കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഫോട്ടോ: @byadavbjp / എക്സ്
Environment

പരിസ്ഥിതി സൂചികയിൽ ഇന്ത്യ ഏറ്റവും പിന്നിൽ: 'മുന്നറിയിപ്പ് സൂചന'യെന്ന് വിദഗ്ദ്ധർ; മാനദണ്ഡങ്ങളെച്ചൊല്ലിയും ചോദ്യങ്ങൾ

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഏറ്റവും മോശം പ്രകടനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ തുടരുന്ന ഇന്ത്യ, പരിസ്ഥിതി ശുചിത്വം (Environmental Health), വായുമലിനീകരണം, ജൈവവൈവിധ്യം എന്നിവയിൽ വളരെ പിന്നിലാണ്; എന്നാൽ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

Jayanta Basu

യേൽ സർവകലാശാലയുടെ ഏറ്റവും പുതിയ ആഗോള പരിസ്ഥിതി പ്രകടന സൂചികയിലെ (Environmental Performance Index - EPI) ഇന്ത്യയുടെ റാങ്കിംഗ് ഇനി കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്ത ഒരു മുന്നറിയിപ്പാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

യേൽ അടുത്തിടെ പുറത്തുവിട്ട റാങ്കിംഗിൽ വിലയിരുത്തപ്പെട്ട 177 രാജ്യങ്ങളിൽ 176-ാം സ്ഥാനത്താണ് ഇന്ത്യ; ലാവോസിന് തൊട്ടുമുകളിൽ താഴെനിന്ന് രണ്ടാമതാണ് ഇത്. ഇ.പി.ഐയിൽ ഇന്ത്യ 22.46 ശതമാനം സ്കോർ ചെയ്തപ്പോൾ, 74.79 ശതമാനത്തോടെ എസ്റ്റോണിയ ആഗോള പട്ടികയിൽ ഒന്നാമതെത്തി.

2000-ൽ ആരംഭിച്ച ഈ സമഗ്രമായ റാങ്കിംഗിൽ, 2026-ലെ വിലയിരുത്തലിനായി 12 വിഷയങ്ങളുമായി ബന്ധപ്പെട്ട 47 സൂചകങ്ങളാണ് പരിഗണിച്ചത്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രകടനത്തിൽ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

2016-ൽ 141-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2018-ൽ 177-ാം സ്ഥാനത്തേക്കും, 2020-ൽ 168-ാം സ്ഥാനത്തേക്കും, 2022-ൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളിലും വച്ച് ഏറ്റവും താഴെയായി 180-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. 2024-ലും 2026-ലും രാജ്യം 176-ാം സ്ഥാനത്താണ്; 2022 മുതൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ തുടരുകയാണ്. ദക്ഷിണേഷ്യയിൽ, 2026-ലെ വിലയിരുത്തൽ പ്രകാരം 8 രാജ്യങ്ങളിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ.

"പ്രതിശീർഷ ഹരിതഗൃഹ വാതക പുറന്തള്ളൽ താരതമ്യേന കുറവാണെങ്കിലും വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ, വികസനവും മലിനീകരണവും തമ്മിലുള്ള വലിയൊരു പോരാട്ടത്തെയാണ് നേരിടുന്നത്. ദശലക്ഷക്കണക്കിന് ആളുകൾക്ക് ആധുനിക ഊർജ്ജ സേവനങ്ങൾ ലഭ്യമാകുന്നുണ്ടെങ്കിലും, കടുത്ത നഗര വായുമലിനീകരണവും കുതിച്ചുയരുന്ന ഹരിതഗൃഹ വാതക പുറന്തള്ളലുമാണ് ഇതിന് നൽകേണ്ടി വരുന്ന വില," റിപ്പോർട്ട് അവകാശപ്പെടുന്നു.

