മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും പ്രമുഖ പണ്ഡിതനുമായ ടി. മാധവ മേനോൻ (96) തിരുവനന്തപുരത്ത് അന്തരിച്ചു.
35 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ, ഗോത്രവർഗ അവകാശങ്ങൾ, ഭൂമി വീണ്ടെടുക്കൽ, വനപരിപാലനം, സുസ്ഥിര കൃഷി എന്നീ മേഖലകളിലെ ചർച്ചകൾക്ക് അദ്ദേഹം പുതിയ ദിശാബോധം നൽകി.
പട്ടികവർഗ ക്ഷേമ വകുപ്പ് ഡയറക്ടർ, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ തുടങ്ങി നിർണ്ണായകമായ നിരവധി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
'എൻസൈക്ലോപീഡിയ ഓഫ് ദ്രാവിഡിയൻ ട്രൈബ്സ്' ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ വിജ്ഞാനപ്രദമായ കൃതികൾ, സമഗ്ര വികസനത്തെക്കുറിച്ചുള്ള ദേശീയതലത്തിലുള്ള ചർച്ചകളിൽ വലിയ സ്വാധീനം ചെലുത്തി.
ടി. മാധവ മേനോൻ, 2026 ഫെബ്രുവരി 12-ന് തിരുവനന്തപുരത്ത് വെച്ച് 96-ാം വയസ്സിൽ അന്തരിക്കുമ്പോൾ, അവസാനിക്കുന്നത് കേരളത്തിനകത്തും പുറത്തും ഗോത്രക്ഷേമം, വനപരിപാലനം, സുസ്ഥിര കൃഷി, നരവംശശാസ്ത്ര പഠനം എന്നീ മേഖലകളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ അസാധാരണമായ ഒരു പൊതുജീവിതത്തിനാണ്.
ഔദ്യോഗിക ജീവിതം പ്രധാനമായും കേരളത്തിലായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. ഗോത്രവർഗ അവകാശങ്ങൾ, ഭൂമി വീണ്ടെടുക്കൽ, വികേന്ദ്രീകൃത കൃഷി, കമ്മ്യൂണിറ്റി അധിഷ്ഠിത വനസംരക്ഷണം എന്നിവയെക്കുറിച്ചുള്ള ദേശീയതലത്തിലുള്ള ചർച്ചകളെ സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
1929 നവംബർ 19-നാണ് മാധവ മേനോൻ ജനിച്ചത്. ഇന്ത്യ അതിന്റെ വികസന മുൻഗണനകൾ നിശ്ചയിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിൽ, പൊതുസേവന രംഗത്തേക്ക് കടന്നുവന്ന തലമുറയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (കേരള കേഡർ) 35 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ, പാലക്കാട് ജില്ലാ കളക്ടർ, പട്ടികവർഗ ക്ഷേമ വകുപ്പ് ഡയറക്ടർ, വെസ്റ്റഡ് ഫോറസ്റ്റ് കമ്മിറ്റി ചെയർമാൻ, അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ, പിന്നീട് കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ തുടങ്ങി നിരവധി സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചു.
ഭൂപരിഷ്കരണം, വനപരിപാലനം, ഗോത്രവർഗ ക്ഷേമം, കാർഷിക പരിവർത്തനം എന്നിങ്ങനെ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട ഏറ്റവും സങ്കീർണ്ണമായ വെല്ലുവിളികളുടെ കേന്ദ്രബിന്ദുവായി പ്രവർത്തിക്കാൻ, ഈ പദവികൾ അദ്ദേഹത്തിന് അവസരമൊരുക്കി.
