യൂക്കാലിപ്റ്റസ്, അക്കേഷ്യ, മോണോകൾച്ചറുകൾ ഭൂഗർഭജലത്തെ ക്ഷയിപ്പിക്കുകയും മണ്ണിനെ നശിപ്പിക്കുകയും ചെയ്യുന്നു, ഇത് തദ്ദേശീയ സസ്യജാലങ്ങൾക്ക് അതിജീവനം പ്രയാസകരമാക്കുന്നു. ഇവയൊക്കെ എങ്ങനെ വനങ്ങളിൽ അനുവദിക്കുമെന്ന് വിദഗ്ദ്ധർ ചോദിക്കുന്നു. ഐസ്റ്റോക്ക്
Forests

വനഭൂമി ഇനി കുത്തകകൾക്ക്? വാണിജ്യവൽക്കരണം പ്രകൃതിയുടെ ചരമഗീതമാകുമ്പോൾ

വനസംരക്ഷണ നിയമത്തിലെ പുതിയ ഭേദഗതികൾ പ്രകാരം, വ്യവസായ സ്ഥാപനങ്ങൾ തങ്ങളുടെ ലാഭത്തിനായി, വനങ്ങളിൽ വൻതോതിൽ ഒറ്റവിള കൃഷിത്തോട്ടങ്ങൾ (Monoculture) നിർമ്മിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് വനത്തിന്റെ സ്വാഭാവികമായ സന്തുലിതാവസ്ഥയെയും അടിസ്ഥാനപരമായ സവിശേഷതകളെയും ഇല്ലാതാക്കും.

Himanshu Nitnaware

  • വനഭൂമി വാണിജ്യ തോട്ടങ്ങൾക്കായി തുറന്നുകൊടുക്കുന്നത് ആവാസവ്യവസ്ഥയെ തകർക്കുമെന്ന് വിദഗ്ധരും മുൻ വനംവകുപ്പ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകുന്നു

  • വാണിജ്യ തോട്ടങ്ങളെ പരിസ്ഥിതി ലെവികളിൽ നിന്ന് ഒഴിവാക്കുന്നത്, വനഭൂമിയെ വനേതര ആവശ്യങ്ങൾക്കായി വകമാറ്റുന്നതിന് തുല്യമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

  • ഒറ്റവിള കൃഷിത്തോട്ടങ്ങൾ, വിദേശയിനം മരങ്ങൾ എന്നിവ വ്യാപിപ്പിക്കുന്നതിലും നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിലുമാണ് പ്രധാന ആശങ്കകൾ നിലനിൽക്കുന്നത്.

  • വനത്തെ ആശ്രയിച്ചു കഴിയുന്ന സമൂഹങ്ങളെയും സ്വാഭാവികമായ തുറന്ന ആവാസവ്യവസ്ഥകളെയും ഈ നീക്കം സാരമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

  • നശിച്ചുകൊണ്ടിരിക്കുന്ന വനഭൂമി പുനരുദ്ധരിക്കുക മാത്രമാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും വിദഗ്ധർ ഈ വാദത്തെ തള്ളിക്കളയുന്നു.

വനഭൂമിയിൽ വാണിജ്യ തോട്ടങ്ങൾ അനുവദിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പരിസ്ഥിതി വിദഗ്ധരിൽ നിന്നും മുൻ വനം ഉദ്യോഗസ്ഥരിൽ നിന്നും ശക്തമായ മുന്നറിയിപ്പിന് കാരണമായിട്ടുണ്ട്, ഈ മാറ്റങ്ങൾ ഇന്ത്യൻ വനങ്ങളുടെ ആരോഗ്യത്തിന് വിനാശകരമാണെന്ന് അവർ പറയുന്നു.

