പതിറ്റാണ്ടുകളായി, കേരളത്തിന്റെ പ്രവാസ സമ്പദ്‌വ്യവസ്ഥ സംസ്ഥാനത്തെ സാമൂഹികമായും സാമ്പത്തികമായും മാറ്റിമറിച്ചു. വിദേശത്തുനിന്നുള്ള പണം വീടുകൾ നിർമ്മിക്കാനും വിദ്യാഭ്യാസത്തിന് ധനസഹായം നൽകാനും ഒട്ടനവധി കുടുംബങ്ങളെ മധ്യവർഗ്ഗത്തിലേക്ക് ഉയർത്താനും സഹായിച്ചു. എന്നാൽ ആ വിജയഗാഥയ്ക്ക് പിന്നിൽ, മറ്റൊരു യാഥാർത്ഥ്യം പതുക്കെ ഉയർന്നുവരികയായിരുന്നു. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നീങ്ങുന്ന സമൂഹങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു, ഈ പരിവർത്തനത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ ഇനി അവഗണിക്കുക അസാധ്യമാണ്.
ഈ ജനസംഖ്യാപരമായ മാറ്റത്തോട് പ്രതികരിച്ചുകൊണ്ട്, കേരളത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) സർക്കാർ, മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി ഒരു അർദ്ധ-ന്യായാധിപ (quasi-judicial) സീനിയർ സിറ്റിസൺസ് കമ്മീഷനൊപ്പം ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക വയോജന മന്ത്രാലയവും (വകുപ്പ്) പ്രഖ്യാപിച്ചിരിക്കുകയാണ്.
ജപ്പാന്റെ വയോജന പരിചരണ സംവിധാനങ്ങളിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ടുള്ള ഈ സംരംഭം, വെറുമൊരു ക്ഷേമപദ്ധതി എന്നതിലുപരി ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു സാമൂഹിക ഇടപെടലായാണ് വിഭാവനം ചെയ്യുന്നത്.
വാർദ്ധക്യത്തെ ഇനി ഒരു കുടുംബത്തിന്റെ മാത്രം സ്വകാര്യ പ്രശ്നമായി കാണാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു.
"മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഒരു പരിഷ്കൃത സമൂഹത്തിന് അത്യാവശ്യമാണ്. അന്തസ്സ്, ആരോഗ്യം, യാത്രാസൗകര്യം, സുരക്ഷ, സാമൂഹിക നീതി എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ഭരണവിഷയമായി വാർദ്ധക്യം മാറിയിരിക്കുന്ന ഒരു ഘട്ടത്തിലേക്കാണ് കേരളം കടക്കുന്നത്," സതീശൻ പറഞ്ഞു.
ഒരു നിശബ്ദ പ്രതിസന്ധി
ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിൽ വയോജനങ്ങളുടെ അനുപാതം ഏറ്റവും കൂടുതലുള്ളത് നിലവിൽ കേരളത്തിലാണ്. 60 വയസ്സിന് മുകളിലുള്ളവർ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരും, അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ ഈ എണ്ണം കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030-ഓടെ, മുതിർന്ന പൗരന്മാർ സംസ്ഥാനത്തെ ജനസംഖ്യയുടെ നാലിലൊന്നോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
യുവതലമുറയുടെ അനുപാതം കൂടുതലുള്ള മറ്റ് പല ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി, കുറഞ്ഞ ജനനനിരക്ക്, ഉയർന്ന ആയുർദൈർഘ്യം, മെച്ചപ്പെട്ട ആരോഗ്യപരിപാലനം, യുവതലമുറയുടെ വൻതോതിലുള്ള പ്രവാസം എന്നിവ കാരണം കേരളം അതിവേഗം വാർദ്ധക്യത്തിലേക്ക് നീങ്ങുകയാണ്.
