മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലുള്ള ഒരു സ്‌കൂൾ. (ചിത്രം പ്രതീകാത്മകം) ഐസ്റ്റോക്ക്
Governance

10 സംസ്ഥാനങ്ങളിലെ സ്‌കൂൾ പ്രതിഷേധങ്ങൾ സർക്കാർ റിപ്പോർട്ടിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ പ്രതിഫലിപ്പിക്കുന്നു

യു.എൻ കൺവെൻഷനും ഇന്ത്യൻ ഭരണഘടനയും ഉറപ്പുനൽകുന്ന അധ്യാപകർ, ടോയ്‌ലെറ്റുകൾ, ഭക്ഷണം, സ്കൂൾ പ്രവേശനം എന്നിവയ്ക്കായി അവകാശവാദമുന്നയിച്ച് കുട്ടികൾ

Kiran Pandey

2026 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, അധ്യാപകരുടെ ക്ഷാമം, മോശം ക്ലാസ് മുറികൾ തുടങ്ങി കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, സുരക്ഷിതമായ സ്കൂൾ യാത്ര വരെയുള്ള വിഷയങ്ങളിൽ 10 സംസ്ഥാനങ്ങളിലെയും 25 ജില്ലകളിലെയും സ്കൂൾ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2026 ഓഗസ്റ്റ് 17-ന് പുറത്തുവിട്ട 'യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ്' (UDISE+) 2025-26 റിപ്പോർട്ട് അനുസരിച്ച്, സ്കൂൾ പ്രവേശനത്തിലും അടിസ്ഥാന സൗകര്യ സൂചികകളിലും പുരോഗതി ഉണ്ടായിട്ടുണ്ട്.

എന്നാൽ, കടലാസിൽ കുട്ടികൾക്ക് വാഗ്ദാനം ചെയ്തിട്ടുള്ള അവകാശങ്ങളും സ്കൂളുകളിൽ അവർ ഇന്നും അനുഭവിക്കുന്ന യാഥാർത്ഥ്യങ്ങളും തമ്മിൽ വലിയ വലിയ അന്തരം ഉണ്ടെന്നാണ് സമീപകാല പ്രതിഷേധങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. യു.എൻ കുട്ടികളുടെ അവകാശ കൺവെൻഷനും (CRC) ഇന്ത്യയുടെ 2009-ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമവും (RTE Act) ഈ അവകാശങ്ങൾ അംഗീകരിക്കുന്നുണ്ട്.

നീറ്റ്-യുജി (NEET-UG) ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ 2026 ജൂലൈയിൽ ഡൽഹിയിലെ ജന്തർ മന്ദറിലടക്കം നടന്ന രാജ്യവ്യാപക 'ജെൻ സി' (Gen Z) പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഈ സമരം.

ആ പ്രതിഷേധത്തെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചത്, തങ്ങളുടെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യമില്ലായ്മക്കെതിരെ പ്രതികരിക്കാൻ ഇളംതലമുറയിലെ വിദ്യാർത്ഥികൾക്ക് പ്രചോദനമായിട്ടുണ്ടാകാം. 2010-ന് ശേഷം ജനിച്ച ഇവരിൽ ഭൂരിഭാഗവും 'ജനറേഷൻ ആൽഫ' വിഭാഗത്തിൽപ്പെടുന്നവരാണ്.

ഉദാഹരണത്തിന്, ജൂലൈ 28-ന് ഉത്തർപ്രദേശിലെ ഫത്തേപ്പൂരിലുള്ള കിഷൻപൂർ സർവോദയ ഇന്റർ കോളേജിലെ 6 മുതൽ 12 വരെ ക്ലാസുകളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ മാസങ്ങളായി പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് പ്രതിഷേധിച്ചു. ക്രമരഹിതമായ വൈദ്യുതി, ഫാനുകളുടെ കുറവ്, തകർന്ന ബെഞ്ചുകൾ, വൃത്തിഹീനമായ കുടിവെള്ളം, മോശം ടോയ്‌ലെറ്റ് സൗകര്യങ്ങൾ എന്നിവയാണ് അവർ ഉന്നയിച്ചത്. ഉത്തർപ്രദേശിലെ ലഖ്‌നൗ അടക്കം അഞ്ചിലധികം ജില്ലകളിൽ നിന്ന് സമാനമായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഒഡീഷ, ബീഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങി മറ്റ് ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നും സമാനമായ വിഷയങ്ങളിൽ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡാറ്റ വ്യക്തമാക്കുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ

