കൊല്ലം ജില്ലയിലെ പുനലൂർ അസംബ്ലി മണ്ഡലത്തിൽ രാവിലെ എട്ടരയാകുമ്പോഴേക്കും ചൂട് അസഹനീയമായി മാറിക്കഴിഞ്ഞു. ജനവാസ മേഖലയിലെ ഒരു ഇടുങ്ങിയ വഴിയിൽ തിരഞ്ഞെടുപ്പ് ആവേശം പ്രകടമാണെങ്കിലും, ആ ഊർജ്ജം അല്പം കുറഞ്ഞതുപോലെ തോന്നുന്നു. പ്രധാന സ്ഥാനാർത്ഥികളായ സി. അജയ് പ്രസാദ് (എൽ.ഡി.എഫ്), നൗഷാദ് യൂനിസ് (യു.ഡി.എഫ്), ബി. രഘുനാഥൻ പിള്ള (എൻ.ഡി.എ) എന്നിവർ ഓരോ വീട്ടുമുറ്റത്തുമെത്തി പ്രവർത്തകർക്കൊപ്പം വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കൻ മലനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന പുനലൂർ കേരളത്തിലെ തന്നെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നാണ്; പലപ്പോഴും രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ഇവിടെ രേഖപ്പെടുത്താറുണ്ട്.
പ്രചാരണം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ വസ്ത്രങ്ങൾ വിയർപ്പിൽ കുതിരുന്നു, മുഖങ്ങൾ വിയർത്തു തിളങ്ങുന്നു, നടത്തത്തിന്റെ വേഗത കുറയുന്നു. ഒരു വീട്ടിൽ എത്തിയപ്പോൾ, വെയിലിലേക്ക് ഇറങ്ങാൻ വിസമ്മതിച്ച പ്രായമായ ഒരു സ്ത്രീ വൈകുന്നേരം വരാൻ സ്ഥാനാർത്ഥിയോട് ആവശ്യപ്പെടുന്നു. ആ സംഘം അല്പം ആശ്വാസത്തിനായി ഒരു തെങ്ങിൻ ചുവട്ടിൽ നിൽക്കുന്നു. ഒരു പ്രവർത്തകൻ ഇളനീർ ചെത്തി അവർക്ക് നൽകുന്നു. രാവിലെ പത്ത് മണിയോടെ ആ വീഥി വിജനമാകുന്നു. ഉച്ചിയിലെത്തിയ സൂര്യൻ പ്രചാരണത്തെ വീടിനുള്ളിലേക്ക് പിൻവലിച്ചിരിക്കുന്നു. വൈകുന്നേരം വൈകി മാത്രമാണ് വോട്ട് തേടി പ്രവർത്തകർ വീണ്ടും പുറത്തിറങ്ങുന്നത്.
ഏപ്രിൽ 9-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരളത്തിലുടനീളം ഈ കാഴ്ച പതിവാകുകയാണ്. മുൻകാല തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി, നേരത്തെ എത്തിയതും അസാധാരണമായി കഠിനവുമായ വേനലിലാണ് 2026-ലെ പ്രചാരണം നടക്കുന്നത്. പല ജില്ലകളിലും പകൽ താപനില ഇപ്പോൾ തന്നെ 36°C മുതൽ 38°C വരെയാണ്; വടക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഇത് 38°C തൊട്ടു കഴിഞ്ഞു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ ചൂട് കൂടുതലാണെന്നും, വായുവിൽ ഈർപ്പം നിലനിൽക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. തീരദേശ മേഖലകളിൽ 70 മുതൽ 80 ശതമാനം വരെ ഉയരുന്ന ഈർപ്പം (Humidity), അന്തരീക്ഷ താപനിലയേക്കാൾ കൂടിയ ചൂട് അനുഭവപ്പെടാൻ കാരണമാകുന്നു.