ഇതിന്റെ പ്രത്യാഘാതങ്ങൾ സംസ്ഥാനത്തുടനീളം ദൃശ്യമാണ്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ, പണ്ട് വലിയ കൂട്ടുകുടുംബങ്ങൾ താമസിച്ചിരുന്ന വീടുകളിൽ വയോധികരായ ദമ്പതികൾ മാത്രമായി ജീവിക്കുന്ന സാഹചര്യം വർദ്ധിച്ചുവരുന്നു. സാമ്പത്തിക സ്വാതന്ത്ര്യം ഒട്ടുമില്ലാതെ ജീവിക്കുന്ന അനേകം വിധവകൾ ഇവിടെയുണ്ട്. കിടപ്പിലായ മുതിർന്ന പൗരന്മാർ പലപ്പോഴും പ്രാദേശിക സന്നദ്ധപ്രവർത്തകരെയോ താൽക്കാലിക പരിചരണ സംവിധാനങ്ങളെയോ മാത്രമാണ് പൂർണ്ണമായും ആശ്രയിക്കുന്നത്. മാനസികമായ ഒറ്റപ്പെടൽ, വിഷാദം, വാർദ്ധക്യസഹജമായ രോഗങ്ങൾ എന്നിവയും ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിന്റെ ഈ പുതിയ സംരംഭത്തിന് പിന്നിലെ നയരൂപീകരണ ചിന്തകളിൽ ഭൂരിഭാഗവും രൂപപ്പെട്ടത്, തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ (CDS) പ്രവാസ കാര്യ ഗവേഷകൻ എസ്. ഇരുദയ രാജൻ വർഷങ്ങളായി നടത്തിയ പഠനങ്ങളിൽ നിന്നാണ്. പ്രവാസം കൂടുതലുള്ള പ്രദേശങ്ങളിൽ നടത്തിയ അദ്ദേഹത്തിന്റെ പഠനങ്ങൾ, യുവതലമുറ ജോലിക്കായി വിദേശങ്ങളിലേക്ക് പോകുമ്പോൾ പ്രായമായ മാതാപിതാക്കൾ എങ്ങനെയാണ് നാട്ടിൽ ഒറ്റപ്പെട്ടുപോകുന്നത് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ ഗ്രാമാന്തരങ്ങളിൽ നിശബ്ദമായ ഒരു സാമൂഹിക പ്രതിസന്ധി രൂപപ്പെടുന്നതായി ഈ പഠനങ്ങൾ വെളിപ്പെടുത്തി. മക്കൾ നാട്ടിലേക്ക് പണം അയക്കുന്നത് തുടരുമ്പോഴും, പ്രായമായ പല മാതാപിതാക്കളും ഏകാന്തതയും അവഗണനയും മാനസികമായ ഒറ്റപ്പെടലും അനുഭവിക്കുന്നുണ്ടായിരുന്നു.
സാമൂഹിക നീതി നയരൂപീകരണവുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുള്ള മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥ അദീല അബ്ദുള്ള വ്യക്തമാക്കിയത്, വാർദ്ധക്യം എന്ന വിഷയം ഭരണകൂടത്തിന്റെ ചർച്ചകളുടെ കേന്ദ്രബിന്ദുവായി മാറേണ്ട ഒരു ഘട്ടത്തിൽ കേരളം എത്തിക്കഴിഞ്ഞു എന്നാണ്.
"പ്രശ്നങ്ങൾ ആരോഗ്യപരിപാലനത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഏകാന്തത, യാത്രാസൗകര്യങ്ങളുടെ കുറവ്, മാനസികമായ അരക്ഷിതാവസ്ഥ, പരമ്പരാഗത പരിചരണ സംവിധാനങ്ങളുടെ തകർച്ച എന്നിവയെല്ലാം വലിയ ആശങ്കകളായി മാറുകയാണ്," അവർ പറഞ്ഞു.
ഹോം-കെയർ പദ്ധതികൾ, പാലിയേറ്റീവ് കെയർ സംരംഭങ്ങൾ, കമ്മ്യൂണിറ്റി അധിഷ്ഠിത പിന്തുണാ പദ്ധതികൾ എന്നിവയുൾപ്പെടെ വയോജനങ്ങൾക്കായി നിരവധി ക്ഷേമപരിപാടികൾ കേരളം നിലവിൽ നടപ്പിലാക്കുന്നുണ്ട്. എങ്കിലും, സംസ്ഥാനം നേരിടുന്ന വെല്ലുവിളിയുടെ വ്യാപ്തി വെച്ചുനോക്കുമ്പോൾ ഈ ഇടപെടലുകൾ ചിതറിക്കിടക്കുന്നതും അപര്യാപ്തവുമാണെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.
