വെനിസ്വേലയിലെ ലാ ഗ്വൈറയിൽ തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ തെരച്ചിൽ നടത്തുന്നു. യുനിസെഫ്/റോസാലി ഹെർണ
Natural Disasters

ഭൂകമ്പ മുന്നറിയിപ്പുകൾ പരാജയപ്പെടുന്നുവോ? വെനിസ്വേല നൽകുന്ന പാഠം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് ഫോണുകൾ, സീസ്മിക് സെൻസറുകൾ എന്നിവ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, ഭൗതികശാസ്ത്രത്തിന്റെ പരിമിതികളെയും അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളെയും മറികടക്കാൻ ഇവയ്‌ക്കാവില്ല.

Ravindra Jayaratne

  • വെനിസ്വേലയിലുണ്ടായ സമീപകാല ഭൂകമ്പങ്ങൾ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളുടെ കടുത്ത പരിമിതികളെയാണ് തുറന്നുകാട്ടുന്നത്: ഭൂചലനങ്ങൾ എപ്പോൾ, എവിടെ ഉണ്ടാകുമെന്ന് കൃത്യമായി പ്രവചിക്കാൻ ഇപ്പോഴും സാധ്യമല്ല; മാത്രമല്ല, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് (epicentre) സമീപമുള്ളവർക്ക് മുന്നറിയിപ്പ് ലഭിക്കാറില്ല അല്ലെങ്കിൽ വളരെ വൈകിയാവും ലഭിക്കുക.

  • എഐ (AI), സാറ്റലൈറ്റുകൾ, സാന്ദ്രതയേറിയ സീസ്മിക് നെറ്റ്‌വർക്കുകൾ എന്നിവയ്ക്ക് ഭൂകമ്പങ്ങളെ വേഗത്തിൽ തിരിച്ചറിയാനും നാശനഷ്ടങ്ങൾ വിലയിരുത്താനും സാധിക്കും എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.

  • എന്നിരുന്നാലും, ഭൗതികശാസ്ത്രപരമായ പരിമിതികളും, സങ്കീർണ്ണമായ ഭൂഗർഭ വിള്ളലുകളും, അപര്യാപ്തമായ ദേശീയ അടിസ്ഥാന സൗകര്യങ്ങളും കാരണം ഇത്തരം മുന്നറിയിപ്പുകൾ പലപ്പോഴും എല്ലാവരിലും ഒരേപോലെ എത്തുന്നില്ല; ചിലപ്പോൾ ഇവ ആശയക്കുഴപ്പങ്ങൾക്കും കാരണമാകുന്നു.

ഭൂകമ്പങ്ങൾ ഇപ്പോഴും മുന്നറിയിപ്പില്ലാതെയാണ് വന്നെത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാറ്റലൈറ്റ് നിരീക്ഷണം, സാന്ദ്രതയേറിയ സീസ്മിക് നെറ്റ്‌വർക്കുകൾ എന്നിവയിലെ ഒരു പതിറ്റാണ്ടിലെ പുരോഗതികൾക്കിടയിലും ശാസ്ത്രജ്ഞർ അംഗീകരിക്കാൻ നിർബന്ധിതരായ കടുത്ത യാഥാർത്ഥ്യം ഇതാണ്.

ഭൂകമ്പങ്ങൾ ആരംഭിച്ചു കഴിഞ്ഞാൽ അവയെ കണ്ടെത്താൻ നമ്മൾ ഇപ്പോൾ കൂടുതൽ പ്രാപ്തരാണ്. അവ വരുത്തിവെച്ചേക്കാവുന്ന നാശനഷ്ടങ്ങൾ കണക്കാക്കുന്നതിലും നമ്മൾ ഇപ്പോൾ മികച്ച നിലയിലാണ്. എന്നാൽ ഭാവിയിലുണ്ടാകാൻ പോകുന്ന ഒരു ഭൂകമ്പത്തിന്റെ കൃത്യമായ സമയമോ സ്ഥലമോ തീവ്രതയോ പ്രവചിക്കാൻ നമുക്ക് ഇപ്പോഴും കഴിയില്ല.

