ഐസ്റ്റോക്ക്
Health

ഏറ്റവും വലിയ ഭീഷണിയാകുന്ന രോഗകാരികളെ കണ്ടെത്തി പുതിയ വൈറസ് കാറ്റലോഗ്

അടുത്ത ആഗോളതലത്തിലുള്ള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായേക്കാവുന്ന രോഗകാരികളെ മുൻനിർത്തി, മനുഷ്യരെ ബാധിക്കുന്ന ആർ.എൻ.എ (RNA) വൈറസുകളുടെ മഹാമാരി സാധ്യത വിലയിരുത്തി എഡിൻബർഗിന്റെ നേതൃത്വത്തിൽ പുതിയ കാറ്റലോഗ് തയ്യാറാക്കി.

Mark Woolhouse

  • ഭാവിയിൽ വലിയൊരു മഹാമാരിക്ക് കാരണമായേക്കാവുന്ന രോഗകാരികളെ തിരിച്ചറിയുന്നതിനായി, മനുഷ്യരെ ബാധിക്കുന്ന ആർ.എൻ.എ (RNA) വൈറസുകളുടെ വിശദമായ ഒരു വിവരശേഖരം (catalogue) എഡിൻബർഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ തയ്യാറാക്കിയിട്ടുണ്ട്.

  • വൈറസുകളുടെ വ്യാപന രീതികൾ, ആർ-നമ്പർ, മുൻകാലങ്ങളിലുണ്ടായ രോഗവ്യാപന ചരിത്രം എന്നിവയെല്ലാം അപഗ്രഥിച്ചാണ് ഈ കാറ്റലോഗ് രൂപീകരിച്ചിരിക്കുന്നത്.

  • മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതും എന്നാൽ കാര്യമായ ഭീഷണിയില്ലാത്തതുമായ വൈറസുകളെയും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് തുടർച്ചയായി പകരാൻ ശേഷിയുള്ള അപകടകാരികളായ വൈറസുകളെയും ഇത് വേർതിരിച്ചു കാണിക്കുന്നു. ഭാവിയിലുണ്ടായേക്കാവുന്ന അടിയന്തരാവസ്ഥകളെ മുൻകൂട്ടി കാണാനും കൃത്യമായി പ്രതിരോധിക്കാനും സഹായിക്കുന്ന ശക്തമായൊരു സംവിധാനമാണിത്.

സാധാരണഗതിയിൽ, ശാസ്ത്രജ്ഞർ പ്രതിവർഷം മനുഷ്യരിൽ ഇതുവരെ കാണാത്ത രണ്ട് അല്ലെങ്കിൽ മൂന്ന് പുതിയ വൈറസുകളെ കണ്ടെത്താറുണ്ട്. ഈ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ടെങ്കിലും, 1960-കൾ മുതൽ ഈ പ്രവണത ഏറെക്കുറെ ഒരേ നിലയിലാണ് തുടരുന്നത്. ഇതിൽ ഭൂരിഭാഗം വൈറസുകളും കാര്യമായ ശ്രദ്ധ ആകർഷിക്കാറില്ല. പലപ്പോഴും എന്റെ സഹപ്രവർത്തകർക്കും എനിക്കും ഇവയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ പഴയ മെഡിക്കൽ പേപ്പറുകൾ തിരയേണ്ടി വന്നിട്ടുണ്ട്. ചില വൈറസുകൾ പൂർണ്ണമായും അപ്രത്യക്ഷമാവുകയും ആളുകൾ അവയെ പാടെ മറന്നുപോവുകയും ചെയ്യാറുണ്ട്. എന്നാൽ ഇതിന് നേർവിപരീതമായി, 1983-ൽ എച്ച്.ഐ.വി-1 (HIV-1), 2020-ൽ സാർസ്-കോവ്-2 (Sars-CoV-2) എന്നിവയുടെ കണ്ടെത്തൽ യഥാക്രമം എയ്‌ഡ്സ്, കോവിഡ് മഹാമാരികളുടെ വരവറിയിക്കുന്നതായിരുന്നു. ഇവ രണ്ടും കോടിക്കണക്കിന് ആളുകളുടെ ജീവനാണ് കവർന്നത്.