സംസ്ഥാന ഭരണകൂടത്തിന്റെ ഇടപെടൽ
പുതുതായി രൂപീകരിക്കുന്ന സീനിയർ സിറ്റിസൺസ് കമ്മീഷൻ, ക്ഷേമപ്രവർത്തനങ്ങൾ, നിയമപരമായ സംരക്ഷണം, നയപരമായ ഇടപെടലുകൾ എന്നിവയെല്ലാം ഒരൊറ്റ സ്ഥാപനപരമായ ചട്ടക്കൂടിന് കീഴിൽ ഏകോപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ വകുപ്പിന്റെ അധിക ചുമതല വഹിക്കുമെന്ന് കരുതപ്പെടുന്ന ഗതാഗത മന്ത്രി സി. പി. ജോൺ വ്യക്തമാക്കിയത്, പണ്ട് വയോജനങ്ങൾക്ക് സംരക്ഷണം നൽകിയിരുന്ന പരമ്പരാഗത സാമൂഹിക സംവിധാനങ്ങൾ അതിവേഗം ദുർബലപ്പെടുകയാണെന്നാണ്.
"കൂട്ടുകുടുംബ വ്യവസ്ഥിതി മാറി. പ്രവാസം കുടുംബങ്ങൾക്കുള്ളിലെ ബന്ധങ്ങളെ മാറ്റിമറിച്ചു. പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്ക് താമസിക്കുന്ന സാഹചര്യം വർദ്ധിച്ചുവരികയാണ്. സാമ്പത്തിക സഹായം ലഭ്യമാണെങ്കിൽ പോലും, പലരും മാനസികമായ ഒറ്റപ്പെടൽ നേരിടുന്നുണ്ട്," ജോൺ പറഞ്ഞു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, വയോജന ക്ഷേമം എന്നത് ഇനി പെൻഷനുകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളിലും മാത്രം ഒതുക്കിനിർത്താൻ കഴിയില്ല.
"മുതിർന്ന പൗരന്മാർ അന്തസ്സും നിയമപരമായ സംരക്ഷണവും സമൂഹത്തിൽ അർത്ഥവത്തായ പങ്കാളിത്തവും അർഹിക്കുന്നുണ്ട്. 60-നും 70-നും ഇടയിൽ പ്രായമുള്ള പലരും സജീവവും വൈദഗ്ധ്യമുള്ളവരും പൊതുജീവിതത്തിലേക്ക് വലിയ സംഭാവനകൾ നൽകാൻ ശേഷിയുള്ളവരുമാണ്," അദ്ദേഹം പറഞ്ഞു.
രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന കമ്മീഷന് വയോജനങ്ങളോടുള്ള അവഗണന, പീഡനം, അവകാശങ്ങൾ നിഷേധിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഇടപെടാൻ അർദ്ധ-ന്യായാധിപ (quasi-judicial) അധികാരങ്ങൾ ഉണ്ടായിരിക്കും. കൂടാതെ, മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കൾക്ക് നിയമപരമായ ബാധ്യത നൽകുന്ന, എന്നാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും കൃത്യമായി നടപ്പിലാക്കപ്പെടാത്ത 'മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമം-2007' (Maintenance and Welfare of Parents and Senior Citizens Act, 2007) കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് കമ്മീഷൻ നിരീക്ഷിക്കുകയും ചെയ്യും.
പരാതി പരിഹാരത്തിന് പുറമെ, വയോജന സൗഹൃദ നയങ്ങളെക്കുറിച്ചും പൊതു അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും സർക്കാരിന് ഉപദേശം നൽകാനും കമ്മീഷൻ ബാധ്യസ്ഥരായിരിക്കും.
വയോജന പരിചരണത്തിൽ ജപ്പാൻ മാതൃകയോട് കേരളത്തിന് താല്പര്യം തോന്നാൻ കാരണം ഇരു സമൂഹങ്ങളും നിലവിൽ നേരിടുന്ന സമാനതകളാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ വയോധികരുള്ള രാജ്യങ്ങളിലൊന്നായ ജപ്പാൻ, പ്രായമായവരെ വയോജന മന്ദിരങ്ങളിൽ (old-age homes) പൂർണ്ണമായി പാർപ്പിക്കുന്നതിന് പകരം, കമ്മ്യൂണിറ്റി അധിഷ്ഠിത വയോജന പരിചരണം, അസിസ്റ്റഡ് ലിവിങ് സംവിധാനങ്ങൾ, വീടുകൾ കേന്ദ്രീകരിച്ചുള്ള പിന്തുണ എന്നിവയിലേക്കാണ് മാറിയത്.