2026 ജനുവരി 6 ന് വിജ്ഞാപനം ചെയ്ത, വൻ (സംരക്ഷൻ ഏവം സംവർദ്ധൻ) അധീനിയം', 1980 ലെ ഭേദഗതികൾ - നെറ്റ് പ്രസന്റ് വാല്യൂ (എൻപിവി), കോംപൻസേറ്ററി ഫോറസ്റ്റേഷൻ (സിഎ) തുടങ്ങിയ ദീർഘകാല പാരിസ്ഥിതിക ലെവികൾ നൽകാതെ വനഭൂമിയിൽ തോട്ടങ്ങൾ വളർത്താൻ സ്വകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്നു. 

മരങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതിനും, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, മാറ്റങ്ങൾ ആവശ്യമാണെന്ന് പേപ്പർ, പൾപ്പ് വ്യവസായ പ്രതിനിധികൾ വാദിച്ചു. എന്നിരുന്നാലും, വനവൽക്കരണത്തിന്റെ മറവിൽ വനങ്ങൾ വാണിജ്യ ചൂഷണത്തിന് തുറന്നുകൊടുക്കാൻ ഈ നയം സാധ്യതയുണ്ടെന്ന് വിമർശകർ പറയുന്നു.

'പേരുമാറ്റം മാത്രമുള്ള വഴിതിരിച്ചുവിടൽ'

പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലെ സാങ്കേതികതയെ ചോദ്യം ചെയ്ത മുൻ കേരള ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, പ്രകൃതി ശ്രീവാസ്തവ, വനഭൂമി പാട്ടത്തിന് നൽകുന്നത് വനഭൂമി വകമാറ്റലായി മാത്രമേ കണക്കാക്കാൻ കഴിയൂ എന്ന് വാദിക്കുന്നു. കാരണം, പാട്ടത്തിന് എടുക്കുന്ന ഏജൻസിക്ക് നിശ്ചിത കാലയളവിൽ ആ ഭൂമി കൈവശം വെക്കാനും ഉപയോഗിക്കാനും അവകാശമുണ്ടാകും.

"ലാഭവിഹിതം പങ്കുവെക്കുന്ന രീതിയിലുള്ള തോട്ടങ്ങൾ വളർത്തുന്നതോ 'അസിസ്റ്റഡ് നാച്ചുറൽ റീജനറേഷനോ' (ANR) ഒരു വാണിജ്യ പ്രവർത്തനമാണ്. ഇത് ഖനനത്തിന് സമാനമായ പ്രവർത്തനമായതിനാൽ പാട്ടക്കാർ NPV അടയ്ക്കാനും പകരം വനവൽക്കരണം നടത്താനും ബാധ്യസ്ഥരാണ്. ഇതിൽ നിന്ന് കമ്പനികളെ ഒഴിവാക്കുന്നത്, വനാപഹരണത്തെ 'ഗ്രീൻ വാഷിംഗ്' വഴി വെള്ളപൂശുന്നതിന് തുല്യമാണ്," അവർ പറഞ്ഞു.

വനവൽക്കരണത്തിനായി കേന്ദ്ര-സംസ്ഥാന വനംവകുപ്പുകളുടെ പക്കൽ നിലവിൽ തന്നെ വൻതോതിൽ ഫണ്ട് കെട്ടിക്കിടക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സർക്കാർ ഏജൻസികൾ ചെയ്യുമ്പോൾ അത് വനപരിപാലനവും, സ്വകാര്യ ഏജൻസികൾക്ക് നൽകുമ്പോൾ അത് വനേതര പ്രവർത്തനവുമായി മാറുന്നത് യുക്തിരഹിതമാണ്. ഈ ലക്ഷ്യത്തിനായി വനഭൂമി പാട്ടത്തിന് നൽകേണ്ട സാഹചര്യം നിലവിലില്ല. ഇത് വനത്തിന്റെ ആരോഗ്യത്തിന് ഗുണമില്ലാത്ത ഒറ്റവിള കൃഷിത്തോട്ടങ്ങൾക്കും, വിദേശയിനം മരങ്ങൾക്കും മാത്രമേ കാരണമാകൂ. പാർലമെന്റിന്റെ മേൽനോട്ടമില്ലാതെ മാർഗ്ഗനിർദ്ദേശങ്ങൾ മാറ്റാൻ മന്ത്രാലയം സ്വന്തമായി അധികാരം നേടിയെടുക്കുന്നത്, വനസംരക്ഷണത്തിനുള്ള സുരക്ഷാ മാനദണ്ഡങ്ങളെ തകർക്കുമെന്നും അവർ വിമർശിച്ചു.