“ഇത് ഉത്തരേന്ത്യയിലേതുപോലെയുള്ള ഒരു ഉഷ്ണതരംഗമല്ല (Heatwave), എങ്കിലും ഇതിന്റെ ആഘാതം വലുതാണ്. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം ശരീരത്തിന് തണുക്കാനുള്ള ശേഷി കുറയ്ക്കുന്നു. പുറംജോലികളിൽ ഏർപ്പെടുന്നവർക്ക് ഇത് വലിയ അസ്വസ്ഥതയുണ്ടാക്കും, പ്രത്യേകിച്ച് ഉയർന്ന അൾട്രാവയലറ്റ് (UV) വികിരണങ്ങൾ ഉള്ളപ്പോൾ. കേരളത്തിന്റെ ചില ഭാഗങ്ങളിൽ യുവി ഇൻഡക്സ് 6 മുതൽ 7 വരെ എത്തിയിട്ടുണ്ട്, ഇത് കൂടുതൽ സമയം വെയിലത്ത് നിൽക്കുന്നവർക്ക് ഉഷ്ണരോഗങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു,” ഐ.എം.ഡിയിലെ സീനിയർ മെറ്റീരിയോളജിസ്റ്റ് നീത കെ. ഗോപാൽ പറയുന്നു.
കേരളത്തിലെ ചൂട് അസഹനീയമാണ്. താപനില 40°C കടക്കുന്നത് അപൂർവ്വമാണെങ്കിലും, ചൂടും ഈർപ്പവും ചേരുന്ന അവസ്ഥ ശരീരത്തിന് വലിയ സമ്മർദ്ദം നൽകുന്നു, പ്രത്യേകിച്ച്, 570 കിലോമീറ്റർ നീളുന്ന തീരപ്രദേശങ്ങളിൽ. വിയർപ്പ് ബാഷ്പീകരിക്കപ്പെടാത്തത് ജലാംശം വേഗത്തിൽ നഷ്ടപ്പെടാനും തളർച്ചയ്ക്കും കാരണമാകുന്നു. രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള സമയങ്ങളിൽ ഹീറ്റ് ക്രാംപ്‌സ്, സൂര്യാഘാതം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.
വേനലിന്റെ ഈ നേരത്തെയുള്ള വരവ്, കേരളത്തിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടവരെപ്പോലും പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഇതൊരു വലിയ മാറ്റത്തിന്റെ സൂചനയായാണ് ശാസ്ത്രജ്ഞർ കാണുന്നത്. ജനുവരി അവസാനം മുതൽ താപനിലയിൽ അസ്വാഭാവികമായ വർദ്ധനവ് ഉണ്ടായതായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (CUSAT) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ചിലെ എസ്. അഭിലാഷ് ചൂണ്ടിക്കാട്ടുന്നു. “ഋതുക്കളുടെ സ്വഭാവത്തിൽ മാറ്റം വരുന്നത് നമ്മൾ കാണുന്നു. ചൂട് നേരത്തെ വരുന്നു, കൂടുതൽ കാലം നീണ്ടുനിൽക്കുന്നു. അതേസമയം, ഉൾപ്രദേശങ്ങളിൽ നിന്നുള്ള ഉഷ്ണവാതകം പാലക്കാട് ചുരം വഴി എളുപ്പത്തിൽ കടന്നുവരുന്നു,” അദ്ദേഹം പറയുന്നു. അറബിക്കടലിലെ താപനില ഉയരുന്നത് അന്തരീക്ഷത്തിലെ ഈർപ്പം വർദ്ധിപ്പിക്കുകയും ചൂടിന്റെ തീവ്രത കൂട്ടുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കണക്കുകൾ ഈ പ്രവണതയെ ശരിവെക്കുന്നു. മാർച്ചിലെ പരമാവധി താപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി വരെ കൂടുതലാണ്, കുറഞ്ഞ താപനിലയും ഉയർന്നുതന്നെ നിൽക്കുന്നു. രാത്രിയിലെ കൂടിയ ചൂട് ശരീരത്തിന് വിശ്രമം നൽകുന്നില്ല, ഇത് ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു. 2024-ൽ കേരളത്തിൽ 1,700 ഓളം ഉഷ്ണരോഗങ്ങളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം വേനൽ കനക്കുന്നതിന് മുൻപ് തന്നെ കഠിനമായ വെയിൽ ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും നിർദ്ദേശിക്കുന്ന അഡ്വൈസറികൾ പുറത്തിറക്കി കഴിഞ്ഞു.
