ഐസ്റ്റോക്ക്
Governance

കുട്ടിയുടെ പ്രായപരിധി നീക്കി; ദത്തെടുക്കുന്ന അമ്മമാർക്കും 12 ആഴ്ച പ്രസവാവധി നൽകണമെന്ന് സുപ്രീം കോടതി

കുട്ടിയുടെ പ്രായം പരിഗണിക്കാതെ ദത്തെടുക്കുന്ന അമ്മമാർക്കും 12 ആഴ്ച പ്രസവാവധി ഉറപ്പാക്കി സുപ്രീം കോടതി; മൂന്ന് മാസത്തെ പ്രായപരിധി വിവേചനപരവും അപ്രായോഗികവുമെന്ന് നിരീക്ഷണം. പിതൃത്വ അവധി (Paternity Leave) സംബന്ധിച്ച നിയമം പരിഗണിക്കാൻ കേന്ദ്രത്തോട് നിർദ്ദേശം

Nandita Banerji

  • ദത്തെടുക്കുന്ന കുട്ടിയുടെ പ്രായം പരിഗണിക്കാതെ തന്നെ അമ്മമാർക്ക് പ്രസവാവധി ആനുകൂല്യങ്ങൾ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു

  • മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുമ്പോൾ മാത്രം അവധി അനുവദിച്ചിരുന്ന സോഷ്യൽ സെക്യൂരിറ്റി കോഡിലെ 60(4) വകുപ്പ് കോടതി റദ്ദാക്കി

  • കുട്ടിയുടെ പ്രായം അടിസ്ഥാനമാക്കി അവധി നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇത് കുടുംബങ്ങൾക്ക് ആവശ്യമായ പരിചരണ സമയം നിഷേധിക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു

  • അമ്മമാർക്ക് മാത്രമല്ല, അച്ഛന്മാർക്കും അവധി നൽകുന്ന കാര്യം സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഭാഗമായി കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു

ദത്തെടുക്കുന്ന കുട്ടിയുടെ പ്രായം മൂന്ന് മാസത്തിൽ താഴെയാണെങ്കിൽ മാത്രം അമ്മമാർക്ക് പ്രസവാവധി ആനുകൂല്യങ്ങൾ നൽകുന്ന ഇന്ത്യയിലെ സാമൂഹിക സുരക്ഷാ നിയമത്തിലെ വ്യവസ്ഥ സുപ്രീം കോടതി റദ്ദാക്കി. ഈ നിയന്ത്രണം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

2026 മാർച്ച് 17-ന് ‘ഹംസാനന്ദിനി നന്ദൂരി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ എന്ന കേസിൽ ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2020-ലെ സോഷ്യൽ സെക്യൂരിറ്റി കോഡിലെ (സാമൂഹിക സുരക്ഷാ നിയമം) 60(4) വകുപ്പ്, ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തെയും (Article 14) ജീവിക്കാനുള്ള അവകാശത്തെയും (Article 21) ലംഘിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.

ദത്തെടുക്കുന്ന സമയത്ത് കുട്ടിയുടെ പ്രായം എത്രയായാലും, ദത്തെടുക്കുന്ന അമ്മമാർക്ക് 12 ആഴ്ചത്തെ പ്രസവാവധിക്ക് അർഹതയുണ്ടെന്ന് കോടതി വിധിച്ചു.

നേരത്തെ ഈ നിയമം മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന അമ്മമാർക്ക് മാത്രമാണ് ആനുകൂല്യം നൽകിയിരുന്നത്. ഇത് ഭൂരിഭാഗം ദത്തെടുക്കുന്ന മാതാപിതാക്കളെയും ആനുകൂല്യങ്ങളിൽ നിന്ന് പുറത്താക്കിയിരുന്നു.

2020-ലെ നിയമത്തിലെ 60(4) വകുപ്പ് പ്രകാരം: "മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടിയെ നിയമപരമായി ദത്തെടുക്കുന്ന സ്ത്രീക്കോ അല്ലെങ്കിൽ വാടക ഗർഭധാരണത്തിലൂടെ (Commissioning mother) അമ്മയാകുന്നവർക്കോ, കുട്ടിയെ കൈമാറുന്ന തീയ്യതി മുതൽ 12 ആഴ്ചത്തെ പ്രസവാവധിക്ക് അർഹതയുണ്ടാകും" എന്നായിരുന്നു വ്യവസ്ഥ.

പ്രായപരിധി നിശ്ചയിക്കുന്നതിൽ യുക്തിസഹമായ അടിസ്ഥാനമില്ല

കുട്ടിയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ ദത്തെടുക്കുന്ന അമ്മമാരെ തരംതിരിക്കുന്നത് പ്രസവാവധി ആനുകൂല്യങ്ങളുടെ ലക്ഷ്യവുമായി യാതൊരു വിധത്തിലും പൊരുത്തപ്പെടുന്നില്ലെന്ന് കോടതി കണ്ടെത്തി. "പ്രസവാവധി ആനുകൂല്യങ്ങളുടെ ലക്ഷ്യം പ്രസവമെന്ന പ്രക്രിയയുമായി മാത്രമല്ല, മറിച്ച് 'മാതൃത്വം' എന്ന പ്രക്രിയയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്," കോടതി നിരീക്ഷിച്ചു.

