഷോ. ദയവായി ഈ വീഡിയോ ലൈക് ചെയ്യുക, ഷെയർ ചെയ്യുക, ചാനൽ സബ്സ്ക്രൈബ് ചെയ്യുക. മാറ്റങ്ങൾ കൊണ്ടുവരാൻ എനിക്ക് സാധിക്കുന്നുണ്ടെന്ന ബോധ്യം തുടർന്നും മുന്നോട്ട് പോകാനുള്ള ധൈര്യം എനിക്ക് നൽകുന്നു.
ഇ.പി.ആർ സംവിധാനം നിലവിലുണ്ടായിട്ടും എന്തുകൊണ്ടാണ് പ്ലാസ്റ്റിക് മാലിന്യം എങ്ങും നിറഞ്ഞിരിക്കുന്നത് എന്നും, അതിനായി ഇനി എന്താണ് ചെയ്യേണ്ടതെന്നും നമുക്ക് പരിശോധിക്കാം.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (EPR) നിയമം നിലവിൽ വന്ന 2022 മുതൽ ഇന്ത്യ 1.7 കോടി (17 മില്യൺ) ടൺ പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യങ്ങൾ പുനരുപയോഗിച്ചു (recycle ചെയ്തു). ഈ പ്ലാസ്റ്റിക് റീസൈക്ലിംഗ് ഇടപാടിന്റെ മൂല്യം നമ്മൾ കണക്കാക്കുകയാണെങ്കിൽ, അത് ഭീമമായ 2,500 കോടി രൂപ വരും. ഈ തുകയുടെ വലിപ്പം മനസ്സിലാക്കാൻ ഒരു കാര്യം ഓർക്കുക: നാല് ചന്ദ്രയാൻ-3 ചാന്ദ്ര ദൗത്യങ്ങൾക്ക് ധനസഹായം നൽകാൻ ഇത് ധാരാളമാണ്!
ഇന്ത്യ പ്രതിവർഷം 38 ലക്ഷം (3.8 മില്യൺ) ടൺ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് CPCB യുടെ കണക്ക്. അതായത്, ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ കുറഞ്ഞത് 4-5 വർഷത്തെ ശേഖരണത്തിലും റീസൈക്ലിംഗിലും ഇല്ലാതാക്കലിലും നമ്മൾ വൻ വിജയമാണ് നേടിയത്. എന്നാൽ ഇതൊക്കെയാണെങ്കിലും, 2026 ജൂണിലെ ഔദ്യോഗിക രേഖകൾ വ്യക്തമായി പറയുന്നത് സത്യമാണെങ്കിൽ, എന്തുകൊണ്ടാണ് ഇന്ത്യക്കാരായ നമ്മൾ ഇന്നും നമ്മുടെ നഗരങ്ങളിലും പുഴകളിലും ഗ്രാമങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വലിയ മലകൾ വളരുന്നത് കാണുന്നത്? പ്ലാസ്റ്റിക് എന്തുകൊണ്ടാണ് ഇത്ര വലിയൊരു ഭീഷണിയായി മാറിയത്?
വ്യക്തമായി പറഞ്ഞാൽ, ഇവിടെ എന്തോ ഒട്ടും ശരിയല്ലാത്ത ഒന്നുണ്ട്.
മാലിന്യ സംസ്കരണത്തിന് ആഗോളതലത്തിൽ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ഇ.പി.ആർ (EPR). നിർമ്മാതാക്കൾ, ഇറക്കുമതിക്കാർ, ബ്രാൻഡ് ഉടമകൾ എന്നിവരടങ്ങുന്ന പ്ലാസ്റ്റിക് ഉത്പാദകർക്കാണ് ഇത് ഉത്തരവാദിത്തം നൽകുന്നത്. ഇവരെ മൊത്തത്തിൽ PIBOs എന്ന് വിളിക്കുന്നു. 2023-24 ഓടെ, ഇന്ത്യയിലെ ഈ കമ്പനികൾ തങ്ങൾ ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ 100 ശതമാനവും ശേഖരിക്കാൻ ബാധ്യസ്ഥരാണ്.