ആ തത്ത്വങ്ങളിൽ ചിലത് പ്രാദേശിക യാഥാർത്ഥ്യങ്ങൾക്ക് അനുസൃതമായി മാറ്റിയെടുക്കാനാണ് കേരളം ഇപ്പോൾ ആഗ്രഹിക്കുന്നത്.
മുതിർന്ന പൗരന്മാരെ വൃദ്ധസദനങ്ങളിൽ ഒറ്റപ്പെടുത്തുന്നതിന് പകരം, അവർക്ക് തങ്ങളുടെ പരിചിതമായ അയൽപക്കങ്ങളിലും സാമൂഹിക അന്തരീക്ഷത്തിലും തുടർന്ന് ജീവിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഗാർഹിക പരിചരണ സംവിധാനങ്ങൾ (domiciliary care systems) ശക്തിപ്പെടുത്താൻ സംസ്ഥാനം പദ്ധതിയിടുന്നു.
ആരോഗ്യ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനത്തിലൂടെ കിടപ്പിലായ മുതിർന്ന പൗരന്മാർക്ക് പരിശീലനം ലഭിച്ച പരിചാരകരുടെ (caregivers) സേവനം ഉറപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
നയരൂപീകരണത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ആശങ്ക, വിദഗ്ധർ 'വാർദ്ധക്യത്തിന്റെ സ്ത്രീവൽക്കരണം' (feminisation of ageing) എന്ന് വിശേഷിപ്പിക്കുന്ന പ്രതിഭാസമാണ്.
കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ആയുർദൈർഘ്യം പൊതുവെ സ്ത്രീകൾക്കാണ്. തൽഫലമായി, പ്രായമായ സ്ത്രീകളിൽ വലിയൊരു വിഭാഗം പരിമിതമായ വരുമാനവും ദുർബലമായ സാമൂഹിക സുരക്ഷയും കടുത്ത മാനസിക അരക്ഷിതാവസ്ഥയുമുള്ള വിധവകളായി ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്നു.
പല ഗ്രാമങ്ങളിലും, മക്കൾ വിദേശത്തോ ദൂരെയുള്ള നഗരങ്ങളിലോ ജീവിക്കുന്നതിനാൽ പ്രായമായ സ്ത്രീകൾ വർഷങ്ങളോളം ഏകാന്തതയിലാണ് കഴിയുന്നത്. കേരളത്തിലെ വയോജന ജനസംഖ്യയിൽ ഏറ്റവും കൂടുതൽ ദുർബല അവസ്ഥയിലുള്ളത് ഇവരാണെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
പൊതുയിടങ്ങളിൽ മുതിർന്ന പൗരന്മാർ നേരിടുന്ന ദൈനംദിന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സംസ്ഥാനത്തിന്റെ ഈ പുതിയ ഇടപെടൽ ലക്ഷ്യമിടുന്നു.
അപ്രാപ്യമായ ആശുപത്രികൾ, പൊതുസ്ഥാപനങ്ങളിൽ ഇരിക്കാനുള്ള സൗകര്യമില്ലായ്മ, സുരക്ഷിതമല്ലാത്ത റോഡുകൾ, സങ്കീർണ്ണമായ ബാങ്കിംഗ് നടപടിക്രമങ്ങൾ, പ്രായമായവരുടെ ശാരീരിക ബുദ്ധിമുട്ടുകൾക്ക് അനുയോജ്യമല്ലാത്ത പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് മുതിർന്ന പൗരന്മാർ പലപ്പോഴും പരാതിപ്പെടാറുണ്ട്.
ലോ-ഫ്ലോർ ബസുകൾ, സുരക്ഷിതമായ പെഡസ്ട്രിയൻ ക്രോസിംഗുകൾ, പൊതു കെട്ടിടങ്ങളിൽ വീൽചെയർ പ്രവേശനം, ആശുപത്രികളിൽ മുൻഗണനാ സൗകര്യങ്ങൾ, ബാങ്കുകളിലും സർക്കാർ ഓഫീസുകളിലും മെച്ചപ്പെട്ട പ്രവേശനക്ഷമത എന്നിവയുൾപ്പെടെ പ്രായപരിഗണനയുള്ള നിരവധി പരിഷ്കാരങ്ങൾ സർക്കാർ ആലോചിച്ചുവരികയാണ്.
