പ്രശസ്തമായ സോംഗോ തടാകക്കരയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഛംഗു പോഖ്റി സംരക്ഷണ സമിതി പ്രവർത്തകർ. ഫോട്ടോ കടപ്പാട്: സോംഗോ പോഖ്രി സംരക്ഷണ സമിതി
Waste

നിർമ്മലമായ വാഗ്ദാനം

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സോംഗോ തടാകത്തെ മാലിന്യമുക്തമാക്കി സിക്കിമിലെ ഗ്രാമങ്ങൾ

Deepanwita Gita Niyogi

സിക്കിം സന്ദർശനവേളയിൽ സോംഗോ തടാകം കാണാതെ മടങ്ങാൻ ഒരു സഞ്ചാരിയും ആഗ്രഹിക്കില്ല. ഗാങ്‌ടോക്കിൽ നിന്ന് 38 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,780 മീറ്റർ ഉയരത്തിലാണ് ഈ മഞ്ഞുതടാകം സ്ഥിതി ചെയ്യുന്നത്. ഓരോ ഋതുവിലും ഇതിലെ വെള്ളത്തിന്റെ നിറവും സ്വഭാവവും മാറുന്നു എന്ന പ്രത്യേകതയുമുണ്ട്. ഛംഗു അല്ലെങ്കിൽ സോംഗ്മോ എന്നും അറിയപ്പെടുന്ന ഈ തടാകം പ്രാദേശിക സമൂഹങ്ങൾ പവിത്രമായി കരുതുന്ന ഒന്നാണ്. വന്യ റെഡ് പാണ്ഡകൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സസ്യ-ജീവിജാലങ്ങളുടെ നിലനിൽപ്പിനും ഇത് ആധാരമാണ്. അതുകൊണ്ടുതന്നെ പ്രതിവർഷം 3 ലക്ഷം മുതൽ 5 ലക്ഷം വരെ വിനോദസഞ്ചാരികളെ ഈ തടാകം ആകർഷിക്കുന്നതിൽ അത്ഭുതമില്ല.

എന്നിരുന്നാലും, തടാകത്തിന്റെ ഈ ജനപ്രിയത സമീപഗ്രാമങ്ങളിലെ ജനങ്ങൾക്ക് വലിയൊരു മാലിന്യ സംസ്കരണ വെല്ലുവിളിയാണ് എന്നും സൃഷ്ടിച്ചിരുന്നത്. അതിനാൽ 2008 മുതൽ, തടാകവും പരിസരവും മലിനമാകാതെ സംരക്ഷിക്കുന്നതിനും മാലിന്യ സംസ്കരണത്തിനുമായി 'ഛംഗു പോഖ്റി സംരക്ഷണ സമിതി' പ്രവർത്തിച്ചുവരുന്നു. നിലവിൽ ഛംഗു, ചിപ്സു, തെഗു എന്നീ മൂന്ന് ഗ്രാമങ്ങളിൽ നിന്നുള്ള 250 കുടുംബങ്ങൾ ഈ സമിതിയിൽ അംഗങ്ങളാണെന്ന് ഛംഗു പ്രദേശവാസിയും സമിതിയുടെ തുടക്കം മുതൽ അംഗവുമായ സാംഗേ ലാമാ പറയുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉൾപ്പെടെ ഒൻപത് അംഗങ്ങളാണ് ഇതിന്റെ എക്സിക്യൂട്ടീവ് ബോഡിയിൽ ഉള്ളത്.

സമിതിയുടെ പ്രവർത്തനങ്ങളെ മൂന്ന് പ്രധാന ഘട്ടങ്ങളായാണ് ലാമാ വിവരിക്കുന്നത്: ആദ്യമായി, തടാകം കാണാനെത്തുന്ന വിനോദസഞ്ചാരികളിൽ നിന്ന് സമിതി ചെറിയൊരു സംരക്ഷണ ഫീസ് ഈടാക്കുന്നു. "മുമ്പ് ഒരു സഞ്ചാരിയിൽ നിന്ന് 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്, കഴിഞ്ഞ വർഷം (2025) ഇത് 20 രൂപയായി പുതുക്കി," സാംഗേ ലാമാ പറയുന്നു. 2025-ൽ മാത്രം സമിതിക്ക് ഏകദേശം 1 കോടി രൂപ ഈ ഇനത്തിൽ ലഭിക്കുകയുണ്ടായി. ഇതിന്റെ പകുതി തുക സംസ്ഥാന റവന്യൂ ഫണ്ടിലേക്ക് നൽകുകയും ചെയ്യുന്നു.

