ഫോട്ടോ: iStock
Health

എച്ച്.ഐ.വി ഫണ്ടിൽ 150 കോടി ഡോളറിന്റെ കുറവ്: 2030-ഓടെ എയ്ഡ്സ് നിർമ്മാർജ്ജനം ചെയ്യുകയെന്ന ലക്ഷ്യം പ്രതിസന്ധിയിലെന്ന് യു.എൻ എയ്ഡ്സ് (UNAIDS)

2025-ൽ അന്താരാഷ്ട്ര സാമ്പത്തിക സഹായത്തിലുണ്ടായ പെട്ടെന്നുള്ള കുറവ്, പല രാജ്യങ്ങളിലെയും പദ്ധതികളുടെ പ്രവർത്തനത്തെ രൂക്ഷമായി ബാധിച്ചു.

Madhumita Paul

ആഗോള എച്ച്.ഐ.വി ഫണ്ടിൽ വരുത്തിയ കടുത്ത വെട്ടിക്കുറയ്ക്കലുകൾ, ഈ മഹാമാരിക്കെതിരെ പതിറ്റാണ്ടുകളായി കൈവരിച്ച പുരോഗതിയെ അപകടത്തിലാക്കുന്നുവെന്ന് എച്ച്.ഐ.വി / എയ്ഡ്സ് സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ സംയുക്ത പരിപാടി (UNAIDS) പുറത്തുവിട്ട പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന 26-ാമത് അന്താരാഷ്ട്ര എയ്ഡ്സ് കോൺഫറൻസിൽ (ജൂലൈ 27-31) ജൂലൈ 27, 2026-ന് പുറത്തിറക്കിയ 'യുണൈറ്റഡ് ടു എൻഡ് എയ്ഡ്സ്' (United to end AIDS) എന്ന റിപ്പോർട്ട് അനുസരിച്ച്, പ്രതിവർഷമുള്ള പുതിയ എച്ച്.ഐ.വി അണുബാധകളും എയ്ഡ്സ് സംബന്ധമായ മരണങ്ങളും കഴിഞ്ഞ 30 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നിട്ടുണ്ടെങ്കിലും, ആഗോള പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും 2030-ഓടെ എയ്ഡ്സ് നിർമ്മാർജ്ജനം ചെയ്യുകയെന്ന ലക്ഷ്യം കടുത്ത ഭീഷണിയിലാണെന്നും വ്യക്തമാക്കുന്നു.

പുതിയ വിലയിരുത്തൽ അനുസരിച്ച്, 2030-ഓടെ എയ്ഡ്സിനെ ഒരു പൊതുജനാരോഗ്യ ഭീഷണി എന്ന നിലയിൽ അവസാനിപ്പിക്കുകയെന്ന ആഗോള ലക്ഷ്യം കൈവരിക്കുന്നതിന് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ പ്രതിവർഷം 21.9 ബില്യൺ (2,190 കോടി) ഡോളറിന്റെ എച്ച്.ഐ.വി നിക്ഷേപം ആവശ്യമാണ്. എന്നാൽ, 2025-ൽ 17.6 ബില്യൺ ഡോളർ മാത്രമാണ് ലഭ്യമായത്. ഇതിൽ 59 ശതമാനവും ആഭ്യന്തര സ്രോതസ്സുകൾ വഴിയാണ് കണ്ടെത്തിയത്. ഇതോടെ രൂപപ്പെട്ട 4.3 ബില്യൺ ഡോളറിന്റെ ഫണ്ട് കുറവ് രോഗപ്രതിരോധം, ചികിത്സ, പരിചരണം എന്നിവയിലെ പുരോഗതിക്ക് ഭീഷണിയാകുന്നു.

2025 സാർവദേശീയ എച്ച്.ഐ.വി ധനസഹായത്തിൽ വലിയൊരു വഴിത്തിരിവാണെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു; അന്താരാഷ്ട്ര സഹായത്തിലുണ്ടായ പെട്ടെന്നുള്ള കുറവ് പല രാജ്യങ്ങളിലെയും എച്ച്.ഐ.വി പ്രതിരോധ പദ്ധതികളുടെ പ്രവർത്തനത്തെ രൂക്ഷമായി ബാധിച്ചു. വിദേശ സഹായത്തെ അമിതമായി ആശ്രയിക്കുന്നത് ചികിത്സാ പദ്ധതികളെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഫണ്ട് വെട്ടിക്കുറച്ചത് സേവന വിതരണത്തെ തടസ്സപ്പെടുത്തുകയും മരുന്നുകളുടെ വിതരണ ശൃംഖലയെ ബാധിക്കുകയും കമ്മ്യൂണിറ്റി അധിഷ്ഠിത സേവനങ്ങളെ (പ്രത്യേകിച്ച് ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്കുള്ള സേവനങ്ങൾ) തളർത്തുകയും ചെയ്തു.

