ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലും ചെന്നൈയിലുടനീളം 1,000 ത്തിലധികം കാക്കകൾ ചത്തു, പരിശോധനയിൽ എച്ച് 5 എൻ 1 പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു
കോഴികളിലേക്കോ മനുഷ്യരിലേക്കോ വൈറസ് പടരാതിരിക്കാൻ സംസ്ഥാനവ്യാപകമായി നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്
മനുഷ്യരിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ പറയുന്നു, എങ്കിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്
വന്യജീവികളുടെ കൂട്ടമരണങ്ങൾ ഒരു മുന്നറിയിപ്പാണെന്നും കോഴിവളർത്തു മേഖലയെ ബാധിക്കുന്നതിന് മുമ്പ് ഇടപെടാൻ ഇത് സഹായകമാകുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ചെന്നൈയിൽ ആയിരത്തിലധികം കാക്കകൾ ചത്തതിന് ശേഷം തമിഴ്നാട്ടിൽ പക്ഷിപ്പനി വീണ്ടും ഉയർന്നുവന്നതോടെ കോഴികളിലേക്കോ മനുഷ്യരിലേക്കോ വൈറസ് പടരുന്നത് തടയാൻ അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
2026 ജനുവരി 29 നും 2026 ഫെബ്രുവരി നാലിനും ഇടയിൽ അഡയാർ, വേളച്ചേരി, തിരുവണ്ണിയൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും, ഈസ്റ്റ് കോസ്റ്റ് റോഡിലും, മരങ്ങളിൽ നിന്നും മേൽക്കൂരകളിൽ നിന്നും പക്ഷികൾ ചത്തു വീഴുന്നതായി മുനിസിപ്പൽ ജീവനക്കാർക്ക് ആവർത്തിച്ച് പരാതികൾ ലഭിച്ചിരുന്നു. ലബോറട്ടറി പരിശോധനകൾ നടത്തിയപ്പോൾ വെറ്ററിനറി ഉദ്യോഗസ്ഥരുടെ സംശയങ്ങൾ സ്ഥിരീകരിച്ചു: വളരെ രോഗകാരിയായ എച്ച് 5 എൻ 1 ഏവിയൻ ഇൻഫ്ലുവൻസ വൈറസ് കാട്ടുപക്ഷികൾക്കിടയിൽ പ്രചരിക്കുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ ചെന്നൈ മേഖലയിലുടനീളം 1,000 മുതൽ 1,500 വരെ കാക്കകൾ ചത്തതായി അധികൃതർ കണക്കാക്കുന്നു.
2025 ഡിസംബറിൽ ഫാമുകളിൽ ഉയർന്ന രോഗകാരിയായ എച്ച് 5 എൻ 1 പക്ഷിപ്പനിയുടെ 11 പൊട്ടിപ്പുറപ്പെട്ടതായി യുഎൻ ഏജൻസി ഡബ്ല്യുഒഎഎച്ച് റിപ്പോർട്ട് ചെയ്തു. പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 2025 സെപ്റ്റംബറിൽ ഡൽഹി മൃഗശാല സന്ദർശകർക്കായി അടച്ചിരുന്നു.
കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തമിഴ്‌നാട് സംസ്ഥാനത്തുടനീളം രോഗനിരീക്ഷണം ശക്തമാക്കി. പൗൾട്രി ഫാമുകൾ, വന്യജീവി സങ്കേതങ്ങൾ, പക്ഷി ചന്തകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ഊർജ്ജിതമാക്കാനും ബയോസെക്യൂരിറ്റി, റിപ്പോർട്ടിംഗ് സംവിധാനങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമാക്കാനും കേന്ദ്രസർക്കാരും തമിഴ്‌നാടിന് നിർദ്ദേശം നൽകി.