ഈ വർഷത്തെ റാങ്കിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ, "ഇന്ത്യയ്ക്ക് ഏറ്റവും കുറഞ്ഞ റാങ്കിംഗ് നൽകിയ 2022-ൽ ഔദ്യോഗികമായി ചൂണ്ടിക്കാണിച്ച കാര്യങ്ങളിൽക്കൂടുതലായി എനിക്ക് ഒന്നും കൂട്ടിച്ചേർക്കാനില്ല," എന്നാണ് പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. 2022-ൽ, ഈ റിപ്പോർട്ടിലെ നിഗമനങ്ങൾ "ഊഹാപോഹങ്ങളെയും അശാസ്ത്രീയ രീതികളെയും അടിസ്ഥാനമാക്കിയുള്ളതാണ്" എന്ന് വാദിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) റിപ്പോർട്ടിലെ കണ്ടെത്തലുകൾ തള്ളിക്കളഞ്ഞിരുന്നു.

ഏറ്റവും പുതിയ റാങ്കിംഗിനെക്കുറിച്ച് ഈ ലേഖകൻ സംസാരിച്ച ചില വിദഗ്ദ്ധർ, റാങ്കിംഗിന്റെ പൊതുവായ മാനദണ്ഡങ്ങളെക്കുറിച്ച് ചില ആശങ്കകൾ പ്രകടിപ്പിച്ചു. എങ്കിലും, വർഷങ്ങളായുള്ള മോശം പ്രകടനം ആശങ്കാജനകമാണെന്നും റിപ്പോർട്ട് തള്ളിക്കളയരുതെന്നും അവർ സമ്മതിച്ചു.

വെളിവാക്കപ്പെട്ട വീഴ്ചകൾ

ഏറ്റവും പുതിയ വിലയിരുത്തലിൽ, പരിസ്ഥിതി ആരോഗ്യം - പ്രത്യേകിച്ച് വായുവിന്റെ ഗുണനിലവാരം, ജൈവവൈവിധ്യം (രണ്ടിലും 174-ാം സ്ഥാനം) - എന്നിവയിൽ ഇന്ത്യയുടെ പ്രകടനം മോശമാണെന്ന് കണ്ടെത്തി. അതേസമയം, കാലാവസ്ഥാ വ്യതിയാനം (130-ാം സ്ഥാനം), മാലിന്യ സംസ്കരണം, ശുചിത്വം (രണ്ടും 141-ാം സ്ഥാനം) എന്നിവയിൽ ഇന്ത്യ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 13.98 പോയിന്റിന്റെ വർദ്ധനവോടെ ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച മേഖലകളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനം.

സൂക്ഷ്മമായി പരിശോധിച്ചാൽ, ഒരു ദശാബ്ദത്തിനിടെ പ്രധാന സൂചകങ്ങളിൽ ഇന്ത്യ എങ്ങനെയാണ് താഴേക്ക് പതിച്ചതെന്ന് വ്യക്തമാകും.

വായുവിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ, കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ സ്‌കോറിൽ 0.15 പോയിന്റിന്റെ ഇടിവുണ്ടായി. 2019-ൽ ആരംഭിച്ച ദേശീയ ശുദ്ധ വായു പദ്ധതിയുടെ (National Clean Air Programme - NCAP) ഭാഗമായി വായുമലിനീകരണം തടയുന്നതിനായി രാജ്യം 16,423 കോടി രൂപ ചെലവഴിച്ചിട്ടും ആണ് ഇത് സംഭവിച്ചത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ മത്സ്യബന്ധന മേഖല, മരങ്ങളുടെ സാന്ദ്രത (tree cover), കീടനാശിനി മൂലമുള്ള മലിനീകരണം എന്നിവയിലും ഇന്ത്യയുടെ പ്രകടനം മോശമായി. "ഈ കണ്ടെത്തലുകൾ ഞങ്ങൾ ഉന്നയിച്ച എല്ലാ വിമർശനങ്ങളെയും ശരിവെയ്ക്കുന്നതാണ്. വികസനത്തിന്റെ പേരിൽ ആരവല്ലിയിലെയും നിക്കോബാറിലെയും മരങ്ങൾ നശിപ്പിക്കാനോ, പുഴകൾ മലിനമാക്കാനോ, വിഷമയമായ കീടനാശിനികൾ ഉപയോഗിച്ചുള്ള കൃഷിരീതി തുടരാനോ നിങ്ങൾക്ക് കഴിയില്ല; അതിനുശേഷം പരിസ്ഥിതി പ്രകടനത്തിൽ ഉയർന്ന സ്‌കോർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യരുത്," ഒരു പരിസ്ഥിതി പ്രവർത്തകൻ വ്യക്തമാക്കി.