കഴിഞ്ഞ വർഷത്തെ, അതായത് 2025-26 ലെ കണക്കനുസരിച്ച്, PIBOകൾ ഈ ശേഖരിച്ച പാക്കേജിംഗ് സാമഗ്രികളുടെ 40 മുതൽ 60 ശതമാനം വരെ റീസൈക്കിൾ ചെയ്യണമായിരുന്നു. ഈ വർഷം (2026-27) ആയപ്പോഴേക്കും പ്ലാസ്റ്റിക് സാമഗ്രികളുടെ കാറ്റഗറി അനുസരിച്ച് ഈ ലക്ഷ്യം 50 മുതൽ 70 ശതമാനം വരെയായി ഉയർന്നു. ഉദാഹരണത്തിന്, സിംഗിൾ ലെയർ, മൾട്ടി ലെയർ പാക്കേജിംഗുകൾ, ക്യാരി ബാഗുകൾ, പാക്കറ്റുകൾ (ചിപ്സ് മുതൽ ഷാംപൂ പാക്കറ്റുകൾ വരെ നമ്മൾ ഉപയോഗിക്കുന്ന സകലതും) ഉൾപ്പെടുന്ന 'കാറ്റഗറി 2' പ്ലാസ്റ്റിക്കുകളുടെ PIBOകൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ 100 ശതമാനവും ശേഖരിക്കാനും, ഈ വർഷത്തെ കണക്കനുസരിച്ച് 50 ശതമാനം റീസൈക്കിൾ ചെയ്യാനും ബാധ്യസ്ഥരാണ്.
തങ്ങളുടെ ഇ.പി.ആർ ലക്ഷ്യം കൈവരിക്കുന്നതിനായി, CPCB-യിൽ രജിസ്റ്റർ ചെയ്യേണ്ട പ്ലാസ്റ്റിക് വേസ്റ്റ് പ്രൊസസ്സർമാരുമായി (PWP) - അതായത് റീസൈക്ലിംഗ് യൂണിറ്റുകളുമായി - PIBOകൾ കരാറിലേർപ്പെടുന്നു. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച് രജിസ്റ്റർ ചെയ്ത ആയിരത്തോളം PWPകൾ നിലവിലുണ്ട്. CPCB നിശ്ചയിച്ചിട്ടുള്ള നിരക്കുകളുടെ അടിസ്ഥാനത്തിൽ ശേഖരണത്തിനും റീസൈക്ലിംഗിനുമായി PWPകൾക്ക് പണം ലഭിക്കുന്നു.
ഈ നിരക്കുകൾ കാറ്റഗറി 1 ന് (പെറ്റ് ബോട്ടിലുകളും സമാനമായവയും) ടണ്ണിന് 870 രൂപ, ഫ്ലെക്സിബിൾ പ്ലാസ്റ്റിക്കിന് (പാക്ക് ചെയ്ത ഭക്ഷണങ്ങളും മറ്റ് ഗാർഹിക വസ്തുക്കളും) ടണ്ണിന് 1,500 രൂപ, കമ്പോസ്റ്റബിൾ മെറ്റീരിയലുകളുടെ ക്യാരി ബാഗുകൾക്ക് ടണ്ണിന് 2,500 രൂപ എന്നിങ്ങനെയാണ്. റീസൈക്കിൾ ചെയ്യുന്ന ഓരോ ടൺ പ്ലാസ്റ്റിക്കും ഒരു ഇ.പി.ആർ സർട്ടിഫിക്കറ്റിന് തുല്യമാണ്.
