അരുണാചൽ പ്രദേശിലും നാഗാലാൻഡിലുമായി ഏകദേശം ഒരാഴ്ചയായി കാട്ടുതീ പടരുകയാണ്.
ഉയർന്ന മലനിരകളിൽ പടരുന്ന തീ അണയ്ക്കാനായി ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് മുകളിൽ നിന്ന് ഒഴിക്കുന്നത്.
ലോഹിത് താഴ്‌വര, വാലോങ്, സുക്കോ താഴ്‌വര (Dzukou Valley) എന്നിവിടങ്ങളിലാണ് പ്രധാനമായും തീപിടിത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹിമാലയൻ മലനിരകളിലെ ദുർഘടമായ പാതകൾ ദൗത്യത്തിന് വെല്ലുവിളിയാണെങ്കിലും, ഇന്ത്യൻ സൈന്യവും പ്രാദേശിക അധികാരികളും സംയുക്തമായി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
വരണ്ട കാലാവസ്ഥയും, വനം വെട്ടിത്തെളിച്ച് കൃഷിയിറക്കുന്ന രീതിയുമാണ് (Shifting cultivation) തീപിടിത്തത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അരുണാചൽ പ്രദേശിന്റെയും നാഗാലാൻഡിന്റെയും വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി കാട്ടുതീ പടർന്നുകൊണ്ടിരിക്കുകയാണ്. ഹിമാലയൻ മലനിരകളിലെ ദുർഘടമായ ഉയരങ്ങളിൽ പടരുന്ന ഈ തീ അണയ്ക്കുന്നതിനായി ഇന്ത്യൻ വ്യോമസേന ശ്രമങ്ങൾ നടത്തിവരികയാണ്.
വളരെ ഒറ്റപ്പെട്ടതും യാത്രാസൗകര്യങ്ങൾ കുറഞ്ഞതുമായ മലയോര മേഖലകളെയാണ് കാട്ടുതീ ബാധിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയും, ദുർഘടമായ പാതകളും അഗ്നിശമന ദൗത്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും അടിയന്തര രക്ഷാസേനകൾ തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
9,500 അടിയിലധികം ഉയരമുള്ള മലനിരകളിൽ തീയണയ്ക്കാനുള്ള ദൗത്യവുമായി ഇന്ത്യൻ വ്യോമസേന, ഹെലികോപ്റ്ററുകൾ വിന്യസിച്ചു. അരുണാചൽ പ്രദേശിലെ ലോഹിത് താഴ്‌വരയിൽ മാത്രം കാട്ടുതീ നിയന്ത്രിക്കാനായി 12,000 ലിറ്ററിലധികം വെള്ളമാണ് ആകാശത്തുനിന്ന് ഒഴിച്ചത്. റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 13-നാണ് സംസ്ഥാനത്ത് തീപിടിത്തം ആരംഭിച്ചത്. ഇത് പലയിടങ്ങളിലും പടർന്നതിനെത്തുടർന്ന് ചില ജനവാസ മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു.
താഴ്‌വരയ്ക്ക് അഭിമുഖമായുള്ള ഇടുങ്ങിയ മലനിരകളിലെ തീപ്പിടിത്തം ലക്ഷ്യമിട്ട് നിരവധി തവണ ഹെലികോപ്റ്ററുകൾ പറന്നതായി വ്യോമസേന തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) അറിയിച്ചു. പ്രതികൂല കാലാവസ്ഥയും, ഉയരക്കൂടുതൽ മൂലമുള്ള വായുവിന്റെ കുറഞ്ഞ മർദ്ദവും വെല്ലുവിളിയായെങ്കിലും, ഹിമാലയൻ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി അതീവ ജാഗ്രതയോടെ വെള്ളം കൃത്യമായി ഒഴിച്ച് തീ നിയന്ത്രണവിധേയമാക്കി.
ലോഹിത് താഴ്‌വരയിലെ ദൗത്യം പുരോഗമിക്കുന്നതിനൊപ്പം തന്നെ, അരുണാചൽ പ്രദേശിലെയും നാഗാലാൻഡിലെയും മറ്റ് വനമേഖലകളിലും വ്യോമസേന ഒരേസമയം കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ദുർഘടമായ ഭൂപ്രകൃതിയെ മറികടന്നാണ് ഈ ദൗത്യങ്ങൾ മുന്നോട്ട് പോകുന്നത്.
അരുണാചലിലെ വാലോങ്ങിൽ ആകെ 1,39,800 ലിറ്റർ വെള്ളം ഒഴിച്ച് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചു. അതേസമയം, നാഗാലാൻഡിലെ സുക്കോ താഴ്‌വരയിൽ ദൗത്യം തുടരുകയാണ്. മി-17 വി5 (Mi-17 V5) ഹെലികോപ്റ്ററുകൾ ദിമാപൂരിലെ പദുംപൊഖിരി തടാകത്തിൽ നിന്ന് വെള്ളമെടുത്താണ് ജാപ്ഫു കൊടുമുടിക്ക് സമീപമുള്ള തീ അണയ്ക്കാൻ ശ്രമിക്കുന്നത്. ചെങ്കുത്തായ ചരിവുകളും, കാഴ്ചമറയ്ക്കുന്ന മൂടൽമഞ്ഞും വായുവിന്റെ കുറഞ്ഞ മർദ്ദവും ഇവിടെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
നിലവിലെ സാഹചര്യത്തിൽ കാട്ടുതീ നിയന്ത്രിക്കാൻ വ്യോമസേനയുടെ കൂടുതൽ സഹായം അഭ്യർത്ഥിച്ച് ജില്ലാ കളക്ടർക്ക് കത്ത് നൽകിയതായി നാഗാലാൻഡിലെ വനംവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, അരുണാചൽ പ്രദേശിലെ അൻജോ (Anjaw) ജില്ലയിലെ ഒറ്റപ്പെട്ട മേഖലകളിൽ പടരുന്ന കാട്ടുതീ അണയ്ക്കാൻ വ്യോമസേനയ്‌ക്കൊപ്പം ഇന്ത്യൻ കരസേനയും ചേർന്നിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,000 മുതൽ 3,500 അടി വരെ ഉയരത്തിലുള്ള മലനിരകളിലാണ് ഈ രക്ഷാപ്രവർത്തനം നടക്കുന്നത്.
മേഖലയിലെ കാട്ടുതീയുടെ പ്രധാന കാരണങ്ങൾ വരണ്ട കാലാവസ്ഥയും 'ഷിഫ്റ്റിംഗ് കൾട്ടിവേഷൻ' (വനം വെട്ടിത്തെളിച്ച് കൃഷിയിറക്കുന്ന രീതി) ആണെന്ന് ഗുവാഹത്തിയിലെ പ്രതിരോധ വക്താവിനെ ഉദ്ധരിച്ച്, വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ചില മലയോര സമൂഹങ്ങൾ പിന്തുടരുന്ന പരമ്പരാഗതമായ കൃഷിരീതിയാണിത്.
കഴിഞ്ഞ അഞ്ച് ദിവസമായി ഇരുപത്തിനാല് മണിക്കൂറും നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആകാശ നിരീക്ഷണത്തിലൂടെയും, ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് വെള്ളം ഒഴിച്ചും തീ അണയ്ക്കാൻ സൈന്യം പരിശ്രമിക്കുന്നു. അതീവ ദുർഘടമായ ഭൂപ്രകൃതിയിലും പ്രതികൂല കാലാവസ്ഥയിലും, തീ പൂർണ്ണമായും അണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം മുന്നോട്ട് പോകുന്നത്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)