ചിത്രീകരണം: യോഗേന്ദ്ര ആനന്ദ് / സിഎസ്ഇ
Urbanisation

താമസയോഗ്യമായ നഗരങ്ങൾക്ക് പുതിയൊരു മാതൃക ആവശ്യമാണ്

ഇന്ത്യയിലെ ഒരു ആധുനിക നഗരം, ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുന്നതും ആരോഗ്യപരിരക്ഷ മുതൽ ശുദ്ധജലം വരെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമായ ഡൽഹിയെപ്പോലെയാകരുത്

Sunita Narain

എന്റെ ഡൽഹിക്കു വേണ്ടിയുള്ള വിലാപം. ഇതെന്റെ നഗരമാണ് - ഇവിടെ തലമുറകളായി ജീവിച്ച കുടുംബചരിത്രം എനിക്കുണ്ട്. എന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും ശുദ്ധവായുവിനും, ശുദ്ധജലത്തിനും, അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടി വാദിക്കാൻ ചിലവഴിച്ചത് ഇവിടെയാണ്. എന്നാൽ ഇന്ന്, എവിടെയും മാലിന്യക്കൂമ്പാരങ്ങൾ, കുഴികൾ നിറഞ്ഞ റോഡുകൾ, അച്ചടക്കമില്ലാത്ത ഗതാഗതം, ജനത്തിരക്ക്, അനധികൃത കെട്ടിടങ്ങൾ, പാർക്കിംഗ് മാഫിയ എന്നിവ റോഡ് നിയന്ത്രണം താറുമാറാക്കുന്നു. വർധിച്ചുവരുന്ന ആവശ്യത്തിനൊപ്പമെത്താൻ വെള്ളത്തിന്റെ വിതരണത്തിന് കഴിയുന്നില്ല; യമുനാ നദി അഴുക്കുചാലായി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; പിന്നെ കുപ്രസിദ്ധമായ, ശ്വസിക്കാൻ കഴിയാത്ത വായുവും. എനിക്ക് ഇനിയും പറയാനുണ്ട്, പക്ഷേ ഡൽഹിയിലെ ഓരോ താമസക്കാരനും തങ്ങൾ അനുഭവിക്കുന്ന കാര്യങ്ങളറിയാം. അതുകൊണ്ട് നമ്മൾ ചോദിക്കേണ്ടത് ഇതാണ്: ഇന്ന് നാം കാണുന്ന ഈ നഗരസേവനങ്ങളുടെ തകർച്ച പൂർവ്വസ്ഥിതിയിൽ ആക്കാൻ കഴിയുമോ, അതോ വിനാശം അത്രമേൽ ആഴത്തിൽ പടർന്നുകഴിഞ്ഞോ?

തകർന്നുപോയ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെടാനല്ല ഞാനിത് ചോദിക്കുന്നത്, മറിച്ച് ഈ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇന്ത്യയിൽ മറ്റൊരു 'ഡൽഹി' കൂടി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ്. ചുരുക്കത്തിൽ, വളർന്നുവരുന്ന ഇടത്തരം നഗരങ്ങൾ വലിയ കുഴപ്പങ്ങളിലേക്ക് (Mega-messes) പോകാതെ നോക്കണം.

