തെലങ്കാനയിലെ അമ്രാബാദ് കടുവാ സങ്കേതത്തിൽ നിന്നുള്ള നിർബന്ധിത കുടിയിറക്കിനെതിരെ ചെഞ്ചു ആദിവാസികൾ തങ്ങളുടെ പോരാട്ടം ശക്തമാക്കി.
കാട്ടുഭക്ഷണങ്ങളെയും വനവിഭവങ്ങളെയും ആശ്രയിച്ചു കഴിയുന്ന ഇവർ, വനംവകുപ്പ് വാഗ്ദാനം ചെയ്ത പണവും ഭൂമിയും അടങ്ങുന്ന പാക്കേജുകൾ നിരസിക്കുകയും, തങ്ങളെ ഒഴിപ്പിക്കാൻ വകുപ്പ് ഭീഷണിപ്പെടുത്തുന്നതായി ആരോപിക്കുകയും ചെയ്യുന്നു.
2006-ലെ വന്യജീവി സംരക്ഷണ നിയമത്തിന് അനുസൃതമായി, യഥാർത്ഥ സമ്മതത്തിലധിഷ്ഠിതവും വന്യജീവികളുമായുള്ള സഹവർത്തിത്വത്തിന് ഊന്നൽ നൽകുന്നതുമായ സംരക്ഷണ രീതി വേണമെന്ന് അവർ ആവശ്യപ്പെടുന്നു.
നാഗർകർണൂൽ ജില്ലയിലെ അമ്രാബാദ് കടുവാ സങ്കേതത്തിൽ നിന്ന് തങ്ങളെ ഒഴിപ്പിക്കാൻ വനംവകുപ്പ് നടത്തുന്ന നിർബന്ധിത നീക്കങ്ങൾക്കെതിരെ തെലങ്കാനയിലെ നല്ലമല വനമേഖലയിലുള്ള ചെഞ്ചു ഗോത്രവിഭാഗക്കാർ 2026 ഏപ്രിൽ 17-ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സർലാപ്പള്ളി, വട്‌വർലാപ്പള്ളി, കൊല്ലംപെന്റ, റായുലുടുപെന്റ, ഉപ്പുനുന്തല, കുടിചിന്തലബയലു എന്നീ ഗ്രാമങ്ങളിലെ ആദിവാസികൾ തങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി വിവിധ കേന്ദ്ര-സംസ്ഥാന അധികാരികൾക്ക് കത്തുകൾ അയച്ചിട്ടുണ്ട്.
നൂറ്റാണ്ടുകളായി ഈ വനങ്ങളിൽ വസിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ ആഹാരശേഖരണ ഗോത്രവർഗ്ഗങ്ങളിലൊന്നാണ് ചെഞ്ചു ജനത. ഇവരെ 'പ്രത്യേകം പരിഗണന അർഹിക്കുന്ന ഗോത്ര വിഭാഗമായി' (PVTG) തരംതിരിച്ചിട്ടുണ്ട്. അതിജീവനത്തിനായി പൂർണ്ണമായും വനവിഭവങ്ങളെ ആശ്രയിക്കുന്ന ഇവർക്ക് തങ്ങളുടെ ആവാസവ്യവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ട്. ഇവരുടെ സാംസ്കാരിക പ്രാധാന്യം പണ്ടേ അംഗീകരിക്കപ്പെട്ടതുമാണ്.
എന്നാൽ 'പ്രോജക്ട് ടൈഗർ' നടപ്പിലാക്കിയതു മുതൽ, പ്രത്യേകിച്ച് കഴിഞ്ഞ ഏഴ് വർഷത്തിനിടെ, ഇവരെ മാറ്റിപ്പാർപ്പിക്കാൻ ഒന്നിലധികം ശ്രമങ്ങൾ നടന്നു. കാടുമായുള്ള ഇവരുടെ അടുത്ത ബന്ധം കാരണം കാടിന് പുറത്ത് ഇവർക്ക് അതിജീവനം അസാധ്യമാണ്. വനവിഭവങ്ങളും കാട്ടുഭക്ഷണങ്ങളുമാണ് ഇവരുടെ പ്രധാന ആഹാരം. ഇവർക്ക് സ്വന്തമായി ഭൂമിയുണ്ടെങ്കിലും ഇവർ കർഷകരല്ല. അതിനാൽ തന്നെ സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം (ഒരു വീടും മൂന്ന് ഏക്കർ കൃഷിഭൂമിയും അല്ലെങ്കിൽ 15 ലക്ഷം രൂപ) ഇവർ നിരസിച്ചു. "ഞങ്ങൾക്ക് പണമോ മറ്റെവിടെയെങ്കിലും ഭൂമിയോ വേണ്ട. ഞങ്ങളെ പോറ്റുന്ന ഈ കാട്ടിൽ തന്നെ ഞങ്ങൾ ജീവിച്ചോളാം," കൊമ്മിണിപെന്റയിലെ ചിഗുരു നാഗമ്മ പറഞ്ഞു.
