ഐസ്റ്റോക്ക്
Health

എബോള ബാധിത പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യ

എബോള ഭീഷണിയാണെന്ന് ഐ.സി.എം.ആർ; നിരീക്ഷണവും സന്നദ്ധതയും ശക്തമാക്കാൻ നിർദേശം

Himanshu Nitnaware

  • എബോള ബാധിത ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധമുള്ള കുടുംബങ്ങൾക്കും യാത്രക്കാർക്കുമായി ഇന്ത്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

  • ഉഗാണ്ടയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ബുന്ദിബുഗ്യോ സ്ട്രെയിൻ (Bundibugyo strain) ശക്തമായി പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (WHO) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഈ നടപടി.

  • നിലവിൽ ഇന്ത്യയിൽ രോഗബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, എബോളയുടെ ഉയർന്ന മരണനിരക്ക് കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

എബോള ബാധിത ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധമുള്ള കുടുംബങ്ങൾക്കും യാത്രക്കാർക്കുമായി ഇന്ത്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉഗാണ്ടയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (DRC) ബുന്ദിബുഗ്യോ സ്ട്രെയിൻ (Bundibugyo strain) ശക്തമായി പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (WHO) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഈ നടപടി. നിലവിൽ ഇന്ത്യയിൽ രോഗബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, എബോളയുടെ ഉയർന്ന മരണനിരക്ക് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

എബോള വൈറസ് രോഗം (EVD) ബാധിച്ച ചില ആഫ്രിക്കൻ രാജ്യങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും, ഈ രാജ്യങ്ങൾ സന്ദർശിക്കുന്ന/സന്ദർശിച്ചു മടങ്ങുന്ന യാത്രക്കാർക്കുമായി ഇന്ത്യൻ സർക്കാർ 2026 മേയ് 21-ന് ഒരു ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉഗാണ്ടയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (DRC) അപൂർവമായ ബുന്ദിബുഗ്യോ എബോള വകഭേദം പടർന്നുപിടിക്കുകയും, 650-ലധികം ആളുകൾക്ക് രോഗബാധയേൽക്കുകയും 144 ഓളം പേർ മരണപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന (Zoonotic) ഈ രോഗത്തെ 2019-ൽ തന്നെ അധികൃതർ ശ്രദ്ധയിൽ പെടുത്തുകയും, ഏറ്റവും അപകടകരമായ 10 വൈറസ് ഭീഷണികളിലൊന്നായി വിലയിരുത്തുകയും ചെയ്തിരുന്നു. രാജ്യത്ത് ഭാവിയിൽ ഉണ്ടായേക്കാവുന്ന പുതിയ വൈറസ് രോഗബാധകളുടെ കൂട്ടത്തിലും ഇന്ത്യ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, നിലവിലെ ആരോഗ്യ സാഹചര്യം മുൻനിർത്തി മേയ് 28 മുതൽ ഡൽഹിയിൽ ആരംഭിക്കാനിരുന്ന ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഫുട്ബോൾ താരങ്ങൾക്കായി നടത്താനിരുന്ന ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പും റദ്ദാക്കിയിട്ടുണ്ട്.

വവ്വാലുകളിൽ നിന്ന് പകരുന്നതും പലപ്പോഴും മരണകാരണമാകുന്നതുമായ എബോള, രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശരീരസ്രവങ്ങളുമായോ അല്ലെങ്കിൽ വൈറസ് പടർന്ന വസ്തുക്കളുമായോ ഉള്ള സമ്പർക്കത്തിലൂടെയാണ് പകരുന്നത്. വളരെ അപൂർവമായ സാഹചര്യങ്ങളിൽ, ഈ വൈറസ് വായുവിലൂടെ പകരുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, എബോള രോഗബാധിതരുടെ ശരാശരി മരണനിരക്ക് ഏകദേശം 50 ശതമാനമാണ്. എന്നാൽ മുൻകാലങ്ങളിലെ രോഗവ്യാപന സമയത്ത് ഈ മരണനിരക്ക് 25 മുതൽ 90 ശതമാനം വരെ വ്യത്യാസപ്പെട്ടിരുന്നു.

'ഇന്ത്യൻ ഹൊറൈസണിലെ ഉയർന്നുവരുന്ന/വീണ്ടും ഉയർന്നുവരുന്ന വൈറസ് രോഗങ്ങളും പുതിയ വൈറസുകളും' (Emerging / re-emerging viral diseases & new viruses on the Indian horizon) എന്ന പേരിൽ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് (IJMR) 2019-ൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ എബോളയെ 'ബയോസേഫ്റ്റി-റിസ്ക് ഗ്രൂപ്പ് 4' (Biosafety-risk group 4) വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലബോറട്ടറി പരിശോധനകൾക്കായി ഏറ്റവും ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യൻ പശ്ചാത്തലത്തിൽ കൃത്യമായ നിരീക്ഷണവും സന്നദ്ധതയും ആവശ്യമുള്ള ഉയർന്ന മുൻഗണനാ രോഗകാരികളുടെ (pathogens) പട്ടികയിൽ മേർസ്-കൊറോണ വൈറസ് (MERS-CoV), ഏവിയൻ ഇൻഫ്ലുവൻസ എന്നിവയ്ക്കൊപ്പമാണ് എബോളയെയും ഈ ലേഖനത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

2025 ഒക്ടോബറിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), 'ഇന്ത്യൻ ക്ലിനിക്കൽ മേഖലകളിൽ പരിശോധിക്കേണ്ട മുൻഗണനാ രോഗകാരികളുടെ' (Priority Pathogens To Be Tested For In Indian Clinical Settings) പട്ടികയിൽ എബോളയെ ഉൾപ്പെടുത്തിയിരുന്നു.

