കേരളത്തിൽ 2026 ജൂലൈയിലുണ്ടായ വെള്ളപ്പൊക്കം, തകർച്ചയുടെ വക്കിലെത്തിനിൽക്കുന്ന നദീ-തണ്ണീർത്തട വ്യവസ്ഥയുടെ ഭയാനകമായ ചിത്രം പുറത്തുകൊണ്ടുവരുന്നു.
തണ്ണീർത്തടങ്ങൾ നികത്തൽ, കയ്യേറ്റങ്ങൾ, എക്കൽ അടിഞ്ഞു കൂടൽ, വിനോദസഞ്ചാര സമ്മർദ്ദം എന്നിവ കാരണം വെള്ളപ്പൊക്ക ജലത്തെ സംഭരിക്കാനും ഒഴുക്കിന്റെ വേഗത കുറയ്ക്കാനുമുള്ള സ്വാഭാവിക ശേഷി പമ്പാ നദിക്കും വേമ്പനാട്-കുട്ടനാട് തണ്ണീർത്തട മേഖലയ്ക്കും വലിയ അളവിൽ നഷ്ടപ്പെട്ടതായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
വ്യവസ്ഥാപിതമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ, ഭാവിയിലുണ്ടാകുന്ന അതിതീവ്ര മഴ ഈ നദീതടത്തെ ജനങ്ങൾക്കും ജലത്തിനും ഒരുപോലെ അപകടകരമായ ഒരു കെണിയാക്കി മാറ്റിയേക്കാം.
കേരളത്തിൽ ഈ വർഷമുണ്ടായ വെള്ളപ്പൊക്കം, സംസ്ഥാനത്തെ മൂന്നാമത്തെ ഏറ്റവും നീളമേറിയ നദിയായ പമ്പയും അതുപോലെതന്നെ വേമ്പനാട്-കുട്ടനാട് തണ്ണീർത്തട വ്യവസ്ഥയും അനുഭവിക്കുന്ന കടുത്ത സമ്മർദ്ദത്തെയാണ് എടുത്തു കാണിക്കുന്നതെന്ന് വിദഗ്ദ്ധർ 'ഡൗൺ ടു എർത്ത്' (DTE) മാസികയോട് വ്യക്തമാക്കി.
നൂറ്റാണ്ടുകളായി, സങ്കീർണ്ണമായ ഈ ജല ആവാസവ്യവസ്ഥ ഒരു സ്വാഭാവിക താളത്തിലാണ് പ്രവർത്തിച്ചുപോന്നിരുന്നത്. പശ്ചിമഘട്ടത്തിൽ നിന്ന് ഒഴുകിയെത്തുന്ന നദികളിൽ നിന്നുള്ള വെള്ളം പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള തണ്ണീർത്തടങ്ങളിലേക്ക് വ്യാപിക്കുകയും, എക്കൽ അടിഞ്ഞുകൂടുകയും ഒലിച്ചുപോകുകയും ചെയ്യുക, കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത നിയന്ത്രിക്കപ്പെടുക എന്നിവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ ഈ പാരിസ്ഥിതിക ഘടനയിൽ കാലക്രമേണ വലിയ മാറ്റങ്ങൾ വരുത്തപ്പെട്ടതായി വിദഗ്ദ്ധർ നിരീക്ഷിച്ചു.
2018-ലെ പ്രളയത്തിനു ശേഷം, ഈ ജൂലൈയിൽ വീണ്ടും ഒരു മുന്നറിയിപ്പ് മുഴങ്ങി. ജൂലൈ 27 ആയപ്പോഴേക്കും ആലപ്പുഴ ജില്ലയിൽ 12 മരണങ്ങളും, 606 വീടുകളുടെ തകർച്ചയും, 35 കോടിയിലധികം രൂപയുടെ കാർഷിക നഷ്ടവും റിപ്പോർട്ട് ചെയ്യപ്പെട്ടു. പൊതു അടിസ്ഥാനസൗകര്യങ്ങൾക്കുണ്ടായ ഭീമമായ നാശനഷ്ടങ്ങൾക്ക് പുറമേയായിരുന്നു ഇത്.