2022 മുതൽ 2026 പകുതി വരെ സൃഷ്ടിക്കപ്പെട്ട ഈ 1.7 കോടി (17 മില്യൺ) ഇ.പി.ആർ സർട്ടിഫിക്കറ്റുകളുടെ മൂല്യം, ടണ്ണിന് ശരാശരി 1,500 രൂപ നിരക്കിൽ കണക്കാക്കിയാൽ 2,500 കോടി രൂപ വരും. PIBOകൾ റീസൈക്ലിംഗ് ലക്ഷ്യങ്ങൾ കൈവരിച്ചില്ലെങ്കിൽ, അവരിൽ നിന്ന് വൻതുക പരിസ്ഥിതി നഷ്ടപരിഹാര തുകയായി ഈടാക്കും.
നിയമം പാലിക്കാത്തതിനുള്ള ഈ പിഴത്തുക, നിയമം പാലിക്കുന്നതിനുള്ള ചെലവിന്റെ 2.5 ഇരട്ടിയാണ്. പ്ലാസ്റ്റിക് മാലിന്യ പുനരുപയോഗത്തിന്റെ ചെലവ് ടണ്ണിന് 4,000 രൂപയാണെന്നാണ് CPCB കണക്കാക്കുന്നത്. ഇത് നഗരസഭകളും ഉത്പാദക കമ്പനികളും തമ്മിൽ തുല്യമായി വീതിക്കുകയും ശരാശരി ടണ്ണിന് 2,000 രൂപയാവുകയും ചെയ്യുന്നു. അവർ പരാജയപ്പെടുകയാണെങ്കിൽ, കാറ്റഗറി 2 പ്ലാസ്റ്റിക്കിന് ടണ്ണിന് 5,000 രൂപ നിരക്കിൽ പരിസ്ഥിതി നഷ്ടപരിഹാര തുക ചുമത്തും.
ഇതെല്ലാം കേൾക്കാൻ വളരെ മികച്ചതായി തോന്നുന്നു. എത്രത്തോളമെന്നാൽ, ഈ സർട്ടിഫിക്കറ്റുകൾ ട്രേഡ് ചെയ്യാൻ കഴിയുംവിധം ഈ സംവിധാനത്തെ സ്റ്റോക്ക് മാർക്കറ്റിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നതായി ഇപ്പോൾ പറയപ്പെടുന്നു. സമർത്ഥമായ ഭരണത്തിനായുള്ള ഉജ്ജ്വലമായ വിപണി ചിന്താഗതി എന്ന് വേണമെങ്കിൽ നിങ്ങൾക്ക് ഇതിനെ വാദിക്കാം.
പക്ഷേ, ഞാൻ വീണ്ടും ചോദിക്കുന്നു, ഈ സംവിധാനം ഇത്ര നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് നമ്മൾ എവിടെയും പ്ലാസ്റ്റിക് കാണുന്നത്? എന്റെ സഹപ്രവർത്തകർ ആഗ്ര നഗരത്തിലെ ഓടകളിലെ പ്ലാസ്റ്റിക് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് - അത്ഭുതപ്പെടാനില്ല - ശേഖരിച്ച പ്ലാസ്റ്റിക്കിന്റെ 70 ശതമാനവും ബ്രാൻഡഡ് പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യങ്ങളാണ്; അതും ഇ.പി.ആർ ഭരണത്തിന് കീഴിൽ! നിങ്ങൾക്ക് നിങ്ങളുടെ ജനലിലൂടെ പുറത്തേക്ക് നോക്കിയാലും ഇത് കാണാം. 100 ശതമാനം ശേഖരണവും 50-70 ശതമാനം റീസൈക്ലിംഗും നിർബന്ധമാക്കിയ പാക്കേജിംഗ് മാലിന്യങ്ങൾ നമ്മുടെ റോഡുകളിലും തടാകങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമുണ്ട്. അങ്ങനെയെങ്കിൽ കമ്പനികൾക്ക് എങ്ങനെ 100 ശതമാനം ശേഖരണം അവകാശപ്പെടാനാകും? 5 വർഷത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തതായി എങ്ങനെ പറയാൻ കഴിയും?
