എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (EPR) നിലവിൽ വന്ന 2022 മുതൽ ഇന്ത്യ 1.7 കോടി (17 ദശലക്ഷം) ടൺ പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്തിട്ടുണ്ടെന്നാണ് സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (CPCB) ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പ്ലാസ്റ്റിക് റീസൈക്ലിംഗ് വ്യാപാരത്തിന്റെ മൂല്യം ഏകദേശം 2,500 കോടി രൂപ വരും - ചന്ദ്രയാൻ-3 പോലുള്ള നാല് ബഹിരാകാശ ദൗത്യങ്ങൾക്ക് ഫണ്ട് നൽകാൻ മതിയാകുന്ന തുകയാണിത്. CPCB-യുടെ കണക്കനുസരിച്ച് ഇന്ത്യ പ്രതിവർഷം 38 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ കണക്കുകൾ പരിശോധിച്ചാൽ, കഴിഞ്ഞ നാലോ അഞ്ചോ വർഷത്തിനിടെ ഉത്പാദിപ്പിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളെങ്കിലും നമ്മൾ നിർമ്മാർജ്ജനം ചെയ്തു കഴിഞ്ഞിരിക്കണം. 2026 ജൂണിലെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത് ഇതാണെങ്കിൽ, നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും പുഴയോരങ്ങളിലും ഇപ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കുന്നുകൾ കാണുന്നത് എന്തുകൊണ്ടാണ്?
തീർച്ചയായും, എവിടെയോ കാര്യമായ എന്തോ കുഴപ്പമുണ്ട്.
മാലിന്യ സംസ്കരണത്തിന് ആഗോളതലത്തിൽ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ഇ.പി.ആർ (EPR). പ്ലാസ്റ്റിക് ശേഖരിക്കാനും റീസൈക്കിൾ ചെയ്യാനുമുള്ള ഉത്തരവാദിത്തം അത് നിർമ്മിക്കുന്ന പ്രൊഡ്യൂസർമാർ, ഇംപോർട്ടർമാർ, ബ്രാൻഡ് ഉടമകൾ (PIBOs) എന്നിവരിൽ അടിച്ചേൽപ്പിക്കുന്നു. 2023-24 മുതൽ ഇന്ത്യയിൽ തങ്ങൾ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ 100 ശതമാനവും ശേഖരിക്കാൻ പി.ഐ.ബി.ഓ-കൾ ബാധ്യസ്ഥരാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച്, ശേഖരിക്കുന്ന ഇത്തരം പാക്കേജിംഗ് വസ്തുക്കളുടെ 40 മുതൽ 60 ശതമാനം വരെ റീസൈക്കിൾ ചെയ്യണമെന്ന ലക്ഷ്യം ഇവർക്കുണ്ടായിരുന്നു. 2026-27 ഓടെ പ്ലാസ്റ്റിക് വിഭാഗത്തെ ആശ്രയിച്ച് ഇത് 50 മുതൽ 70 ശതമാനം വരെയായി ഉയരും. ഉദാഹരണത്തിന്, കാറ്റഗറി 2 പ്ലാസ്റ്റിക്കിൽ പെടുന്ന ചിപ്‌സ്, ഷാംപൂ പായ്ക്കറ്റുകൾ തുടങ്ങിയ സിംഗിൾ, മൾട്ടി-ലെയർ പാക്കേജിംഗുകളുടെ കാര്യത്തിൽ, ഈ വർഷത്തോടെ തങ്ങളുടെ പ്ലാസ്റ്റിക് പാക്കേജിംഗിന്റെ 100 ശതമാനവും ശേഖരിക്കാനും 50 ശതമാനവും റീസൈക്കിൾ ചെയ്യാനും പി.ഐ.ബി.ഓ-കൾ ബാധ്യസ്ഥരാണ്.
റീസൈക്ലിംഗിനായി, പ്ലാസ്റ്റിക് വേസ്റ്റ് പ്രൊസസ്സറുകളുമായി (PWPs) ഇവർ കരാറിൽ ഏർപ്പെടുന്നു - CPCB-യിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളായിരിക്കണം ഇവ. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, ആയിരത്തിലധികം രജിസ്റ്റർ ചെയ്ത പി.ഡബ്ല്യു.പി-കൾ പ്രവർത്തിക്കുന്നുണ്ട്. CPCB നിശ്ചയിച്ചിട്ടുള്ള നിരക്കനുസരിച്ചാണ് ഇവർക്ക് തുക ലഭിക്കുന്നത് - കാറ്റഗറി 1 (പെറ്റ് ബോട്ടിലുകൾ മുതലായവ) ടണ്ണിന് 870 രൂപ; ഫ്ലെക്സിബിൾ പ്ലാസ്റ്റിക്കിന് (ഭക്ഷണ പായ്ക്കറ്റുകളും മറ്റ് ഗാർഹിക വസ്തുക്കളും) ടണ്ണിന് 1,500 രൂപ; കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിന് ടണ്ണിന് 2,500 രൂപ എന്നിങ്ങനെയാണ് നിരക്ക്. റീസൈക്കിൾ ചെയ്യുന്ന ഓരോ ടൺ പ്ലാസ്റ്റിക്കും ഒരു ഇ.പി.ആർ (EPR) സർട്ടിഫിക്കറ്റിന് തുല്യമാണ്. ശരാശരി ടണ്ണിന് 1,500 രൂപ നിരക്ക് കണക്കാക്കിയാൽ, 2022 മുതൽ ഇന്ത്യ റീസൈക്കിൾ ചെയ്ത 1.7 കോടി ടൺ പ്ലാസ്റ്റിക് മാലിന്യത്തിന്റെ മൂല്യം 2,500 കോടി രൂപയോളം വരും.