സ്കൂളുകളിലെ സൗകര്യങ്ങളുടെ കുറവും ഉത്തരേന്ത്യൻ-ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യത്യാസവും വ്യക്തമാക്കുന്ന ഏറ്റവും പുതിയ UDISE+ ഡാറ്റയുടെ പശ്ചാത്തലത്തിൽ ഈ പ്രതിഷേധങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

ഉദാഹരണത്തിന്, സ്കൂളുകളിലെ വൈദ്യുതീകരണത്തിൽ ദേശീയ ശരാശരി 93.5 ശതമാനമാണ്. എന്നാൽ ഉത്തർപ്രദേശ് (88.8%), മധ്യപ്രദേശ് (90.7%), രാജസ്ഥാൻ (91.5%) എന്നിവ ദേശീയ ശരാശരിക്കും താഴെയാണ്. നേരെമറിച്ച്, തമിഴ്‌നാട് 100 ശതമാനം വൈദ്യുതീകരണം കൈവരിച്ചപ്പോൾ കേരളം (99.8%), ആന്ധ്രാപ്രദേശ് (99.7%), തെലങ്കാന (99.4%) എന്നിവ തൊട്ടുപിന്നിലുണ്ട്.

പ്രവർത്തനക്ഷമവും ശുചിത്വമുള്ളതുമായ ടോയ്‌ലെറ്റുകളുടെ കാര്യത്തിലും സമാനമായ അവസ്ഥ കാണാം. ദേശീയ ശരാശരി 95.8 ശതമാനം ആണെങ്കിലും രാജസ്ഥാനിൽ 86.8 ശതമാനവും മധ്യപ്രദേശിൽ 92.3 ശതമാനവുമാണ്. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇവിടെയും മുന്നിലാണ്; കേരളവും തമിഴ്‌നാടും 99.6 ശതമാനവും ആന്ധ്രാപ്രദേശ് 98.5 ശതമാനവും കൈവരിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ ഉന്നയിക്കപ്പെടുന്നത് RTE ഉറപ്പുനൽകുന്ന ഒരേ ആവശ്യങ്ങൾ

വ്യത്യസ്ത സംസ്ഥാനങ്ങളിലാണെങ്കിലും വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ സമാനമാണ്. കൂടുതൽ അധ്യാപകർ, മെച്ചപ്പെട്ട ഭക്ഷണവും ക്ലാസ് മുറികളും, സുരക്ഷിതമായ കെട്ടിടങ്ങൾ, വെള്ളം, ടോയ്‌ലെറ്റുകൾ, വൈദ്യുതി, റോഡുകൾ, ഗതാഗതം എന്നിവ ലഭ്യമാക്കുക, സ്കൂളുകൾ ലയിപ്പിക്കുന്നതും അധ്യാപകരെ മാറ്റുന്നതും അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

2026 ജൂലൈ 28-ന് ബീഹാറിലെ ഗയ ജില്ലയിലുള്ള സിമുഅര മിഡിൽ സ്കൂളിലെ 6-8 ക്ലാസുകളിലെ അമ്പതോളം വിദ്യാർത്ഥികൾ മോശം ഉച്ചഭക്ഷണം, കുടിവെള്ളം, ടോയ്‌ലെറ്റ്, വൈദ്യുതി, ഫാൻ, യൂണിഫോം, പഠന നിലവാരം എന്നിവയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി എസ്.ഡി.എം ഓഫീസിലേക്ക് 4 കിലോമീറ്ററോളം കാൽനടയായി മാർച്ച് നടത്തി പ്രതിഷേധിച്ചു.