ആദിവാസികളെ മാറ്റിപ്പാർപ്പിക്കുന്നത് അവസാനത്തെ പോംവഴി മാത്രമായിരിക്കണം എന്ന് നിഷ്കർഷിക്കുന്ന 2006-ലെ വന്യജീവി (സംരക്ഷണ) ഭേദഗതി നിയമം അനുസരിച്ച്, മനുഷ്യരും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിന് സർക്കാർ മുൻഗണന നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
എന്നിട്ടും, ഇവരുടെ ഇഷ്ടത്തിന് വിരുദ്ധമായി മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 2026 മാർച്ചിൽ അമ്രാബാദ് കടുവാ സങ്കേതത്തിലെ 'പുനരധിവാസ പാക്കേജിന്റെ' ഭാഗമായി തെലങ്കാനയിലെ മുതിർന്ന മന്ത്രിമാർ ഒരു ഔദ്യോഗിക ചടങ്ങിൽ ഇവർക്ക് ചെക്കുകൾ കൈമാറിയിരുന്നു. എന്നാൽ ഇത് ശരിയായ കൂടിയാലോചനകളോ സമ്മതമോ ഇല്ലാതെയാണ് ചെയ്തതെന്ന് ചെഞ്ചു ആദിവാസികൾ അവകാശപ്പെടുന്നു.
PVTG വിഭാഗത്തിൽപ്പെട്ട ചെഞ്ചുക്കളുമായി പ്രത്യേകം ഗ്രാമസഭകൾ ചേർന്നിട്ടില്ലെന്ന് സർലാപ്പള്ളി, വട്‌വർലാപ്പള്ളി, റായുലുടുപെന്റ, കൊമ്മിണിപെന്റ, ഉപ്പുനുന്തല എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളും യുവാക്കളും പറഞ്ഞു. തങ്ങൾ സമ്മതം നൽകിയിട്ടില്ലെന്നും കാടിന് പുറത്തേക്ക് പോകാൻ താല്പര്യമില്ലെന്നും അവർ വ്യക്തമാക്കുന്നു.
"ചെഞ്ചുക്കൾ പറയുന്നതനുസരിച്ച്, ഈ ഗ്രാമങ്ങളിൽ താമസിക്കാത്ത ആദിവാസികളല്ലാത്തവരാണ് ഒഴിപ്പിക്കലിന് സമ്മതം നൽകിയിരിക്കുന്നത്, അല്ലാതെ തദ്ദേശീയരായ ചെഞ്ചുക്കളല്ല," ചെഞ്ചു ആദിവാസികളുമായുള്ള ചർച്ചയിൽ പങ്കെടുത്ത ധാത്രി ട്രസ്റ്റ് ഡയറക്ടറും ആക്ടിവിസ്റ്റുമായ ഭാനു കല്ലൂരി 'ഡൗൺ ടു എർത്ത്' (Down To Earth) നോട് പറഞ്ഞു.
അമ്രാബാദിലോ അച്ചംപേട്ടിലോ ഹൈദരാബാദിലോ ഒക്കെ ഭൂമിയും സ്വത്തും ഉള്ളവരാണ് ഇപ്പോൾ ഒഴിയുന്ന ആദിവാസികളല്ലാത്തവരെന്നും അവർക്കും ഇപ്പോൾ പുനരധിവാസ പാക്കേജ് ലഭിക്കുന്നുണ്ടെന്നും സർലാപ്പള്ളി ഗ്രാമത്തിലെ കുടുംബുല്ല മല്ലേഷ് (35) പറഞ്ഞു.
