ഐസ്റ്റോക്ക്
Governance

താലിബാൻ ഭരണമേറ്റെടുത്ത് അഞ്ച് വർഷങ്ങൾക്ക് ശേഷം: അഫ്ഗാൻ സ്ത്രീകൾ മാസത്തിൽ രണ്ട് തവണ മാത്രമാണ് പുറത്തിറങ്ങുന്നത് എന്ന് ഐക്യരാഷ്ട്രസഭ

യാത്രാ നിയന്ത്രണവും, വിദ്യാഭ്യാസ നിരോധനവും, തൊഴിൽ നഷ്ടവും അഫ്ഗാൻ സ്ത്രീകളെ കൂടുതൽ ഒറ്റപ്പെടലിലേക്കും സാമ്പത്തിക തകർച്ചയിലേക്കും കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയിലേക്കും തള്ളിവിടുന്നു.

Nandita Banerji

  • ഐക്യരാഷ്ട്രസഭയുടെ (UN Women) കണക്കനുസരിച്ച്, താലിബാൻ ഭരണമേറ്റെടുത്ത് അഞ്ച് വർഷങ്ങൾക്ക് ശേഷം, സർവേയിൽ പങ്കെടുത്ത അഫ്ഗാൻ സ്ത്രീകളിൽ പകുതിപേരും മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് പുറത്തിറങ്ങുന്നത്.

  • 2021 ഓഗസ്റ്റിന് ശേഷം അഫ്ഗാനിലെ സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട് താലിബാൻ ഭരണകൂടം 100-ലധികം വിലക്കുകളും ഉത്തരവുകളുമാണ് പുറപ്പെടുവിച്ചത്.

  • പത്തിൽ ഏഴ് അഫ്ഗാൻ സ്ത്രീകൾ വീതം തങ്ങളുടെ മാനസികാരോഗ്യം 'മോശം' അല്ലെങ്കിൽ 'വളരെ മോശം' എന്ന അവസ്ഥയിലാണെന്ന് വെളിപ്പെടുത്തുന്നു.

  • 2026-ൽ 1.07 കോടിയിലധികം (10.7 ദശലക്ഷം) അഫ്ഗാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അടിയന്തര മാനുഷിക സഹായം ആവശ്യമാണ്; എന്നാൽ വിദേശസഹായങ്ങളിലെ കുറവ് സ്ത്രീകൾ നയിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തെപ്പോലും പ്രതിസന്ധിയിലാക്കുന്നു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത് അഞ്ച് വർഷങ്ങൾക്ക് ശേഷം, സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേലുള്ള കടുത്ത നിയന്ത്രണങ്ങൾ പൊതു-സ്വകാര്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വീണ്ടും ശക്തമായി തുടരുന്നതായി ഐക്യരാഷ്ട്രസഭയുടെ 'യു.എൻ. വുമൺ' സംഘടന വ്യക്തമാക്കി.

സഞ്ചാരസ്വാതന്ത്ര്യത്തിനും പൊതുയിടങ്ങളിലേക്കുള്ള പ്രവേശനത്തിനും ഏർപ്പെടുത്തിയ വിലക്കുകൾ കാരണം, സർവേയിൽ പങ്കെടുത്ത അഫ്ഗാൻ സ്ത്രീകളിൽ പകുതിപേരും മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഇപ്പോൾ വീടിന് പുറത്തിറങ്ങുന്നത് എന്ന് സംഘടന പറഞ്ഞു.

2021 ഓഗസ്റ്റിന് ശേഷം അഫ്ഗാനിലെ സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട് താലിബാൻ ഭരണകൂടം നൂറിലധികം നിരോധനങ്ങളും ഉത്തരവുകളുമാണ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസം, തൊഴിൽ, നീതിന്യായം, ആരോഗ്യസംരക്ഷണം, പൊതുജീവിതം എന്നിവയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം തടയുന്നതായി 2026 ഓഗസ്റ്റ് 12-ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ യു.എൻ. വുമൺ ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ ഇത്രയധികം വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നതിന് ആധുനിക ലോകത്ത് മറ്റൊരു ഉദാഹരണവുമില്ലെന്നും, അഫ്ഗാനിസ്ഥാൻ ആഗോളതലത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പമുള്ളതായി മാറിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പകുതിയിലധികം സ്ത്രീകൾ മാസത്തിൽ രണ്ട് തവണയോ അതിൽ കുറവോ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. അതേസമയം അഫ്ഗാൻ സ്ത്രീകളിൽ നാലിൽ മൂന്നുപേരും ഒരു ആൺതുണ (മഹ്റം) ഇല്ലാതെ വീടിന് പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്ന് കരുതുന്നു. പകുതിയിലധികം സ്ത്രീകൾ വിപണികളും ആരോഗ്യകേന്ദ്രങ്ങളും പോലുള്ള പൊതുസ്ഥലങ്ങളിൽ പോകുന്നത് പൂർണ്ണമായും ഒഴിവാക്കിയതായും വ്യക്തമാക്കി.

