പ്രധാനമായും എലികളുടെ മൂത്രം, വിസർജ്യം എന്നിവയിലൂടെ പകരുന്ന അപൂർവ്വവും എന്നാൽ കഠിനവുമായ രോഗമാണിത്.
ഈ വൈറസ് ശ്വാസകോശത്തെയോ വൃക്കകളെയോ മാരകമായി ബാധിക്കുന്ന സങ്കീർണ്ണാവസ്ഥകളിലേക്ക് (Syndromes) നയിച്ചേക്കാം.
രോഗത്തിന്റെ തീവ്രതയനുസരിച്ച് ചില സാഹചര്യങ്ങളിൽ മരണനിരക്ക് 38 ശതമാനം വരെ ഉയർന്നേക്കാം.
വൈറസ് എങ്ങനെ കപ്പലിലെത്തി എന്നതിനെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തുകയും ബാക്കിയുള്ള യാത്രക്കാരുടെ രോഗലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു.
അറ്റ്‌ലാന്റിക് സമുദ്രത്തിന് നടുവിൽ വിനോദസഞ്ചാര കപ്പലിലുണ്ടായ ഹന്റാവൈറസ് ബാധയെത്തുടർന്ന് മൂന്ന് പേർ മരിച്ചു. കുറഞ്ഞത് ഒരു യാത്രക്കാരനെങ്കിലും ദക്ഷിണാഫ്രിക്കയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ലോകാരോഗ്യ സംഘടന മരണവിവരവും, അപൂർവ്വമായ ഈ രോഗം ഒരാൾക്ക് സ്ഥിരീകരിച്ച കാര്യവും അറിയിച്ചത്. എംവി ഹോണ്ടിയസിൽ (MV Hondius) യാത്ര ചെയ്തിരുന്ന മറ്റ് അഞ്ച് പേർക്ക് കൂടി രോഗബാധയുണ്ടോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
എന്താണ് ഹന്റാവൈറസ്? എന്തുകൊണ്ടാണ് ഇത് ഇത്ര മാരകമാകുന്നത്?
അന്വേഷണം പുരോഗമിക്കുമ്പോൾ, നമുക്ക് ഇതുവരെ ലഭ്യമായ വിവരങ്ങൾ ഇവയാണ്:
എന്താണ് ഹന്റാവൈറസ്?
കടുത്ത രക്തസ്രാവം, പനി, മരണം എന്നിവയ്ക്ക് കാരണമായേക്കാവുന്ന അപൂർവ്വവും എന്നാൽ ഗുരുതരവുമായ ശ്വാസകോശ രോഗമാണ് ഹന്റാവൈറസ്.
എലികൾ, ചുണ്ടെലികൾ തുടങ്ങിയവയിലൂടെയാണ് ഈ വൈറസ് പകരുന്നത്. പ്രധാനമായും രോഗബാധിതരായ മൃഗങ്ങളുടെ മൂത്രത്തിലൂടെയും വിസർജ്യത്തിലൂടെയുമാണ് ഇത് പടരുന്നത്.
ഹന്റാവൈറസ് സാധാരണയായി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാറില്ല. എന്നിരുന്നാലും, അപൂർവ്വ സാഹചര്യങ്ങളിൽ മനുഷ്യർക്കിടയിൽ രോഗവ്യാപനം ഉണ്ടായേക്കാം.
ആഗോളതലത്തിൽ ഓരോ വർഷവും ഏകദേശം 1,50,000 മുതൽ 2,00,000 വരെ ഹന്റാവൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
ഇത് സാധാരണയായി മനുഷ്യരിലേക്ക് പകരാത്തതിനാൽ, കോവിഡ് അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലുള്ള വായുവിലൂടെ പകരുന്ന വൈറസുകളെ അപേക്ഷിച്ച് പകർച്ചാ സാധ്യത കുറവാണ്.
എന്തുകൊണ്ടാണ് ഇത് ഇത്ര മാരകമാകുന്നത്?
ഹന്റാവൈറസുകൾ പ്രധാനമായും രണ്ട് തരത്തിലാണുള്ളത്, അവയ്ക്ക് വ്യത്യസ്ത രോഗലക്ഷണങ്ങളുമുണ്ട്.
ശ്വാസകോശത്തെ ബാധിക്കുന്ന 'ഹന്റാവൈറസ് പൾമണറി സിൻഡ്രോം' (Hantavirus pulmonary syndrome) പ്രധാനമായും അമേരിക്കയിലാണ് കാണപ്പെടുന്നത്. ഒരാൾക്ക് ഈ വൈറസ് ബാധിച്ചാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ചുമയും ശ്വാസതടസ്സവും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
രോഗം കൂടുന്നതിനനുസരിച്ച് തളർച്ച, പനി, പേശിവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. കൂടാതെ തലവേദന, തലകറക്കം, ഓക്കാനം, ഛർദ്ദി, വയറുവേദന എന്നിവയും ഉണ്ടായേക്കാം. ഇതാണ് ഹന്റാവൈറസുകളിൽ ഏറ്റവും മാരകമായ രൂപം. ദൗർഭാഗ്യവശാൽ, ഈ രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരിൽ 38 ശതമാനത്തോളം പേരും മരണത്തിന് കീഴടങ്ങുന്നു.