ഒറ്റവിള തോട്ടങ്ങളും വനാശ്രിത സമൂഹങ്ങളും

പ്ലാന്റേഷനുകൾക്ക് പിന്നിലെ വാണിജ്യതാൽപര്യങ്ങൾ, പരിസ്ഥിതി പുനരുദ്ധാരണത്തേക്കാൾ, ഒറ്റവിള കൃഷിത്തോട്ടങ്ങൾക്കാണ് (monocultures) മുൻഗണന നൽകുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

പ്രകൃതിയെ ആശ്രയിച്ച് കഴിയുന്ന ജനവിഭാഗങ്ങളുടെ കൂട്ടായ്മയായ 'ക്യാമ്പയിൻ ടു ഡിഫൻഡ് നേച്ചർ ആൻഡ് പീപ്പിൾ' കൺവീനർ രാജേഷ് രാമകൃഷ്ണൻ പറയുന്നത്, വനഭൂമിയിൽ ഒറ്റവിള കൃഷിത്തോട്ടങ്ങൾ അനുവദിക്കുന്നത് വിനാശകരമായിരിക്കുമെന്നാണ്. "വ്യവസായങ്ങൾ അവരുടെ വാണിജ്യ ആവശ്യങ്ങൾക്കായി വലിയ തോതിൽ ഒറ്റവിള കൃഷിത്തോട്ടങ്ങൾ നിർമ്മിക്കും. ഇത് വനത്തിന്റെ സ്വാഭാവികതയെയും നിലനിൽപ്പിനെയും നേരിട്ട് ബാധിക്കും," അദ്ദേഹം വിശദീകരിക്കുന്നു.

മാത്രമല്ല, വനവിഭവങ്ങളെ ആശ്രയിച്ചു കഴിയുന്ന ആദിവാസികളെയും, മറ്റ് വനവാസി സമൂഹങ്ങളെയും ഈ മാറ്റങ്ങൾ സാരമായി ബാധിക്കും. വനത്തിലേക്കുള്ള അവരുടെ പ്രവേശനം നിയന്ത്രിക്കപ്പെടുമെന്നും രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.

"2023-ലെ വനസംരക്ഷണ ഭേദഗതി നിയമം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, അതിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളെ ശക്തമായി എതിർക്കേണ്ടതുണ്ട്. വനാവകാശ നിയമപ്രകാരം (FRA) പട്ടികവർഗക്കാർക്കും മറ്റ് പരമ്പരാഗത വനവാസികൾക്കും വനത്തിന്മേൽ നിയമപരമായ അവകാശമുണ്ട്. ഈ അവകാശങ്ങൾ പൂർണ്ണമായി നടപ്പിലാക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. ഈ ഭേദഗതി വനഭൂമി വകമാറ്റുന്നതിനെക്കുറിച്ച് നേരിട്ട് പറയുന്നില്ലെങ്കിലും പ്രായോഗികമായി സംഭവിക്കുന്നത് അതാണ്. ഇത് വനാവകാശ നിയമത്തിന്റെ ലംഘനമാണ്," അദ്ദേഹം പറഞ്ഞു.

യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ ഒറ്റവിള കൃഷിത്തോട്ടങ്ങൾ ഭൂഗർഭജലം വറ്റിക്കാനും, മണ്ണിൽ വിഷാംശം കലരാനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മറ്റ് സസ്യങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തും. "ഇത്തരം കാര്യങ്ങൾ എങ്ങനെ വനഭൂമിയിൽ അനുവദിക്കാനാകും?" അദ്ദേഹം ചോദിക്കുന്നു.