അത് കേൾക്കുമ്പോൾ ഒരു പരാജയമായി തോന്നാം. എന്നാൽ അതൊരു പരാജയമല്ല. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ഭൂകമ്പ ഗവേഷണങ്ങൾ കൂടുതൽ യാഥാർത്ഥ്യബോധമുള്ളതായി മാറി. കൃത്യമായ പ്രവചനങ്ങൾക്കായി പിന്നാലെ പായുന്നതിന് പകരം, ജീവൻ രക്ഷിക്കാൻ യഥാർത്ഥത്തിൽ സഹായിക്കുന്ന കാര്യങ്ങളിലാണ് ശാസ്ത്രജ്ഞർ ശ്രദ്ധ കേന്ദ്രീകരിച്ചത്: മെച്ചപ്പെട്ട അപകടസാധ്യതാ പ്രവചനം, അതിവേഗത്തിലുള്ള കണ്ടെത്തലുകൾ, കൂടാതെ ഏറ്റവും ശക്തമായ കുലുക്കം അനുഭവപ്പെടുന്നതിന് തൊട്ടുമുമ്പ് ആളുകൾക്ക് പ്രതികരിക്കാൻ ഏതാനും സെക്കൻഡുകൾ നൽകുന്ന ഭൂകമ്പ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ (earthquake early warning systems) എന്നിവയാണവ.

ഏതാനും സെക്കൻഡുകൾ എന്നത് വലിയൊരു കാര്യമായി തോന്നില്ലായിരിക്കാം. എന്നാൽ ഒരു ഭൂകമ്പമുണ്ടാകുമ്പോൾ, തലയ്ക്ക് മുകളിൽ പൊട്ടി വീഴുന്ന ചില്ലുകൾക്ക് താഴെ നിൽക്കുന്നതും ഒരു ശക്തമായ മേശയ്ക്കടിയിലേക്ക് മാറുന്നതും തമ്മിലുള്ള വ്യത്യാസമായിരിക്കാം ആ ഏതാനും സെക്കൻഡുകൾ.

എന്താണ് മുൻകൂർ മുന്നറിയിപ്പ് സംവിധാനം?

ഒരു ഭൂഗർഭ പാളി (fault) പൊട്ടാൻ തുടങ്ങുമ്പോൾ ആദ്യം പുറപ്പെടുന്ന അതിവേഗത്തിലുള്ള സീസ്മിക് തരംഗങ്ങളെ (seismic waves) കണ്ടെത്തിയാണ് മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ഇതിനു പിന്നാലെ വരുന്ന ശക്തമായ കുലുക്കത്തെ അപേക്ഷിച്ച് ഈ തരംഗങ്ങൾ കുറഞ്ഞ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കൂ. സീസ്മിക് തരംഗങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുന്നതിനേക്കാൾ വേഗത്തിൽ ഇലക്ട്രോണിക് സിഗ്നലുകൾ സഞ്ചരിക്കുമെന്നതിനാൽ, ഈ മുന്നറിയിപ്പുകൾ ചിലപ്പോൾ ആളുകളിലേക്ക് ആദ്യം തന്നെയെത്തും. ജപ്പാൻ, മെക്സിക്കോ, തായ്‌വാൻ, യു.എസ് തുടങ്ങിയ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിൽ, 5 മുതൽ 20 സെക്കൻഡ് വരെയുള്ള മുന്നറിയിപ്പുകൾ പോലും പരിക്കുകൾ കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ പതിറ്റാണ്ട് ഈ സംവിധാനങ്ങളുടെ പരിമിതികളും കാണിച്ചുതന്നു. ഇവ എല്ലാവർക്കും ഒരേപോലെ പ്രയോജനപ്പെടുന്നില്ല. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് (epicentre) തൊട്ടടുത്തുള്ള ആളുകൾക്ക് വളരെ കുറഞ്ഞ മുന്നറിയിപ്പ് മാത്രമേ ലഭിക്കൂ, അല്ലെങ്കിൽ ചിലപ്പോൾ ഒന്നും തന്നെ ലഭിച്ചെന്ന് വരില്ല; കാരണം ഈ മുന്നറിയിപ്പ് പ്രോസസ്സ് ചെയ്ത് അയക്കുന്നതിന് മുൻപ് തന്നെ ഭൂകമ്പ തരംഗങ്ങൾ അവിടെ എത്തിയിട്ടുണ്ടാകും. ഇതിനെ ചിലപ്പോൾ 'ബ്ലൈൻഡ് സോൺ' (blind zone) എന്ന് വിളിക്കുന്നു. ഇതൊരു രൂപകൽപ്പനയിലെ പിഴവല്ല (design flaw), മറിച്ച് ഭൗതികശാസ്ത്രപരമായ പരിമിതിയാണ്.