'ഹെമറാജിക് ഫീവർ വിത്ത് റീനൽ സിൻഡ്രോം' (Hemorrhagic fever with renal syndrome) പ്രധാനമായും യൂറോപ്പിലും ഏഷ്യയിലുമാണ് കാണപ്പെടുന്നത്. എന്നാൽ ഇതിലെ 'സോൾ വൈറസ്' (Seoul virus) എന്ന വിഭാഗം ലോകമെമ്പാടും വ്യാപിച്ചിട്ടുണ്ട്. ഹന്റാവൈറസിന്റെ ഈ രൂപം പ്രധാനമായും വൃക്കകളെയാണ് ബാധിക്കുന്നത്.
വൈറസ് ബാധയേറ്റ് സാധാരണയായി രണ്ടാഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത തലവേദന, വയറുവേദന, ഓക്കാനം, കാഴ്ച മങ്ങൽ എന്നിവയാണ് ആദ്യകാല ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുമ്പോൾ കുറഞ്ഞ രക്തസമ്മർദ്ദം, ആന്തരിക രക്തസ്രാവം, വൃക്ക തകരാർ (Acute kidney failure) എന്നിവ സംഭവിക്കാം. വിവിധ വൈറസുകൾ കാരണമുണ്ടാകുന്ന ഈ രോഗത്തിന്റെ തീവ്രതയനുസരിച്ച് മരണനിരക്ക് 1 മുതൽ 15 ശതമാനം വരെയാകാം.
നിർഭാഗ്യവശാൽ, ഹന്റാവൈറസിന്റെ രണ്ട് വിഭാഗങ്ങൾക്കും പ്രത്യേക ചികിത്സയോ മരുന്നോ ലഭ്യമല്ല. എങ്കിലും, കൃത്യസമയത്ത് ലഭിക്കുന്ന ചികിത്സ അതിജീവന സാധ്യത വർദ്ധിപ്പിക്കും. റെസ്പിറേറ്ററുകൾ, ഓക്സിജൻ തെറാപ്പി, ഡയാലിസിസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
യാത്രക്കാർക്ക് ബാധിച്ചത് ഏത് തരം ഹന്റാവൈറസ് ആണെന്ന് അധികൃതർ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് എങ്ങനെ കപ്പലിലെത്തി?
ക്രൂയിസ് കപ്പൽ പോലുള്ള സാഹചര്യങ്ങളിൽ, യാത്രക്കാർക്ക് രണ്ട് രീതിയിൽ ഹന്റാവൈറസ് ബാധിക്കാം.
ഒന്ന്, കരയിലിറങ്ങിയുള്ള വിനോദയാത്രകൾക്കിടയിൽ (Shore excursion) വൈറസ് ബാധയേൽക്കാനുള്ള സാധ്യത.
രണ്ടാമത്തേത്, കപ്പലിലെത്തിയ ചരക്കുകൾക്കൊപ്പം എലികൾ അകത്തുകടക്കുകയും അവയുടെ വിസർജ്യത്തിലൂടെ യാത്രക്കാരിലേക്ക് രോഗം പടരുകയും ചെയ്യുക എന്നത്. ശുചിത്വ നിലവാരം, ഭക്ഷണ സംഭരണ രീതികൾ എന്നിവ രോഗം വേഗത്തിൽ പടരാൻ കാരണമായിട്ടുണ്ടാകാം.
ഈ രോഗവ്യാപനം തടയുന്നതിന്, അധികൃതർ ആദ്യം കപ്പലിലെ എലികളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യണം. തുടർന്ന് എല്ലാ യാത്രക്കാരുടെയും രോഗലക്ഷണങ്ങൾ നിരീക്ഷിക്കണം. കോവിഡ് കണ്ടെത്താൻ ഉപയോഗിക്കുന്നതിന് സമാനമായ പിസിആർ (PCR) പരിശോധനയിലൂടെയാണ് ഹന്റാവൈറസും സ്ഥിരീകരിക്കുന്നത്.
പ്രത്യേക മരുന്നുകൾ ഇല്ലാത്തതിനാൽ, രോഗബാധിതരായ യാത്രക്കാരുടെ ശ്വസനവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തി ലക്ഷണങ്ങൾ നിയന്ത്രിക്കാൻ അധികൃതർ സഹായിക്കണം.
നമ്മൾ എത്രത്തോളം ആശങ്കപ്പെടണം?
ആശങ്കാജനകമാണെങ്കിലും ഹന്റാവൈറസ് കേസുകൾ ഇപ്പോഴും വളരെ അപൂർവ്വമാണ്. എന്നാൽ ഇതിന്റെ ലക്ഷണങ്ങൾ മറ്റ് ശ്വാസകോശ രോഗങ്ങൾക്ക് സമാനമായതിനാൽ ലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. വൈറസ് സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പോയിട്ടുള്ളവർക്ക് ശ്വാസതടസ്സമോ പനിയോ മറ്റ് ഫ്ലൂ ലക്ഷണങ്ങളോ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണുക.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)