മുൻകരുതൽ എന്ന നിലയിൽ രോഗനിയന്ത്രണ നടപടികൾ ഇതിനകം ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി മാ. സുബ്രഹ്മണ്യൻ അറിയിച്ചു. "ഭയപ്പെടേണ്ട സാഹചര്യമില്ല. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്; വെറ്ററിനറി വിഭാഗവും പൊതുജനാരോഗ്യ വിഭാഗവും സംയുക്തമായി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്," അദ്ദേഹം പറഞ്ഞു.
മനുഷ്യരിൽ ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി. രോഗബാധയുള്ള പക്ഷികളുമായോ അവയുടെ അവശിഷ്ടങ്ങളുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ ഈ വൈറസ് പടരാൻ സാധ്യതയുള്ളൂ, അത്തരം കേസുകൾ വളരെ അപൂർവ്വവുമാണ്. ചത്ത പക്ഷികളെ കൈകാര്യം ചെയ്യരുത് എന്നും പൗൾട്രി ഉൽപ്പന്നങ്ങൾ നന്നായി പാകം ചെയ്ത് മാത്രം ഉപയോഗിക്കണമെന്നും പക്ഷികളുടെ അസ്വാഭാവിക മരണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏകോപിതമായ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി, സുപ്രിയ സാഹു പറഞ്ഞു. "നിരീക്ഷണം ശക്തമാക്കാനും പക്ഷികളുടെ മരണം ഉടൻ റിപ്പോർട്ട് ചെയ്യാനും പൗൾട്രി ഫാമുകളിലും ചന്തകളിലും ബയോസെക്യൂരിറ്റി ഉറപ്പാക്കാനും എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്," അവർ വ്യക്തമാക്കി.
പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിൽ, പെട്ടെന്നുണ്ടായ പക്ഷികളുടെ മരണം താമസക്കാരെ വലിയ രീതിയിൽ ആശങ്കയിലാഴ്ത്തി.
"കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റോഡരികിൽ കാക്കകൾ ചത്തുകിടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് ഇത്ര പെട്ടെന്ന് സംഭവിച്ചതുകൊണ്ട് തന്നെ ആളുകൾ വലിയ ഭീതിയിലായിരുന്നു," തിരുവന്മിയൂരിലെ താമസക്കാരനായ ആർ. കണ്ണൻ പറഞ്ഞു.
വന്യജീവികൾക്കിടയിലുള്ള ഇത്തരം മരണങ്ങൾ പലപ്പോഴും വരാനിരിക്കുന്ന വലിയ വിപത്തിന്റെ മുൻകൂർ മുന്നറിയിപ്പുകളാണെന്ന് വെറ്ററിനറി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാട്ടു പക്ഷികൾക്കിടയിലെ മരണനിരക്ക് പരിസരപ്രദേശങ്ങളിൽ വൈറസ് പടരുന്നതിന്റെ സൂചനയാകാം. ഇത് വാണിജ്യാടിസ്ഥാനത്തിലുള്ള പൗൾട്രി ഫാമുകളിലേക്ക് പടരുന്നതിന് മുൻപ് തന്നെ ഇടപെടാൻ, അധികൃതർക്ക് ലഭിക്കുന്ന വിലപ്പെട്ട സമയമാണ്. ഫാമുകളിലേക്ക് രോഗം പടരുന്നത് കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോഴിവളർത്തു മേഖലയിൽ തുടർച്ചയായി വലിയ തോതിൽ പക്ഷിപ്പനി പടരാറുണ്ടെങ്കിലും, തമിഴ്‌നാടിന്റെ അനുഭവം അതിൽ നിന്ന് വ്യത്യസ്തമാണ്.
മിക്ക വർഷങ്ങളിലും, അയൽസംസ്ഥാനമായ കേരളത്തിൽ നിന്നുള്ള ജാഗ്രതാ നിർദ്ദേശങ്ങളോ അല്ലെങ്കിൽ കാട്ടുപക്ഷികൾക്കിടയിൽ ഒറ്റപ്പെട്ട രീതിയിൽ രോഗം കണ്ടെത്തുന്നതോ ആണ് തമിഴ്‌നാടിനെ പ്രതിരോധ നടപടികളിലേക്ക് നയിക്കുന്നത്. അതിർത്തി ജില്ലകൾ, പൗൾട്രി കടത്തുപാതകൾ, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുട്ട ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ നാമക്കൽ പോലുള്ള പ്രധാന ഉൽപ്പാദന മേഖലകൾ എന്നിവിടങ്ങളിലാണ് സാധാരണയായി നിരീക്ഷണം ശക്തമാക്കാറുള്ളത്.
