വയനാട്ടിലെ ഒരു ആദിവാസി കോളനി. ഫോട്ടോ: രതീഷ് എസ് ആർ
Governance

മുത്തങ്ങ, കനലടങ്ങാത്ത 23 വർഷങ്ങൾ; പൂർത്തിയാകാത്ത വാഗ്ദാനങ്ങളും തുടരുന്ന നീതിനിഷേധവും

വയനാട് മുതൽ അട്ടപ്പാടി വരെ, ആദിവാസി വിഭാഗങ്ങൾ തങ്ങളുടെ അവകാശത്തിനായി നടത്തുന്ന പോരാട്ടങ്ങൾ കേരളത്തിന്റെ മനസ്സാക്ഷിയെ നിരന്തരം ഉണർത്തുന്നു. കേവലം ക്ഷേമപദ്ധതികൾ കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയാത്ത, ഉടമസ്ഥാവകാശത്തിന്റെയും, അന്തസ്സിന്റെയും, അതിജീവനത്തിന്റെയും ഗൗരവമായ ഒരു പ്രതിസന്ധിയായി ഇത് ഇന്നും നിലനിൽക്കുന്നു.

K A Shaji

വയനാട്ടിലെ മുത്തങ്ങയിൽ ഭൂമിയില്ലാത്ത ആദിവാസികൾക്ക് നേരെ നടന്ന ക്രൂരമായ പോലീസ് വെടിവെപ്പിന് 23 വർഷങ്ങൾ തികയുമ്പോൾ, കേരളത്തിലെ ആദിവാസി ഭൂപ്രശ്നം വീണ്ടും പൊതുചർച്ചകളുടെ കേന്ദ്രസ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. മുത്തങ്ങ ഉയർത്തിയ കനൽ ഇന്നും അണഞ്ഞിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഈ മേഖലയിലെ ചർച്ചകൾ ഇപ്പോൾ സജീവമാകുന്നത്.

സമരം പുനരാരംഭിക്കുമെന്ന മുതിർന്ന ആദിവാസി നേതാക്കളായ സി.കെ. ജാനുവിന്റെയും എം. ഗീതാനന്ദന്റെയും സമീപകാല മുന്നറിയിപ്പുകൾ സംസ്ഥാനത്തുടനീളം നിലനിൽക്കുന്ന വലിയൊരു യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ്. ആദിവാസി സമൂഹങ്ങൾ നടത്തുന്ന ഭൂസമരങ്ങൾ ഇന്നും പല രൂപങ്ങളിൽ തുടരുന്നുണ്ട്. 2003-ൽ നൂറുകണക്കിന് കുടുംബങ്ങളെ വയനാട്ടിലെ വനത്തിനുള്ളിലേക്ക് നയിച്ച ആ അടിസ്ഥാന ആവശ്യം - സ്വന്തമായി ഒരു പിടി മണ്ണ് - ഇന്നും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു.

ഫെബ്രുവരി 19-ന് മുത്തങ്ങ സംഭവത്തിന്റെ വാർഷികത്തിൽ സംസാരിക്കവെ, സമരത്തിന് ശേഷവും കേരളത്തിലെ ആദിവാസി സമൂഹങ്ങളുടെ അടിസ്ഥാന സാഹചര്യങ്ങളിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് സി.കെ. ജാനു വ്യക്തമാക്കി. ഭൂമിയില്ലായ്മയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിന് പകരം, ക്ഷേമപദ്ധതികളും ഭരണപരമായ ചില താല്ക്കാലിക നടപടികളും കൊണ്ട് പ്രശ്നത്തെ വഴിതിരിച്ചുവിടാനാണ് സർക്കാരുകൾ ശ്രമിച്ചതെന്നാണ് അവരുടെ ആക്ഷേപം.

രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെ യു.ഡി.എഫിനോട് ആഭിമുഖ്യമുള്ള നിലപാട് സ്വീകരിക്കുന്ന എം. ഗീതാനന്ദനും ഇതേ ആശങ്കയാണ് പങ്കുവെച്ചത്. കൃത്യമായ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ വയനാട്ടിലെ വലിയ തോട്ടം ഭൂമികൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഈ പ്രതിസന്ധിക്ക് വലിയൊരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്ന് അദ്ദേഹം വാദിക്കുന്നു. എന്നാൽ പ്രശ്നത്തെ അവകാശങ്ങളുടെയും നീതിയുടെയും ചോദ്യമായി കാണുന്നതിന് പകരം, വെറും ക്ഷേമപ്രവർത്തനമായും മിച്ചഭൂമി വിതരണമായും ചുരുക്കാനാണ് മാറിമാറി വന്ന സർക്കാരുകൾ ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ട് വഴികൾ

സി.കെ. ജാനുവും, എം. ഗീതാനന്ദനും ഇന്ന് വ്യത്യസ്ത രാഷ്ട്രീയ പാതകളിലാണെങ്കിലും, കേരളത്തിലെ ആദിവാസി സമൂഹത്തിന് നീതിയും മണ്ണവകാശവും ഇന്നും അന്യമാണെന്ന കാര്യത്തിൽ ഇരുവരും യോജിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, സർക്കാർ നയങ്ങൾ, സമ്പന്നരായ ഭൂമാഫിയകളുടെ തുടരുന്ന കൈയേറ്റങ്ങൾ എന്നിവ സൃഷ്ടിച്ച ഗുരുതരമായ ഉപജീവന-അസ്തിത്വ പ്രതിസന്ധിയിലൂടെയാണ് ഈ വിഭാഗം കടന്നുപോകുന്നത്.

എൻ.ഡി.എയുമായും, കേരളത്തിൽ എൽ.ഡി.എഫുമായും ഹ്രസ്വകാല ബന്ധം പുലർത്തിയ ജാനുവിന്റെ രാഷ്ട്രീയ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ, അടുത്തിടെ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിന്റെ ഘടകകക്ഷിയായി മാറി. എൽ.ഡി.എഫ് സർക്കാരിനെതിരെ അവർ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. തുടർച്ചയായി രണ്ട് തവണ അധികാരത്തിൽ വന്നിട്ടും ആദിവാസി സമൂഹത്തെ ബാധിക്കുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന് അവർ വാദിക്കുന്നു.

കോളനികളുടെ പേര് മാറ്റി "ഉന്നതി" എന്നാക്കുന്നത് പോലുള്ള പ്രതീകാത്മകമായ മാറ്റങ്ങൾക്കൊന്നും ഭൂമി തിരിച്ചുപിടിക്കാനോ, പകരം ഭൂമി വിതരണം ചെയ്യാനോ ഉള്ള ക്രിയാത്മക നടപടികൾക്ക് പകരമാവില്ലെന്ന് ജാനു പറയുന്നു. ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുന്നത് ഇന്നും തുടരുകയാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയുടെ അനുഭവം പോലും ഇതിന് ഉദാഹരണമാണ്. പുരസ്കാരങ്ങളിലൂടെ ലഭിക്കുന്ന അംഗീകാരവും ജീവിതത്തിന്റെ സുരക്ഷിതത്വവും തമ്മിലുള്ള വൈരുദ്ധ്യം നഞ്ചിയമ്മയുടെ വ്യക്തിപരമായ പോരാട്ടം വിളിച്ചുപറയുന്നു.

അന്നും ഇന്നും

ജാനുവിന്റെയും ഗീതാനന്ദന്റെയും പ്രസ്താവനകൾ വരുന്നത്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആദിവാസി പ്രതിഷേധങ്ങളും ഭൂമി തർക്കങ്ങളും വീണ്ടും സജീവമാകുന്ന സാഹചര്യത്തിലാണ്. അട്ടപ്പാടിയിൽ ഭൂമി അന്യാധീനപ്പെടുന്നതായും ഭൂമി സംബന്ധമായ രേഖകളിൽ കൃത്രിമം നടക്കുന്നുണ്ടെന്നും ആദിവാസി സംഘടനകൾ ആരോപിക്കുന്നു. പതിറ്റാണ്ടുകൾ നീണ്ട ഇടപെടലുകൾ ഉണ്ടായിട്ടും, ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കാൻ കഴിയാത്തതിലുള്ള നിരാശ ഈ പ്രാദേശിക പ്രതിഷേധങ്ങളിൽ പ്രകടമാണ്. കണ്ണൂരിലെ ആറളത്താകട്ടെ, പുനരധിവാസ മേഖലകളിൽ താമസിക്കുന്ന കുടുംബങ്ങൾ ഉപജീവന പ്രതിസന്ധിയും വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും നേരിടുകയാണ്. തിരുവനന്തപുരത്തെ അരിപ്പയിലെ ഭൂമിയില്ലാത്ത ആദിവാസികളുടെ സമരവും എങ്ങുമെത്താതെ നിൽക്കുന്നു. പണിയർ, കാട്ടുനായ്ക്കർ, മുള്ളുക്കുറുമർ, ചോലനായ്ക്കർ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഇന്ന് കടുത്ത അതിജീവന പ്രതിസന്ധിയിലാണ്.