തടാകത്തിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകൾ വഴിയും, ലോക തണ്ണീർത്തട ദിനം (ഫെബ്രുവരി 2), ലോക പരിസ്ഥിതി ദിനം (ജൂൺ 5) തുടങ്ങിയ പ്രത്യേക ദിനങ്ങളിൽ നടത്തുന്ന ശുചീകരണ ഡ്രൈവുകൾ വഴിയും ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ ഈ തുകയാണ് ഉപയോഗിക്കുന്നത്. 2012-ൽ തടാകത്തിന് സമീപം സ്ഥാപിച്ച റിസോഴ്സ് കളക്ഷൻ സെന്ററിലേക്കാണ് ഈ മാലിന്യങ്ങൾ കൊണ്ടുപോകുന്നത്. ഈ കേന്ദ്രത്തിൽ വച്ച് മാലിന്യങ്ങൾ തരംതിരിക്കുകയും തുടർന്ന് ഗാങ്‌ടോക്കിലെ സംസ്കരണ പ്ലാന്റിലേക്ക് അയക്കുകയും ചെയ്യുന്നു.

തടാകത്തിന് ചുറ്റും പുതുതായി ഉയർന്നുവന്ന വാണിജ്യ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വർഷത്തിൽ മൂന്നോ നാലോ ബോധവൽക്കരണ പരിപാടികളും സമിതി സംഘടിപ്പിക്കാറുണ്ട്. "തടാക പരിസരത്ത് അമ്പതിലധികം കടകളുണ്ട്, അവയിൽ ചിലത് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവയാണ്," സമിതി മുൻ പ്രസിഡന്റ് മിങ്‌മ ഷെർപ്പ പറയുന്നു. ഇപ്പോൾ ഈ കടകളെല്ലാം തടാകത്തിൽ നിന്ന് മാറി താഴ്ന്ന പ്രദേശത്തേക്ക് മാറ്റിസ്ഥാപിച്ചിട്ടുണ്ടെന്നും ഷെർപ്പ കൂട്ടിച്ചേർക്കുന്നു. ഇതിനുപുറമെ, തടാകത്തിന്റെ ദീർഘകാല സംരക്ഷണ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനായി സമിതി വാർഷിക യോഗങ്ങളും ചേരാറുണ്ട്.

തടാക സംരക്ഷണവും പരിപാലനവും ആവശ്യപ്പെട്ടുകൊണ്ട് 2007-ൽ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് ഈ പ്രവർത്തനങ്ങളെല്ലാം ആരംഭിച്ചത്. "ഈ കാലയളവിൽ സിക്കിമിലെ ടൂറിസം മേഖലയിലും വലിയ മുന്നേറ്റമുണ്ടായി, അതിനാൽ മാലിന്യ സംസ്കരണവും സംരക്ഷണവും അത്യന്താപേക്ഷിതമാണെന്ന് ഞങ്ങൾ മനസ്സിലാക്കി," ലാമാ പറയുന്നു. "സംസ്ഥാന സർക്കാർ 50 രൂപ ഈടാക്കാനാണ് നിർദ്ദേശിച്ചിരുന്നത്, എന്നാൽ അത്രയും തുക ആളുകൾ നൽകില്ലെന്നാണ് സമിതി അംഗങ്ങൾക്ക് തോന്നിയത്. ട്രാവൽ ഏജൻസികൾ ഇപ്പോഴും ചിലപ്പോഴൊക്കെ ഇതിനെ ചോദ്യം ചെയ്യാറുണ്ട്. എങ്കിലും പല വിനോദസഞ്ചാരികളും ഞങ്ങളുടെ നിലപാടിനെ പ്രശംസിക്കുകയും പരിസ്ഥിതി ബോധമുള്ളവരായി പെരുമാറുകയും ചെയ്യുന്നുണ്ട്," ലാമാ വ്യക്തമാക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനും സമിതിക്ക് സാധിക്കുന്നുണ്ട്. "സാധാരണയായി നവംബർ-ഡിസംബർ മാസങ്ങളിലാണ് മഞ്ഞുവീഴ്ച ആരംഭിക്കാറുള്ളത്, എന്നാൽ കഴിഞ്ഞ വർഷം ജനുവരിക്ക് ശേഷമാണ് മഞ്ഞുവീഴ്ചയുണ്ടായത്. ചിലപ്പോൾ വസന്തകാലത്തിന്റെ തുടക്കത്തിലും മഞ്ഞുവീഴ്ച കാണാറുണ്ട്. ഇത് വിനോദസഞ്ചാര മേഖലയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്," ലാമാ പറയുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)