2025-ൽ ദിനംപ്രതി 660 കുട്ടികൾക്ക് എച്ച്.ഐ.വി ബാധിച്ചതായും 200-ഓളം കുട്ടികൾ എയ്ഡ്സ് അനുബന്ധ കാരണങ്ങളാൽ മരണമടഞ്ഞതായും യുനിസെഫ് (UNICEF) കണക്കാക്കുന്നു.
15 വയസ്സിന് താഴെയുള്ള ഏകദേശം 12.6 ലക്ഷം (1.26 ദശലക്ഷം) കുട്ടികൾ എച്ച്.ഐ.വി ബാധിതരായി ജീവിക്കുന്നുണ്ട്, ഇതിൽ 87 ശതമാനത്തോളവും സബ് സഹാറൻ ആഫ്രിക്കയിലാണ്.
2010 മുതൽ കുട്ടികളിലെ പുതിയ എച്ച്.ഐ.വി അണുബാധയിൽ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും, കൗമാരക്കാർക്കിടയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി മന്ദഗതിയിലാണ്.
പരിശോധന, ചികിത്സ, പ്രതിരോധം എന്നിവയിലെ വീഴ്ചകളും കുറവുകളുമാണ് ഒഴിവാക്കാമായിരുന്ന അണുബാധകൾക്കും മരണങ്ങൾക്കും തുടരുന്നതിന് കാരണമെന്ന് യുനിസെഫ് വ്യക്തമാക്കുന്നു.
മനുഷ്യ പ്രതിരോധശേഷിയെ ബാധിക്കുന്ന എച്ച്.ഐ.വി (HIV) രോഗബാധ പ്രതിരോധിക്കുന്നതിൽ ആഗോളതലത്തിൽ വൻ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, പ്രതിരോധം, പരിശോധന, ചികിത്സ എന്നിവ എല്ലാവരിലേക്കും ഒരുപോലെ എത്താത്തത് കുട്ടികളെയും കൗമാരക്കാരെയും ഇന്നും ഒഴിവാക്കാമായിരുന്ന അണുബാധയുടെയും മരണത്തിന്റെയും വക്കിലെത്തിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഫണ്ട് (യുനിസെഫ് - UNICEF) വ്യക്തമാക്കുന്നു.
യുനിസെഫിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-ൽ പ്രതിദിനം 660 കുട്ടികൾക്ക് പുതുതായി എച്ച്.ഐ.വി ബാധിക്കുകയും 200-ഓളം കുട്ടികൾ എയ്ഡ്സ് അനുബന്ധ കാരണങ്ങളാൽ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രതിരോധം, പരിചരണം, ചികിത്സ എന്നിവയുടെ കുറവാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്.
2025-ൽ 15 വയസ്സിന് താഴെയുള്ള ഏകദേശം 93,000 കുട്ടികൾക്ക് പുതുതായി എച്ച്.ഐ.വി ബാധിച്ചു. ഇതോടെ ഈ പ്രായപരിധിയിൽ വൈറസ് ബാധിച്ച് ജീവിക്കുന്നവരുടെ എണ്ണം 12.6 ലക്ഷമായി (1.26 ദശലക്ഷം) ഉയർന്നു. ഇതിൽ 87 ശതമാനത്തോളം ആളുകളും ജീവിക്കുന്നത് എച്ച്.ഐ.വി ഏറ്റവും രൂക്ഷമായി ബാധിച്ച സബ് സഹാറൻ ആഫ്രിക്കയിലാണ്.