പാലക്കാട് ജില്ലാ കളക്ടറായിരുന്ന കാലത്താണ്, മാധവ മേനോൻ ഗോത്രസമൂഹങ്ങളുമായി ആദ്യമായി നേരിട്ട് ബന്ധപ്പെടുന്നത്. അവിടുത്തെ ഊരുകളുമായുള്ള ഈ ആത്മബന്ധം, ഗോത്രജനത നേരിടുന്ന ഭൂമി നഷ്ടപ്പെടൽ, ഉപജീവനമാർഗ്ഗങ്ങളുടെ അരക്ഷിതാവസ്ഥ, സാമൂഹികമായ പാർശ്വവൽക്കരണം, എന്നിവയുടെ ആഴം അദ്ദേഹത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു.
അന്നുതൊട്ട്, അദ്ദേഹത്തിന്റെ ഭരണനിർവ്വഹണം, ഗവേഷണം, പൊതുജീവിതം എന്നിവയെല്ലാം ഗോത്രവർഗ ക്ഷേമം എന്ന ഒരൊറ്റ ചരടിൽ കോർത്തുവെച്ചതുപോലെയായി. ഭൂമിയുടെ അവകാശം, സാംസ്കാരികമായ അന്തസ്സ്, ഭരണനിർവ്വഹണത്തിലെ പങ്കാളിത്തം എന്നീ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ, ഒരു വികസന പദ്ധതിയും വിജയിക്കില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുകയും വാദിക്കുകയും ചെയ്തു.
തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം മുതൽ വിരമിക്കൽ വരെ, എല്ലാ പദവികളിലും ഈ താൽപ്പര്യം നിലനിന്നിരുന്നതായി പിൽക്കാലത്ത് അദ്ദേഹം ഓർമ്മിച്ചിട്ടുണ്ട്. വിരമിച്ചതിനുശേഷവും, ഗോത്രവർഗ ഗവേഷണങ്ങളിലും, അവരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിലും, അദ്ദേഹം സജീവമായിരുന്നു. 'പീപ്പിൾ ഓഫ് ഇന്ത്യ' പ്രോജക്റ്റിന്റെ, കേരള വോള്യങ്ങളുടെ കോ-എഡിറ്ററായും, ഇന്റർനാഷണൽ സ്കൂൾ ഓഫ് ദ്രാവിഡിയൻ ലിംഗ്വിസ്റ്റിക്സിലെ (ISDL) സീനിയർ ഫെലോയായും, അദ്ദേഹം പ്രവർത്തിച്ചു. മൂന്ന് ഭാഗങ്ങളുള്ള 'എൻസൈക്ലോപീഡിയ ഓഫ് ദ്രാവിഡിയൻ ട്രൈബ്സ്', രണ്ട് ഭാഗങ്ങളുള്ള 'ഹാൻഡ്‌ബുക്ക് ഓഫ് കേരള' എന്നിവ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ തെളിവുകളാണ്. അട്ടപ്പാടി ഹിൽ ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി (AHADS) പോലുള്ള സ്ഥാപനങ്ങളിലൂടെ ഗോത്രവർഗ വികസന പ്രവർത്തനങ്ങളിൽ അദ്ദേഹം നിരന്തരം ഇടപെട്ടുപോന്നു.
വാർദ്ധക്യത്തിലും, ഗവേഷണങ്ങളിലൂടെയും എഴുത്തിലൂടെയും ഗോത്രനീതിക്കായി തുടർന്നും പ്രവർത്തിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ ഔദ്യോഗിക പദവികൾക്കപ്പുറം, ആ സമൂഹത്തോടുള്ള ആജീവനാന്ത പ്രതിബദ്ധതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെ നിർവ്വചിച്ചത്.
അദ്ദേഹത്തിന്റെ ഭരണാധികാരം കേരളത്തിൽ മാത്രമായിരുന്നെങ്കിലും, അക്കാദമിക് ചർച്ചകൾ, ഔദ്യോഗിക കുറിപ്പുകൾ, നയപരമായ ഉപദേശങ്ങൾ, വിവിധ സാമൂഹിക കൂട്ടായ്മകൾ എന്നിവയിലൂടെ മാധവ മേനോന്റെ സ്വാധീനം ദേശീയ തലത്തിൽ വ്യാപിച്ചു.