ഇത് വളരെ പ്രധാനമാണ്. നഗരവൽക്കരണമാണ് വൈറ്റ് കോളർ സാമ്പത്തിക വ്യവസ്ഥയെ നയിക്കുകയെന്ന് നമുക്കറിയാം. പാശ്ചാത്യ രാജ്യങ്ങളിലെ കുടിയേറ്റ നിയന്ത്രണങ്ങൾ കാരണം, നമ്മുടെ രാജ്യത്തെ നൈപുണ്യമുള്ള യുവാക്കൾക്ക് വലിയ അവസരങ്ങൾ ഇവിടെയുണ്ട്. എന്നാൽ അവർക്ക് പണം മാത്രം പോരാ, ജീവിതനിലവാരം കൂടി വേണം - അവർക്കും അവരുടെ കുട്ടികൾക്കും വേണ്ടി. ഇത് മാളുകളെയും റെസ്റ്റോറന്റുകളെയും രാത്രികാലജീവിതത്തെയും കുറിച്ച് മാത്രമല്ല, ശുദ്ധജലം, ശുദ്ധവായു, വിദ്യാഭ്യാസം, താമസം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചാണ്. നഗരങ്ങൾ താമസയോഗ്യമാകണം. ഇതിനായി എന്തുചെയ്യാൻ പാടില്ല എന്ന് നാം മനസ്സിലാക്കണം. നഗരങ്ങളിലെ ജനസംഖ്യാ കണക്കുകൾ പഴയതാണ്; ഇപ്പോഴും 2011-ലെ സെൻസസിനെയാണ് നാം ആശ്രയിക്കുന്നത്. നഗരങ്ങൾ അവയുടെ അതിരുകൾ ഭേദിച്ച് വളരുമ്പോൾ ഉണ്ടാകുന്ന തകർച്ച നമുക്ക് കാണാൻ കഴിയും. രണ്ട് പതിറ്റാണ്ട് മുമ്പ് ഡൽഹിയുടെ അതിർത്തിയിൽ ഗുരുഗ്രാം (Gurugram) രൂപം കൊണ്ടു. ഇന്ന് നഗരവൽക്കരണം മൈലുകളോളം പടർന്നുപന്തലിക്കുകയാണ്. ചെറിയ പട്ടണങ്ങൾ വലുതാകുന്നു, പക്ഷേ ആവശ്യത്തിന് പ്ലാനിംഗോ സേവനങ്ങളോ അവിടെയില്ല. ഇതാണ് വെല്ലുവിളി.

അപ്പോൾ എന്താണ് ചെയ്യേണ്ടത്? ആദ്യമായി, നഗരങ്ങൾ കേവലം റോഡുകൾക്കല്ല, സഞ്ചാരസൗകര്യങ്ങൾക്കാണ് (Mobility) മുൻഗണന നൽകേണ്ടത്. ജനങ്ങളുടെ സഞ്ചാരം, തങ്ങൾക്ക് താങ്ങാനാവുന്ന പാർപ്പിടവുമായും ഉപജീവനവുമായും ബന്ധപ്പെട്ടിരിക്കുന്നു. നഗരങ്ങൾ വളരുകയും ഭൂമിവില ഉയരുകയും ചെയ്യുമ്പോൾ പലർക്കും വീട് വാങ്ങാൻ കഴിയില്ല. അപ്പോൾ നഗരത്തിന്റെ സേവന മേഖലയ്ക്ക് ആവശ്യമായ പാവപ്പെട്ടവർ 'അനധികൃത' കോളനികളിലോ ചേരികളിലോ അഭയം തേടുന്നു. ദുരന്തമെന്തെന്നാൽ, ഈ ഭൂമി പലപ്പോഴും നഗരത്തിന്റെ ഹരിതമേഖലയോ ജലസ്രോതസ്സുകളോ ആയിരിക്കും. മോശം ജീവിതസാഹചര്യങ്ങളും പീഡനങ്ങളും സഹിച്ച് അവർക്ക് അവിടെ കഴിയേണ്ടി വരുന്നു. നഗരാതിർത്തിയിൽ വീടുകൾക്ക് വില കുറവാണെങ്കിലും അവിടെനിന്നുള്ള യാത്രാസൗകര്യങ്ങൾ ലഭ്യമല്ല. മധ്യവർഗവും നഗരത്തിന് പുറത്തേക്ക് മാറുകയും സ്വന്തം വാഹനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു, ഇത് തിരക്ക് വർദ്ധിപ്പിക്കുന്നു. എല്ലാ രീതിയിലും നഗരത്തിന് നഷ്ടം സംഭവിക്കുന്നു.