അടുത്ത തവണ ഒരു ശാസ്ത്രജ്ഞൻ ഒരു രോഗിയിൽ അസാധാരണമായതോ അറിയപ്പെടാത്തതോ ആയ ഒരു വൈറസിനെ കണ്ടെത്തുമ്പോൾ - അത് മിക്കവാറും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ സംഭവിച്ചേക്കാം - അത് എയ്‌ഡ്‌സ് അല്ലെങ്കിൽ കോവിഡ് പോലെയുള്ള ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകുമോ എന്ന് അവർ എങ്ങനെ മനസ്സിലാക്കും? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ എഡിൻബർഗ് സർവകലാശാലയിലെ എന്റെ ടീം വൈറസുകളുടെ ചരിത്രത്തിൽ നിന്നുള്ള പാഠങ്ങളാണ് ഉപയോഗിക്കുന്നത്.

മഹാമാരികൾ പല രൂപത്തിലാണ് വരുന്നത്, എന്നാൽ അടുത്ത കാലത്തായി ഇതിന് ഏറ്റവും കൂടുതൽ കാരണമായിരിക്കുന്നത് ഡി.എൻ.എ (DNA) വൈറസുകളേക്കാൾ, ആർ.എൻ.എ (RNA) ജനിതകഘടനയുള്ള വൈറസുകളാണ്. ആയിരക്കണക്കിന് ആർ.എൻ.എ വൈറസ് ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഒരുപക്ഷേ ലക്ഷക്കണക്കിന് വേറെയുമുണ്ടാകാം, എന്നാൽ അവയിൽ 239 എണ്ണം മാത്രമാണ് മനുഷ്യരെ ബാധിക്കുന്നത്. ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവയെ കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്ന ഒരു കാറ്റലോഗ് ഞങ്ങൾ അടുത്തിടെ പ്രസിദ്ധീകരിക്കുകയുണ്ടായി.

രോഗത്തിന്റെ സ്വഭാവവും തീവ്രതയും പ്രധാന സൂചകങ്ങളാണെങ്കിലും, വൈറസിന് മനുഷ്യർക്കിടയിൽ പടരാൻ കഴിഞ്ഞില്ലെങ്കിൽ അതൊരു മഹാമാരിയായി മാറില്ല. ശാരീരിക സമ്പർക്കം, വായുവിലൂടെയുള്ള കണികകൾ ശ്വസിക്കുന്നത്, രക്തവുമായോ മലവുമായോ ഉള്ള സമ്പർക്കം, അല്ലെങ്കിൽ കൊതുക്, ചെള്ള് എന്നിവയുടെ കടി എന്നിവയിലൂടെയെല്ലാം ഈ വ്യാപനം സംഭവിക്കാം.

ഞങ്ങളുടെ പട്ടികയിലുള്ള വൈറസുകളിൽ മൂന്നിൽ രണ്ട് ഭാഗത്തിലും, രോഗബാധിതനായ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാൻ സാധ്യത വളരെ കുറവാണ്. ഇവ 'സൂണോട്ടിക്' (zoonotic) വൈറസുകൾ അഥവാ മൃഗജന്യ വൈറസുകൾ എന്നാണ് അറിയപ്പെടുന്നത്. അതായത്, ആളുകൾക്ക് ഇവ സാധാരണയായി പകരുന്നത് മറ്റ് മനുഷ്യരിൽ നിന്നല്ല, മറിച്ച് മൃഗങ്ങളിൽ നിന്നാണ്. പേവിഷബാധയ്ക്ക് കാരണമാകുന്ന റേബീസ് (Rabies) വൈറസ് ഇതിനൊരു ഉദാഹരണമാണ്.

കേൾക്കുമ്പോൾ ഇത് ആശ്വാസകരമായി തോന്നാമെങ്കിലും, വൈറസുകൾ വളരെ വേഗത്തിൽ ജനിതകമാറ്റം സംഭവിക്കുന്നവയാണ്. അതിനാൽ ഒരു മൃഗജന്യ വൈറസ് മനുഷ്യർക്കിടയിൽ പടരാനുള്ള ശേഷി കൈവരിച്ചേക്കുമോ എന്ന ആശങ്ക സ്വാഭാവികമാണ്. ശാസ്ത്രജ്ഞർ പക്ഷിപ്പനിയെക്കുറിച്ച് (bird flu) ഇത്രയധികം ആശങ്കപ്പെടുന്നത് അതുകൊണ്ടാണ്. എന്നാൽ ഒരു ആർ.എൻ.എ വൈറസ് അത്തരത്തിൽ മാറിയതിന് കൃത്യമായ തെളിവുകളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പ്രതിവർഷം പതിനായിരക്കണക്കിന് മനുഷ്യർക്ക് രോഗബാധയുണ്ടാകുന്നുണ്ടെങ്കിലും റേബീസ് വൈറസിന് ഈ മാറ്റം സംഭവിച്ചിട്ടില്ല.