ഗോത്രവർഗ വിഷയങ്ങൾ, വനഭൂമി വീണ്ടെടുക്കൽ, വനാവകാശങ്ങൾ, വികേന്ദ്രീകൃത കൃഷി എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ പുനഃപരിശോധിക്കേണ്ടി വന്നപ്പോഴെല്ലാം, കേന്ദ്ര ഗവൺമെന്റും, വിവിധ സംസ്ഥാന സർക്കാരുകളും, അദ്ദേഹത്തിന്റെ അഭിപ്രായം തേടിയിരുന്നു. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളും, സെമിനാറുകളിലെ ഇടപെടലുകളും, നയരേഖകളും, നയരൂപീകരണ വിദഗ്ധർക്കും, അധ്യാപകർക്കും സാമൂഹിക പ്രവർത്തകർക്കുമിടയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. ഇത് സമഗ്ര വികസനത്തെയും, ഗോത്രവർഗ അവകാശങ്ങളെയും കുറിച്ചുള്ള ദേശീയ സംവാദങ്ങൾക്ക് കരുത്തുപകർന്നു.
ഭൂമിക്ക് വേണ്ടിയുള്ള അവകാശങ്ങൾക്കും, ഗോത്രവർഗ സ്വയംഭരണത്തിനും വേണ്ടി പോരാടുന്ന സാമൂഹിക പ്രസ്ഥാനങ്ങൾക്കിടയിൽ, ആദരണീയനായ ഒരു ബുദ്ധിജീവിയായി അദ്ദേഹം മാറി. വനസംരക്ഷണം, ഭൂഭരണം, ഉപജീവന മാർഗ്ഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും, ഗോത്രസമൂഹങ്ങളെ തുല്യ പങ്കാളികളായി കാണണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടുതന്നെ പല സാമൂഹിക പ്രവർത്തകർക്കും അദ്ദേഹം ഒരു വലിയ വഴികാട്ടിയായിരുന്നു.
ടി. മാധവ മേനോന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു, പാലക്കാട് ജില്ലയിലെ, അട്ടപ്പാടിയുമായുള്ള അദ്ദേഹത്തിന്റെ ദീർഘകാല ബന്ധം. കേരളത്തിലെ ഗോത്രസമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളുടെയും, അവരുടെ അതിജീവനത്തിന്റെയും പ്രതീകമായാണ് അട്ടപ്പാടിയെ അദ്ദേഹം കണ്ടിരുന്നത്.
ഭൂമി അന്യാധീനപ്പെടൽ, പരിസ്ഥിതി നാശം, പോഷകാഹാരക്കുറവ്, സാമ്പത്തികമായ പാർശ്വവൽക്കരണം എന്നിങ്ങനെ ഒട്ടേറെ പ്രതിസന്ധികൾ അട്ടപ്പാടി നേരിട്ടിരുന്നു. അട്ടപ്പാടി ഹിൽ ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റിയുമായുള്ള (AHADS) സഹകരണത്തിലൂടെ, ഭൂമി വീണ്ടെടുക്കൽ, നീർത്തട പരിപാലനം, സുസ്ഥിര കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്ര വികസന പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകി.
ഭൂമിക്ക് മേൽ ഗോത്രവർഗക്കാർക്കുള്ള അവകാശം പുനഃസ്ഥാപിക്കുക, അവിടുത്തെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, വികസന പദ്ധതികളിൽ ഊരുകൂട്ടങ്ങളുടെ യഥാർത്ഥ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അട്ടപ്പാടിയിൽ അദ്ദേഹം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ കേരളത്തിൽ മാത്രമല്ല, സമാനമായ വെല്ലുവിളികൾ നേരിടുന്ന ഇന്ത്യയിലെ മറ്റ് മലയോര മേഖലകളിലെ വികസന ചർച്ചകളിലും വലിയ സ്വാധീനം ചെലുത്തി.