എങ്കിലും ഈ കണക്കുകൾ വലിയ പുരോഗതിയും ചൂണ്ടിക്കാണിക്കുന്നുണ്ട്. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാൻ എടുത്ത ശക്തമായ നടപടികൾ മൂലം 2010 മുതൽ 15 വയസ്സിന് താഴെയുള്ള കുട്ടികളിലെ പുതിയ അണുബാധകൾ 69 ശതമാനത്തോളം കുറഞ്ഞു. ഈ പ്രായക്കാരുടെ എയ്ഡ്സ് അനുബന്ധ മരണങ്ങളിൽ 2001-ലെ ഉയർന്ന നിരക്കിനേക്കാൾ 84 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
എന്നാൽ കൗമാരക്കാർക്കിടയിലുള്ള പുരോഗതി വളരെ മന്ദഗതിയിലാണ്. 20 വയസ്സിന് താഴെയുള്ള ഏകദേശം 74,000 കുട്ടികളും കൗമാരക്കാരും 2025-ൽ എയ്ഡ്സ് മൂലം മരണമടഞ്ഞു. ഇതിൽ 70 ശതമാനം മരണങ്ങളും 10 വയസ്സിന് താഴെയുള്ള കുട്ടികളിലായിരുന്നു. ചെറിയ കുട്ടികളിലെ മരണനിരക്ക് ഗണ്യമായി കുറഞ്ഞപ്പോൾ, 15-19 പ്രായക്കാരായ കൗമാരക്കാരിൽ എയ്ഡ്സ് മരണങ്ങൾ 2007-ലെ ഉയർന്ന നിരക്കിനേക്കാൾ 46 ശതമാനം മാത്രമാണ് കുറഞ്ഞത്.
ഈ രോഗബാധയുടെ പ്രത്യാഘാതം എച്ച്.ഐ.വി ബാധിതരായ കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല. 2025 ഓടെ 18 വയസ്സിന് താഴെയുള്ള 1.35 കോടി (13.5 ദശലക്ഷം) കുട്ടികൾക്ക് എയ്ഡ്സ് മൂലം മാതാപിതാക്കളിൽ ഒരാളെയോ രണ്ടുപേരെയുമോ നഷ്ടപ്പെട്ടിട്ടുണ്ട്. ദാരിദ്ര്യം, ഭവനരഹിതാവസ്ഥ, പഠനം ഉപേക്ഷിക്കേണ്ടി വരിക, വിവേചനം, അവസരങ്ങൾ നഷ്ടപ്പെടുക തുടങ്ങിയ വലിയ പ്രതിസന്ധികളിലൂടെയാണ് ലക്ഷക്കണക്കിന് മറ്റ് കുട്ടികളും കടന്നുപോകുന്നത്.
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് പൂർണ്ണമായി തടയുന്നതിനും എച്ച്.ഐ.വി, സിഫിലിസ്, ഹെപ്പറ്റൈറ്റിസ് ബി എന്നിവയുടെ വ്യാപനം ഇല്ലാതാക്കുന്നതിനും മുൻഗണന നൽകണമെന്ന് യൂണിസെഫ് ആവശ്യപ്പെടുന്നു. ആഗോള ആരോഗ്യ ഫണ്ടിംഗിലെ മാറ്റങ്ങൾക്കിടയിലും പുരോഗതി ഉറപ്പാക്കിക്കൊണ്ട്, ആദ്യഘട്ട രോഗനിർണയത്തിലൂടെയും മികച്ച ശിശുപരിചരണത്തിലൂടെയും കുട്ടികളിലെയും കൗമാരക്കാരിലെയും ചികിത്സാ വിടവുകൾ നികത്തണമെന്നും ഏജൻസി ആഹ്വാനം ചെയ്തു.
സേവനങ്ങളുടെ കുറവ് തിരിച്ചറിയാനും ഏറ്റവും ആവശ്യമുള്ള വിഭാഗങ്ങളിലേക്ക് കൃത്യമായി വിഭവങ്ങൾ എത്തിക്കാനും കൃത്യമായ വിവരശേഖരണം ആവശ്യമാണെന്ന് യൂണിസെഫ് വ്യക്തമാക്കി.
ദേശീയ, പ്രാദേശിക തലങ്ങളിലെ പോരായ്മകൾ കണ്ടെത്തുന്നതിനും ആരോഗ്യ-വിവര സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിവിധ രാജ്യങ്ങളുമായി ചേർന്ന് യൂണിസെഫ് പ്രവർത്തിക്കുന്നു.
ആരോഗ്യ ഭീഷണിയായ എയ്ഡ്സിനെ പൂർണ്ണമായി തുടച്ചുനീക്കാനും എയ്ഡ്സ് മുക്തമായ ഒരു തലമുറയെ വാർത്തെടുക്കാനും കുട്ടികളെയും കൗമാരക്കാരെയും ആഗോള പ്രതിരോധ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കേണ്ടത് അത്യാവശ്യമാണെന്ന് ഏജൻസി കൂട്ടിച്ചേർത്തു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)