പല രാജ്യങ്ങളിൽ നിന്നുമുള്ള എച്ച്.ഐ.വി വിദേശ ധനസഹായം 2024-ലെ 8.8 ബില്യൺ ഡോളറിൽ നിന്ന് 2025-ൽ 7.3 ബില്യൺ ഡോളറായി കുറഞ്ഞു. അതായത് 1.5 ബില്യൺ ഡോളറിലധികം (18 ശതമാനം) ഇടിവുണ്ടായി. ഇത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് റിപ്പോർട്ട് തയാറാക്കിയവർ ചൂണ്ടിക്കാട്ടി.

ധനസഹായത്തിലുണ്ടായ ഈ കുറവ് എച്ച്.ഐ.വി പ്രതിരോധ പ്രവർത്തനങ്ങളെ കൂടുതൽ ദുർബലമാക്കി, പ്രത്യേകിച്ച് പ്രതിരോധ പദ്ധതികൾക്കായി പൂർണ്ണമായും ദാതാക്കളെ ആശ്രയിക്കുന്ന സബ്-സഹാറൻ ആഫ്രിക്കയിൽ.

ഫണ്ട് വെട്ടിക്കുറച്ചത് പല രാജ്യങ്ങളിലും പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസ് (PrEP), കോണ്ടം, പരിശോധനാ സേവനങ്ങൾ തുടങ്ങിയ എച്ച്.ഐ.വി പ്രതിരോധ മാർഗ്ഗങ്ങളുടെ ലഭ്യത ഗണ്യമായി കുറച്ചു. കാമറൂൺ, നൈജീരിയ, സാംബിയ എന്നീ രാജ്യങ്ങളിൽ 2024-നും 2025-നും ഇടയിൽ PrEP ലഭ്യതയിൽ 50 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. കൂടാതെ ഒരു പ്രമുഖ ദാതാവിന്റെ കോണ്ടം വിതരണ പദ്ധതികൾക്കുള്ള ഫണ്ടിൽ 93 ശതമാനത്തിന്റെ കുറവുണ്ടായി. എന്നിരുന്നാലും, ഇത്യോപ്യ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ആഭ്യന്തര ധനസഹായത്തിലൂടെയും മറ്റ് ബദൽ മാർഗ്ഗങ്ങളിലൂടെയും പ്രതിരോധ പ്രവർത്തനങ്ങൾ തുടരാനോ വിപുലീകരിക്കാനോ സാധിച്ചു.

എച്ച്.ഐ.വിക്കെതിരായ പോരാട്ടത്തിന്റെ പുരോഗതി ഇപ്പോഴും ഒരുപോലെയല്ല. ബെനിൻ, ഈസ്വാറ്റിനി, കെനിയ, ലെസോത്തോ, നേപ്പാൾ, റുവാണ്ട, സിംബാബ്‌വെ എന്നിങ്ങനെ ഏഴ് രാജ്യങ്ങൾ 2010-ന് ശേഷം പുതിയ എച്ച്.ഐ.വി അണുബാധകളിൽ കുറഞ്ഞത് 78 ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്. ഇത് 2030-ലെ ലക്ഷ്യം കൈവരിക്കാൻ അവരെ പ്രാപ്തരാക്കുന്നു. എന്നാൽ, 21 രാജ്യങ്ങളിൽ (അഫ്ഗാനിസ്ഥാൻ, അൽജീരിയ, അർമേനിയ, ബംഗ്ലാദേശ്, ബ്രസീലിലെ ചില മേഖലകൾ, കോംഗോ, കോസ്റ്റാറിക്ക, ഈജിപ്ത്, കിർഗിസ്ഥാൻ, മഡഗാസ്കർ, നൈജർ, പാകിസ്ഥാൻ, പരാഗ്വേ, പെറു, ഫിലിപ്പീൻസ്, സെനഗൽ, ശ്രീലങ്ക, സുഡാൻ, ടുണീഷ്യ, വെനസ്വേല, യെമൻ) പുതിയ അണുബാധകളുടെ എണ്ണം ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയാണ്.

