ഐസ്റ്റോക്ക്
Governance

പട്ടിണി കുറയുന്നു; എങ്കിലും ഇന്ത്യയിൽ 100 ദശലക്ഷം ആളുകൾ പട്ടിണിയിലെന്ന് യു.എൻ ഡാറ്റ

മൂന്നിലൊന്ന് ഇന്ത്യക്കാർക്കും പോഷകാഹാരം ഇപ്പോഴും അപ്രാപ്യം

Shagun

യുനൈറ്റഡ് നേഷൻസ് (UN) ജൂലൈ 21, 2026-ൽ പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി പോഷകാഹാരക്കുറവുള്ള ഇന്ത്യക്കാരുടെ വിഹിതം പകുതിയിലധികം കുറഞ്ഞു; 2004-06 ലെ 21.1 ശതമാനത്തിൽ നിന്ന് 2023-25 ൽ ഇത് 9.8 ശതമാനമായി മാറി. അതായത് ഏകദേശം 101 ദശലക്ഷം ആളുകളുടെ കുറവ് - 243.9 ദശലക്ഷത്തിൽ നിന്ന് 142.5 ദശലക്ഷമായി.

എന്നിരുന്നാലും, രാജ്യത്ത് ഞെട്ടിപ്പിക്കുന്ന വിധത്തിൽ 100 ദശലക്ഷം ആളുകൾ ഇപ്പോഴും പട്ടിണി കിടക്കുന്നുണ്ട്. എന്നാൽ പട്ടിണി എന്നത് ഈ ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്; കൂടുതൽ ആശങ്കാജനകമായ രണ്ടാമത്തെ പ്രവണത എന്നത് എത്രയോ ഇന്ത്യക്കാർക്ക് ആരോഗ്യകരമായ ആഹാരം കഴിക്കാൻ പ്രാപ്തിയില്ല എന്നുള്ളതാണ്.

യു.എൻ എഫ്.എ.ഒ. (FAO) പുറത്തിറക്കിയ 'സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷൻ ഇൻ ദി വേൾഡ് 2026' റിപ്പോർട്ട് പ്രകാരം, 2025 ലെ കണക്കനുസരിച്ച് 520.1 ദശലക്ഷം ആളുകൾ, അല്ലെങ്കിൽ ജനസംഖ്യയുടെ 35.5 ശതമാനം ഈ വിഭാഗത്തിൽപ്പെടുന്നു. ജനസംഖ്യയിലെ ഈ നിരക്ക് 2017 ലെ 59.8 ശതമാനത്തിൽ നിന്ന് കുറഞ്ഞിട്ടുണ്ടെങ്കിലും, പട്ടിണി ഒഴിവാക്കാൻ ആവശ്യമായ കലോറി ലഭിക്കുന്നുണ്ടെങ്കിൽ പോലും മൂന്നിലൊന്ന് ഇന്ത്യക്കാർക്കും പോഷകസമൃദ്ധമായ ഭക്ഷണം പതിവായി വാങ്ങാൻ കഴിയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

യഥാർത്ഥ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യകരമായ ഭക്ഷണത്തിന് ചിലവേറിയിട്ടുണ്ട്. 2017 മുതൽ ഇന്ത്യയിലെ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ചിലവ് വൻതോതിൽ വർദ്ധിച്ചു - ഏകദേശം 48 ശതമാനത്തോളം. അതേ കാലയളവിൽ യു.എസ്സിൽ ഇത് 32 ശതമാനത്തോളമായിരുന്നു.

2025-ൽ, ഇന്ത്യയിൽ ഒരു വ്യക്തിക്ക് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ പ്രതിദിനം പർച്ചേസിംഗ് പവർ പാരറ്റി (PPP) അടിസ്ഥാനത്തിൽ $4.11 ഡോളർ ചെലവായി. പി.പി.പി. ഡോളർ എന്നത് വിനിമയ നിരക്കിലെ വ്യത്യാസങ്ങൾ ക്രമീകരിക്കുന്ന ഒന്നാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യക്കാരുടെ യഥാർത്ഥ വാങ്ങൽ ശേഷിയുടെ (purchasing power) എത്ര വിഹിതം പോഷകാഹാരത്തിനായി മാറ്റിവെക്കേണ്ടി വരുന്നുവെന്നാണ് ഇത് കാണിക്കുന്നത്.