ഔദ്യോഗിക ജീവിതത്തിലുടനീളം കാർഷിക മേഖല, മാധവ മേനോന്റെ ചിന്തകളുടെ കേന്ദ്രബിന്ദുവായിരുന്നു. അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറായും, പിന്നീട് കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായും പ്രവർത്തിച്ച കാലത്ത്, ഗവേഷണങ്ങൾ വെറും വാണിജ്യ കൃഷിയിൽ മാത്രം ഒതുങ്ങരുതെന്ന് അദ്ദേഹം നിർബന്ധപൂർവ്വം പറഞ്ഞു. ചെറുകിട കർഷകർക്കും, മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നവർക്കും, ഗോത്രവർഗ കർഷകർക്കും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം ശാസ്ത്രീയ പഠനങ്ങൾ നടക്കേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു.
പശ്ചിമഘട്ടം പോലുള്ള പരിസ്ഥിതിലോലമായ പ്രദേശങ്ങൾക്ക് അനുയോജ്യമായ വരണ്ട ഭൂമിയിലെ കൃഷി, മണ്ണുസംരക്ഷണം, ഇടവിള കൃഷിരീതികൾ, ജൈവവൈവിധ്യത്തിലൂന്നിയ കാർഷിക രീതികൾ എന്നിവയെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പാരമ്പര്യ അറിവുകളെ ശാസ്ത്രീയ ഗവേഷണങ്ങളുമായി സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം, അദ്ദേഹം എടുത്തുപറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കൃഷിരീതികളെക്കുറിച്ചും, സുസ്ഥിര കൃഷിയെക്കുറിച്ചും ഇന്ന് നടക്കുന്ന ചർച്ചകൾ ദശാബ്ദങ്ങൾക്ക് മുൻപേ, അദ്ദേഹം വിഭാവനം ചെയ്തിരുന്നു.
ഭരണനിർവ്വഹണത്തിനപ്പുറം, ദക്ഷിണേന്ത്യയിലെ ഗോത്രസമൂഹങ്ങളെ അടയാളപ്പെടുത്തിയ ശ്രദ്ധേയനായ പണ്ഡിതനായിരുന്നു മാധവ മേനോൻ. 'പീപ്പിൾ ഓഫ് ഇന്ത്യ' പ്രോജക്റ്റിലൂടെ, കേരളത്തിന്റെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് വിശദമായ രേഖകൾ അദ്ദേഹം തയ്യാറാക്കി. മൂന്ന് ഭാഗങ്ങളുള്ള 'എൻസൈക്ലോപീഡിയ ഓഫ് ദ്രാവിഡിയൻ ട്രൈബ്സ്' ഇന്നും, ഈ മേഖലയിലെ ഏറ്റവും വലിയ ആധികാരിക രേഖയാണ്. കൂടാതെ 'ഹാൻഡ്‌ബുക്ക് ഓഫ് കേരള' എന്ന ഗ്രന്ഥത്തിലൂടെ സംസ്ഥാനത്തിന്റെ സാമൂഹിക ചരിത്രത്തെയും വികസന പാതയെയും അദ്ദേഹം കൃത്യമായി അടയാളപ്പെടുത്തി.
സാംസ്കാരികം, മതം, ചരിത്രം, വികസനം എന്നിവയുടെ പരസ്പര ബന്ധത്തെക്കുറിച്ച് ആഴത്തിൽ പ്രതിപാദിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ പുസ്തകങ്ങൾ. 'Tribal Development in India: From Despair to Hope', 'The Mother Goddess in Bengal and in Kerala' എന്നീ കൃതികൾ ഒരു പണ്ഡിതൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന് തെളിവാണ്.
ദേശീയതലത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നിട്ടും, പ്രശസ്തിയുടെ വെളിച്ചത്തിൽ നിന്നും മാറിനിൽക്കാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു മാധവ മേനോൻ. ഗൗരവമേറിയ പാണ്ഡിത്യവും, ക്ഷമയും, ഏതു നയരൂപീകരണത്തിന് മുൻപും സാധാരണക്കാരുടെ ശബ്ദം കേൾക്കാനുള്ള മനസ്സും, അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു എന്ന് കൂടെ പ്രവർത്തിച്ചവർ ഓർമ്മിക്കുന്നു.