ഈ കണക്കുകൾ പെട്ടെന്നുണ്ടായ മനുഷ്യനാശത്തെയും സാമ്പത്തിക തകർച്ചയെയുമാണ് വ്യക്തമാക്കുന്നത്; എന്നാൽ ഇതിലും ആഴത്തിലുള്ള ദുർബലാവസ്ഥയെ ഇവ കാണിക്കുന്നില്ല. പമ്പ എന്തുകൊണ്ട് കരകവിയുന്നു എന്നതല്ല ഏറ്റവും പ്രധാനപ്പെട്ട ചോദ്യം; നദികൾ കരകവിയുക സ്വാഭാവികമാണ്. എന്നാൽ പ്രളയജലത്തെ ഉൾക്കൊള്ളാനുള്ള ശേഷി എന്തുകൊണ്ട് താഴ്ന്ന പ്രദേശങ്ങൾക്ക് ഇപ്പോൾ ഇത്രത്തോളം കുറഞ്ഞുപോയി എന്നതാണ് യഥാർത്ഥ ചോദ്യം.
സവിശേഷമായ ജല ആവാസവ്യവസ്ഥ
പത്തനംതിട്ട ജില്ലയിൽ നിന്ന് ഉറവെടുക്കുന്ന പമ്പാനദി ആലപ്പുഴയുടെയും കോട്ടയത്തിന്റെയും സമതല പ്രദേശങ്ങളിലൂടെ ഒഴുകിയാണ് ഒടുവിൽ വേമ്പനാട്ട് കായലിൽ എത്തിച്ചേരുന്നത്. അച്ചൻകോവിൽ, മണിമല, മീനച്ചിൽ തുടങ്ങിയ പശ്ചിമഘട്ടത്തിൽ നിന്നൊഴുകുന്ന മറ്റ് ചെറിയ നദികളും ഈ കായലിലേക്കാണ് എത്തുന്നത്.
തുടർന്ന്, കായൽ ഈ ജലത്തെ സമുദ്രനിരപ്പിന് താഴ സ്ഥിതിചെയ്യുന്ന കുട്ടനാടൻ പാടശേഖരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും, അതിനുശേഷമാണ് വെള്ളം ഒടുവിൽ അറബിക്കടലിലേക്ക് ചെന്നെത്തുകയും ചെയ്യുന്നത്.
കേരളത്തിലെ ഏറ്റവും വലിയ കായലും ഇന്ത്യയിലെ ഏറ്റവും നീളമേറിയ കായലുമാണ് വേമ്പനാട്. മധ്യകേരള തീരത്ത് വ്യാപിച്ചുകിടക്കുന്ന വിശാലമായ വേമ്പനാട്-കോൾ തണ്ണീർത്തട മേഖലയെ, അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു തണ്ണീർത്തടമായി അംഗീകരിച്ചുകൊണ്ട് 2002-ൽ റാംസാർ സൈറ്റായി പ്രഖ്യാപിക്കുകയുണ്ടായി.
എന്നാൽ, ഈ അതുല്യമായ ജലചക്രഘടനയിപ്പോൾ പൂർണ്ണമായും മാറ്റപ്പെടുകയാണ്.
രൂപമാറ്റം സംഭവിച്ച ഭൂപ്രകൃതി
അതിതീവ്ര മഴയുണ്ടാകുന്ന സമയങ്ങളിൽ പമ്പാനദിക്കും അതിന്റെ ജലപ്രവാഹത്തിനും കൂടുതൽ ഇടം ആവശ്യമാണ്. നദിക്കരകൾ, ഉപശാഖകൾ, തണ്ണീർത്തടങ്ങൾ, താഴ്ന്ന കാർഷിക മേഖലകൾ, അതിനോട് ചേർന്നുനിൽക്കുന്ന ജലാശയങ്ങൾ എന്നിവ താൽക്കാലികമായി ഈ പ്രളയജലത്തെ ഉൾക്കൊള്ളുകയും, താഴ്ന്ന പ്രദേശങ്ങളിലേക്കുള്ള ഒഴുക്കിന്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നു.