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ദഹാനുവിലുള്ള വിദ്യാർത്ഥികളും 2026 ജൂലൈയിൽ പ്രതിഷേധിക്കുകയും മികച്ച സ്കൂൾ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായ അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും ആവശ്യപ്പെടുകയും ചെയ്തു.

സ്കൂൾ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ നിബന്ധനകൾ ഉൾക്കൊള്ളുന്ന ആർ.ടി.ഇ (RTE) നിയമം കൃത്യമായി നടപ്പിലാക്കുന്നില്ലെന്നതിന്റെ തെളിവാണ് ഈ സംഭവങ്ങൾ. എല്ലാ കാലാവസ്ഥയെയും പ്രതിരോധിക്കുന്ന കെട്ടിടം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലെറ്റുകൾ, സുരക്ഷിതവും ആവശ്യത്തിന് ലഭ്യമായതുമായ കുടിവെള്ളം, ക്ലാസ് മുറികൾ, ബോധന ഉപകരണങ്ങൾ എന്നിവ ആർ.ടി.ഇ ഷെഡ്യൂൾ പ്രകാരം നിർബന്ധമാണ്.

അധ്യാപകരുടെ ക്ഷാമം

ബീഡിലെ പാർലിയിലുള്ള വൈദ്യനാഥ് വിദ്യാലയത്തിലെ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ, 16-ഓളം അധ്യാപകരുടെ സ്ഥിരം അഭാവത്തിലും പകരം ആളുകളെ നിയമിക്കാതെ നടത്തുന്ന അധ്യാപക ട്രാൻസ്ഫറിലും പ്രതിഷേധിച്ച് ജൂലൈ 31-ന് ക്ലാസുകൾ ബഹിഷ്‌കരിച്ചു. ഇത് പ്രധാന വിഷയങ്ങൾ പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത അവസ്ഥയുണ്ടാക്കി.

അന്ന് തന്നെ, മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ നാല് വർഷമായി തുടരുന്ന ഗണിത-ശാസ്ത്ര അധ്യാപകരുടെ ക്ഷാമ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല ധർണ്ണ ആരംഭിച്ചു. ഇത് തങ്ങളുടെ ബോർഡ് പരീക്ഷയെ ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

രാജസ്ഥാനിലെ ജാലോറിലും അധ്യാപക ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂലൈ 17-ന് മേങ്ക്‌ളവ പി.എം ശ്രീ സ്കൂളിലെ 150-ഓളം വിദ്യാർത്ഥികളെ ഒരൊറ്റ അധ്യാപകൻ പഠിപ്പിക്കുന്നുവെന്ന വിവരത്തെ തുടർന്ന് കുട്ടികൾ പ്രതിഷേധിച്ചു. സമാനമായ കാരണങ്ങളാൽ ഛത്തീസ്ഗഡിലും പഞ്ചാബിലും പ്രതിഷേധങ്ങൾ ഉണ്ടായി.

ഈ ആവശ്യങ്ങൾക്ക് വ്യക്തമായ നിയമപരമായ അടിത്തറയുണ്ട്. ആർ.ടി.ഇ നിയമത്തിലെ ഷെഡ്യൂൾ പ്രകാരം 6 മുതൽ 8 വരെയുള്ള ക്ലാസുകളിൽ 35 കുട്ടികൾക്ക് കുറഞ്ഞത് ഒരു അധ്യാപകൻ ഉണ്ടായിരിക്കണം. കൂടാതെ സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സ്റ്റഡീസ്, ഭാഷകൾ എന്നിവയ്ക്ക് പ്രത്യേക അധ്യാപകരും വേണം. ആക്റ്റിലെ 25, 26 സെക്ഷനുകൾ കുട്ടികളും അധ്യാപകരും തമ്മിലുള്ള അനുപാതത്തെക്കുറിച്ചും അധ്യാപക ഒഴിവുകൾ നികത്തുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. ആർ.ടി.ഇ നിയമത്തിന്റെ പരിധിയിൽ വരുന്ന 6-14 വയസ്സുള്ള കുട്ടികൾക്ക് ഇത് നേരിട്ട് ബാധകമാണ്.