സ്ത്രീകളെയും പെൺകുട്ടികളെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്, പ്രത്യേകിച്ച് പുതിയ എച്ച്.ഐ.വി അണുബാധകളുടെ 60 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്ന സബ്-സഹാറൻ ആഫ്രിക്കയിൽ. 2025-ൽ ഏകദേശം 1,60,000 കൗമാരക്കാരായ പെൺകുട്ടികൾക്കും യുവതികൾക്കും എച്ച്.ഐ.വി ബാധിച്ചു - അതായത് ഓരോ ആഴ്ചയിലും 3,000 പുതിയ അണുബാധകൾ. ഈ മേഖലയിൽ കൗമാരക്കാരായ പെൺകുട്ടികളിലും യുവതികളിലുമുള്ള രോഗബാധ നിരക്ക് പുരുഷന്മാരേക്കാൾ മൂന്ന് മുതൽ നാല് മടങ്ങ് വരെ കൂടുതലാണ്.

കുട്ടികൾക്ക് ഇപ്പോഴും ആവശ്യത്തിന് ചികിത്സ ലഭിക്കുന്നില്ല; എച്ച്.ഐ.വി ബാധിതരായ കുട്ടികളിൽ 55 ശതമാനം പേർക്ക് മാത്രമാണ് ആന്റിറെട്രോവൈറൽ തെറാപ്പി (Antiretroviral therapy) ലഭിക്കുന്നത്. ഇതോടെ 5,70,000-ത്തിലധികം കുട്ടികൾ ചികിത്സ ലഭിക്കാതെ തുടരുന്നു.

ഈ വെല്ലുവിളികൾക്കിടയിലും, 149 യു.എൻ അംഗരാജ്യങ്ങൾ അംഗീകരിച്ച 'എച്ച്.ഐ.വി, എയ്ഡ്സ് സംബന്ധിച്ച 2026-ലെ പൊളിറ്റിക്കൽ ഡിക്ലറേഷൻ' വഴി വലിയ പ്രതീക്ഷ നൽകുന്ന പ്രതിജ്ഞാബദ്ധത റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2030-ഓടെ 40 ദശലക്ഷം ആളുകൾക്ക് ജീവൻ രക്ഷാ ചികിത്സ ലഭ്യമാക്കുക, 20 ദശലക്ഷം ആളുകൾക്ക് ആന്റിറെട്രോവൈറൽ അധിഷ്ഠിത പ്രതിരോധ മാർഗ്ഗങ്ങൾ നൽകുക, വിവേചനം, ലിംഗ അസമത്വം, കടുത്ത നിയമങ്ങൾ എന്നിവ ഘട്ടം ഘട്ടമായി അവസാനിപ്പിക്കുക എന്നിവ ഉൾപ്പെടെയുള്ള വലിയ ലക്ഷ്യങ്ങൾ ഈ പ്രഖ്യാപനം മുന്നോട്ടുവെക്കുന്നു. ഇവ കൈവരിക്കാൻ സാധിച്ചാൽ, 2030-ഓടെ 3.2 ദശലക്ഷം പുതിയ എച്ച്.ഐ.വി അണുബാധകളും 1.3 ദശലക്ഷം എയ്ഡ്സ് മരണങ്ങളും തടയാനാകുമെന്ന് UNAIDS കണക്കാക്കുന്നു.

നേട്ടങ്ങൾ നിലനിർത്തുന്നതിനും 2030-ഓടെ എയ്ഡ്സിനെ ഒരു പൊതുജനാരോഗ്യ ഭീഷണി എന്ന നിലയിൽ അവസാനിപ്പിക്കുന്നതിനുമായി കൂടുതൽ സാമ്പത്തിക നിക്ഷേപം, ശക്തമായ ആഭ്യന്തര ധനസഹായം, മനുഷ്യാവകാശ സംരക്ഷണം എന്നിവ അത്യന്താപേക്ഷിതമാണെന്ന് UNAIDS മുന്നറിയിപ്പ് നൽകുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)