എന്നാൽ ദശാബ്ദങ്ങൾ കൊണ്ട് ഈ പ്രകൃതിരൂപത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് ജനവാസകേന്ദ്രങ്ങൾ വ്യാപിച്ചു. തണ്ണീർത്തടങ്ങൾ നികത്തപ്പെട്ടു. സ്വാഭാവിക നീരൊഴുക്ക് ചാലുകൾ വീതികുറയ്ക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്തു. നദിക്കരകൾ മാറ്റങ്ങൾക്ക് വിധേയമായി. റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തി. എക്കൽ നീക്കത്തിലുണ്ടായ മാറ്റങ്ങൾ ജലം സുരക്ഷിതമായി ഉൾക്കൊള്ളാനും ഒഴുക്കിവിടാനുമുള്ള നദീതടത്തിന്റെ ശേഷിയെ വീണ്ടും സങ്കീർണ്ണമാക്കി.
പമ്പാനദിയുടെ ചില ഭാഗങ്ങളിൽ മാത്രം ആഴം കൂട്ടിയതുകൊണ്ട് അതിനെ പുനരുദ്ധരിക്കാൻ കഴിയില്ല. വെള്ളപ്പൊക്ക സമതലങ്ങൾ ഇല്ലാതായിക്കഴിഞ്ഞാൽ, നദീചാലുകളുടെ ആഴം കൂട്ടുന്നത് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം വേഗത്തിൽ ഒഴുകിയെത്താൻ മാത്രമേ സഹായിക്കൂ. അതിതീവ്ര മഴയെയോ കാലാവസ്ഥാ വ്യതിയാനത്തെയോ നേരിടാൻ നദിക്ക് പടർന്നൊഴുകാനുള്ള ഇടം ആവശ്യമാണ്. അതില്ലാതിരിക്കുമ്പോൾ താഴ്ന്ന പ്രദേശങ്ങളാണ് അതിന്റെ ആഘാതം അനുഭവിക്കുന്നത്
അതിനിടെ, 2025-ൽ പ്രസിദ്ധീകരിച്ച ഒരു പ്രധാന ശാസ്ത്രീയ പഠനം വേമ്പനാട് കായലിന്റെ ആഴത്തിലും വെള്ളപ്പൊക്ക ജലത്തെ സംഭരിച്ചു നിർത്താനുള്ള ശേഷിയിലുമുണ്ടായ മാറ്റങ്ങൾ പുനർനിർമ്മിച്ച് കാണിക്കുകയുണ്ടായി. 1930-ൽ 2,617.5 ദശലക്ഷം ക്യുബിക് മീറ്ററായുണ്ടായിരുന്ന കായലിന്റെ ജലസംഭരണ ശേഷി 2020 ആയപ്പോഴേക്കും വെറും 384.7 ദശലക്ഷം ക്യുബിക് മീറ്ററായി കുറഞ്ഞതായി പഠനം കണക്കാക്കുന്നു. അതായത് ജലസംഭരണ ശേഷിയിൽ ഏകദേശം 85.3 ശതമാനത്തിന്റെ ഭീമമായ കുറവാണുണ്ടായത്.
മഴ പെയ്യുന്നു. നദികൾ കരകവിയുന്നു. വെള്ളപ്പൊക്ക സമതലങ്ങൾ നിറയുന്നു. വേമ്പനാട് കായൽ ഈ വെള്ളം സ്വീകരിക്കുന്നു. എന്നാൽ വേമ്പനാട് കായലിന്റെ ആഴം കുറഞ്ഞിരിക്കുന്നു. അതിൽ വെള്ളം വ്യാപിച്ചുകിടക്കുന്ന വിസ്തൃതിയും കുറഞ്ഞു. അതിലെ ചാലുകളിൽ മാറ്റങ്ങൾ വരുത്തി. അതിനോട് അനുബന്ധിച്ചുള്ള തണ്ണീർത്തടങ്ങൾ തകർക്കപ്പെട്ടു. ചുരുക്കത്തിൽ, വെള്ളത്തിന് ഒഴുകിപ്പോകാൻ ഇവിടെ ഇടമില്ലാതായിരിക്കുന്നു.
വലിയ തോതിലുള്ള ഈ പാരിസ്ഥിതിക ബന്ധത്തെക്കുറിച്ച് വിശകലനം നടത്തിയില്ലെങ്കിൽ, പമ്പാ നദീതടം തന്നെ ഒരു "ജലസമാധി"യായി മാറിയേക്കാമെന്ന് പരിസ്ഥിതി പ്രവർത്തകനായ ശ്രീധർ രാധാകൃഷ്ണൻ മുന്നറിയിപ്പ് നൽകുന്നു. നദിയിലെ വെള്ളപ്പൊക്കത്തിന്റെ പെട്ടെന്നുള്ള അപകടങ്ങൾക്ക് അപ്പുറമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. വെള്ളപ്പൊക്ക സമതലങ്ങൾ കൈയേറപ്പെടുകയും തണ്ണീർത്തടങ്ങൾ നശിക്കുകയും നീരൊഴുക്ക് വഴികൾ ക്രമേണ തടസ്സപ്പെടുകയും ചെയ്യുന്ന ഒരു നദീതടം ജലത്തിനും മനുഷ്യർക്കും ഒരുപോലെ കെണിയായി മാറും.