ഇവിടെ എന്താണ് തെറ്റാൻ സാധ്യതയെന്ന് നമുക്ക് നോക്കാം. ഒന്നാമതായി, ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ് PIBO ലക്ഷ്യങ്ങളിൽ കുറച്ചുകാണിക്കുന്നുണ്ടോ? 2024-ൽ, എന്റെ സഹപ്രവർത്തകർ ഔദ്യോഗിക ഇ.പി.ആർ പോർട്ടലിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ, സ്വയം സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 41,544 PIBOകൾ രജിസ്റ്റർ ചെയ്യുകയും റീസൈക്ലിംഗിനുള്ള ലക്ഷ്യങ്ങൾ നൽകപ്പെടുകയും ചെയ്തതായി കണ്ടെത്തി. ഇത് എങ്ങനെ പരിശോധിച്ച് സ്ഥിരീകരിച്ചു എന്നത് വ്യക്തമല്ല.
രണ്ടാമതായി, എത്രമാത്രം മാലിന്യങ്ങൾ സംസ്കരിക്കുകയും റീസൈക്കിൾ ചെയ്യുകയും ചെയ്തു എന്ന് CPCB എങ്ങനെ സ്ഥിരീകരിക്കും എന്ന ദശലക്ഷം ഡോളർ ചോദ്യമുണ്ട്. ഓഡിറ്റുകളിലൂടെയും ഗ്രൗണ്ട് ചെക്കുകളിലൂടെയുമാണ് ഇത് ചെയ്യുന്നതെന്ന് ബോർഡ് പറയുന്നുണ്ടെങ്കിലും, ഇതിൽ എന്താണ് കണ്ടെത്തിയതെന്നോ തിരുത്തിയതെന്നോ എന്നതിനെപ്പറ്റി വലിയ വിവരങ്ങളൊന്നുമില്ല. ജൂൺ 26-ന്, വീഴ്ച വരുത്തിയ PWPകൾക്കെതിരെ നടപടിയെടുക്കാൻ ബോർഡ് വിവിധ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് – രജിസ്റ്റർ ചെയ്ത പ്ലാന്റുകളുടെ ശേഷിയേക്കാൾ കൂടുതൽ സർട്ടിഫിക്കറ്റുകൾ PWPകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും മറ്റ് ഗുരുതരമായ ലംഘനങ്ങൾ ഉണ്ടെന്നും ഓഡിറ്റിൽ കണ്ടെത്തിയതായി ഇത് സൂചിപ്പിക്കുന്നു.
ഈ രംഗത്ത് വിശ്വസിക്കാനോ സ്ഥിരീകരിക്കാനോ പ്രയാസമായതുകൊണ്ട് പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുന്നു. പുനരുപയോഗം ചെയ്ത ഉൽപ്പന്നത്തിന്റെ വിൽപ്പന തെളിവായി PWPകൾ ജി.എസ്.ടി (GST) ഇൻവോയ്സ് അപ്ലോഡ് ചെയ്യണമെന്ന് CPCB പ്രസ്താവിക്കുന്നു. മിക്ക കേസുകളിലും ഇത് 'പെല്ലറ്റുകൾ' ആയിരിക്കും - പ്ലാസ്റ്റിക് തരംതിരിച്ച് ചൂടാക്കി ഉരുക്കി ഉണ്ടാക്കുന്ന ഈ ഉൽപ്പന്നമാണ് മറ്റ് വ്യവസായങ്ങൾ ഉപയോഗിക്കുന്നത്. മിക്ക കേസുകളിലും ഈ ഉൽപ്പന്നം ഉപയോഗിക്കുന്ന വ്യവസായങ്ങൾ അസംഘടിത മേഖലയിലായിരിക്കും പ്രവർത്തിക്കുന്നത്. പോരാത്തതിന്, 18 ശതമാനം എന്ന ഉയർന്ന ജി.എസ്.ടി നിരക്ക് സുതാര്യമായ ബിസിനസ്സ് അപ്രായോഗികമാക്കുന്നു.