മുന്‍കാല മാതൃകകൾ നൽകുന്ന തെളിവുകൾ

ഒറ്റവിള കൃഷിത്തോട്ടങ്ങളെ (Monoculture plantations) സംബന്ധിച്ച ആശങ്കകൾ മുൻകാല വിലയിരുത്തലുകൾ ശരിവെക്കുന്നു. ഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (CSE) എന്ന സ്ഥാപനം, 2017-ൽ ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കർണാടക, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനുകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ, വലിയ തോതിലുള്ള മിശ്രിത വനങ്ങൾ, റിപ്പോർട്ട് ചെയ്യപ്പെടാത്ത ഉയർന്ന പാരിസ്ഥിതിക ആഘാതങ്ങളോടെ, ഒറ്റവിള കൃഷിത്തോട്ടങ്ങളാക്കി മാറ്റിയതായി കണ്ടെത്തി.

സ്വാഭാവിക വനങ്ങൾക്ക് പകരം തേക്ക്, യൂക്കാലിപ്‌സ്, കാറ്റാടി മരങ്ങൾ എന്നിവയുടെ തോട്ടങ്ങളും കശുവണ്ടി, കോഫി, റബ്ബർ തുടങ്ങിയ നാണ്യവിളകളും വ്യാപകമായി വെച്ചുപിടിപ്പിച്ചതായി ഈ റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

വനത്തെ ആശ്രയിച്ചു കഴിയുന്ന സമൂഹങ്ങൾക്ക് ഇത്തരം തോട്ടങ്ങൾ കൊണ്ട് പരിമിതമായ നേട്ടങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂവെന്നും, പ്രത്യേകിച്ച് 2006-ലെ വനാവകാശ നിയമം നിലവിൽ വന്നതിനുശേഷം ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനുകളും പ്രാദേശിക സമൂഹങ്ങളും തമ്മിലുള്ള തർക്കങ്ങൾ വർദ്ധിച്ചതായും പഠനം ചൂണ്ടിക്കാട്ടി.

റീജിയണൽ സെന്റർ ഫോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ 2012-ൽ നടത്തിയ മറ്റൊരു പഠനത്തിൽ, ഒഡീഷയിലെ പൾപ്പ് വുഡ് അധിഷ്ഠിത പേപ്പർ മില്ലുകൾ, സോഷ്യൽ ഫോറസ്ട്രി പദ്ധതികളുടെ മറവിൽ പൊതുസ്വത്തുക്കളും കൃഷിഭൂമിയും പുൽമേടുകളും കൈക്കലാക്കിയതായും, ഇത് പ്രാദേശിക ജനവിഭാഗങ്ങളെ അവരുടെ മണ്ണിൽ നിന്ന് അകറ്റിയതായും കണ്ടെത്തി.

തുറന്ന പരിസ്ഥിതി വ്യവസ്ഥകളും കാലാവസ്ഥാ വിട്ടുവീഴ്ചകളും

ഡൽഹി ആസ്ഥാനമായുള്ള, വിധി സെന്റർ ഫോർ ലീഗൽ പോളിസിയിലെ, സീനിയർ റെസിഡന്റ് ഫെല്ലോയും ക്ലൈമറ്റ് ആൻഡ് ഇക്കോസിസ്റ്റംസ് വിഭാഗം മേധാവിയുമായ, ദേബാദിത്യോ സിൻഹയുടെ അഭിപ്രായത്തിൽ, ഈ നിയമഭേദഗതി ഇന്ത്യയിലുടനീളമുള്ള വനങ്ങളെ, പ്രത്യേകിച്ച് പുൽമേടുകൾ, സവാനകൾ, നദീതടങ്ങൾ തുടങ്ങിയ തുറന്ന സ്വാഭാവിക ആവാസവ്യവസ്ഥകളെ, വ്യവസായങ്ങളുടെ വാണിജ്യ ചൂഷണത്തിന് തുറന്നുകൊടുക്കുന്നു. വനങ്ങൾക്കോ, വന്യജീവികൾക്കോ, ആവാസവ്യവസ്ഥയ്ക്കോ വ്യക്തമായ പ്രയോജനമൊന്നും നൽകാതെ തന്നെ, പുതുതായി പ്രഖ്യാപിച്ച 'ഗ്രീൻ ക്രെഡിറ്റ്' പദ്ധതിക്ക് കീഴിൽ ക്രെഡിറ്റുകൾ നേടാൻ ഇത് വഴിയൊരുക്കുന്നു.