കേരളത്തിലെ ജലസ്രോതസ്സുകളുടെ നാശത്തെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുന്ന പരിസ്ഥിതി പ്രവർത്തകയായ കുസുമം ജോസഫ് പറയുന്നത്, കായലിന്റെ സംഭരണശേഷി പരിധി ലംഘിച്ചു എന്ന് പ്രഖ്യാപിക്കുന്നതിൽ മാത്രം ചർച്ചകൾ ഒതുങ്ങരുത് എന്നാണ്. "വേമ്പനാടിന്റെ താങ്ങാനുള്ള ശേഷി എങ്ങനെ വർദ്ധിപ്പിക്കാം എന്ന് മനസ്സിലാക്കാൻ നമുക്ക് വിശദമായ പഠനങ്ങൾ ആവശ്യമാണ്," അവർ പറയുന്നു. ഈ പോയിന്റ് വളരെ നിർണായകമാണ്. താങ്ങാനുള്ള ശേഷിയെ ഒരു സ്ഥിരമായ സംഖ്യയായി കാണരുത്. പരിസ്ഥിതി വ്യവസ്ഥയെ തകർത്തുകൊണ്ടല്ലാതെ, നശിച്ചുപോയ പാരിസ്ഥിതിക, ജലശാസ്ത്രപരമായ ധർമ്മങ്ങൾ പുനഃസ്ഥാപിക്കുകയും അതുവഴി ജനങ്ങളുടെ ജീവനോപാധികളെ പിന്തുണയ്ക്കാനുള്ള വ്യവസ്ഥയുടെ ശേഷി വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം വയ്ക്കേണ്ടത്.
വിനോദസഞ്ചാരവും കായലിന്റെ പരിധികളെ പരീക്ഷിക്കുന്നു
താങ്ങാനുള്ളശേഷിയിലെ ഈ പ്രതിസന്ധി വേമ്പനാട്ടിലെ ഹൗസ്‌ബോട്ട് മേഖലയിലും വ്യക്തമായി കാണാം. ഉപഗ്രഹ ചിത്രങ്ങൾ വഴി 2024 ഡിസംബറിൽ 954 ഹൗസ്‌ബോട്ടുകളെ കണ്ടെത്തിയപ്പോൾ, തുടർന്നുനടന്ന ഡ്രോൺ സർവേയിൽ 2025 മേയിൽ 926 ഹൗസ്‌ബോട്ടുകളെ കണ്ടെത്തി. എന്നാൽ കായലിന് താങ്ങാനാകുന്ന വിനോദസഞ്ചാര ബോട്ടുകളുടെ അനുവദനീയമായ പരിധി 461 മാത്രമാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. മറ്റ് തരത്തിലുള്ള യാനങ്ങളുടെ പരിധിയും ഇതിൽ ഉൾപ്പെടുന്നു.
ഈ വ്യത്യാസം വളരെ വലുതാണ്. ഉപഗ്രഹ ചിത്രങ്ങളിൽ കണ്ട ഹൗസ്‌ബോട്ടുകളുടെ എണ്ണം നിർദ്ദേശിക്കപ്പെട്ട സംഭരണശേഷിയേക്കാൾ രണ്ടിരട്ടിയിലധികമായിരുന്നു.
വ്യക്തിഗത പ്രശ്നങ്ങൾ മാത്രം പരിഹരിക്കുന്നതിന് പകരം "വേമ്പനാട് പരിസ്ഥിതി വ്യവസ്ഥയ്ക്കായുള്ള ആക്ഷൻ പ്ലാൻ" ആണ് ഉടനടി ആവശ്യമെന്ന് പരിസ്ഥിതി പ്രവർത്തകൻ ഭദ്രൻ ഭാസ്കരൻ പറയുന്നു. മലിനീകരണം, നികത്തൽ, എക്കൽ അടിയൽ, ടൂറിസം, വെള്ളപ്പൊക്ക നിയന്ത്രണം, തണ്ണീർത്തട പുനരുദ്ധാരണം, സ്വാഭാവിക നീരൊഴുക്ക് ചാലുകളുടെ സംരക്ഷണം എന്നിവയോട് ഒരേസമയം പൊരുതുക എന്നാണ് അതിനർത്ഥം.