മറ്റൊരു പാഠം എന്തെന്നാൽ, വലിയ ഭൂകമ്പങ്ങൾ പലപ്പോഴും വിചാരിച്ചതിലും സങ്കീർണ്ണമാണ് എന്നതാണ്. അവ എപ്പോഴും ഒറ്റയടിക്ക് വൃത്തിയുള്ള ഒരു വിള്ളലായിട്ടല്ല സംഭവിക്കുന്നത്. ചിലത് ഒന്നിലധികം ഭൂഗർഭ പാളികളിലേക്ക് പടരുകയോ, അല്ലെങ്കിൽ തുടർച്ചയായ വിള്ളലുകൾക്ക് (cascading ruptures) കാരണമാവുകയോ ചെയ്യുന്നു. അത് സംഭവത്തിന്റെ വ്യാപ്തി വേഗത്തിൽ കണക്കാക്കുന്നത് ബുദ്ധിമുട്ടാക്കുന്നു, കൂടാതെ ആദ്യത്തെ നിർണായക സെക്കൻഡുകളിൽ മുൻകൂർ മുന്നറിയിപ്പുകളുടെ കൃത്യത കുറയ്ക്കുകയും ചെയ്യാം. മുന്നറിയിപ്പ് സംവിധാനം അതിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനിടയിലും ഭൂകമ്പം പടർന്നുകൊണ്ടിരിക്കുകയാവും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിന് സഹായകരമാകുന്നുണ്ട്. ഡീപ് ലേണിംഗ് സംവിധാനങ്ങൾക്ക് (Deep learning systems) പരമ്പരാഗത രീതികളേക്കാൾ വേഗത്തിൽ ഭൂകമ്പ സിഗ്നലുകൾ കണ്ടെത്താനും, ഭൂകമ്പത്തിന്റെ സ്ഥാനവും വ്യാപ്തിയും വേഗത്തിൽ വിലയിരുത്താനും കഴിയും. എന്നാൽ എഐ (AI) ഭൂകമ്പ പ്രവചനമെന്ന പ്രതിസന്ധി പരിഹരിച്ചിട്ടില്ല. അത് ഇപ്പോഴും ഉയർന്ന നിലവാരമുള്ള സീസ്മിക് ഡാറ്റയെയും ശക്തമായ നിരീക്ഷണ ശൃംഖലകളെയും ആശ്രയിച്ചിരിക്കുന്നു.

പോക്കറ്റ് സീസ്മിക് സെൻസറുകൾ

സ്മാർട്ട്‌ഫോണുകളെ സീസ്മിക് സെൻസറുകളായി ഉപയോഗിക്കുന്നത് പ്രതീക്ഷ നൽകുന്ന ഒരു വികാസമാണ്. സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പൊതു ഭൂകമ്പ മുൻകൂർ മുന്നറിയിപ്പ് സംവിധാനമാണ് 'എർത്ത്‌ക്വേക് നെറ്റ്‌വർക്ക് ആപ്പ്' (Earthquake Network App). ഇത് ഉപയോക്താക്കളുടെ ഫോണുകളെ തത്സമയം ഭൂകമ്പം കണ്ടെത്താനുള്ള ചലന സെൻസറുകളാക്കി മാറ്റുന്നു. ഒരു ഭൂകമ്പം കണ്ടെത്തുമ്പോൾ, ആപ്പ് ഉപയോക്താക്കൾക്ക് വേഗത്തിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്നു. 'മൈഷേക്ക്' (MyShake), ആൻഡ്രോയിഡ് അർത്ത്‌ക്വേക് അലേർട്ടുകൾ (Android earthquake alerts) തുടങ്ങിയ ആപ്പുകൾ കാണിക്കുന്നത് ദശലക്ഷക്കണക്കിന് ഫോണുകൾക്ക് ഒന്നിച്ച് ഒരു മുന്നറിയിപ്പ് ശൃംഖലയായി പ്രവർത്തിക്കാൻ കഴിയുമെന്നാണ്. പരമ്പരാഗതമായ സീസ്മിക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് ഇത് പ്രത്യേകിച്ച് പ്രധാനമാണ്. ആൻഡ്രോയിഡ് ഫോണുകൾ വഴി അടുത്തിടെ ആഗോളതലത്തിൽ ഈ ഭൂകമ്പ നിർണ്ണയ സോഫ്റ്റ്‌വെയർ ലഭ്യമാക്കിയതോടെ, 98 രാജ്യങ്ങളിലായി 250 കോടി ജനങ്ങളിലേക്ക് ഭൂകമ്പ മുന്നറിയിപ്പ് സൗകര്യം വ്യാപിപ്പിച്ചു.