ഈ ചൂട് സംസ്ഥാനത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെ തന്നെ മാറ്റിമറിക്കുകയാണ്. വീടുവീടാന്തരമുള്ള കയറിയിറങ്ങലും പൊതുസമ്മേളനങ്ങളും തെരുവുപ്രചാരണങ്ങളുമാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് രീതി. ആ താളം ഇപ്പോൾ തെറ്റുന്നു. എല്ലാ മണ്ഡലങ്ങളിലും സൂര്യന്റെ ഗതിക്കനുസരിച്ച് പ്രചാരണ സമയക്രമം മാറ്റിയെഴുതുകയാണ്. രാവിലെ നേരത്തെ തുടങ്ങുന്ന പരിപാടികൾ പത്തു മണിയോടെ നിർത്തുന്നു. ഉച്ചയ്ക്ക് ശേഷമുള്ള സമയം ഒഴിവാക്കി വൈകുന്നേരം മുതൽ രാത്രി വൈകുന്നത് വരെ പ്രചാരണം നീളുന്നു.
“ഞങ്ങളുടെ ഷെഡ്യൂൾ പൂർണ്ണമായും മാറ്റേണ്ടി വന്നു,” ചേർത്തല മണ്ഡലത്തിൽ മത്സരിക്കുന്ന കൃഷി മന്ത്രി പി. പ്രസാദ് പറയുന്നു. “മിക്ക ജോലികളും ഇപ്പോൾ രാവിലെയോ വൈകുന്നേരമോ ആണ് നടക്കുന്നത്. ഉച്ചസമയത്തെ പ്രചാരണം പ്രവർത്തകർക്കും വോട്ടർമാർക്കും ഒരുപോലെ തളർച്ചയുണ്ടാക്കുന്നു.” വോട്ടർമാരുമായുള്ള സമ്പർക്കത്തെയും ഇത് ബാധിക്കുന്നു. “ആളുകൾക്ക് കാര്യങ്ങൾ വേഗത്തിൽ പറഞ്ഞു തീർക്കാനാണ് താല്പര്യം, അല്ലെങ്കിൽ പിന്നീട് വരാൻ പറയും. ഈ ചൂടിൽ ആരും പുറത്തിറങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നില്ല.”
തിരഞ്ഞെടുപ്പിന്റെ പിന്നണി പ്രവർത്തകരെയാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നോട്ടീസ് വിതരണവും വീടുവീടാന്തരം കയറുന്നതും ശാരീരികമായി കഠിനമായ ജോലിയായി മാറി. “മുൻപ് ധാരാളം വളണ്ടിയർമാർ ഉണ്ടായിരുന്നു,” തിരുവനന്തപുരത്തെ കോൺഗ്രസ് സംഘാടകനായ എം. രാജീവ് പറയുന്നു. “ഇപ്പോൾ പകൽസമയത്ത് വരാൻ ആളുകൾക്ക് മടിയാണ്, വരുന്നവർക്ക് തന്നെ അധികനേരം നിൽക്കാൻ കഴിയുന്നില്ല.”
പലർക്കും ഇത് ഉപജീവനത്തിന്റെ കൂടി പ്രശ്നമാണ്. എൽ.ഡി.എഫിന് വേണ്ടി വല്ലപ്പോഴും വളണ്ടിയറായി പോകാറുള്ള വർക്കലയിലെ ദിവസ വേതനക്കാരി പി.കെ. ശ്രീദേവി തന്റെ പ്രവർത്തനങ്ങൾ കുറച്ചു. “ഈ ചൂടത്ത് നടന്ന് സുഖമില്ലാതായാൽ എനിക്ക് വരുമാനം നഷ്ടപ്പെടും. അതുകൊണ്ട് വൈകുന്നേരം മാത്രമാണ് ഞാൻ സഹായിക്കാൻ പോകുന്നത്,” അവർ പറയുന്നു.
