'പനീർ' അല്ലെങ്കിൽ കോട്ടേജ് ചീസ് . വീരേന്ദർ സിംഗ് ഐസ്റ്റോക്ക്
Food

ഛത്തീസ്ഗഢിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ കൃത്രിമ 'പനീർ', ചീസ്, ബട്ടർ എന്നിവ നിരോധിച്ച് ഗുജറാത്തും

നിരോധനം കർശനമായി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി സാംഗ്‌വി അറിയിച്ചു.

DTE Staff

  • ഗുണനിലവാരമില്ലാത്ത കൃത്രിമ (analogue) പനീർ, ചീസ്, വെണ്ണ എന്നിവയുടെ നിർമ്മാണം, സംഭരണം, ഗതാഗതം, വിൽപന എന്നിവ നിരോധിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമായി ഗുജറാത്ത് മാറി. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഇതിന് മുൻപ് ഈ നിരോധനം ഏർപ്പെടുത്തിയത്.

  • പൊതുജനാരോഗ്യവും ഉപഭോക്തൃ സംരക്ഷണവും മുൻനിർത്തി, ഭക്ഷ്യ സ്ഥാപനങ്ങളും റെസ്റ്റോറന്റുകളും ശുദ്ധമായ, മാനദണ്ഡങ്ങൾ പാലിക്കുന്ന ക്ഷീര ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അവയുടെ കൃത്യമായ രേഖകൾ സൂക്ഷിക്കണമെന്നും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു. കൂടാതെ, ഈ നിരോധനം നടപ്പിലാക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിനും രൂപം നൽകും.

ഗുണനിലവാരമില്ലാത്ത കൃത്രിമ (analogue) പനീർ, ചീസ്, വെണ്ണ എന്നിവയുടെ നിർമ്മാണം, സംഭരണം, ഗതാഗതം, വിതരണം, വിൽപന എന്നിവ നിരോധിച്ചുകൊണ്ട് 2026 ഓഗസ്റ്റ് 5-ന് ഗുജറാത്ത്, ഛത്തീസ്ഗഢിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ഈ നടപടി സ്വീകരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ സംസ്ഥാനമായി മാറി. പൊതുജനാരോഗ്യ ആശങ്കകളും ഉപഭോക്താക്കളെയും സംസ്ഥാനത്തെ ക്ഷീരമേഖലയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ചാണ് ഈ നടപടിയെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) റിപ്പോർട്ട് ചെയ്യുന്നു.

"ഗുജറാത്ത് സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിൽ, യഥാർത്ഥ പനീർ, ക്രീം, വെണ്ണ അല്ലെങ്കിൽ മറ്റ് പാലുൽപ്പന്നങ്ങൾക്ക് സമാനമായ രീതിയിൽ നിർമ്മിക്കുന്നതോ അവ യഥാർത്ഥ പാലുൽപ്പന്നങ്ങളാണെന്ന തോന്നൽ ഉണ്ടാക്കുന്നതോ ആയ ഗുണനിലവാരമില്ലാത്ത 'ഡയറി അനലോഗ്' ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംസ്‌കരണം, പാക്കിംഗ്, സംഭരണം, ഗതാഗതം, വിതരണം, വിൽപന, വിൽപനയ്ക്കായി പ്രദർശിപ്പിക്കൽ അല്ലെങ്കിൽ ഭക്ഷ്യ സ്ഥാപനങ്ങളിലെ ഉപയോഗം എന്നിവ ഉടനടി പ്രാബല്യത്തിൽ വരുംവിധം നിരോധിച്ചിരിക്കുന്നു," ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഫുഡ് ആൻഡ് ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

ഈ നിരോധനം, നിലവാരമുള്ള മറ്റ് ഉൽപ്പന്നങ്ങളെ (ഫ്രോസൺ ഡെസേർട്ട്, പ്രോസസ്സ്ഡ് ചീസ്, മിക്സഡ് ഫാറ്റ് സ്പ്രെഡ് എന്നിവ പോലുള്ള അംഗീകൃത ഉൽപ്പന്നങ്ങൾ ഒഴികെ) ഗുണനിലവാരമില്ലാത്ത ഡയറി ഭക്ഷണപദാർത്ഥങ്ങൾക്ക് പ്രത്യേകം ബാധകമായിരിക്കും എന്ന് കത്തിൽ വ്യക്തമാക്കുന്നു. അവയിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