തദ്ദേശഭരണ സംരംഭങ്ങൾ, മെന്ററിംഗ് പ്രോഗ്രാമുകൾ, ഡിജിറ്റൽ സാക്ഷരതാ കാമ്പെയ്‌നുകൾ എന്നിവയിലൂടെ സമൂഹത്തിന് തുടർന്നും സംഭാവന നൽകാൻ കഴിയുന്ന വിരമിച്ച പ്രൊഫഷണലുകൾ, അധ്യാപകർ, എഞ്ചിനീയർമാർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരെ ഉൾപ്പെടുത്തി ഒരു 'സ്കിൽ ബാങ്ക്' (skill bank) രൂപീകരിക്കുന്നതിനെക്കുറിച്ചും നയരൂപകർത്താക്കൾ ചർച്ച ചെയ്യുന്നുണ്ട്.
പ്രവാസവും നഗരവൽക്കരണവും കേരളത്തിലെ കുടുംബജീവിതത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.
മുതിർന്ന പൗരന്മാരോടുള്ള സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും തിരികെ കൊണ്ടുവരുന്നതിനായി സ്കൂളുകളിലും കോളേജുകളിലും ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നത് പദ്ധതിയുടെ ഭാഗമായി മാറും.
എന്നിരുന്നാലും, വെറും ഔദ്യോഗിക പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം കേരളത്തിലെ വയോജന പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ലെന്ന് സാമൂഹിക പ്രവർത്തകരും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
പരിശീലനം ലഭിച്ച വയോജന പരിചാരകർ (geriatric caregivers), മാനസികാരോഗ്യ വിദഗ്ധർ, ദീർഘകാല പരിചരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ കുറവ് സംസ്ഥാനം നിലവിൽ നേരിടുന്നുണ്ട്. ഡിമെൻഷ്യ, അൽഷിമേഴ്സ്, പ്രമേഹം, പക്ഷാഘാതം മൂലമുള്ള വൈകല്യങ്ങൾ എന്നിവയുൾപ്പെടെ വാർദ്ധക്യവുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത രോഗങ്ങൾ കേരളത്തിന്റെ ആരോഗ്യ പരിപാലന വ്യവസ്ഥയ്ക്ക് മേൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്.
വിവിധ വകുപ്പുകളും ക്ഷേമ ഏജൻസികളും തമ്മിലുള്ള ഏകോപനം, ഫണ്ടിംഗ്, പദ്ധതി നടപ്പാക്കൽ എന്നിവയെക്കുറിച്ചും ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്.
എങ്കിലും, ഈ സംരംഭത്തെ പിന്തുണയ്ക്കുന്നവർ വിശ്വസിക്കുന്നത്, ബാക്കി ഇന്ത്യ ഇതുവരെ പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു ഭാവിയെ കേരളം വീണ്ടും മുൻകൂട്ടി കാണുകയാണെന്നാണ്.
വരുന്ന പതിറ്റാണ്ടുകളിൽ ഇന്ത്യയിലെ വയോജനങ്ങളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ മിക്ക സംസ്ഥാനങ്ങളിലെയും മുഖ്യധാരാ നയരൂപീകരണ ചർച്ചകളിൽ വാർദ്ധക്യം ഇപ്പോഴും വലിയൊരു പരിഗണനയേ അല്ലാത്ത വിഷയമായി തുടരുന്നു.
അതുകൊണ്ട് തന്നെ കേരളത്തിന്റെ പുതിയ വകുപ്പും കമ്മീഷനും കേവലമൊരു ഭരണപരമായ പുനഃസംഘടനയേക്കാൾ വലിയ ഒരു സംവിധാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. വാർദ്ധക്യം, ഏകാന്തത, അന്തസ്സ് എന്നിവ ആധുനിക ഇന്ത്യയെ നിർവചിക്കുന്ന പ്രധാന സാമൂഹിക ചോദ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അവ അടിവരയിടുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)