തള്ളിക്കളയാൻ കഴിയില്ല

"ഇന്ത്യയുടെ കുറഞ്ഞ EPI റാങ്ക് യാഥാർത്ഥ്യമാണ്, എന്നാൽ അത് അപൂർണ്ണവും ഒരു മുന്നറിയിപ്പുമാണ്," പൂനെയിലെ ഫ്ലേം (FLAME) യൂണിവേഴ്സിറ്റി പ്രൊഫസറും കാലാവസ്ഥാ വ്യതിയാനവും നഗരങ്ങളും എന്ന യു.എൻ പ്രത്യേക റിപ്പോർട്ടിന്റെ ലീഡ് രചയിതാവുമായ അഞ്ചൽ പ്രകാശ് ചൂണ്ടിക്കാട്ടി.

"ഇന്ത്യയുടെ ഈ സ്ഥാനത്തെ പാരിസ്ഥിതിക പരാജയത്തിന്റെ ലളിതമായ ഒരു വിധിന്യായമായി കണക്കാക്കുന്നതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ല. വായുമലിനീകരണം, ജൈവവൈവിധ്യ നാശം, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കൽ തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങളെ ഈ റാങ്കിംഗ് പ്രതിഫലിപ്പിക്കുന്നുണ്ട്. എന്നാൽ വളരെ വലിയ, വൈവിധ്യമാർന്ന, കുറഞ്ഞ വരുമാനമുള്ള ഒരു രാജ്യത്തെ ഒറ്റ അന്താരാഷ്ട്ര സ്‌കോറിലേക്ക് ചുരുക്കുന്നത്, വ്യത്യസ്തമായ ചരിത്രപരമായ വികസന വഴികളുള്ള സമ്പന്ന രാജ്യങ്ങളുമായുള്ള താരതമ്യത്തെ അതിശയോക്തി കലർന്നതാക്കും. അതിനാൽ, ഈ രീതിശാസ്ത്രത്തോടു (methodology) ഞാൻ യോജിക്കുന്നില്ല," അദ്ദേഹം വിശദീകരിച്ചു. "എല്ലാ മേഖലകളിലെയും മോശം പ്രകടനത്തേക്കാൾ, ചില നിർണായക സൂചകങ്ങളിലെ മോശം സ്കോറാണ് ഈ കുറഞ്ഞ റാങ്കിംഗിന് കാരണമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്," പ്രകാശ് കൂട്ടിച്ചേർത്തു.

"യേൽ ഇ.പി.ഐയിലെ ഇന്ത്യയുടെ റാങ്കിംഗിനെ ജാഗ്രതയോടെ വേണം കാണാൻ," ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനിലെ (ORF) വികസന പഠന വിഭാഗം തലവനും കൊൽക്കത്ത സെന്റർ മേധാവിയുമായ ഇക്കോളജിക്കൽ എക്കണോമിസ്റ്റ് നിലാഞ്ചൻ ഘോഷും യോജിച്ചു.

"ഈ ഇൻഡക്സ് പാരിസ്ഥിതിക ഫലങ്ങളുടെ ഒരു ഉപകാരപ്രദമായ ചിത്രം നൽകുന്നുണ്ടെങ്കിലും, ഇന്ത്യയുടെ വലിപ്പം, ജനസാന്ദ്രത, സാമ്പത്തിക പരിവർത്തനത്തിന്റെ ഘട്ടം എന്നിവ അഭിമുഖീകരിക്കുന്ന വികസന യാഥാർത്ഥ്യങ്ങളെയും ഘടനാപരമായ പരിമിതികളെയും അത് പൂർണ്ണമായി ഉൾക്കൊള്ളുന്നില്ല," ഘോഷ് ചൂണ്ടിക്കാട്ടി.