സാങ്കേതികവിദ്യ മാത്രം പോരാ എന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ആളുകൾ ആ മുന്നറിയിപ്പിനെ വിശ്വസിക്കുകയും, മനസ്സിലാക്കുകയും, അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയുകയും ചെയ്താൽ മാത്രമേ അതുകൊണ്ട് പ്രയോജനമുള്ളൂ. പൊതുജന വിദ്യാഭ്യാസം, വ്യക്തമായ ആശയവിനിമയം, വീടിനുള്ളിലെ സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തൽ, അടിയന്തര കിറ്റുകൾ തയ്യാറാക്കൽ, മോക്ക് ഡ്രില്ലുകൾ പരിശീലിക്കൽ തുടങ്ങിയ ലളിതമായ സുരക്ഷാ നടപടികൾ സെൻസറുകളെയും സോഫ്റ്റ്‌വെയറുകളെയും പോലെ തന്നെ പ്രധാനമാണ്. ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു മുന്നറിയിപ്പ് ഒട്ടും ഫലപ്രദമല്ല. ഉദാഹരണത്തിന്, ഓരോ തുടർച്ചലനങ്ങൾക്കും (aftershocks) ശേഷവും പുതിയ മുന്നറിയിപ്പ് നൽകുന്നത്, ഒരു വലിയ ഭൂകമ്പത്തെക്കുറിച്ച് ആളുകളെ മുന്നറിയിപ്പ് നൽകുന്നതുപോലെ ഫലപ്രദമല്ല.

വെനിസ്വേലയിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ ഈ പാഠങ്ങൾ സഹായിക്കുന്നു. ജപ്പാനിലോ മെക്സിക്കോയിലോ ഉള്ളതുപോലെയുള്ള വിപുലമായ ഒരു ദേശീയ പൊതു ഭൂകമ്പ മുൻകൂർ മുന്നറിയിപ്പ് സംവിധാനം ആ രാജ്യം വികസിപ്പിച്ചിട്ടില്ല. അതിനർത്ഥം മുന്നറിയിപ്പ് ശേഷി തുടക്കം മുതലേ പരിമിതമായിരുന്നു എന്നാണ്. എന്നിരുന്നാലും ഗൂഗിളിന്റെ ആൻഡ്രോയിഡ് അർത്ത്‌ക്വേക് അലേർട്ട് സിസ്റ്റം വഴി ചില ആളുകൾക്ക് കുലുക്കം തുടങ്ങുന്നതിന് സെക്കൻഡുകൾക്കും മിനിറ്റുകൾക്കും മുമ്പ് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു.

പലവിധ പോരായ്മകൾ ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കാം. ആളുകൾ വിള്ളൽ മേഖലയ്ക്ക് (rupture zone) അടുത്താണ് താമസിക്കുന്നതെങ്കിൽ, മുന്നറിയിപ്പ് ലഭിക്കാനുള്ള സമയം വളരെ കുറവായിരിക്കും. ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് രണ്ട് വലിയ ഭൂകമ്പങ്ങൾ അടുത്തടുത്തായി സംഭവിച്ചു എന്നാണ്; ഈയൊരു രീതി ഏതൊരു മുന്നറിയിപ്പ് സംവിധാനത്തിനും അതിവേഗത്തിലുള്ള കണ്ടെത്തൽ കൂടുതൽ ബുദ്ധിമുട്ടാക്കും. ഇത് സ്മാർട്ട്‌ഫോൺ ആപ്പുകളിലും ദേശീയ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളിലും ഒരേപോലെ സിഗ്നൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയതായി കാണുന്നു.

കഴിഞ്ഞ പതിറ്റാണ്ടിൽ നിന്നുള്ള പാഠം വ്യക്തമാണ്. ഏറ്റവും വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുള്ളത് ഭൂകമ്പങ്ങൾ ഉണ്ടാകുന്നതിന് മുൻപ് അവ പ്രവചിക്കുന്നതിലല്ല, മറിച്ച് സമൂഹങ്ങൾ അവയെ എത്ര വേഗത്തിൽ കണ്ടെത്തുന്നു, അപകടസാധ്യതകൾ എങ്ങനെ ആശയവിനിമയം നടത്തുന്നു, എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ്. വെനിസ്വേലയെപ്പോലെ അപകടസാധ്യതയുള്ള രാജ്യങ്ങൾക്ക് മുന്നോട്ടുള്ള വഴി സങ്കീർണ്ണമല്ല: സാന്ദ്രതയേറിയ നിരീക്ഷണ ശൃംഖലകളിൽ നിക്ഷേപിക്കുക, ആശയവിനിമയ സംവിധാനങ്ങളെ സംരക്ഷിക്കുക, പൊതുജന വിദ്യാഭ്യാസം വ്യാപിപ്പിക്കുക, ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന മുന്നറിയിപ്പ് സംവിധാനങ്ങൾ നിർമ്മിക്കുക. ഭൂകമ്പങ്ങളെ തടയാൻ കഴിയില്ല. എന്നാൽ ശരിയായ തയ്യാറെടുപ്പുകളുണ്ടെങ്കിൽ, ഈ അളവിലുള്ള ദുരന്തങ്ങൾ ഇത്രയും വലിയൊരു ദാരുണ സംഭവമായി മാറേണ്ടതില്ല.

(പരിഭാഷ, എഡിറ്റിംഗ് സുരേന്ദ്രൻ കണ്ണൂർ)