കുടിയിറക്കിനെതിരെ ഏറ്റവും ശക്തമായി രംഗത്തുള്ളത് സ്ത്രീകളാണെന്ന് കല്ലൂരി ചൂണ്ടിക്കാട്ടി. "ചെഞ്ചു പുരുഷന്മാരിൽ പലർക്കും ഫോറസ്റ്റ് വാച്ചർമാരായും ഗാർഡുകളായും ചെറിയ ജോലികൾ നൽകിയിട്ടുണ്ട്. അവരിലൂടെ വനംവകുപ്പ് ഞങ്ങളെ കുടിയിറങ്ങാൻ സമ്മർദ്ദത്തിലാക്കുകയാണ്," റായുലുടുപെന്റയിലെ ഈടമ്മ പറഞ്ഞു.
ആദിവാസികളുടെ അനുവാദമില്ലാതെ അവരെ കാട്ടിൽ നിന്ന് ഒഴിപ്പിക്കില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആവർത്തിക്കുമ്പോഴും യഥാർത്ഥ സാഹചര്യം മറ്റൊന്നാണ്. ഈ നടപടികൾക്കൊന്നും തന്നെ സ്വമേധയാ ഉള്ളതല്ലെന്ന് സർലാപ്പള്ളിയിലെ കുടുംബുല്ല തിരുപ്പതയ്യ (33) പറഞ്ഞു. വനംവകുപ്പ് ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതായും വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമിയുടെ രേഖകൾ കാണിച്ച് വായ്പ എടുക്കുന്നതിൽ നിന്ന് തങ്ങളെ തടഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മാറ്റിപ്പാർപ്പിക്കാൻ ഉദ്ദേശിക്കുന്ന പല സ്ഥലങ്ങളും ഷെഡ്യൂൾഡ് ഏരിയകൾക്ക് പുറത്താണെന്നത് മറ്റൊരു വലിയ ആശങ്കയാണ്. "ഞങ്ങൾക്ക് വനവിഭവങ്ങളിൽ നിന്നുള്ള വരുമാനം നഷ്ടപ്പെടും. തേൻ വിൽക്കുന്നതിലൂടെ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ശരാശരി 15,000 രൂപയും, മാർച്ച് മുതൽ മെയ് വരെ 5,000 രൂപയും ഞങ്ങൾക്ക് ലഭിക്കാറുണ്ട്. കൃഷി ചെയ്യുന്നതിൽ ഞങ്ങളിൽ പലർക്കും താല്പര്യമില്ല," സർലാപ്പള്ളിയിലെ ഗോത്രവർഗ്ഗ സർപഞ്ച് പറഞ്ഞു. 100 കിലോമീറ്റർ അകലെയുള്ള ബാച്ചറാം ഗ്രാമത്തിലേക്ക് മാറാൻ ആവശ്യപ്പെട്ട 150 പേരിൽ ഒരാളാണ് അദ്ദേഹം.
നിർദ്ദേശിക്കപ്പെട്ട പുനരധിവാസ സ്ഥലത്ത് സ്‌കൂളില്ലെന്നും ചിലർ പരാതിപ്പെട്ടു. കാട്ടിൽ വന്യമൃഗങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ നിങ്ങളായിരിക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തുന്നതായി കൊമ്മിണിപെന്റയിലെ ഒരു താമസക്കാരൻ പറഞ്ഞു.
ചെഞ്ചുക്കളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് ആദിവാസികളല്ലാത്തവർ അവരുടെ ഭൂമി തട്ടിയെടുക്കാൻ സാധ്യതയുണ്ടെന്ന് കല്ലൂരി മുന്നറിയിപ്പ് നൽകി. കൂടാതെ, പുരുഷന്മാർക്കിടയിലുള്ള മദ്യാസക്തിയും ഒരു ഭീഷണിയാണ്. പലപ്പോഴും മദ്യത്തിന് അടിമപ്പെട്ട് ഇവർക്ക് ഭൂമി നഷ്ടമാകാറുണ്ട്. പുതിയ സ്ഥലത്തും ഇത് ആവർത്തിക്കുമെന്ന് സ്ത്രീകൾ ഭയപ്പെടുന്നു.
2016 കാലഘട്ടത്തിൽ അമ്രാബാദ് കടുവാ സങ്കേതത്തിൽ യുറേനിയം ഖനനത്തിന് പദ്ധതി വന്നിരുന്നു. അന്ന് ചെഞ്ചു ഗോത്രത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായെങ്കിലും കനത്ത പ്രതിഷേധങ്ങളെത്തുടർന്ന് 2022-ൽ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)