മൂന്നാമത്തെ വിഷയം ഇതിലും അടിസ്ഥാനപരമായ ഒന്നാണ്. നിയമലംഘനം നടത്തിയാൽ PIBOകൾക്ക് 2.5 ഇരട്ടി തുക ചെലവാകും; അതുകൊണ്ട് PWPകൾ വഴി റീസൈക്ലിംഗിനായി പണം നൽകാൻ അവർ ആഗ്രഹിക്കേണ്ടതാണ്. എന്നാൽ സമ്മതിച്ച നിരക്കിൽ റീസൈക്ലിംഗ് നടത്താൻ വ്യാജമായി സർട്ടിഫിക്കറ്റുകൾ 'ഒപ്പിച്ചു നൽകാനും' അല്ലാതെ യഥാർത്ഥ റീസൈക്ലിംഗ് നടത്താതിരിക്കാനുമുള്ള ഒരു ദുഷ്പ്രവണതയും ഇത് ഉണ്ടാക്കുന്നു. കാരണം പല കേസുകളിലും, സമ്മതിച്ച നിരക്കിൽ റീസൈക്ലിംഗ് പ്രായോഗികമല്ല. അതേ കാറ്റഗറി 2 പ്ലാസ്റ്റിക്കിന്റെ റീസൈക്ലിംഗിന്റെ യത്ഥാർത്ഥ ചെലവ് ടണ്ണിന് 4,000 മുതൽ 6,000 രൂപ വരെയായിരിക്കും - നിർണ്ണയിച്ച നിരക്കായ 1,500 രൂപയേക്കാൾ വളരെ കൂടുതലാണിത്.
അങ്ങനെയെങ്കിൽ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അത് റീസൈക്കിൾ ചെയ്ത് സംസ്കരിക്കുന്നുണ്ടെന്നുമുള്ള യഥാർത്ഥ തെളിവ് എന്താണ്? നമ്മുടെ ചുറ്റുവട്ടത്ത് ശേഖരിക്കപ്പെടാതെ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് തന്നെയാണ് ഇതിന്റെ ഒരേയൊരു തെളിവ്.
പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ഇ.പി.ആർ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്, ഇതിനായി നിരീക്ഷണം, നിയമപാലനം, പരിശോധന എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതൽ വഴികൾ ആവശ്യമാണ്. അതിനർത്ഥം കൂടുതൽ സുതാര്യതയും പഠനവുമാണ്.
എന്നാൽ സംഭവിക്കുന്നത് നേരെ മറിച്ചാണ്. 2026 ജൂൺ 28 വരെ ലഭ്യമായ വിവരമനുസരിച്ച്, ഇ.പി.ആർ പോർട്ടൽ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇത് ഇപ്പോൾ ഒരു കൂട്ടം ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. ഇതൊരു ലാഭകരമായ ബിസിനസ്സായതിനാൽ സ്വകാര്യ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് വാദിക്കാം. എന്നാൽ ഈ സുതാര്യതയില്ലായ്മ കാര്യങ്ങൾ കൂടുതൽ മോശമാക്കുകയേ ഉള്ളൂവെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ രീതിയിൽ സർട്ടിഫിക്കറ്റുകൾ നൽകപ്പെടും - വൻതുക കൈമാറ്റം ചെയ്യപ്പെടും - നമ്മൾ പ്ലാസ്റ്റിക് മാലിന്യത്തിൽ മുങ്ങിത്താഴുന്നത് തുടരുകയും ചെയ്യും. ഇത് നാളെയുടെ ഭരണമല്ല, ഇന്നലത്തേത് പോലുമല്ല.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)