വഷളായിക്കൊണ്ടിരിക്കുന്ന കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയെക്കുറിച്ചും യു.എൻ. വുമൺ മുന്നറിയിപ്പ് നൽകി. വീടുകളിലെ തടവറ സമാനമായ അവസ്ഥ, അവകാശങ്ങൾ നഷ്ടപ്പെടൽ, ഒറ്റപ്പെടൽ, മാനസിക പിന്തുണ ലഭിക്കാത്ത സാഹചര്യം എന്നിവ കാരണം പത്തിൽ ഏഴ് സ്ത്രീകളും തങ്ങളുടെ മാനസികാരോഗ്യം 'മോശം' അല്ലെങ്കിൽ 'വളരെ മോശം' എന്ന നിലയിലാണെന്ന് വ്യക്തമാക്കുന്നു.

സഞ്ചാര സ്വാതന്ത്ര്യത്തിലെ നിയന്ത്രണങ്ങളും വനിതാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവും കാരണം ആരോഗ്യപരിപാലന മേഖലയിലേക്കുള്ള പ്രവേശനം കൂടുതൽ ബുദ്ധിമുട്ടായി മാറി. ലോകത്ത് മാതൃമരണ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. 2024-ലെ കണക്കനുസരിച്ച് ഇവിടെ ജനിക്കുന്ന ഓരോ 1,00,000 കുഞ്ഞുങ്ങൾക്കും 638 മാതൃമരണങ്ങൾ സംഭവിക്കുന്നുണ്ട്.

പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസത്തിനും സ്ത്രീകൾക്ക് സർവകലാശാലാ പഠനത്തിനും താലിബാൻ ഇപ്പോഴും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇത്തരമൊരു നിരോധനം നടപ്പിലാക്കുന്ന ലോകത്തിലെ ഏക രാജ്യമായി അഫ്ഗാനിസ്ഥാൻ മാറി. നിലവിലെ നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ 2030-ഓടെ രാജ്യത്തിന് 25,000-ത്തിലധികം അധ്യാപികമാരെയും വനിതാ ആരോഗ്യപ്രവർത്തകരെയും നഷ്ടപ്പെടും.

രാജ്യത്തെ മാനുഷിക പ്രതിസന്ധിയും ദിനംപ്രതി രൂക്ഷമാകുകയാണ്. 2026-ൽ 1.07 കോടിയിലധികം അഫ്ഗാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അടിയന്തര മാനുഷിക സഹായം ആവശ്യമുണ്ട്. എന്നാൽ ഇതര സന്നദ്ധ സംഘടനകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനും മറ്റുമുള്ള വിലക്കുകളും അന്താരാഷ്ട്ര സഹായങ്ങളിലെ കുറവും അടിയന്തര സഹായം അർഹരായവരിലേക്ക് എത്തിക്കുന്നത് കൂടുതൽ പ്രയാസകരമാക്കുന്നു.

തൊഴിൽ വിപണിയിൽ നിന്നും സ്ത്രീകൾ ഏതാണ്ട് പൂർണ്ണമായി ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തം 84 ശതമാനമായിരിക്കുമ്പോൾ വെറും 7 ശതമാനം സ്ത്രീകൾ മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. സ്ത്രീകളെ തൊഴിൽ മേഖലയിൽ നിന്ന് മാറ്റിനിർത്തുന്നത് 2024-നും 2026-നും ഇടയിൽ അഫ്ഗാനിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജി.ഡി.പി) 100 കോടി ഡോളർ വരെ നഷ്ടമുണ്ടാക്കുമെന്ന് യു.എൻ. വുമൺ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നടത്തുന്ന സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് വനിതാ സംഘടനകൾക്കും 2025-ൽ ലഭിച്ചിരുന്ന സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറച്ചതായി റിപ്പോർട്ട് ചെയ്തു. പകുതിയിലധികം സംഘടനകളും അടുത്ത വർഷത്തിനുള്ളിൽ പ്രവർത്തനം നിർത്താനോ അടച്ചുപൂട്ടാനോ നിർബന്ധിതരായേക്കും.

അഫ്ഗാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവസാനത്തെ പ്രതീക്ഷയായി മാറിയ വനിതാ സംഘടനകൾ പ്രതിസന്ധിയിലാകുമ്പോഴും, അഫ്ഗാനിലെ വിഷയം അന്താരാഷ്ട്രതലത്തിൽ വിസ്മരിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് യു.എൻ. വുമൺ മുന്നറിയിപ്പ് നൽകുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)