റിപ്പോർട്ട് പ്രകാരം ദക്ഷിണേഷ്യയിൽ, പാകിസ്ഥാൻ ഒഴിച്ച് ഏറ്റവും കുറഞ്ഞ ചിലവിൽ ആരോഗ്യകരമായ ഭക്ഷണം ലഭ്യമാകുന്നത് ഇന്ത്യയിലാണ്. പാകിസ്ഥാനിൽ ഇതിന്റെ ചിലവ് $3.94 ഡോളറാണ്; തുടർന്ന് ഇന്ത്യ, ബംഗ്ലാദേശ് ($4.59), ശ്രീലങ്ക ($5.21), ഭൂട്ടാൻ ($6.17) എന്നിങ്ങനെ പോകുന്നു.

ഏഷ്യയിലെ മറ്റിടങ്ങളിൽ ചിലവ് ചൈനയിൽ ($3.64) കുറവായിരുന്നുവെങ്കിലും ജപ്പാനിലും ($8.27) ദക്ഷിണ കൊറിയയിലും ($7.37) വളരെ ഉയർന്നതായിരുന്നു. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ ഇതിന്റെ ചിലവ് $2.86 ഉം യുണൈറ്റഡ് കിംഗ്ഡത്തിൽ $2.75 ഉം ആയിരുന്നു.

എങ്കിലും ചില പുരോഗതികൾ ഉണ്ടായിട്ടുണ്ട്. താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ആരോഗ്യകരമായ ഭക്ഷണം വാങ്ങാൻ കഴിയാത്ത ആളുകളുടെ എണ്ണത്തിലുണ്ടായ കുറവിന് പ്രധാന കാരണം ഇന്ത്യയാണെന്ന് യു.എൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. "ഈ ഗ്രൂപ്പിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയാൽ, പോഷകാഹാരം വാങ്ങാൻ ശേഷിയില്ലാത്ത ആളുകളുടെ എണ്ണത്തിൽ വർദ്ധനവാണ് കാണിക്കുന്നത്," റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളുടെ വളർച്ച, വിളർച്ച (anaemia), അമിതവണ്ണം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടിലെ മറ്റ് സൂചകങ്ങൾ കൂടുതൽ സങ്കീർണ്ണമായ ചിത്രമാണ് നൽകുന്നത്.

2024-ൽ, അഞ്ച് വയസ്സിന് താഴെയുള്ള ഇന്ത്യൻ കുട്ടികളിൽ മൂന്നിലൊന്ന് (32.9 ശതമാനം) പേർക്കും വിട്ടുമാറാത്ത പോഷകാഹാരക്കുറവിന്റെ ലക്ഷണമായ വളർച്ചക്കുറവ് (stunting) ഉണ്ടായിരുന്നു. ഇത് 2012 ലെ 41.7 ശതമാനത്തിൽ നിന്നുള്ള കുറവാണ്. കൂടുതൽ രൂക്ഷമായ പോഷകാഹാരക്കുറവായ 'വേസ്റ്റിംഗ്' (Wasting) 18.7 ശതമാനമാണ്; ഇത് ആഗോളതലത്തിൽ ഇപ്പോഴും ഉയർന്ന നിരക്കുകളിലൊന്നാണ്.

കുട്ടികളിലെ വളർച്ചക്കുറവ് കുറഞ്ഞപ്പോഴും, അമിതവണ്ണമുള്ള കുട്ടികളുടെ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് - ഇതേ കാലയളവിൽ ഇത് 2.1 ശതമാനത്തിൽ നിന്ന് 3.7 ശതമാനമായി ഉയർന്നു. മുതിർന്നവർക്കിടയിലെ അമിതവണ്ണം ഇരട്ടിയായപ്പോൾ, 15-49 പ്രായത്തിലുള്ള സ്ത്രീകൾക്കിടയിലെ വിളർച്ച 50.1 ശതമാനത്തിൽ നിന്ന് 53.7 ശതമാനമായി വർദ്ധിച്ചു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)