രാജ്യത്ത് ഒരു അധ്യാപകൻ മാത്രം ഉള്ള ലക്ഷത്തിലധികം സ്കൂളുകൾ ഉണ്ടെന്നും UDISE+ റിപ്പോർട്ട് വ്യക്തമാക്കുന്നു.

മോശം ഭക്ഷണം, ശുചിത്വമില്ലായ്മ, കുടിവെള്ള ക്ഷാമം

മോശം ഭക്ഷണം, കുടിവെള്ള ക്ഷാമം, അപര്യാപ്തമായ ഹോസ്റ്റൽ സൗകര്യങ്ങൾ എന്നിവയും പ്രതിഷേധത്തിന് കാരണമായി. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ റസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികൾ മോശം ഗുണനിലവാരമുള്ളതോ കാലാവധി കഴിഞ്ഞതോ ആയ ഭക്ഷണം, വൈദ്യുതിയുടെയും വെള്ളത്തിന്റെയും അഭാവം, മോശം ശുചിത്വം, അപര്യാപ്തമായ ഹോസ്റ്റൽ സൗകര്യങ്ങൾ, അധ്യാപകരുടെ കുറവ്, തടസ്സപ്പെടുന്ന ക്ലാസുകൾ എന്നിവയിൽ പ്രതിഷേധമുയർത്തി.

ഓഗസ്റ്റ് 18-ന് ധാർ മാതാ ശബരി കന്യ ശിക്ഷാ പരിസറിലെ പെൺകുട്ടികൾ ഹോസ്റ്റൽ സൗകര്യങ്ങളിലും ഭക്ഷണത്തിലും പ്രതിഷേധിച്ച് രംഗത്തെത്തി. ഭക്ഷണം, വൈദ്യുതി, കുടിവെള്ള വിതരണം, ശുചിത്വം, അധ്യാപക ക്ഷാമം എന്നിവയിൽ പ്രതിഷേധിച്ച് ഉത്തരാഖണ്ഡിലെ ഖാതിമയിലുള്ള ഏകലവ്യ സ്കൂളിലും ഉത്തർപ്രദേശിലെ അമേഥി, ലഖ്‌നൗ എന്നിവിടങ്ങളിലെ സ്കൂളുകളിലും സമാനമായ സമരങ്ങൾ നടന്നു.

കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ആഗോള കൺവെൻഷൻ (CRC) ഈ പ്രശ്നങ്ങളെ കുട്ടികളുടെ ആരോഗ്യം, വികസനം, വിദ്യാഭ്യാസം എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ആർട്ടിക്കിൽ 24 പോഷകാഹാരവും ശുദ്ധമായ കുടിവെള്ളവും ഉൾപ്പെടെയുള്ള കുട്ടികളുടെ ആരോഗ്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്നു; ആർട്ടിക്കിൾ 28, 29 എന്നിവ വിദ്യാഭ്യാസത്തെയും അതിന്റെ ലക്ഷ്യങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നു.

സുരക്ഷിതമല്ലാത്ത അടിസ്ഥാന സൗകര്യങ്ങളും പരിമിതമായ പ്രവേശനവും

കെട്ടിടങ്ങളും ക്ലാസ് മുറികളും ഉൾപ്പെടെ സ്കൂളുകൾ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആർ.ടി.ഇ നിയമം അനുശാസിക്കുന്നു. അൽവാറിലെ ജോധ്‌വാസിൽ, ഓഗസ്റ്റ് 13-ന് സ്കൂൾ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് 174 വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

ഒരു സ്കൂൾ കെട്ടിടത്തിന്റെ ആവശ്യകതയ്ക്ക് അപ്പുറത്തേക്ക് നിയമം സംസാരിക്കുന്നുണ്ട്. സി.ആർ.സി (CRC) ആർട്ടിക്കിൾ 28 തുല്യാവസരങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം ഉറപ്പുനൽകുന്നു; ഇന്ത്യയിലെ ആർ.ടി.ഇ നിയമം അയൽപക്ക സ്കൂളുകൾ വേണമെന്ന് ആവശ്യപ്പെടുന്നു. 6-14 വയസ്സുള്ള കുട്ടികൾക്ക് അർത്ഥവത്തായ വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ സുരക്ഷിതവും ചെലവുകുറഞ്ഞതും തടസ്സമില്ലാത്തതുമായ യാത്ര സൗകര്യവും ആവശ്യമാണ്.

