ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ മുതിർന്നവരുടെ ശരാശരി ഉയരം വർദ്ധിക്കുന്നില്ലെന്ന് മാത്രമല്ല, കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി അത് ഒന്നുകിൽ മാറ്റമില്ലാതെ തുടരുകയോ അല്ലെങ്കിൽ കുറയുകയോ ആണ് ചെയ്യുന്നത്. ഇതൊരു ഗൗരവകരമായ മുന്നറിയിപ്പാണോ? അതെ എന്ന് തന്നെയാണ് ഭൂരിഭാഗം വിദഗ്ധരുടെയും അഭിപ്രായം. ഉയരം എന്നത് കേവലം ഒരു ആരോഗ്യ സൂചിക മാത്രമല്ല, മറിച്ച് ഒരു രാജ്യത്തിന്റെ ആകെ വികസനം അളക്കാനുള്ള മാനദണ്ഡം കൂടിയാണ്. മെച്ചപ്പെട്ട ആരോഗ്യപരിചരണവും ഭക്ഷണവും ലഭ്യമാകുന്നതിലൂടെ മനുഷ്യർക്ക് പൊതുവേ ഉയരം കൂടിക്കൊണ്ടിരിക്കുകയാണെന്ന പൊതുവായ ധാരണ നിലനിൽക്കെ ഈ കണ്ടെത്തൽ അപ്രതീക്ഷിതമാണ്.
മികച്ച ആരോഗ്യത്തിന്റെയും ആരോഗ്യകരമായ വളർച്ചയുടെയും വ്യക്തമായ സൂചകമാണ് ഉയരം. ലോകബാങ്ക് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടായ "ബിൽഡിംഗ് ഹ്യൂമൻ ക്യാപിറ്റൽ - വേർ ഇറ്റ് മാറ്റേഴ്സ്" (Building Human Capital - Where it Matters) ഈ പ്രവണതയിലെ വിപരീത മാറ്റം വെളിപ്പെടുത്തിയിട്ടുണ്ട്. ലോകബാങ്ക് റിപ്പോർട്ട് ലോകത്തിലെ മനുഷ്യവിഭവശേഷിയുടെ (Human Capital) അവസ്ഥ വിലയിരുത്തുന്നു. 'ജനങ്ങളുടെ ആരോഗ്യം, നൈപുണ്യങ്ങൾ, അറിവ്' എന്നിവയെയാണ് ബാങ്ക് മനുഷ്യവിഭവശേഷിയായി നിർവചിക്കുന്നത്. മുതിർന്നവരുടെ ഉയരത്തെ ഒരു അളവുകോലായി (Proxy) സ്വീകരിച്ച്, ആരോഗ്യത്തോടൊപ്പം നൈപുണ്യം, അറിവ് എന്നീ മറ്റ് രണ്ട് ഘടകങ്ങളെയും ഈ വിലയിരുത്തൽ വിശകലനം ചെയ്തിട്ടുണ്ട്. മനുഷ്യവിഭവശേഷി കെട്ടിപ്പടുക്കുന്നത് ഒരു കുട്ടിയുടെ ആദ്യത്തെ അഞ്ച് വർഷം മുതലാണ്; ഇതാണ് ആരോഗ്യകരമായ ജീവിതത്തിനും പഠനത്തിനുമുള്ള അടിത്തറ പാകുന്നത്. ഇതിനുശേഷം, വിദ്യാഭ്യാസത്തിലൂടെ 20 വയസ്സ് വരെ കഴിവുകൾ ആർജ്ജിക്കുന്നു; 25 വയസ്സാകുമ്പോഴേക്കും ഇത് ഉപയോഗപ്പെടുത്തി അവർ തൊഴിൽ മേഖലയിൽ പ്രവേശിക്കുകയും സ്വന്തം കുടുംബത്തെയും ഭാവിയെയും കുറിച്ച് തീരുമാനമെടുക്കുകയും ചെയ്യുന്നു.
"പല താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും (ഇന്ത്യ ഈ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്) മനുഷ്യവിഭവശേഷി വർദ്ധനവ് സ്തംഭനാവസ്ഥയിലാണ്," എന്ന് ലോകബാങ്കിന്റെ വിലയിരുത്തൽ പറയുന്നു. കഴിഞ്ഞ ദശാബ്ദങ്ങളെ അപേക്ഷിച്ച് ദരിദ്ര രാജ്യങ്ങളിൽ മനുഷ്യവിഭവശേഷിയുടെ ശേഖരണം മോശമായ അവസ്ഥയിലാണ്. ദരിദ്ര രാജ്യങ്ങളും സമ്പന്ന രാജ്യങ്ങളും തമ്മിലുള്ള വലിയ വ്യത്യാസത്തിന് കാരണം മനുഷ്യവിഭവശേഷിയിലുള്ള ഈ അന്തരമാണെന്ന് വിലയിരുത്തപ്പെടുന്നു. "വിവിധ രാജ്യങ്ങൾ തമ്മിലുള്ള വരുമാന വ്യത്യാസത്തിന്റെ വലിയൊരു പങ്കും മനുഷ്യവിഭവശേഷിയെ ആശ്രയിച്ചിരിക്കുന്നു: ദരിദ്ര-സമ്പന്ന രാജ്യങ്ങൾ തമ്മിലുള്ള പ്രതിശീർഷ ജിഡിപിയിലെ വ്യത്യാസത്തിന്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും മനുഷ്യവിഭവശേഷിയിലുള്ള വ്യത്യാസം കാരണമാണ്."