എന്നാൽ ഇതിലും വലിയ ഭീഷണി ഉയർത്തുന്നത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ ഇതിനകം തന്നെ ശേഷിയുള്ള വൈറസുകളാണ്. അവയുടെ വ്യാപനശേഷി വീണ്ടും വർദ്ധിച്ചേക്കാം - സാർസ്-കോവ്-2 വകഭേദങ്ങളുടെ കാര്യത്തിൽ സംഭവിച്ചത് പോലെ. എന്നാൽ അവ മനുഷ്യർക്കിടയിൽ പടരാൻ ശേഷിയുള്ള അവസ്ഥയിൽ തന്നെയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എത്തിയത്. പണ്ട് കാലത്തുണ്ടായ വസൂരി (measles), പൊട്ടൻവീക്കം (mumps), റുബെല്ല (rubella) എന്നിവയും ജലദോഷം, വയറിളക്കം എന്നിവയുമായി ബന്ധപ്പെട്ട ഡസൻ കണക്കിന് വൈറസുകളും ഇത്തരത്തിലാണ് ഉത്ഭവിച്ചത്.

മനുഷ്യർക്കിടയിൽ പടരാൻ ശേഷിയുണ്ടെങ്കിലും, ഇതുവരെ പരിമിതമായ രീതിയിൽ മാത്രം രോഗവ്യാപനം ഉണ്ടാക്കിയിട്ടുള്ള വൈറസുകളും ഇതിലുണ്ട്. കാരണം അവയുടെ 'ആർ-നമ്പർ' (R number - രോഗബാധിതനായ ഒരാൾ ശരാശരി എത്രപേരിലേക്ക് രോഗം പകർത്തുന്നു എന്ന നിരക്ക്) വളരെ കുറവാണ്. അതിനാൽ രോഗവ്യാപനത്തിന്റെ കണ്ണികൾ തനിയെ ഇല്ലാതാകുന്നു. എന്നാൽ ആർ-നമ്പറുകൾ മാറാം; ഉദാഹരണത്തിന്, മുമ്പ് വിദൂര ഗ്രാമങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഒരു വൈറസ് ഒരു നഗരത്തിൽ എത്തുമ്പോൾ ഇത് സംഭവിക്കാം. 2014-ൽ പശ്ചിമാഫ്രിക്കയിൽ 'സയർ ഇബോളാവൈറസ്' (Zaire ebolavirus) പടർന്നപ്പോൾ ഇതാണ് സംഭവിച്ചത്.

ഞങ്ങളുടെ വലിയ രോഗവ്യാപന സാധ്യതയുള്ള വൈറസുകളുടെ പട്ടികയിൽ ഏതാനും ഡസൻ പേരുകൾ മാത്രമേയുള്ളൂവെങ്കിലും, പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ പ്രവചിക്കാൻ സഹായിക്കുന്ന ശക്തമായൊരു സംവിധാനമാണിത്. സയർ ഇബോളാവൈറസ്, പ്രാണികൾ പരത്തുന്ന ചികുൻഗുനിയ, സിക, ഒറോപൗച്ച് (Oropouche) വൈറസുകൾ, എംപോക്സ് (mpox - ഇതൊരു ഡി.എൻ.എ വൈറസാണ്) എന്നിവയെല്ലാം ഈ പട്ടികയിൽ ആദ്യമേ ഉണ്ടായിരുന്നു, ഇവയെല്ലാം പിന്നീട് വലിയ പകർച്ചവ്യാധികൾക്ക് കാരണമായി മാറി.

ഞങ്ങളുടെ പട്ടികയിലെ അപൂർവ്വമായിരുന്ന ചില വൈറസുകൾ ഇപ്പോൾ കൂടുതൽ പരിചിതമായിക്കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് അടുത്തിടെ ഒരു ക്രൂയിസ് കപ്പലിൽ രോഗവ്യാപനത്തിന് കാരണമായ 'ആൻഡീസ് ഹന്താവൈറസ്' (Andes hantavirus). മറ്റൊന്ന്, നിലവിൽ മധ്യ ആഫ്രിക്കയിൽ പടർന്നുപിടിക്കുന്ന 'ബുണ്ടിബുഗ്യോ ഇബോളാവൈറസ്' (Bundibugyo ebolavirus) ആണ്.