തകർന്ന വനങ്ങളെയോ, തരിശുഭൂമികളെയോ തിരിച്ചറിയാൻ ശാസ്ത്രീയമായ മാനദണ്ഡങ്ങളില്ലാത്ത സാഹചര്യത്തിൽ, വനവൽക്കരണം എന്ന വ്യാജേന ഉണങ്ങിയ വനങ്ങളെയും പുൽമേടുകളെയും നശിപ്പിക്കാൻ ഈ ഭേദഗതി പ്രോത്സാഹനമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഇടപെടലുകൾ മണ്ണിന്റെ ഗുണനിലവാരം തകർക്കുകയും ജൈവവൈവിധ്യം ഇല്ലാതാക്കുകയും ചെയ്യുന്നു. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് സങ്കീർണ്ണമായ ആവാസവ്യവസ്ഥകൾക്ക് പകരം ഒറ്റവിള കൃഷിത്തോട്ടങ്ങൾ നിർമ്മിക്കുന്നത്, വന്യജീവികളുടെ നാശത്തിനും കാരണമാകുന്നു. വനങ്ങൾ തനിയെ പുനരുജ്ജീവനത്തിന് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്ന് വിദഗ്ധർ വാദിക്കുന്നു.

എന്നാൽ, വനസംരക്ഷണം പൂർണ്ണമായും സ്വകാര്യ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുന്നില്ലെന്നും, ഇന്ത്യയുടെ വനവിസ്തൃതി 33 ശതമാനമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി, തകർന്ന വനഭൂമികൾ പുനരുദ്ധരിക്കാൻ മാത്രമാണ് അവരുടെ പങ്കാളിത്തം അനുവദിക്കുന്നതെന്നുമാണ് സർക്കാർ ഇതിന് നൽകുന്ന വിശദീകരണം.

അതേസമയം, മരങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങൾ മറ്റ് മാർഗ്ഗങ്ങൾ തേടേണ്ടതുണ്ട്. 2026 ഡിസംബർ മുതൽ നിലവിൽ വരുന്ന, യൂറോപ്യൻ യൂണിയന്റെ കർശനമായ നിയമങ്ങൾ വനനശീകരണമില്ലാത്ത ഉൽപ്പന്നങ്ങൾ മാത്രമേ സ്വീകരിക്കൂ എന്ന് നിഷ്കർഷിക്കുന്നു. ഇത് കയറ്റുമതി ചെയ്യുന്ന നിർമ്മാതാക്കൾക്ക് ചെലവ് വർദ്ധിപ്പിക്കാനും വെല്ലുവിളികൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഇതിന് പരിഹാരമായി കാർഷിക അവശിഷ്ടങ്ങളിൽ നിന്നും പുനരുൽപ്പാദിപ്പിച്ച തുണിത്തരങ്ങളിൽ നിന്നും നിർമ്മിക്കുന്ന നാരുകൾ ഉപയോഗിക്കുന്നത്, വനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. ഇതിനൊപ്പം ഫോറസ്റ്റ് സ്റ്റുവാർഡ്ഷിപ്പ് കൗൺസിൽ (FSC) പോലുള്ള സർട്ടിഫിക്കേഷനുകളും, സാമൂഹിക ആഘാത പഠനങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

ഇന്ത്യയിലെ വനസംരക്ഷണ നിയമ ഭേദഗതിയെക്കുറിച്ചും അത് വനങ്ങളെയും പേപ്പർ വ്യവസായത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ലേഖന പരമ്പരയിലെ അവസാന ഭാഗമാണിത്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)