സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SAIL) കീഴിലുള്ള ബൊക്കാറോ സ്റ്റീൽ പ്ലാന്റ് പ്രതിവർഷം 5.25 ദശലക്ഷം ടൺ ഉരുക്ക് ഉൽപ്പാദിപ്പിക്കുകയും 50,000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു. എന്നാൽ, സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, ഈ പ്ലാന്റിൽ നിന്നുള്ള മലിനീകരണം ഓരോ വർഷവും ഭാരക്കുറവുള്ള 273 കുഞ്ഞുങ്ങൾക്കും, 284 അകാല പ്രസവങ്ങൾക്കും, കുട്ടികളിലെ 25 പുതിയ ആസ്ത്മ കേസുകൾക്കും കാരണമാകുന്നു. കൂടാതെ, വായുവിലെ സൂക്ഷ്മകണികകൾ (PM2.5) ശ്വസിക്കുന്നത് മൂലം 148 മരണങ്ങളും വൻതോതിലുള്ള സാമ്പത്തിക നഷ്ടവും വർഷം തോറും സംഭവിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന 17 വ്യവസായങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും, ഇന്ത്യയിലെ സ്റ്റീൽ പ്ലാന്റുകളിൽ നിന്നുള്ള സൾഫർ ഡയോക്സൈഡ് പുറന്തള്ളലിന് രാജ്യത്ത് ഇതുവരെ ദേശീയ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടില്ല. ബൊക്കാറോ പ്ലാന്റിന്റെ ഉൽപ്പാദന ശേഷി പ്രതിവർഷം 7.55 ദശലക്ഷം ടണ്ണായി ഉയർത്താനും, 2030-ഓടെ രാജ്യത്തെ ആകെ ഉരുക്ക് ഉൽപ്പാദനം 300 ദശലക്ഷം ടണ്ണിലെത്തിക്കാനും പദ്ധതിയിട്ടിരിക്കെ, പൊതുജനാരോഗ്യത്തെയും നിയമപരമായ പോരായ്മകളെയും കുറിച്ച് ഈ റിപ്പോർട്ട് വലിയ ആശങ്കകൾ ഉയർത്തുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)