കുട്ടിയുടെ പ്രായം എത്രയായാലും, ദത്തെടുക്കലിലൂടെ ഉണ്ടാകുന്ന ഉത്തരവാദിത്തങ്ങൾ, പരിചരണത്തിനുള്ള ആവശ്യകതകൾ, വൈകാരികമായ മാറ്റങ്ങൾ എന്നിവയെല്ലാം ഒരുപോലെയാണെന്നും കോടതി കൂട്ടിച്ചേർത്തു.

ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം (Article 21), സ്വന്തം ഇഷ്ടപ്രകാരം പ്രത്യുൽപ്പാദനപരമായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശത്തിന്റെ (Reproductive autonomy) ഭാഗമാണ് ദത്തെടുക്കലും. അത് പ്രസവത്തിലൂടെയുള്ള മാതാപിതാക്കളാകുന്നതിന് താഴെയല്ലെന്നും കോടതി വ്യക്തമാക്കി.

പ്രായോഗികമായി അർത്ഥശൂന്യം; നിലവിലെ നിയമവ്യവസ്ഥയെപ്പറ്റി കോടതി

ഇന്ത്യയിലെ നിലവിലെ നിയമവ്യവസ്ഥയനുസരിച്ച് വളരെ ചെറിയ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഈ വിധിയിലെ ഒരു പ്രധാന ഘടകമായത്.

ഒരു കുട്ടി ദത്തെടുക്കലിന് യോഗ്യമാണെന്ന് (Legally free for adoption) ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുമ്പോഴേക്കും ആ കുട്ടിക്ക് മൂന്ന് മാസത്തിൽ കൂടുതൽ പ്രായമാകാനാണ് സാധ്യതയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് നിലവിലെ നിയമത്തെ നിഷ്ഫലമാക്കുന്നു. "പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത് ഈ നിയമത്തെ പ്രായോഗികമായി നടപ്പിലാക്കാൻ കഴിയാത്ത ഒന്നാക്കി മാറ്റുന്നു," കോടതി നിരീക്ഷിച്ചു.

നയങ്ങൾ രൂപീകരിക്കുമ്പോൾ കുട്ടിയുടെ മികച്ച താല്പര്യങ്ങൾക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്ന് ബെഞ്ച് ഊന്നിപ്പറഞ്ഞു. ദത്തെടുക്കൽ എന്ന ഔദ്യോഗിക നടപടിക്കപ്പുറം, ഒരു കുടുംബവുമായി ഒത്തുചേരാൻ കുട്ടിക്ക് സമയവും പരിചരണവും വൈകാരികമായ അടുപ്പവും ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന അമ്മമാർക്ക് അവധി നിഷേധിക്കുന്നത് അമ്മയുടെ പരിചരണത്തെയും കുട്ടിയുടെ വളർച്ചയെയും ഒരുപോലെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ വിധിയെത്തുടർന്ന്, 2020-ലെ സോഷ്യൽ സെക്യൂരിറ്റി കോഡിലെ 60(4) വകുപ്പ് പ്രകാരം, ദത്തെടുക്കുന്ന എല്ലാ അമ്മമാർക്കും വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്നവർക്കും കുട്ടിയെ കൈമാറുന്ന തീയ്യതി മുതൽ 12 ആഴ്ചത്തെ പ്രസവാവധി ആനുകൂല്യങ്ങൾ നൽകണമെന്ന് കോടതി ഉത്തരവിട്ടു.

കുട്ടിയെ വളർത്തുന്നതിനും പരിചരിക്കുന്നതിനുമുള്ള ഉത്തരവാദിത്തം മാതാപിതാക്കൾ ഒരുപോലെ പങ്കിടേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ ഭാഗമായി, അച്ഛന്മാർക്കും 'പിതൃത്വ അവധി' (Paternity Leave) ഒരു സാമൂഹിക സുരക്ഷാ ആനുകൂല്യമായി നൽകുന്ന കാര്യം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

"പിതൃത്വ അവധി ഒരു സാമൂഹിക സുരക്ഷാ ആനുകൂല്യമായി അംഗീകരിക്കുന്ന നിയമം കൊണ്ടുവരാൻ ഞങ്ങൾ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. മാതാപിതാക്കളുടെയും കുട്ടിയുടെയും ആവശ്യങ്ങൾ പരിഗണിച്ച് വേണം ഇത്തരം അവധിയുടെ കാലാവധി നിശ്ചയിക്കാൻ," കോടതി ഉത്തരവിൽ വ്യക്തമാക്കി.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

180322021_2026-03-17.pdf
Preview