"ഈ പോരാട്ടങ്ങളും മുത്തങ്ങയും തമ്മിലുള്ള ബന്ധം വ്യക്തമാണ്," ആദിവാസി നേതാവ് ശ്രീരാമൻ കൊയ്യോൻ പറയുന്നു. നിയമങ്ങളും രാഷ്ട്രീയ വാഗ്ദാനങ്ങളും ഉണ്ടായിരുന്നിട്ടും ഭൂമിയില്ലാത്ത അവസ്ഥ എന്ന അടിസ്ഥാന പ്രശ്നത്തിൽ നിന്നാണ് 2003-ലെ സമരമുണ്ടായത്. കുടിയേറ്റം വ്യാപിച്ചതോടെ ആദിവാസികൾ പാരമ്പര്യമായി ഉപയോഗിച്ചിരുന്ന വലിയൊരു ഭൂപ്രദേശം, കുടിയേറ്റക്കാരുടെയും പ്ലാന്റേഷനുകളുടെയും സ്ഥാപനങ്ങളുടെയും കൈകളിലായി. നിയമപരമായ സംരക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അവ നടപ്പിലാക്കുന്നതിൽ വലിയ വീഴ്ചകളും കാലതാമസവും ഉണ്ടായി. 1990-കളുടെ അവസാനത്തോടെ, ആയിരക്കണക്കിന് കുടുംബങ്ങൾ കൃഷിഭൂമിയില്ലാതെ കേവലം കൂലിപ്പണിയെ ആശ്രയിച്ച് 'ക്ഷേമ കോളനികളിൽ' കഴിയേണ്ടി വന്നു.

2001-ൽ ഭൂമി ആവശ്യപ്പെട്ട് ജാനുവിന്റെയും, ഗീതാനന്ദന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ 48 ദിവസം നീണ്ട നിൽപ്പ് സമരം നടന്നു. ഒടുവിൽ ഭൂമി നൽകാമെന്ന് സർക്കാർ കരാർ ഒപ്പിട്ടു. എന്നാൽ ഈ കരാർ നടപ്പിലാക്കാത്തതിനെത്തുടർന്നാണ് നേരിട്ടുള്ള സമരത്തിലേക്ക് ആദിവാസികൾ നീങ്ങിയത്. 2003 ജനുവരിയിൽ, 825-ഓളം കുടുംബങ്ങൾ മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിൽ പ്രവേശിച്ച് കുടിൽ കെട്ടി താമസം തുടങ്ങി. തങ്ങളുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്.

എന്നാൽ സർക്കാർ ഇതിനെ വനഭൂമിയിലെ നിയമവിരുദ്ധ കൈയേറ്റമായാണ് കണ്ടത്. ഫെബ്രുവരി 19-ന് പോലീസും വനംവകുപ്പും ചേർന്ന് ഇവരെ ഒഴിപ്പിക്കാൻ ശ്രമിച്ചത് വലിയ സംഘർഷത്തിൽ കലാശിച്ചു. പോലീസ് വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പോലീസുകാരനായ വിനോദും സംഘർഷത്തിനിടെ മരിച്ചു. കത്തിയെരിയുന്ന കുടിലുകളുടെയും ഓടി രക്ഷപ്പെടുന്ന കുടുംബങ്ങളുടെയും ദൃശ്യങ്ങൾ കേരളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ക്ഷേമപദ്ധതികളിൽ നിന്ന് 'അവകാശങ്ങളിലേക്കുള്ള' മാറ്റമായി ഈ സംഭവം കേരള രാഷ്ട്രീയത്തിൽ അടയാളപ്പെട്ടു.

