ഐസ്റ്റോക്ക്
Health

ആരോഗ്യകരമായ ജീവിതശൈലിയിലും യുഎസിലെ ദക്ഷിണേഷ്യക്കാർക്ക് പ്രമേഹ ഭീഷണി: ഗവേഷകർ

55 വയസാകുമ്പോൾ പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയാകുന്നുവെന്ന് പഠനം; രാജ്യത്ത് 9 കോടി മുതിർന്നവർക്ക് രോഗമുണ്ടെന്ന് ലാൻസെറ്റ് കണക്കുകൾ

Nandita Banerji

  • യുഎസിലെ ദക്ഷിണേഷ്യക്കാരിൽ മധ്യവയസ്സാകുമ്പോൾ പ്രീഡയബിറ്റീസും പ്രമേഹവും കൂടുതലായി കാണപ്പെടുന്നു

  • 45 വയസ്സിൽ ദക്ഷിണേഷ്യൻ പുരുഷന്മാരിൽ മൂന്നുപേരിൽ ഒരാൾക്ക് പ്രീഡയബിറ്റീസ്

  • ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരുകയും സമാനമായ വ്യായാമം നടത്തുകയും ചെയ്തിട്ടും അപകടസാധ്യത ഉയർന്ന നിലയിൽ തുടരുന്നു

  • ഇന്ത്യയിൽ 9 കോടി മുതിർന്നവർ പ്രമേഹത്തോടെ ജീവിക്കുന്നതായി ലാൻസെറ്റ് ഡാറ്റ വ്യക്തമാക്കുന്നു

അമേരിക്കയിലെ ദക്ഷിണേഷ്യക്കാരിൽ, ആരോഗ്യകരമായ ഭക്ഷണക്രമം, കുറഞ്ഞ മദ്യപാനം, തുല്യമായ വ്യായാമ ശീലങ്ങൾ ഇവയൊക്കെയുണ്ടായിട്ടും, മധ്യവയസ്സോടെ പ്രമേഹ സാധ്യത വൻതോതിൽ വർദ്ധിക്കുന്നതായി കാണപ്പെടുന്നു.

2026 ഫെബ്രുവരി 11-ന് 'ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ' പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, മധ്യവയസ്സിലെത്തുമ്പോൾ, മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേഷ്യക്കാരിൽ പ്രമേഹവും, അമിത രക്തസമ്മർദ്ദവും കൂടുതലായി കാണപ്പെടുന്നു. 45 വയസ്സാകുമ്പോഴേക്കും മൂന്നിൽ ഒന്ന് ദക്ഷിണേഷ്യൻ പുരുഷന്മാർക്കും, അഞ്ചിൽ ഒന്ന് ദക്ഷിണേഷ്യൻ സ്ത്രീകൾക്കും പ്രീ-ഡയബറ്റിസ് ഉണ്ടെന്ന് കണ്ടെത്തി. ഇത് വെള്ളക്കാർ, കറുത്തവർഗ്ഗക്കാർ, ഹിസ്പാനിക്, ചൈനീസ് വംശജരായ സ്ത്രീകൾ എന്നിവരിലെ നിരക്കിന്റെ ഏകദേശം ഇരട്ടിയാണ്.

55 വയസ്സാകുമ്പോഴേക്കും, ദക്ഷിണേഷ്യൻ പുരുഷന്മാർക്കും സ്ത്രീകൾക്കും വെള്ളക്കാരേക്കാൾ പ്രമേഹം വരാനുള്ള സാധ്യത കുറഞ്ഞത് രണ്ട് മടങ്ങാണെന്ന് പഠനം വ്യക്തമാക്കുന്നു.

45-നും 55-നും ഇടയിൽ പ്രായമുള്ള 2,700 മുതിർന്ന വ്യക്തികളെ ഉൾപ്പെടുത്തി നടത്തിയ ദീർഘകാല പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തലുകൾ. ദക്ഷിണേഷ്യക്കാരെ കേന്ദ്രീകരിച്ചുള്ള 'MASALA', വിവിധ വംശജരെ ഉൾപ്പെടുത്തിയുള്ള 'MESA' എന്നീ രണ്ട് പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ, ഗവേഷകർ ഇതിനായി സംയോജിപ്പിച്ചു. പത്ത് വർഷത്തിനിടയിൽ രോഗസാധ്യതകൾ എങ്ങനെ മാറുന്നുവെന്നും വംശീയതയും, ലിംഗഭേദവും അനുസരിച്ച് അവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും, ഗവേഷക സംഘം പരിശോധിച്ചു.

ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള പാരമ്പര്യമുള്ളവരിൽ, മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യതകൾ ഏറ്റവും ഉയർന്നതാണെന്ന് കണ്ടെത്തി. എന്നിരുന്നാലും, മറ്റ് ഗ്രൂപ്പുകളെ അപേക്ഷിച്ച് ദക്ഷിണേഷ്യക്കാർ മെച്ചപ്പെട്ട ഭക്ഷണക്രമം, കുറഞ്ഞ മദ്യപാനം, സമാനമായ ശാരീരിക പ്രവർത്തനങ്ങൾ, കുറഞ്ഞ ശരാശരി ബോഡി മാസ് ഇൻഡക്സ് (BMI) എന്നിവയുള്ളവരാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.