വെള്ളപ്പൊക്ക ജലത്തെ താങ്ങിനിർത്താൻ പ്രതീക്ഷിക്കുമ്പോൾ തന്നെ, കൂടുതൽ ബോട്ടുകൾ, കൂടുതൽ മാലിന്യങ്ങൾ, കൂടുതൽ രാസവസ്തുക്കളുടെ ആധിക്യം (Nutrient loading), കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ഉൾക്കൊള്ളാൻ കായലിനോട് ആവശ്യപ്പെടുകയാണ്. പരിസ്ഥിതിപരമായ ദോഷഫലങ്ങളില്ലാതെ അനിശ്ചിതകാലത്തേക്ക് ഈ എല്ലാ ധർമ്മങ്ങളും നിർവ്വഹിക്കാൻ കായലിന് കഴിയില്ല.
കേരളത്തിന് പ്രശ്നം അറിയാം, ഇനി പ്രതികരണം വ്യവസ്ഥാപിതമാകണം
ഗ്രേറ്റർ പമ്പാ നദീതടത്തിനായി ഒരു സംയോജിത നദീതട പരിപാലന പദ്ധതിക്ക് കേരളം അംഗീകാരം നൽകിയിട്ടുണ്ട്; കൂടാതെ ലിഡാർ (LiDAR) സർവേ, ഉയർന്ന റെസല്യൂഷനുള്ള ഡിജിറ്റൽ എലവേഷൻ മോഡൽ, പ്രളയ മാപ്പിംഗ്, പ്രളയ പരിപാലന പദ്ധതി എന്നിവയുമായി മുന്നോട്ട് പോവുകയാണ്. ഇവയെല്ലാം ആവശ്യമായ നടപടികളാണ്, എന്നാൽ ഇവ കൂടുതൽ വിപുലമായ നയപരമായ മാറ്റത്തിലേക്ക് നയിക്കണം.
പമ്പയുടെ വെള്ളപ്പൊക്ക സമതലങ്ങൾ ഭൂപടത്തിൽ അടയാളപ്പെടുത്തുകയും (Mapping) സംരക്ഷിക്കപ്പെടുകയും വേണം. നദിയുമായി ബന്ധപ്പെട്ടിരിക്കുന്ന സ്വാഭാവിക തണ്ണീർത്തടങ്ങൾ സാധ്യമായ ഇടങ്ങളിലെല്ലാം പുനഃസ്ഥാപിക്കണം. വെള്ളപ്പൊക്ക ജലം സംഭരിക്കപ്പെടുന്ന മേഖലകളിലെ ഗുരുതരമായ തടസ്സങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി നീക്കണം. നദീ പുനരുദ്ധാരണം എന്നത് കേവലം എക്കൽ വാരലിൽ (Dredging) മാത്രം ഒതുങ്ങാതെ, എക്കൽ പരിപാലനം, നദിക്കരകളുടെ പുനരുദ്ധാരണം, സ്വാഭാവിക ചാലുകളുടെ പുനർബന്ധിപ്പിക്കൽ എന്നിവ ഉൾക്കൊള്ളുന്നതായിരിക്കണം.
വേമ്പനാടിന് അതിലെ ആഴം, എക്കൽ അടിഞ്ഞു കൂടൽ, ലവണാംശം, രാസവസ്തുക്കളുടെ ആധിക്യം, ലയിച്ചുചേർന്ന ഓക്സിജൻ, ജൈവവൈവിധ്യം, ജലത്തിന്റെ ഗുണനിലവാരം എന്നിവയിൽ തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്. വിനോദസഞ്ചാരത്തിന് കായലിന് താങ്ങാനാകുന്ന ശേഷി ശാസ്ത്രീയമായി നിർണ്ണയിക്കുകയും നടപ്പിലാക്കുകയും വേണം. കുട്ടനാടൻ പാടശേഖരങ്ങളെ കേവലം കാർഷിക അടിസ്ഥാന സൗകര്യങ്ങളായി മാത്രമല്ല, വലിയൊരു പ്രളയ പരിപാലന സംവിധാനത്തിന്റെ ഭാഗമായി വേണം പരിപാലിക്കാൻ.