സംഭവത്തിന് ശേഷം 'മുത്തങ്ങ പാക്കേജ്' പ്രഖ്യാപിക്കപ്പെട്ടു. വയനാട്ടിൽ മാത്രം 20,000 ഭൂമിയില്ലാത്ത ആദിവാസി കുടുംബങ്ങളെ കണ്ടെത്തിയെങ്കിലും ഭൂമി വിതരണം വളരെ സാവധാനത്തിലാണ് നടന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂരിഭാഗം പേർക്കും ഇന്നും കൃഷിഭൂമി ലഭിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപനങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള ഈ വലിയ അകൽച്ചയാണ് ഇന്നും ആദിവാസി രാഷ്ട്രീയത്തെ നയിക്കുന്ന ആവിശ്വാസത്തിന് പിന്നിൽ.

യാഥാർത്ഥ്യങ്ങൾ ചുവപ്പുനാടയിൽ

സർക്കാർ കണക്കുകളും സ്വതന്ത്ര പഠനങ്ങളും ഈ പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ ജനസംഖ്യയുടെ ഒന്നര ശതമാനത്തോളം മാത്രമാണ് പട്ടികവർഗ്ഗ വിഭാഗമെങ്കിലും, ഇവർക്കിടയിലെ ഭൂമിയില്ലായ്മ വളരെ ഉയർന്ന നിരക്കിലാണ്. ക്ഷേമപദ്ധതികളുടെ ഭാഗമായി നിർമ്മിച്ച പല സെറ്റിൽമെന്റുകളും വീട് നൽകുന്നുണ്ടെങ്കിലും കൃഷി ചെയ്യാനാവശ്യമായ മണ്ണ് നൽകുന്നില്ല.

അട്ടപ്പാടിയിലെ അനുഭവം ഇതിന് തെളിവാണ്. ഈ ആദിവാസി ഹൃദയഭൂമിയിൽ വർഷങ്ങളോളം നീണ്ട പാക്കേജുകൾ നടപ്പിലാക്കിയിട്ടും ഭൂമി സംബന്ധമായ അരക്ഷിതാവസ്ഥ തുടരുകയാണ്. കൃത്യമായ ഉടമസ്ഥാവകാശവും കാർഷിക സഹായവും ഇല്ലാതെ ക്ഷേമപദ്ധതികൾക്ക് വലിയ മാറ്റമുണ്ടാക്കാൻ കഴിയില്ലെന്ന് ഇവിടുത്തെ പ്രവർത്തകർ വാദിക്കുന്നു. പരമ്പരാഗത ഉപജീവനമാർഗ്ഗങ്ങൾ ഇല്ലാതാകുന്നതോടെ യുവാക്കൾ കൂലിപ്പണിക്കായി നഗരങ്ങളിലേക്ക് കുടിയേറുന്നു. കണ്ണൂരിലെ ആറളത്താകട്ടെ, പുനരധിവാസ പദ്ധതി വഴി ഭൂമി ലഭിച്ചവർ സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ടും, വന്യജീവി ശല്യം കൊണ്ടും വലയുകയാണ്.

മുത്തങ്ങയുടെ മറ്റൊരു വേദനിപ്പിക്കുന്ന വശം, ഇന്നും തുടരുന്ന നിയമനടപടികളാണ്. സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ രണ്ട് പതിറ്റാണ്ടിപ്പുറവും അവസാനിച്ചിട്ടില്ല. പലരും വിചാരണയ്ക്കിടെ മരണപ്പെട്ടു. ദരിദ്രരായ ഈ കുടുംബങ്ങൾക്ക് കോടതി ചിലവുകൾ വലിയൊരു ബാധ്യതയാണ്. തങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്ന് ചെറിയ തുകകൾ മാറ്റിവെച്ചാണ് ഇവർ ഇന്നും ഈ നിയമപോരാട്ടം തുടരുന്നത്.

