നേപാനഗർ റേഞ്ച്, ബീറ്റ് ഝാൻജാർ, ബുർഹാൻപൂർ ഫോറസ്റ്റ് ഡിവിഷൻ, മധ്യപ്രദേശ്. 
Forests

വനം കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ കോർക്കു ആദിവാസി വിഭാഗത്തിന്റെ സമരം

തങ്ങളുടെ ഉപജീവനത്തിനായി വനത്തെയാണ് ആശ്രയിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, വനസംരക്ഷണം ശക്തമാക്കാൻ ഈ ആദിവാസി സമൂഹം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

Himanshu Nitnaware

വനഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് മധ്യപ്രദേശിലെ തദ്ദേശീയരായ കോർക്കു (Korku) ആദിവാസി സമൂഹം വനംവകുപ്പിനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടിരിക്കുന്നു. ഉപജീവനത്തിനായി വനത്തെ ആശ്രയിക്കുന്ന ഖണ്ട്വ, ബുർഹാൻപൂർ ജില്ലകളിലെ 150 ഗ്രാമങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം വരുന്ന കമ്മ്യൂണിറ്റി അംഗങ്ങളാണ് തങ്ങളുടെ ആവശ്യങ്ങൾ സംസ്ഥാന മുഖ്യമന്ത്രിയെ അറിയിക്കുന്നതിനായി മാർച്ച് നടത്തിയത്.

സംസ്ഥാനത്തെ ഖാർഗോൺ, അലിരാജ്പൂർ, ബദ്‌വായി, ഝാബുവ ജില്ലകളിൽ പെട്ട ഭരേല (Bharela), ഭിലാല (Bhilala) ഗോത്ര വിഭാഗങ്ങൾ വനഭൂമിയിൽ നിയമവിരുദ്ധമായി തുടർച്ചയായി കൈയേറ്റങ്ങൾ നടത്തുകയാണെന്ന് കോർക്കു കമ്മ്യൂണിറ്റി നേതാവ് ഉമാകാന്ത് പാട്ടീൽ ആരോപിച്ചു.

“2020 മുതൽ പുറത്തുനിന്നുള്ളവർ വലിയ തോതിൽ നിയമവിരുദ്ധമായി വനഭൂമി കൈയേറുകയും വനം വെട്ടിത്തെളിക്കുകയും ചെയ്യുന്നുണ്ട്. ഇത് വനവിസ്തൃതി കുറയുന്നതിനും വന്യജീവികളുടെ ആവാസവ്യവസ്ഥ തകരുന്നതിനും കാരണമായി. കൂടാതെ മഹുവ, ചിരോഞ്ചി, കരിമ്പന ഇലകൾ (tendu leaves), പശകൾ, ഔഷധസസ്യങ്ങൾ, വിറക് തുടങ്ങിയ ചെറുകിട വനവിഭവങ്ങൾ ശേഖരിക്കാനുള്ള പ്രാദേശിക ഗോത്രവർഗ്ഗക്കാരുടെ പരമ്പരാഗത അവകാശത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

ഗുഡി ഫോറസ്റ്റ് റേഞ്ചിലെ അമഖുജ്‌രിക്ക് ചുറ്റുമുള്ള വനപ്രദേശങ്ങൾ തുടർച്ചയായി നശിപ്പിക്കപ്പെടുന്നതായി കമ്മ്യൂണിറ്റി ആരോപിച്ചു.

കൈയേറ്റം ആരോപിക്കപ്പെട്ട രണ്ട് ആദിവാസി സമൂഹങ്ങൾ 2006-ലെ എഫ്.ആർ.എ (FRA - ഫോറസ്റ്റ് റൈറ്റ്സ് ആക്ട്) വ്യവസ്ഥകൾ പ്രകാരം വിവിധ ഘട്ടങ്ങളിലായി കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ്‌സിനായി അപേക്ഷ നൽകിയിരുന്നെങ്കിലും ഭൂരിഭാഗം അവകാശവാദങ്ങളും നിരസിക്കപ്പെടുകയാണുണ്ടായതെന്ന് പാട്ടീൽ പറഞ്ഞു.

“വിത്തുവിതയ്ക്കൽ സീസൺ ആരംഭിച്ച ജൂൺ മാസത്തിൽ വനംവകുപ്പും ജില്ലാ ഭരണകൂടവും അവരെ സമീപിക്കുകയും, ഭൂമിയിൽ അവകാശവാദങ്ങൾ ഇല്ലാത്തതിനാൽ വനഭൂമി ഒഴിഞ്ഞുതരണമെന്നും കൃഷി നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ അവിടെനിന്ന് മാറാൻ തയ്യാറായില്ല,” പാട്ടീൽ ഡൗൺ ടു എർത്തിനോട് (Down To Earth) പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ വനംവകുപ്പ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചതിനു പിന്നാലെ, കോർക്കു ആദിവാസി സമൂഹം കൂടുതൽ കർശനമായ നടപടികൾ ആവശ്യപ്പെടുകയും വനഭൂമി വീണ്ടെടുക്കുകയും ചെയ്തു. “ഞങ്ങളുടെ ഉപജീവനം വനത്തെ ആശ്രയിച്ചായതിനാൽ ഞങ്ങളുടെ വനങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” പാട്ടീൽ കൂട്ടിച്ചേർത്തു.

വനഭൂമിയും ഫലഭൂയിഷ്ഠമായ ഭൂമിയും നശിപ്പിച്ച് കൃഷിഭൂമിയാക്കി മാറ്റുന്നത് തങ്ങളുടെ കന്നുകാലികളെ മേയ്ക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് ബുർഹാൻപൂർ ജില്ലയിലെ ജാംബുപാനി ഗ്രാമവാസികൾ എഴുതിത്തയ്യാറാക്കിയ പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ നിലനിൽപ്പ് വനത്തെ ആശ്രയിച്ചാണെന്ന് അവർ അവകാശപ്പെട്ടു.

തലമുറകളായി തങ്ങളുടെ സംസ്കാരത്തെയും ഉപജീവനത്തെയും നിലനിർത്തുന്ന വനങ്ങളുടെ സംരക്ഷണം ശക്തമാക്കണമെന്നും വന കൈയേറ്റങ്ങൾ പൂർണ്ണമായും ഒഴിപ്പിക്കണമെന്നും ആദിവാസി സമൂഹം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.

ജോയിന്റ് ഫോറസ്റ്റ് മാനേജ്‌മെന്റ് (Joint Forest Management) സ്ഥാപനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുക, വനഭൂമിയിലെ നിയമവിരുദ്ധ കൈയേറ്റങ്ങൾ തുടർച്ചയായി ഒഴിപ്പിക്കുക, വീണ്ടും കൈയേറ്റങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥിരമായ നടപടികൾ സ്വീകരിക്കുക, നിയമം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വനംവകുപ്പ് ജീവനക്കാരുടെ പ്രത്യേക ഡ്രൈവുകൾ നടത്തുക എന്നിവയും ഈ രേഖാമൂലമുള്ള അപേക്ഷയിലൂടെ അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)