എങ്കിലും അദ്ദേഹം ഇങ്ങനെ സമ്മതിച്ചു: "...എന്നിരുന്നാലും, ഇന്ത്യയുടെ റാങ്കിംഗ് പൂർണ്ണമായി തള്ളിക്കളയാനാവില്ല. വായുവിന്റെ ഗുണനിലവാരം, നഗര പരിസ്ഥിതി മാനേജ്‌മെന്റ്, മലിനജല സംസ്കരണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയിൽ വലിയ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്ന് ഇത് ഓർമ്മിപ്പിക്കുന്നു. ഇതെല്ലാം നിരന്തരമായ നയപരമായ ശ്രദ്ധയും നിക്ഷേപവും ആവശ്യപ്പെടുന്ന മേഖലകളാണ്".

പരിസ്ഥിതി പ്രവർത്തകർ കൂടുതൽ ശക്തമായി പ്രതികരിച്ചു. "2026-ലെ EPI-യിലെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിംഗ്, ഇനി നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്ത ശക്തമായ ഒരു മുന്നറിയിപ്പാണ്. ചില പാശ്ചാത്യ സൂചികകളുടെ രീതിശാസ്ത്രം പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും, താഴെത്തട്ടിലെ യാഥാർത്ഥ്യം നിഷേധിക്കാനാവില്ല: നമ്മുടെ നിലവിലെ വികസന മാതൃക സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി പരിസ്ഥിതി നാശത്തെയും അനിയന്ത്രിതമായ മലിനീകരണത്തെയും സ്വാഭാവികമായി സ്വീകരിക്കുന്നു," സതത് സമ്പദ ക്ലൈമറ്റ് ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടറും കാലാവസ്ഥാ പ്രവർത്തകനുമായ ഹർജീത് സിംഗ് നിരീക്ഷിച്ചു.

"ഇത് തിരുത്തണമെങ്കിൽ, ഇന്ത്യ 'ആദ്യം വളരുക, പിന്നീട് വൃത്തിയാക്കുക' എന്ന ചിന്താഗതിയിൽ നിന്ന് മാറി യഥാർത്ഥ പാരിസ്ഥിതിക സുസ്ഥിര വികസന മാതൃകയിലേക്ക് അടിയന്തരമായി മാറണം. അയഞ്ഞ വ്യവസായ നിയന്ത്രണങ്ങളും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ അഭാവവും കാരണം നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നമ്മൾ നിരന്തരം പരാജയപ്പെടുന്നു. വിട്ടുവീഴ്ചയില്ലാത്ത മലിനീകരണ നിയന്ത്രണങ്ങൾ നമ്മൾ നടപ്പിലാക്കണം; അതോടൊപ്പം ശുദ്ധമായ വായുവും സുസ്ഥിരമായ ആവാസവ്യവസ്ഥയും പൊതുജനാരോഗ്യവും സാമ്പത്തിക വളർച്ചയ്ക്ക് തടസ്സമല്ലെന്നും, മറിച്ച് അതിനെ നിലനിർത്താൻ ആവശ്യമായ അടിസ്ഥാന തൂണുകളാണെന്നും തിരിച്ചറിയണം," അദ്ദേഹം കൂട്ടിച്ചേർത്തു.

സൂചികയെ ചോദ്യം ചെയ്ത് കേന്ദ്രം; മറുപടിയുമായി ഗവേഷകർ

നിലവിലെ റാങ്കിംഗിനെക്കുറിച്ച് കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഇന്ത്യയ്ക്ക് ഏറ്റവും അവസാന സ്ഥാനം ലഭിച്ച 2022-ൽ യേൽ ഗവേഷകർ നൽകിയ റാങ്കിംഗിനെ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) ശക്തമായി എതിർത്തിരുന്നു.