ഭൂമി വിതരണം എന്നത് രാഷ്ട്രീയമായി വലിയൊരു വെല്ലുവിളിയാണ്. കുടിയേറ്റക്കാർ, പ്ലാന്റേഷനുകൾ, വാണിജ്യ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട താല്പര്യങ്ങൾ ഇതിൽ കെട്ടുപിണഞ്ഞു കിടക്കുന്നു. അതുകൊണ്ട് തന്നെ സർക്കാരുകൾ പലപ്പോഴും ഘടനപരമായ മാറ്റങ്ങൾ വരുത്തുന്നതിന് പകരം ക്ഷേമപദ്ധതികളിൽ ഒതുങ്ങാനാണ് ശ്രമിക്കുന്നത്. വീടും, വിദ്യാഭ്യാസവും, സബ്സിഡികളും നൽകുമ്പോൾ പുറമെ പുരോഗതി തോന്നുമെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ മാറ്റമുണ്ടാകുന്നില്ല. ടൂറിസവും, അടിസ്ഥാന സൗകര്യ വികസനവും ഭൂമിക്ക് വേണ്ടിയുള്ള മത്സരം വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു.

പരിസ്ഥിതി സംരക്ഷണ നയങ്ങൾ ഈ സംഘർഷത്തിന് പുതിയൊരു തലം നൽകുന്നു. വനാതിർത്തികളിൽ താമസിക്കുന്ന ഇവർക്ക് വിഭവങ്ങൾ ശേഖരിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. വന്യജീവി ആക്രമണങ്ങൾ കൃഷിയെയും ജീവനെയും ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൂടി വന്നതോടെ ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമായി. പരിസ്ഥിതിയെ അറിഞ്ഞ് ജീവിച്ചിരുന്ന ഒരു ജനതയ്ക്ക് ഈ മാറ്റങ്ങൾ വെറും വാർത്തകളല്ല, അവരുടെ ദൈനംദിന ജീവിതത്തിന്റെ തകർച്ചയാണ്.

ഈ സാഹചര്യത്തിലാണ്, ജാനുവിന്റെയും ഗീതാനന്ദന്റെയും മുന്നറിയിപ്പുകൾ പ്രസക്തമാകുന്നത്. ദശകങ്ങൾ നീണ്ട പോരാട്ടങ്ങൾക്കും ചർച്ചകൾക്കും ശേഷവും, ഉടമസ്ഥാവകാശത്തിൽ മാറ്റമില്ലാത്തതിലുള്ള അമർഷമാണ് ആദിവാസി സമൂഹങ്ങൾക്കിടയിൽ പുകയുന്നത്. ഭൂമിയില്ലാത്ത ക്ഷേമം, ഒരിക്കലും അന്തസ്സോ സ്വയംഭരണമോ നൽകില്ല എന്നതാണ് അവരുടെ പ്രധാന വാദം.

സാമൂഹിക വളർച്ചയിലും ഭൂനിയമങ്ങളിലും കേരളം ലോകത്തിന് മാതൃകയാണെന്ന് പറയപ്പെടുമ്പോഴും ആദിവാസി വിഭാഗങ്ങളുടെ അനുഭവം ഇതിന് വിരുദ്ധമാണ്. പണിയ വിഭാഗത്തിൽ നിന്നുള്ള നേതാവായ മണിക്കുട്ടൻ പണിയൻ പറയുന്നതുപോലെ: "മുത്തങ്ങ, ആദിവാസി രാഷ്ട്രീയത്തിന്റെ ഭാഷ മാറ്റി. ഭൂമി എന്നത് ഔദാര്യമല്ല, അത് ഞങ്ങളുടെ അവകാശമാണെന്ന് മുത്തങ്ങ പഠിപ്പിച്ചു. എന്നാൽ 23 വർഷങ്ങൾക്കിപ്പുറവും ആ ചോദ്യം പരിഹരിക്കപ്പെടാതെ തുടരുന്നു."

ഭൂമിയെ ഒരു ക്ഷേമപ്രശ്നമായല്ല, മറിച്ച് നീതിയുടെയും, അവകാശത്തിന്റെയും പ്രശ്നമായി കണ്ട് പരിഹരിക്കുന്നത് വരെ, മുത്തങ്ങ ഉയർത്തിയ ഈ കനൽ കേരളത്തിന്റെ പൊതു മനസ്സാക്ഷിയെ വേട്ടയാടിക്കൊണ്ടേയിരിക്കും. നീതിയില്ലാത്ത വികസനം ഒരിക്കലും പൂർണ്ണമാകില്ലെന്ന് ഈ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)