അടുത്ത മഹാമാരിക്ക് കാരണമാകുന്ന വൈറസ്

ഭാവിയിലുണ്ടായേക്കാവുന്ന ഒരു മഹാമാരി വൈറസ് - ചിലപ്പോൾ ഇതിനെ 'ഡിസീസ് എക്സ്' (disease X) എന്ന് വിളിക്കുന്നു - എങ്ങനെയുള്ളതായിരിക്കുമെന്ന് പ്രവചിക്കാനും ഞങ്ങളുടെ ഡാറ്റയ്ക്ക് കഴിയും. കോവിഡ് ഇതിനൊരു മികച്ച ഉദാഹരണമാണ്.

വ്യാപനശേഷി കൂടിയ വൈറസുകൾ മനുഷ്യർക്കിടയിൽ പടരുന്ന മറ്റ് വൈറസുകളുമായി അടുത്ത ബന്ധമുള്ളവയായിരിക്കുമെന്നും, എന്നാൽ അവ മൃഗങ്ങളിൽ നിന്ന് സ്വതന്ത്രമായാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നും 2019-ൽ എന്റെ ടീം കാണിച്ചുതന്നിരുന്നു. സാർസ്-കോവ്-2-ന്റെ കാര്യത്തിൽ ഇത് കൃത്യമായി സംഭവിച്ചു. ഇത് യഥാർത്ഥ സാർസ് കൊറോണ വൈറസിനോട് വളരെ സാമ്യമുള്ളതായിരുന്നു, എന്നാൽ വവ്വാലുകളിൽ നിന്ന് സ്വതന്ത്രമായി (ഒരുപക്ഷേ പരോക്ഷമായി) മനുഷ്യരിലെത്തിയതായിരുന്നു.

തൊട്ടുമുമ്പത്തെ വർഷം, ലോകാരോഗ്യ സംഘടന (WHO) 'ഡിസീസ് എക്സ്' ആകാൻ സാധ്യതയുള്ള ഒന്നായി സാർസ് പോലുള്ള ഒരു കൊറോണ വൈറസിനെ നിർദ്ദേശിച്ചിരുന്നു. അതുകൊണ്ടാണ് ശാസ്ത്രജ്ഞർ കോവിഡിന്റെ തുടക്കം മുതൽക്കേ അതീവ ജാഗ്രത പുലർത്തിയത് - അവർ എന്തിനെയാണോ പ്രതീക്ഷിച്ചിരുന്നത് അത് തന്നെയാണ് അവിടെ സംഭവിച്ചത്.

അതേസമയം, ആൻഡീസ് വൈറസിനോ ബുണ്ടിബുഗ്യോ വൈറസിനോ ഒരു ആഗോള മഹാമാരിക്ക് തുടക്കമിടാനുള്ള അത്തരം സവിശേഷതകളില്ല. എന്നാൽ, ഉദാഹരണത്തിന്, വസൂരിയോട് (measles) സാമ്യമുള്ള ഒരു പുതിയ വൈറസാണ് എങ്കിൽ കഥ മാറും. അത്തരമൊരു സാഹചര്യത്തിൽ, കോവിഡിനേക്കാൾ വളരെ മോശമായ ഒരു ആഗോള അടിയന്തരാവസ്ഥയ്ക്ക് യഥാർത്ഥ സാധ്യതയുണ്ട്.

എങ്കിലും ആൻഡീസും ബുണ്ടിബുഗ്യോയും ഒരു പ്രധാന പാഠം ഓർമ്മിപ്പിക്കുന്നുണ്ട്: ഇവ രണ്ടും കണ്ടെത്തുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ ഇവ പടർന്നുതുടങ്ങിയിരുന്നു. കോവിഡിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. പുതിയ വൈറസുകളെ വേഗത്തിൽ കണ്ടെത്താനും മനസ്സിലാക്കാനും സാധിച്ചാൽ, അടുത്ത മഹാമാരിക്ക് അത്തരമൊരു മുൻതൂക്കം ലഭിക്കുന്നത് തടയാൻ കഴിയും. ഇത് മനുഷ്യജീവനുകൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും ഉണ്ടാകുന്ന വൻ നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിൽ വലിയ മാറ്റം വരുത്തും.

- മാർക്ക് വൂൾഹൗസ്, പ്രൊഫസർ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് എപ്പിഡെമിയോളജി, എഡിൻബർഗ് സർവകലാശാല.

(പരിഭാഷ, എഡിറ്റിംഗ് സുരേന്ദ്രൻ കണ്ണൂർ)