പ്രതിബദ്ധതയുള്ള പാർട്ടി പ്രവർത്തകർ പോലും ഈ സമ്മർദ്ദം സമ്മതിക്കുന്നു. “ജയിക്കണമെന്നതുകൊണ്ട് ഞങ്ങൾ ഈ ചൂട് സഹിക്കുന്നു,” സുൽത്താൻ ബത്തേരിയിലെ കോൺഗ്രസ് നേതാവ് കെ.വി. ശശി പറയുന്നു. “പക്ഷേ ഉച്ചയാകുമ്പോഴേക്കും ശരീരം തളരും. ഇടവേളകൾ എടുത്ത് വെള്ളം കുടിക്കുന്നുണ്ടെങ്കിലും ബുദ്ധിമുട്ട് തന്നെയാണ്.” പ്രചാരണ സംഘങ്ങൾ ഇപ്പോൾ വെള്ളവും ഒ.ആർ.എസ് ലായനിയും പഴവർഗ്ഗങ്ങളും കൂടെ കരുതുന്നു. ഇളനീർ, പ്രചാരണത്തിന്റെ ഭാഗമായിക്കഴിഞ്ഞു. സ്ഥാനാർത്ഥികളിൽ പലരും ലഘുഭക്ഷണത്തിലേക്ക് മാറി.
ചൂട്, പ്രചാരണ രീതികളെയും മാറ്റിമറിച്ചു. വീടുവീടാന്തരമുള്ള കയറിയിറങ്ങൽ രാവിലെ മാത്രമായി പരിമിതപ്പെടുത്തി. പകരം വാഹനപ്രചാരണം, ഇൻഡോർ മീറ്റിംഗുകൾ, ഡിജിറ്റൽ പ്രചാരണം എന്നിവയെ ആശ്രയിക്കുന്നു. ഉച്ചസമയങ്ങൾ പ്ലാനിംഗിനായി മാറ്റിവെക്കുന്നു.
പ്രചാരണ സാമഗ്രികളെപ്പോലും ചൂട് ബാധിക്കുന്നു. പശ പെട്ടെന്ന് ഉണങ്ങുന്നതിനാൽ പോസ്റ്ററുകൾ ഇളകി വീഴുന്നു. കടുത്ത വെയിലിൽ ബാനറുകൾ മങ്ങുന്നു. പ്രചാരണ വാഹനങ്ങളിൽ അധിക കൂളിംഗ് സംവിധാനങ്ങൾ ഒരുക്കുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന രീതിയിൽ വലിയൊരു മാറ്റമാണ് ഇതിലൂടെ പ്രകടമാകുന്നത്.
അപകടസാധ്യത കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കുടിവെള്ളം ഉറപ്പാക്കാനും വിശ്രമിക്കാൻ തണലുള്ള സ്ഥലങ്ങൾ കണ്ടെത്താനും ഉച്ചസമയത്തെ പരിപാടികൾ ഒഴിവാക്കാനും രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. “ചൂട് പതുക്കെ വർദ്ധിക്കുന്നതിനാൽ പലരും ഇതിനെ നിസ്സാരമായി കാണുന്നു, എന്നാൽ ഈർപ്പമുള്ള അന്തരീക്ഷത്തിൽ ഇതിന്റെ ആഘാതം ഗുരുതരമാകും,” കെ.എസ്.ഡി.എം.എയിലെ ശേഖർ ലൂക്കോസ് കുര്യാക്കോസ് മുന്നറിയിപ്പ് നൽകുന്നു.
വോട്ടർമാരും ഈ മാറ്റത്തോട് പൊരുത്തപ്പെടുന്നു. രാവിലെ നേരത്തെയോ അല്ലെങ്കിൽ സൂര്യാസ്തമയത്തിന് ശേഷമോ സ്ഥാനാർത്ഥികളെ കാണാനാണ് അവർ താല്പര്യപ്പെടുന്നത്. തൃശ്ശൂരിലെ ഒരു ചായക്കടയിൽ കൂടിയിരുന്ന ഓട്ടോ ഡ്രൈവർമാർ പറയുന്നത്, മുൻപ് ഉച്ചയ്ക്ക് വന്നിരുന്ന സ്ഥാനാർത്ഥികൾ ഇപ്പോൾ ആ സമയത്ത് വരാറില്ല എന്നാണ്. വോട്ടെടുപ്പ് ദിവസം ഇത്രയും ചൂടാണെങ്കിൽ പ്രായമായവർക്ക് വോട്ട് ചെയ്യാൻ വരുന്നത് പ്രയാസകരമാകുമെന്ന് അവർ ആശങ്കപ്പെടുന്നു.