  • യഥാർത്ഥ പാലുൽപ്പന്നങ്ങൾ അല്ലാത്തവ;

  • പാലിനും പാൽക്കൊഴുപ്പിനും പാൽ ഘടകങ്ങൾക്കും പകരം പൂർണ്ണമായോ ഭാഗികമായോ സസ്യക്കൊഴുപ്പോ, സസ്യഎണ്ണയോ, പാലുൽപ്പന്നങ്ങൾ അല്ലാത്ത മറ്റ് ചേരുവകളോ ഉപയോഗിക്കുന്നവ;

  • യഥാർത്ഥ പാലുൽപ്പന്നങ്ങളാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ള രീതിയിലോ ലേബലിംഗ്, പാക്കേജിംഗ്,പ്രസന്റേഷൻ, പരസ്യം ചെയ്യൽ അല്ലെങ്കിൽ വിൽപന രീതികൾ ഉപയോഗിക്കുന്നവ.

എല്ലാ ഭക്ഷ്യവ്യാപാരികളും ഡയറി അനലോഗ് ഉൽപ്പന്നങ്ങളുടെ വിൽപന ഉടനടി നിർത്തലാക്കണമെന്നും അവയുടെ സംഭരണം, നിർമ്മാണം, വിതരണം എന്നിവയുടെ രേഖകൾ സൂക്ഷിക്കുകയും വേണം.

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, ക്ലൗഡ് കിച്ചണുകൾ അല്ലെങ്കിൽ മറ്റ് ഭക്ഷ്യ സേവന കേന്ദ്രങ്ങൾ എന്നിവ യഥാർത്ഥവും ഗുണനിലവാരമുള്ളതുമായ ക്ഷീര ഉൽപ്പന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കരുതെന്നും കത്തിൽ വ്യക്തമാക്കുന്നു.

അനലോഗ് പനീർ എന്നത് പാൽക്കൊഴുപ്പിന് പകരം സസ്യഎണ്ണകൾ, സ്റ്റാർച്ചുകൾ, ഇമൽസിഫയറുകൾ, മറ്റ് ചേരുവകൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പാലുൽപ്പന്നമല്ലാത്ത ഒരു ബദലാണ്. പരമ്പരാഗത പനീറിനേക്കാൾ കുറഞ്ഞ ചെലവിൽ നിർമ്മിക്കാൻ കഴിയുന്ന ഇതിൽ പ്രോട്ടീന്റെ അളവ് പൊതുവെ കുറവായിരിക്കും എന്ന് വാർത്താ ഏജൻസി ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, അനലോഗ് പനീർ, ചീസ്, വെണ്ണ എന്നിവയുടെ നിരോധനം നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാർ ഉടൻ തന്നെ ഒരു ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ സംഘവി ഓഗസ്റ്റ് 6-ന് പ്രസ്താവിച്ചതായി പി.ടി.ഐ (PTI) ഉദ്ധരിച്ചു.

അനലോഗ് പനീർ എന്നത് പാൽക്കൊഴുപ്പിന് പകരം സസ്യഎണ്ണകൾ, സ്റ്റാർച്ചുകൾ, ഇമൽസിഫയറുകൾ, മറ്റ് ചേരുവകൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പാലുൽപ്പന്നമല്ലാത്ത ഒരു ബദലാണ്. പരമ്പരാഗത പനീറിനേക്കാൾ കുറഞ്ഞ ചെലവിൽ നിർമ്മിക്കാൻ കഴിയുന്ന ഇതിൽ പ്രോട്ടീന്റെ അളവ് പൊതുവെ കുറവായിരിക്കും എന്ന് വാർത്താ ഏജൻസി ചൂണ്ടിക്കാണിക്കുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)