റീസൈക്ലിംഗ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പി.ഐ.ബി.ഓ-കൾ പരാജയപ്പെട്ടാൽ, അവർ വൻതുക പരിസ്ഥിതി നഷ്ടപരിഹാരമായി നൽകേണ്ടി വരും. നിയമലംഘനത്തിന് നൽകേണ്ട ഈ പിഴത്തുക, നിയമം പാലിക്കാൻ ചെലവാകുന്ന തുകയുടെ 2.5 മടങ്ങാണ്. പ്ലാസ്റ്റിക് മാലിന്യ റീസൈക്ലിംഗിന് ടണ്ണിന് 4,000 രൂപ ചെലവ് വരുമെന്നാണ് CPCB കണക്കാക്കുന്നത്. ഈ തുക നഗരസഭകളും പ്രൊഡ്യൂസർ കമ്പനികളും തുല്യമായി വീതിക്കുന്നു (ടണ്ണിന് ശരാശരി 2,000 രൂപ വീതം). ഇതിൽ വീഴ്ച വരുത്തിയാൽ, കാറ്റഗറി 2 പ്ലാസ്റ്റിക്കിന് ടണ്ണിന് 5,000 രൂപ വീതം പരിസ്ഥിതി നഷ്ടപരിഹാരമായി പി.ഐ.ബി.ഓ-കളിൽ നിന്ന് ഈടാക്കും.
കേൾക്കാൻ ഇത് വളരെ മികച്ചതായി തോന്നാം. എത്രത്തോളമെന്നാൽ, ഈ സംവിധാനം സ്റ്റോക്ക് മാർക്കറ്റിലേക്ക് കൊണ്ടുവരാനും ഇ.പി.ആർ (EPR) സർട്ടിഫിക്കറ്റുകളുടെ ട്രേഡിംഗ് അനുവദിക്കാനും സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
പക്ഷേ, വീണ്ടും ഞാൻ ചോദിക്കുകയാണ്: ഈ സംവിധാനം ഇത്ര കൃത്യമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് നാം എവിടെയും പ്ലാസ്റ്റിക് മാത്രം കാണുന്നത്? ആഗ്ര നഗരത്തിലെ ഓടകളിലെ പ്ലാസ്റ്റിക് പരിശോധിച്ച എന്റെ സഹപ്രവർത്തകർ കണ്ടെത്തിയത് മാലിന്യത്തിന്റെ 70 ശതമാനവും ബ്രാൻഡഡ് പ്ലാസ്റ്റിക് പാക്കേജിംഗുകളാണ് എന്നാണ്. അങ്ങനെയാണെങ്കിൽ കമ്പനികൾക്ക് എങ്ങനെയാണ് 100 ശതമാനം ശേഖരണമുണ്ടെന്ന് അവകാശപ്പെടാൻ കഴിയുന്നത്? എവിടെയാണ് പിഴവുകൾ സംഭവിച്ചതെന്ന് നമുക്ക് പരിശോധിക്കാം.
ഒന്നാമതായി, പി.ഐ.ബി.ഓ-കളുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ് യഥാർത്ഥത്തിലുള്ളതിനേക്കാൾ കുറച്ചാണോ കണക്കാക്കുന്നത്? 2024-ൽ എന്റെ സഹപ്രവർത്തകർ ഔദ്യോഗിക ഇ.പി.ആർ പോർട്ടൽ പരിശോധിച്ചപ്പോൾ, 41,544 പി.ഐ.ബി.ഓ-കൾ രജിസ്റ്റർ ചെയ്യുകയും അവർ സ്വയം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റീസൈക്ലിംഗ് ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും ചെയ്തതായി കണ്ടെത്തി. എന്നാൽ ഈ അളവ് എങ്ങനെ സർട്ടിഫൈ ചെയ്തു അല്ലെങ്കിൽ ശരിയാണെന്ന് ഉറപ്പുവരുത്തി എന്നത് വ്യക്തമല്ല.