2022 ജൂൺ 8-ന് മന്ത്രാലയം പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ, "...യേലിന്റെ വിശകലനവും നിഗമനങ്ങളും പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുന്നില്ല" എന്ന് വ്യക്തമായി വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിലപാടിന് പിന്നിലെ നിരവധി കാരണങ്ങളും മന്ത്രാലയം നിരത്തി. "അടുത്തിടെ പുറത്തിറക്കിയ EPI 2022-ൽ അടിസ്ഥാനരഹിതമായ അനുമാനങ്ങളെ ആസ്പദമാക്കിയുള്ള നിരവധി സൂചകങ്ങളുണ്ട്. പ്രകടനം വിലയിരുത്താൻ ഉപയോഗിച്ച ഈ സൂചകങ്ങളിൽ ചിലത് ഊഹാപോഹങ്ങളെയും അശാസ്ത്രീയ രീതികളെയും അടിസ്ഥാനമാക്കിയുള്ളതാണ്," എന്ന് മന്ത്രാലയം കൂടുതൽ ചൂണ്ടിക്കാട്ടി.

ഈ ആരോപണങ്ങൾക്ക് യേൽ ഗവേഷകർ ഈ ലേഖകന് അയച്ച ഇമെയിൽ മറുപടിയിൽ വ്യക്തത നൽകി.

"രാജ്യങ്ങൾ ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന നയപരമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് EPI റാങ്കിംഗ് നിർണ്ണയിക്കേണ്ടതെന്നാണ് (ഇന്ത്യൻ) മന്ത്രാലയം ആഗ്രഹിക്കുന്നത്. എന്നാൽ ഇ.പി.ഐ എപ്പോഴും രാജ്യങ്ങളുടെ ഇന്നത്തെ പാരിസ്ഥിതിക സ്ഥിതിയെയും പ്രകടനത്തെയുമാണ് അടിസ്ഥാനമാക്കുന്നത്; അല്ലാതെ വർഷങ്ങൾക്കോ പതിറ്റാണ്ടുകൾക്കോ ശേഷം ഒരു രാജ്യം കൈവരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളെയല്ല," യേൽ സെന്റർ ഫോർ എൻവയോൺമെന്റൽ ലോ ആൻഡ് പോളിസി നടത്തുന്ന EPI-യുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ മാർട്ടിൻ വുൾഫ് ചൂണ്ടിക്കാട്ടി.

"... നിലവിലെ നയപരമായ തിരഞ്ഞെടുപ്പുകളെക്കുറിച്ച് കൃത്യമായ വിവരം നൽകുക എന്നതാണ് EPI-യുടെ ലക്ഷ്യം, അല്ലാതെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണക്കാരായതിനോ പരിസ്ഥിതി നശിപ്പിച്ചതിനോ രാജ്യങ്ങളെ കുറ്റപ്പെടുത്തുകയല്ല," ചരിത്രപരമായ ഹരിതഗൃഹ വാതക പുറന്തള്ളൽ (ഇന്ത്യൻ സർക്കാർ ഉന്നയിച്ച ഒരു പോയിന്റ്) തങ്ങളുടെ പരിഗണനയുടെ ഭാഗമല്ലായിരുന്നു എന്ന് സമ്മതിച്ചുകൊണ്ട് ശാസ്ത്രജ്ഞൻ കൂട്ടിച്ചേർത്തു.

"ഇ.പി.ഐ എന്നത് വെറുമൊരു കാലാവസ്ഥാ റിപ്പോർട്ട് മാത്രമല്ലെന്ന കാര്യവും ഞാൻ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു. വായുവിന്റെ ഗുണനിലവാരം, ജലത്തിന്റെ ഗുണനിലവാരം, കൃഷി, മത്സ്യബന്ധനം എന്നിവയെല്ലാം രാജ്യങ്ങളുടെ റാങ്കിംഗിൽ പ്രതിഫലിക്കുന്നുണ്ട്. അതിനാൽ, ഇന്ത്യയുടെ കുറഞ്ഞ സ്കോർ എന്നത് പ്രധാനപ്പെട്ട വിവിധ പാരിസ്ഥിതിക വിഷയങ്ങളിലെ മോശം പ്രകടനത്തെയാണ് കാണിക്കുന്നത്," വുൾഫ് വ്യക്തമാക്കി.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)