ആരോഗ്യത്തെ മനുഷ്യവിഭവശേഷിയുടെ നിർണ്ണായക ഘടകമായി ചൂണ്ടിക്കാട്ടുന്ന ഈ റിപ്പോർട്ട്, ദരിദ്ര-സമ്പന്ന രാജ്യങ്ങൾക്കിടയിലുള്ള വ്യത്യാസം ഞെട്ടിക്കുന്നതാണെന്നും ഇത് ഭാവിയിൽ ദരിദ്ര രാജ്യങ്ങളുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പറയുന്നു. ശരാശരി ഉയരത്തിലെ വളർച്ച അളക്കുന്നതിനായി, 1966-ലും 1996-ലും ജനിച്ച മുതിർന്നവരുടെ ഉയരമാണ് ഗവേഷകർ പരിശോധിച്ചത്. ഉയർന്ന-ഇടത്തരം, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ഉയരമുള്ളവരായി മാറിയപ്പോൾ, താഴ്ന്ന, താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലുള്ളവർ 30 വർഷം മുമ്പുള്ള മുതിർന്നവരേക്കാൾ ഇപ്പോൾ ഉയരം കുറഞ്ഞവരാണ്. "... ഇരുപതാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ യൂറോപ്പിലും അടുത്ത ദശാബ്ദങ്ങളിൽ ചൈനയിലും മുതിർന്നവരുടെ ശരാശരി ഉയരം ഓരോ പത്തു വർഷത്തിലും ഏകദേശം 1 സെന്റീമീറ്റർ വീതം വർദ്ധിച്ചു. എന്നാൽ പല സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിലും മുതിർന്നവർ 25 വർഷം മുമ്പത്തേക്കാൾ ഉയരം കുറഞ്ഞവരാണ്. ഇത് അവിടുത്തെ ആരോഗ്യരംഗത്തെ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്." 1996-ൽ ജനിച്ച സബ്-സഹാറൻ ആഫ്രിക്കയിലെ ഒരു മുതിർന്ന വ്യക്തി, 1966-ൽ ജനിച്ച ശരാശരി മുതിർന്ന വ്യക്തിയേക്കാൾ 3 സെന്റീമീറ്റർ ഉയരം കുറഞ്ഞയാളാണെന്ന് ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. 1966-ലും 1996-ലും ജനിച്ച ഇന്ത്യക്കാരുടെ ശരാശരി ഉയരത്തിൽ മാറ്റമില്ലാതെ തുടരുകയോ അല്ലെങ്കിൽ നേരിയ കുറവ് രേഖപ്പെടുത്തുകയോ ആണ് ചെയ്യുന്നത്. പല താഴ്ന്ന, താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെയും അവസ്ഥ ഇതിന് സമാനമാണ്.
2023-ൽ ലോകബാങ്ക് നടത്തിയ സമാനതകളില്ലാത്ത ഒരു വിശകലനത്തിൽ കോവിഡ്-19 മഹാമാരി മനുഷ്യവിഭവശേഷിയിൽ ഉണ്ടാക്കിയ ആഘാതം അളന്നിരുന്നു. "മഹാമാരി മനുഷ്യവിഭവശേഷിയുടെ വ്യക്തമായ തകർച്ചയ്ക്ക് കാരണമായിരിക്കാം" എന്ന് അന്ന് റിപ്പോർട്ട് സൂചിപ്പിച്ചു. ആ വർഷം ലോകത്ത് 20 വയസ്സിൽ താഴെയുള്ള 2.6 ബില്യൺ ആളുകളുണ്ടായിരുന്നു; വിദ്യാഭ്യാസം നേടുന്നതിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ജീവിതമാർഗ്ഗം കണ്ടെത്തുന്നതിനും ആവശ്യമായ നൈപുണ്യങ്ങൾ ആർജ്ജിക്കുന്നതിനുമുള്ള 'ഭാവി കെട്ടിപ്പടുക്കുന്ന' ഘട്ടത്തിലായിരുന്നു ഈ ജനത. അന്ന് മുതൽ ഇന്നുവരെയുള്ള മനുഷ്യവിഭവശേഷി സംബന്ധിച്ച രണ്ട് വിലയിരുത്തലുകളും വിരൽ ചൂണ്ടുന്നത് ലോകത്തെ അധ്വാനിക്കുന്ന വർഗ്ഗത്തെ ബാധിച്ചിരിക്കുന്ന വലിയൊരു മനുഷ്യവിഭവശേഷി നഷ്ടത്തിലേക്കാണ് എന്നാണ്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)