"ആരോഗ്യകരമായ ജീവിതശൈലിയും, ക്ലിനിക്കൽ റിസ്കും തമ്മിലുള്ള ഈ പൊരുത്തക്കേട് അത്ഭുതപ്പെടുത്തുന്നതാണ്," എന്ന് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ഫെയ്ൻബെർഗ് സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ ഡോ. നമ്രത കണ്ടുല പറഞ്ഞു. "ഈ വിരോധാഭാസം സൂചിപ്പിക്കുന്നത്, ദക്ഷിണേഷ്യക്കാർക്കിടയിലെ ഉയർന്ന രോഗസാധ്യതയ്ക്ക് കാരണമാകുന്ന അടിസ്ഥാനപരമായ എന്തോ ഒന്ന് നമ്മൾ തിരിച്ചറിയാതെ പോകുന്നു എന്നാണ്."

40-കളിലെ പ്രായം എന്നത് രോഗസാധ്യത ഉയർന്നതാണെങ്കിലും, രോഗം വരാതെ തടയാൻ കഴിയുന്ന നിർണ്ണായകമായ ഒരു ഘട്ടമാണെന്ന് ഡോ. കണ്ടുല കൂട്ടിച്ചേർത്തു.

MASALA പഠനത്തിൽ നിന്നുള്ള മുൻകാല വിവരങ്ങൾ പ്രകാരം, ദക്ഷിണേഷ്യക്കാർക്ക് സാധാരണ നിലയിലുള്ള ബി.എം.ഐ (BMI) ഉള്ളപ്പോൾ പോലും ആന്തരിക അവയവങ്ങൾക്ക് ചുറ്റും കൂടുതൽ കൊഴുപ്പ് (Visceral fat) ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കുട്ടിക്കാലം മുതൽക്കേ ആരംഭിക്കാൻ സാധ്യതയുള്ള ഈ കൊഴുപ്പ് അടിഞ്ഞുകൂടൽ ഹൃദ്രോഗത്തിനും പ്രമേഹത്തിനും ഒരു പ്രധാന കാരണമാണ്.

വർദ്ധിച്ചുവരുന്ന ആഗോള ഭീഷണി

അമേരിക്കയിലെ ദക്ഷിണേഷ്യക്കാർക്കിടയിലെ ഈ ഉയർന്ന പ്രമേഹ സാധ്യത, ഒരു ആഗോള പ്രതിഭാസത്തിന്റെ ഭാഗമാണ്. 20-79 പ്രായപരിധിയിലുള്ള 9 കോടി പ്രമേഹരോഗികളുള്ള ഇന്ത്യ, ലോകത്ത് ചൈനയ്ക്ക് (14.8 കോടി) തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ്. 3.9 കോടി രോഗികളുമായി അമേരിക്ക മൂന്നാം സ്ഥാനത്താണ്.

ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ 'ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി'യിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ലോകമെമ്പാടും പ്രമേഹബാധിതരുടെ എണ്ണം അതിവേഗം വർദ്ധിക്കുകയാണ്. 2024-ൽ ലോകത്തെ മുതിർന്ന ജനസംഖ്യയുടെ 11.11 ശതമാനത്തെ (ഏകദേശം 58.9 കോടി ആളുകൾ) പ്രമേഹം ബാധിച്ചു. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ 2050-ഓടെ ഇത് 85.3 കോടിയായി ഉയരുമെന്നാണ് പ്രവചനം.

ഈ പശ്ചാത്തലത്തിൽ, ദക്ഷിണേഷ്യക്കാർക്കിടയിൽ നേരത്തെയുള്ള പരിശോധനകൾ അത്യാവശ്യമാണെന്ന് നോർത്ത് വെസ്റ്റേൺ പഠനം മുന്നറിയിപ്പ് നൽകുന്നു. മധ്യവയസ്സിലെത്തുന്നതിന് മുൻപ് തന്നെ, രക്തത്തിലെ പഞ്ചസാരയുടെ അളവും മറ്റ് ആരോഗ്യ ഘടകങ്ങളും പരിശോധിക്കണമെന്ന് ഡോ. കണ്ടുല നിർദ്ദേശിക്കുന്നു.

"രക്തസമ്മർദ്ദം, ഫാസ്റ്റിംഗ് ഗ്ലൂക്കോസ് (അല്ലെങ്കിൽ A1c), കൊളസ്ട്രോൾ, ലിപ്പോപ്രോട്ടീൻ (A) എന്നിവ നേരത്തെ തന്നെ പരിശോധിക്കുക. തുടക്കത്തിലേ തിരിച്ചറിയുന്നതും, കൃത്യമായ ചികിത്സയും, നിയന്ത്രണവും, ഹൃദ്രോഗം തടയാൻ സഹായിക്കും," അവർ വ്യക്തമാക്കി.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)