രണ്ടാമതായി, സംസ്കരിക്കുകയും റീസൈക്കിൾ ചെയ്യുകയും ചെയ്ത മാലിന്യത്തിന്റെ അളവ് CPCB എങ്ങനെയാണ് പരിശോധിക്കുന്നത്? ഓഡിറ്റുകളിലൂടെയും ഫീൽഡ് പരിശോധനകളിലൂടെയുമാണ് ഇതെന്ന് CPCB പറയുന്നു. ജൂൺ 26-ന്, നിയമങ്ങൾ പാലിക്കാത്ത പി.ഡബ്ല്യു.പി-കൾക്കെതിരെ നടപടിയെടുക്കാൻ CPCB വിവിധ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഈ ഓഡിറ്റ് (പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല) സൂചിപ്പിക്കുന്നത് പല പി.ഡബ്ല്യു.പി-കളും അവരുടെ രജിസ്റ്റർ ചെയ്ത ശേഷിയേക്കാൾ കൂടുതൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയെടുക്കുകയും മറ്റ് കൃത്രിമത്വങ്ങൾ നടത്തുകയും ചെയ്തു എന്നാണ്. ഈ രംഗത്ത് വിവരങ്ങൾ വിശ്വസിക്കാനോ സാക്ഷ്യപ്പെടുത്താനോ പ്രയാസമുള്ളതിനാൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുന്നു. പുനരുപയോഗ ഉൽപന്നത്തിന്റെ വിൽപ്പനയുടെ തെളിവായി പി.ഡബ്ല്യു.പി-കൾ ജി.എസ്.ടി ഇൻവോയ്സ് അപ്‌ലോഡ് ചെയ്യണമെന്ന് CPCB നിഷ്കർഷിക്കുന്നുണ്ട്. മിക്ക കേസുകളിലും, ഇത് പ്ലാസ്റ്റിക് പെല്ലറ്റുകളാണ് (pellets), അവ അസംഘടിത മേഖലയിലെ വ്യവസായങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. അതിനേക്കാൾ കഷ്ടം, 18 ശതമാനമെന്ന ഉയർന്ന ജി.എസ്.ടി നിരക്ക് സുതാര്യമായ രീതിയിലുള്ള ബിസിനസ്സിനെ അപ്രായോഗികമാക്കുന്നു എന്നതാണ്.
മൂന്നാമത്തെ വിഷയം കൂടുതൽ മൗലികമാണ്. നിയമലംഘനം നടത്തിയാൽ 2.5 മടങ്ങ് അധികം തുക പിഴ നൽകേണ്ടി വരുമെങ്കിൽ, പി.ഐ.ബി.ഓ-കൾ പി.ഡബ്ല്യു.പി-കൾക്ക് തുക നൽകി റീസൈക്ലിംഗ് നടത്താനാണ് ശ്രമിക്കേണ്ടത്. എന്നാൽ, ഈ കൂടിയ ചിലവ് റീസൈക്ലിംഗ് നടത്തുന്നതിന് പകരം "സർട്ടിഫിക്കറ്റുകൾ മാത്രം ഒപ്പിച്ചുണ്ടാക്കുന്ന" ഒരു ദുരവസ്ഥയ്ക്കും വഴിവെക്കുന്നു. പല കേസുകളിലും, സമ്മതിച്ച നിരക്കിൽ റീസൈക്ലിംഗ് നടത്തുന്നത് പ്രായോഗികമല്ല എന്നതും ഇതിനൊരു കാരണമാണ്. ഞങ്ങളുടെ ഗവേഷണമനുസരിച്ച്, കാറ്റഗറി 2 പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യുന്നതിനുള്ള യഥാർത്ഥ ചിലവ് ടണ്ണിന് 4,000 മുതൽ 6,000 രൂപ വരെയാണ് - ഇത് നിശ്ചയിച്ചിട്ടുള്ള 1,500 രൂപയേക്കാൾ വളരെ കൂടുതലാണ്.
എങ്കിലും, പരിശോധനയും നിയമപാലനവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുവാൻ നാം ഇനിയും ശ്രമിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് ഇതിന് നേരെ വിപരീതമാണ്. 2026 ജൂൺ 28 വരെ ലഭ്യമായ വിവരമനുസരിച്ച്, ഇ.പി.ആർ പോർട്ടൽ ഒരു ഉപഭോക്തൃ ഗ്രൂപ്പിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇ.പി.ആർ എന്നത് ലാഭകരമായ ഒരു ബിസിനസ്സായതിനാലും സ്വകാര്യ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതിനാലുമാണ് ഇത് ചെയ്തതെന്ന് വാദിക്കാം. എന്നാൽ ഈ സുതാര്യതയില്ലായ്മ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. ഇത് നാളെയുടെ ഭരണരീതിയല്ല, ഇന്നലെയുടേത് പോലുമല്ല.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)