അധികജലം കടലിലേക്ക് ഒഴുക്കിവിടുന്നതിൽ തോട്ടപ്പള്ളി സ്പിൽവേയ്ക്ക് പ്രധാന പങ്കുണ്ട്. എന്നാൽ ഒരു സ്പിൽവേയ്ക്കും തകർക്കപ്പെട്ട ഒരു തണ്ണീർത്തടത്തിന് പകരമാകാൻ കഴിയില്ല. ഒരു ഡ്രഡ്ജറിനും വെള്ളപ്പൊക്ക സമതലങ്ങൾക്ക് പകരമാകാൻ കഴിയില്ല. ഒരു ബണ്ടിനും ഒരു പരിസ്ഥിതി വ്യവസ്ഥയ്ക്ക് പകരമാകാനും കഴിയില്ല.
അടുത്ത വെള്ളപ്പൊക്കം ഈ സംവിധാനത്തെത്തന്നെ വീണ്ടും പരീക്ഷിക്കും
അതിതീവ്ര മഴ വീണ്ടും വരും. അത് അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനം ശക്തമാകുന്നതോടെ കൂടുതൽ തീവ്രതയോടെ അത് കടന്നുവന്നേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ എന്ത് നടക്കും എന്നതാണ് ചോദ്യം.
പമ്പ ആരോഗ്യകരമാണെങ്കിൽ, അതിന്റെ വെള്ളപ്പൊക്ക സമതലങ്ങൾ സംരക്ഷിക്കപ്പെടുകയും ചാലുകൾ സ്വാഭാവികമായി പ്രവർത്തിക്കുകയും ചെയ്യുന്നുവെങ്കിൽ, പ്രളയത്തിന്റെ ആഘാതത്തിന്റെ ഒരു ഭാഗം ഉൾക്കൊള്ളാൻ കഴിയും. വേമ്പനാട് കൂടുതൽ ആഴമുള്ളതും, പരസ്പരം ബന്ധിപ്പിക്കപ്പെട്ടതും, പാരിസ്ഥിതികമായി സജീവവുമാണെങ്കിൽ, അതിന് കൂടുതൽ വെള്ളം സ്വീകരിക്കാനും സംഭരിച്ചു നിർത്താനും കഴിയും. കുട്ടനാട്ടിലെ തണ്ണീർത്തടങ്ങൾ തകരാതെ നിലനിൽക്കുകയാണെങ്കിൽ, അവയ്ക്ക് താൽക്കാലിക സംഭരണികളായി പ്രവർത്തിക്കാൻ കഴിയും. കടലിലേക്ക് നയിക്കുന്ന ചാലുകൾ തടസ്സമില്ലാതെ പ്രവർത്തിക്കുകയാണെങ്കിൽ, സംഭരിച്ച വെള്ളം ഒടുവിൽ പുറന്തള്ളാനും സാധിക്കും.
എന്നാൽ എല്ലാ ഘടകങ്ങളും ഒരേസമയം ദുർബലപ്പെടുകയാണെങ്കിൽ, ഒരു അതിതീവ്ര മഴ ദുരന്തമായി മാറും.
2018-ൽ കേരളം അത് കണ്ടതാണ്. 2026 ജൂലൈയിലെ വെള്ളപ്പൊക്കവും ഈ ദുർബലാവസ്ഥ നിലനിൽക്കുന്നുണ്ടെന്നാണ് കാണിക്കുന്നത്. മരണങ്ങൾ, തകർന്ന വീടുകൾ, നശിച്ച വിളകൾ, ഭീമമായ അടിസ്ഥാന സൗകര്യ നാശനഷ്ടങ്ങൾ എന്നിവ കനത്ത മഴയുടെ ഫലം മാത്രമല്ല. മറിച്ച്, ജലത്തെ ഉൾക്കൊള്ളാനുള്ള ശേഷി ഘട്ടംഘട്ടമായി നഷ്ടപ്പെട്ട ഒരു ഭൂപ്രകൃതിയുടെ കൂടി അനന്തരഫലങ്ങളാണ്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)