"ക്ലിനിക്കൽ മൈക്രോബയോളജി ലബോറട്ടറികളിലെ രോഗകാരികളുടെ പരിശോധനകൾ അതത് സ്ഥാപനങ്ങളുടെ ആവശ്യകതകൾക്കും ലഭ്യമായ ലബോറട്ടറി സൗകര്യങ്ങൾക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത് പലപ്പോഴും സാധാരണവും മാരകവുമായ രോഗകാരികളെ കണ്ടെത്താതെ പോകുന്നതിലേക്ക് നയിക്കുന്നു. ഇത് രോഗീപരിചരണത്തെ ബാധിക്കുകയും ആന്റിമൈക്രോബയൽ പ്രതിരോധം (antimicrobial resistance) പോലുള്ള പൊതുജനാരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാക്കുകയും ചെയ്യുന്നു," എന്ന് ഐ.സി.എം.ആർ തങ്ങളുടെ രേഖയിൽ വ്യക്തമാക്കിയിരുന്നു.

രോഗീപരിചരണം, പൊതുജനാരോഗ്യ നയങ്ങൾ, ബയോമെഡിക്കൽ ഗവേഷണം (R&D) എന്നിവയ്ക്ക് വഴികാട്ടുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ഗുരുതരമായ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന പ്രധാന രോഗകാരികളുടെ പട്ടികയും ഐ.സി.എം.ആർ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ എബോളയെയും ഹന്താവൈറസിനെയും 'പ്രയോറിറ്റി 3' (Priority 3) വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ ക്ലിനിക്കൽ പരിശോധനകളിൽ കണ്ടെത്താൻ കഴിഞ്ഞെന്ന് വരാത്തതും, നിരീക്ഷണത്തിന്റെ ഭാഗമായി നടത്തുന്ന പ്രത്യേക ലബോറട്ടറി പരിശോധനകളിലൂടെ മാത്രം കണ്ടെത്താൻ കഴിയുന്നതുമായ 'അപൂർവ രോഗകാരികളെയാണ്' ഈ വിഭാഗം സൂചിപ്പിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ഫിലോവിരിഡേ (filoviridae) കുടുംബത്തിലെ ഓർത്തോഎബോളവൈറസ് (Orthoebolavirus) ജനുസ്സിൽപ്പെട്ട വൈറസുകളാണ് എബോള രോഗത്തിന് കാരണമാകുന്നത്. ഓർത്തോഎബോളവൈറസുകളുടെ ആറ് ഇനങ്ങളെ (species) ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്, അവയിൽ മൂന്നെണ്ണം വലിയ തോതിലുള്ള രോഗവ്യാപനത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്: (i) എബോള വൈറസ് രോഗത്തിന് (Ebola virus disease) കാരണമാകുന്ന എബോള വൈറസ് (ii) സുഡാൻ വൈറസ് രോഗത്തിന് (Sudan virus disease) കാരണമാകുന്ന സുഡാൻ വൈറസ് (iii) ബുന്ദിബുഗ്യോ വൈറസ് രോഗത്തിന് (Bundibugyo virus disease) കാരണമാകുന്ന ബുന്ദിബുഗ്യോ വൈറസ്

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 2026 മേയിൽ എം.വി ഹോണ്ടിയസ് (MV Hondius) എന്ന എക്സ്പെഡിഷൻ ക്രൂയിസ് കപ്പലിൽ ആൻഡീസ് ഹന്താവൈറസിന്റെ (Andes hantavirus) അപൂർവമായ ഒരു മൾട്ടി-കൺട്രി (ബഹുരാഷ്ട്ര) രോഗവ്യാപനം ഉണ്ടായി. 23 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെട്ട ഈ രോഗവ്യാപനത്തിൽ 11 സ്ഥിരീകരിച്ചതും സാധ്യതയുള്ളതുമായ കേസുകൾ (മൂന്ന് മരണങ്ങൾ ഉൾപ്പെടെ) റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗബാധിതരായ യാത്രക്കാരെ വിദഗ്ദ്ധ പരിചരണത്തിനായി വിവിധ അന്താരാഷ്ട്ര മെഡിക്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

പനി, ക്ഷീണം, പേശി വേദന, തലവേദന, തൊണ്ടവേദന എന്നിവയാണ് എബോള രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ഇതിന് പിന്നാലെ ഛർദ്ദി, വയറിളക്കം, ചർമ്മത്തിൽ തിണർപ്പ് (rash), ചില സന്ദർഭങ്ങളിൽ രക്തസ്രാവം എന്നിവയും ഉണ്ടാകാം. രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നവർക്ക് രോഗം പകരാൻ വലിയ സാധ്യതയുണ്ടെന്ന് ജാഗ്രതാ നിർദേശത്തിൽ വ്യക്തമാക്കുന്നു.

"1976-ൽ ഒരേസമയം ഉണ്ടായ രണ്ട് രോഗവ്യാപനങ്ങളിലൂടെയാണ് എബോള രോഗം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്: ഇതിലൊന്ന് ഇപ്പോഴത്തെ ദക്ഷിണ സുഡാന്റെ ഭാഗമായ നസാറയിൽ (Nzara) ഉണ്ടായ സുഡാൻ വൈറസ് രോഗബാധയായിരുന്നു; രണ്ടാമത്തേത് ഇപ്പോഴത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ഭാഗമായ യാംബുകുവിൽ (Yambuku) ഉണ്ടായ എബോള വൈറസ് രോഗബാധയും. ഇതിൽ രണ്ടാമത്തെ രോഗവ്യാപനം എബോള നദിക്ക് സമീപമുള്ള ഒരു ഗ്രാമത്തിലാണ് ഉണ്ടായത്, ഇതിൽ നിന്നാണ് രോഗത്തിന് ഈ പേര് ലഭിച്ചത്," ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)