"അന്യാധീനപ്പെട്ട ഗോത്രഭൂമികളെക്കുറിച്ച് എന്നും ആശങ്കപ്പെട്ടിരുന്ന, ഗോത്രവർഗ നീതിക്കായി നിലകൊണ്ട പോരാളിയായിരുന്നു അദ്ദേഹം. സാമൂഹിക പരിവർത്തനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം," എന്ന് വയനാട് സ്വദേശിയായ ഡോക്യുമെന്ററി സംവിധായകനും, എഴുത്തുകാരനുമായ ഒ.കെ. ജോണി, അദ്ദേഹത്തെ അനുസ്മരിച്ചു. ഗോത്രസമൂഹങ്ങളെക്കുറിച്ച് പഠിക്കുന്ന ഗവേഷകർക്ക് എന്നും വഴികാട്ടിയാകുന്നവയാണ്, അദ്ദേഹത്തിന്റെ നരവംശശാസ്ത്ര പഠനങ്ങളെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജെ. ബാബു നിരീക്ഷിച്ചു.
പ്രാദേശികമായ ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ, എങ്ങനെ ദേശീയ നയങ്ങളെ സ്വാധീനിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് മാധവ മേനോന്റെ ജീവിതം. അദ്ദേഹത്തിന്റെ സേവനം കേരളത്തിലായിരുന്നെങ്കിലും, ഫീൽഡ് തലത്തിലുള്ള ആഴത്തിലുള്ള അറിവും, പാണ്ഡിത്യവും ദീർഘവീക്ഷണവും ഗോത്രക്ഷേമം, ഗ്രാമീണ വികസനം എന്നീ വിഷയങ്ങളിലെ ദേശീയ സംവാദങ്ങളിൽ അദ്ദേഹത്തെ ഒരു ആധികാരിക ശബ്ദമാക്കി മാറ്റി.
ഇന്ത്യയിലുടനീളമുള്ള വന അവകാശങ്ങൾ, ജനകീയ വനപരിപാലനം, വികേന്ദ്രീകൃത കൃഷി എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക കുറിപ്പുകളും, ഗവേഷണ പ്രബന്ധങ്ങളും, സെമിനാറുകളിലെ ഇടപെടലുകളും വലിയ പങ്കുവഹിച്ചു.
വഹിച്ച പദവികൾക്കും അപ്പുറമാണ്, മാധവ മേനോൻ അവശേഷിപ്പിച്ചു പോകുന്ന പൈതൃകം. ഗോത്രവർഗ അവകാശങ്ങൾ, വനസംരക്ഷണം, സുസ്ഥിര കൃഷി, നരവംശശാസ്ത്ര പഠനം എന്നിവയെ ഒരൊറ്റ നൂലിൽ കോർത്തിണക്കി 'സമഗ്ര വികസനം' എന്ന വലിയ ലക്ഷ്യത്തിലേക്ക് അദ്ദേഹം എത്തിച്ചു.
പൊതുവേദികളിലെ സാന്നിദ്ധ്യം കൊണ്ട് മാത്രമല്ല ഒരാൾക്ക് ലോകത്തെ സ്വാധീനിക്കാൻ കഴിയുന്നതെന്ന്, അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. പതിറ്റാണ്ടുകൾ നീണ്ട അറിവ് തേടലിലൂടെയും, മണ്ണിനോട് ചേർന്നുള്ള പ്രവർത്തനങ്ങളിലൂടെയും, നീതിക്കായുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെയും ഒരാൾക്ക് ചരിത്രത്തിൽ ഇടംപിടിക്കാനാകുമെന്ന് അദ്ദേഹം തെളിയിച്ചു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)