ദക്ഷിണേന്ത്യയിലെ ഈ ഭീഷണിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഇത് കാണിക്കുന്നത്. തമിഴ്‌നാടും കേരളവും തമ്മിലുള്ള പാത, വാണിജ്യപരമായും പാരിസ്ഥിതികമായും പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്ന ഒന്നാണ്. കോഴിവളർത്തു വ്യാപാരം സംസ്ഥാന അതിർത്തികൾ കടന്നു നീങ്ങുന്നു,ദേശാടനപ്പക്ഷികൾ ഒരേ തണ്ണീർത്തടങ്ങൾ പങ്കിടുന്നു, കൂടാതെ വന്യജീവികൾ, ഭരണപരമായ അതിരുകൾ നോക്കാതെ തന്നെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നു. അതിനാൽ ഒരു സംസ്ഥാനത്ത് പക്ഷിപ്പനി പ്രത്യക്ഷപ്പെട്ടാൽ, മറ്റേ സംസ്ഥാനം ഏതാണ്ട് സ്വഭാവികമായിത്തന്നെ അതീവ ജാഗ്രതയിലാകും.
പക്ഷിപ്പനി പടരുന്നതിൽ ദേശാടനപ്പക്ഷികൾ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ചെന്നൈ-പുലിക്കാട്ട്-കാവേരി ഡെൽറ്റ മേഖലയിലുടനീളമുള്ള തീരദേശ തണ്ണീർത്തടങ്ങളും, ജലാശയങ്ങളും, അന്താരാഷ്ട്ര ദേശാടന പാതകളിലാണ് സ്ഥിതി ചെയ്യുന്നത്. ദേശാടന പക്ഷികളിലൂടെ എത്തുന്ന വൈറസുകൾ പ്രാദേശിക ആവാസവ്യവസ്ഥയിൽ പ്രവേശിക്കുകയും, വന്യപക്ഷികൾക്കിടയിൽ വ്യാപിക്കുകയും, ചില സാഹചര്യങ്ങളിൽ വളർത്തുപക്ഷികളിലേക്ക് പടരുകയും ചെയ്യുന്നു.
പല ജില്ലകളിലും വാണിജ്യാടിസ്ഥാനത്തിലുള്ള പൗൾട്രി ഉൽപ്പാദനം കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ഈ ഭീഷണി വളരെ വലുതാണ്. ഇത്തരം കേന്ദ്രങ്ങളിൽ രോഗം പടരുന്നത് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനും, വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കും, വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാകും. ഇത്തരം രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
പൗൾട്രി ഫാമുകൾ, ഹാച്ചറികൾ, പക്ഷി ചന്തകൾ, തണ്ണീർത്തടങ്ങൾ എന്നിവിടങ്ങളിൽ പരിശോധനകൾ ഊർജ്ജിതമാക്കി. വെറ്ററിനറി സംഘങ്ങൾ കാട്ടുപക്ഷികളിൽ നിന്നും വളർത്തുപക്ഷികളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. ചത്ത പക്ഷികളുടെ അവശിഷ്ടങ്ങൾ ബയോസെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിച്ച് ദഹിപ്പിക്കാനോ ആഴത്തിൽ കുഴിച്ചുമൂടാനോ നഗരസഭ അധികൃതർക്ക് നിർദ്ദേശം നൽകി. പക്ഷികളുമായി സമ്പർക്കമുണ്ടായേക്കാവുന്ന ആളുകൾക്കിടയിൽ, പനി പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ജാഗ്രത പാലിക്കാൻ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)