എന്നാൽ ഇത്തരം നിയമ വ്യവസ്ഥകളും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ വിടവാണ് സമീപകാല പ്രതിഷേധങ്ങൾ തുറന്നുകാട്ടുന്നത്. മധ്യപ്രദേശിൽ വിദീഷ ജില്ലയിലെ സിറോഞ്ചിൽ ബസ് ചാർജ് വർധനവിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചപ്പോൾ, ഉജ്ജയിനിൽ തങ്ങളുടെ സ്കൂൾ 6-10 കിലോമീറ്റർ അകലേക്ക് മാറ്റുന്നതിനും ലയിപ്പിക്കുന്നതിനുമെതിരെ പെൺകുട്ടികൾ രംഗത്തെത്തി. ഹമീർപൂരിലും (ഉത്തർപ്രദേശ്) ധംതരിയിലും (ഛത്തീസ്ഗഡ്), തകർന്ന റോഡുകൾ കാരണം പ്രത്യേകിച്ച് മൺസൂൺ സമയത്ത് സ്കൂളിലെത്താൻ കഷ്ടപ്പെടുന്ന അവസ്ഥ വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ചു.

നടപടിക്രമങ്ങളിലെ വീഴ്ചകൾ തള്ളിക്കളയാനാവില്ല

വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന്, കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ഓഗസ്റ്റ് 15-ന് മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നിന്ന് "സ്കൂൾ ടീക് കരോ" (സ്കൂളുകൾ നന്നാക്കൂ) പ്രചാരണത്തിന് തുടക്കമിട്ടു. ഗ്രാമീണ സർക്കാർ സ്കൂളുകളിലെ പോരായ്മകൾ രേഖപ്പെടുത്തുന്നതിനും മികച്ച അടിസ്ഥാന സൗകര്യങ്ങൾക്കും ഉത്തരം പറയേണ്ട ഉത്തരവാദിത്തത്തിനും വേണ്ടി സമ്മർദ്ദം ചെലുത്തുന്നതിനുമായി സി.ജെ.പി ആരംഭിച്ച രാജ്യവ്യാപക സോഷ്യൽ-ഓഡിറ്റ് ക്യാമ്പയിനാണിത്.

കുട്ടികൾ ആവശ്യപ്പെടുന്ന പല കാര്യങ്ങളും നിലവിലുള്ള നിയമസംവിധാനം അംഗീകരിക്കുന്നുണ്ടെങ്കിലും, ഈ കൊച്ചു വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ വിരൽ ചൂണ്ടുന്നത് അത് നടപ്പിലാക്കുന്ന തലത്തിലുള്ള വീഴ്ചകളിലേക്കാണ്.

സ്വന്തമായി അഭിപ്രായ രൂപീകരണത്തിന് ശേഷിയുള്ള കുട്ടികൾക്ക് അവരെ ബാധിക്കുന്ന കാര്യങ്ങളിൽ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് സി.ആർ.സി (CRC) ആർട്ടിക്കിൾ 12 വ്യക്തമാക്കുന്നുണ്ട്. അധ്യാപകരുടെ സ്ഥലംമാറ്റം, സ്കൂളുകൾ ലയിപ്പിക്കൽ, മോശം ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ അല്ലെങ്കിൽ ഗതാഗതം എന്നിവയിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുമ്പോൾ, അവരുടെ പ്രായം ഒരു കാരണമായി പറഞ്ഞ് പരാതികൾ തള്ളിക്കളയുന്നില്ലെന്ന് ഉറപ്പാക്കാൻ സി.ആർ.സിയിലെ ഈ വകുപ്പ് വളരെ പ്രധാനമാണ്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)