ഇത് കാലാവസ്ഥയും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത്തരം സാഹചര്യങ്ങൾ പതിവായാൽ അത് തിരഞ്ഞെടുപ്പ് പങ്കാളിത്തത്തെ ബാധിച്ചേക്കാം. ക്യൂവിൽ നിൽക്കുന്നതും പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തുന്നതും ശാരീരികമായി വെല്ലുവിളിയാകും. കേരളത്തിന്റെ ശക്തമായ രാഷ്ട്രീയ ബോധം വോട്ടിംഗ് ശതമാനത്തെ താങ്ങിനിർത്തിയേക്കാമെങ്കിലും, പങ്കാളിത്തത്തിന്റെ സ്വഭാവം മാറിയേക്കാം.
ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, പ്രചാരണത്തിനായി കുറഞ്ഞ സമയം മാത്രമാണ് സ്ഥാനാർത്ഥികൾക്ക് മുന്നിലുള്ളത്. ചൂട് ഓരോ ദിവസത്തെയും, ഫലത്തിൽ ചെറുതാക്കുകയാണ്. ഉച്ചസമയത്തെ നിശ്ചലാവസ്ഥയും പ്രവർത്തകരുടെ കുറവും കാരണം കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പാർട്ടികൾ നിർബന്ധിതരാകുന്നു. ഇത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ കൂടുതൽ ആശ്രയിക്കാൻ അവരെ പ്രേരിപ്പിക്കുന്നു.
നിലവിൽ എല്ലാവരും ഈ സാഹചര്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. രാവിലെ തുടങ്ങുന്നു, ഉച്ചയ്ക്ക് നിർത്തുന്നു, വൈകുന്നേരം പുനരാരംഭിക്കുന്നു. രാത്രികാല മീറ്റിംഗുകൾ സജീവമാകുന്നു. ആശ്വാസകരമായ സമയങ്ങളിലേക്ക് രാഷ്ട്രീയ പ്രവർത്തനം ചുരുങ്ങുന്നു.
ഈ മാറ്റങ്ങൾkക്കിടയിൽ കേരളത്തിന്റെ കാലാവസ്ഥാപരമായ ഒരു വലിയ പരിവർത്തനം ഒളിഞ്ഞിരിപ്പുണ്ട്. ചൂട് നേരത്തെ വരുന്നു, കൂടുതൽ കാലം നിൽക്കുന്നു, ഈർപ്പവുമായി ചേർന്ന് അത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ആഗോള താപനില ഉയരുന്നതോടെ ഇത്തരം സാഹചര്യങ്ങൾ വർദ്ധിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
“ഇതൊരു വലിയ പ്രവണതയുടെ ഭാഗമാണ്,” അഭിലാഷ് പറയുന്നു. “കൂടുതൽ കാലം നീണ്ടുനിൽക്കുന്ന ചൂട് നമ്മൾ ഇനിയും കാണേണ്ടി വരും. മാറുന്ന കാലാവസ്ഥയിൽ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ എങ്ങനെ പ്ലാൻ ചെയ്യണം എന്നത് പുനർചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.”
പുനലൂരിൽ സൂര്യൻ അസ്തമിച്ചതോടെ പ്രചാരണം വീണ്ടും സജീവമായി. രാവിലെ വിജനമായ ആ വീഥിയിൽ വീണ്ടും ശബ്ദങ്ങളും ചലനങ്ങളും നിറഞ്ഞു. സ്ഥാനാർത്ഥി മടങ്ങിയെത്തി, ഇത്തവണ വോട്ടർമാർ പുറത്തിറങ്ങി. സംസാരങ്ങൾ നീണ്ടു. ഏതാനും മണിക്കൂറുകളിലേക്ക് ചൂടിന്റെ കാഠിന്യം കുറഞ്ഞു.
പക്ഷേ ഈ ആശ്വാസം താല്ക്കാലികം മാത്രമാണ്. അടുത്ത ദിവസം രാവിലെ ഇത് വീണ്ടും ആവർത്തിക്കും. കേരളത്തിലെ തിരഞ്ഞെടുപ്പ് മുന്നോട്ട് പോകുകയാണ്, പക്ഷേ തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ. പുതിയൊരു പ്രതിസന്ധിയുമായി ജനാധിപത്യം പൊരുത്തപ്പെടുകയാണ്. ഇതൊരു അടിയന്തര ഘട്ടമല്ല, മറിച്ച് പതുക്കെപ്പതുക്കെ സാധാരണമായി മാറുന്ന ഒരു അവസ്ഥയാണ്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)