നഗരങ്ങൾ വളരുമ്പോൾ അതിന്റെ നട്ടെല്ല് ഗതാഗത പ്ലാനിംഗ് ആയിരിക്കണം. അതിർത്തികളെ നഗരവുമായി ബന്ധിപ്പിക്കണം. ആളുകൾക്ക് നടക്കാനും, സൈക്കിൾ ചവിട്ടാനും, ബസ്സും മെട്രോയും ഉപയോഗിക്കാനും കഴിയണം. അത്യന്താപേക്ഷിതമെങ്കിൽ മാത്രം കാർ ഉപയോഗിക്കട്ടെ. ഒരു ആധുനിക നഗരം ഡൽഹിയെയോ ബംഗളൂരുവിനെയോ പോലെ ബ്ലോക്കിൽ കുടുങ്ങിക്കിടക്കുന്നതാകരുത്. അതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധജലം തുടങ്ങിയ സേവനങ്ങളും ഉറപ്പാക്കണം.

പക്ഷേ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനോളം പ്രധാനമല്ല മറ്റൊന്നും. ഡൽഹിയുടെ മാസ്റ്റർ പ്ലാൻ കാലഹരണപ്പെട്ടതാണ്, അത് ലംഘിക്കപ്പെടാനാണ് കൂടുതലും ഉപയോഗിക്കുന്നത്. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും കൃത്യമായ ഭൂവിനിയോഗ പ്ലാനുകൾ (Land-use plan) പോലുമില്ല. സുതാര്യതയാണ് കുറ്റകൃത്യങ്ങൾ തടയാനുള്ള ആദ്യപടി. ഡൽഹിയിൽ നിയമവിരുദ്ധമായ കൈയേറ്റങ്ങൾ റോഡുകൾ കീഴടക്കുന്നതും പൊതുസമ്പത്ത് പാഴാകുന്നതും ഈ ആശയക്കുഴപ്പത്തിന്റെ ഫലമായാണ്.

പുതിയ കാലത്തെ നഗരങ്ങൾക്ക് വേണ്ടത് നിയന്ത്രണമാണ്, അല്ലാതെ അരാജകത്വത്തിലേക്ക് നയിക്കുന്ന പ്രീണന നയങ്ങളല്ല. ഉപജീവനത്തിന്റെ പേരിൽ അനധികൃതമായ എല്ലാ കാര്യങ്ങളും അനുവദിച്ചു കൊടുക്കുന്നത് പരിഹാരമല്ല, അത് നാശമേ ഉണ്ടാക്കൂ.

അവസാനമായി, നഗര ഭരണസംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ നഗര ഭരണസംവിധാനം താറുമാറാണ്; തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് പലപ്പോഴും അധികാരമില്ല. ന്യൂഡൽഹിയിലെ അധികാര വർഗ്ഗം ജനാധിപത്യം അവിടെ നടക്കില്ലെന്ന് തീരുമാനിക്കുകയും ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറുകയും ചെയ്തു. ഇത് പുതിയ നഗരങ്ങൾക്കും മാതൃകയാവുകയാണ്. ഏതാണ് മികച്ച വഴി?

നമ്മുടെ സാമ്പത്തിക ഭാവിയെ നിർണ്ണയിക്കുന്ന ചോദ്യമിതാണ്. നഗരവൽക്കരണം വിഭവശേഷിയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആകണം. ശുദ്ധവായുവും വെള്ളവും കളിസ്ഥലങ്ങളും വിദ്യാലയങ്ങളും ഉറപ്പാക്കുന്നതാകണം അത്. പഴയ ഡൽഹി ശൈലിയിലുള്ള നഗരസ്വപ്നങ്ങൾ ഉപേക്ഷിക്കാം, നമുക്ക് മികച്ചൊരു ഭാവി സ്വീകരിക്കാം.

ഈ മുഖപ്രസംഗം ‘ഡൗൺ ടു എർത്ത്’ (Down To Earth) മാഗസിന്റെ 2026 മാർച്ച് 1-15 പ്രിന്റ് എഡിഷനിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)