മധ്യകേരളത്തിലെ സമതലങ്ങളിൽ നിന്ന് ഉയർന്നുനിൽക്കുന്ന ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾ സംഗമിക്കുന്നിടത്താണ് വാഗമൺ കുന്നുകൾ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും സവിശേഷമായ ഭൂപ്രകൃതികളിലൊന്നായി ഈ പ്രദേശം കാലങ്ങളായി അറിയപ്പെടുന്നു.
പീഠഭൂമിയിലുടനീളം പരന്നുകിടക്കുന്ന വിശാലമായ പുൽമേടുകൾക്കിടയിൽ ചോലവനങ്ങൾ (shola patches) കുറച്ചുമാത്രം കാണപ്പെടുന്നു. ഇടയ്ക്ക് തോട്ടങ്ങളും, മഞ്ഞുപുതച്ച ആകാശത്തിന് താഴെ നിശബ്ദമായി നിരയൊപ്പിച്ചു നിൽക്കുന്ന പൈൻ മരങ്ങളും ഇവിടുത്തെ കാഴ്ചയാണ്.
പതിറ്റാണ്ടുകളായി, ഈ ഉയർന്ന മലനിരകളിലെ ആവാസവ്യവസ്ഥ അതിന്റെ ഭംഗികൊണ്ട് മാത്രമല്ല, പാരിസ്ഥിതിക സന്തുലിതാവസ്ഥ കൊണ്ടും വിലമതിക്കപ്പെടുന്നു. ഇവിടുത്തെ തുറസ്സായ പ്രകൃതി തന്നെയായിരുന്നു അതിന്റെ പ്രധാന സവിശേഷത. അസാമാന്യമായ കാര്യക്ഷമതയോടെ വെള്ളം ആഗിരണം ചെയ്യാനും സംഭരിക്കാനും പുറത്തുവിടാനും കഴിയുന്ന ഒരു വ്യവസ്ഥയായാണ് ഈ ഭൂമി പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ന്, ആ സന്തുലിതാവസ്ഥ ദൃശ്യമായ തകർച്ചയെ നേരിടുകയാണ്.
വാഗമണ്ണിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഇനി ഒളിച്ചുവെക്കാവുന്ന ഒന്നല്ല. അത് കുന്നുകളിൽ തന്നെ കൊത്തിവെച്ചിട്ടുണ്ട്. മലഞ്ചരിവുകൾ വെട്ടിനിരത്തുന്നതും നിരപ്പാക്കുന്നതും ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നതും അത്രത്തോളം വേഗതയിലാണ്; എന്നാൽ ഈ പ്രദേശത്തിന്റെ പരിസ്ഥിതിലോലമായ അവസ്ഥയുമായി ഇത് ഒട്ടും പൊരുത്തപ്പെടുന്നില്ല.
ഈ മാറ്റത്തിന്റെ ഏറ്റവും പ്രകടമായ തെളിവ് പ്രദേശം മുഴുവൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മലയിടിക്കലിന്റെ വ്യാപ്തിയാണ്. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, പാർക്കിംഗ് ഏരിയകൾ, മറ്റ് ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി നിരപ്പായ സ്ഥലം കണ്ടെത്താൻ പലയിടങ്ങളിലും മലഞ്ചരിവുകൾ പിളർന്നു മാറ്റിയിരിക്കുകയാണ്.
കുന്നിൻചെരിവുകളുടെ വലിയ ഭാഗങ്ങൾ തന്നെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു; മണ്ണും വെട്ടുകല്ലും പുറത്തുകാണുന്ന കുത്തനെയുള്ള ചുവരുകൾ മാത്രമാണ് അവിടെ ശേഷിക്കുന്നത്. ഇവയ്ക്ക് ഭൂമിയുടെ പഴയ ആകൃതിയുമായി യാതൊരു സാമ്യവുമില്ല. ഇവയൊന്നും ചെറിയ ഇടപെടലുകളല്ല. പലയിടങ്ങളിലും കുന്നുകളുടെ ആകൃതിയെയും സ്ഥിരതയെയും ശാശ്വതമായി ബാധിക്കുന്ന വിധത്തിൽ ആഴത്തിലുള്ള വെട്ടിപൊളിക്കലുകളാണ് നടന്നിട്ടുള്ളത്.
ചിലയിടങ്ങളിൽ താൽക്കാലിക സംരക്ഷണ ഭിത്തികൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും, വെട്ടിമാറ്റിയ പല ചെരിവുകളും സംരക്ഷണമോ മണ്ണൊലിപ്പ് തടയാനുള്ള സസ്യങ്ങളോ ഇല്ലാതെ തുറന്നു കിടക്കുകയാണ്. സ്വാഭാവികമായ ഭൂപ്രകൃതിക്ക് പകരം കൃത്രിമമായി നിർമ്മിച്ച ഉപരിതലങ്ങൾ വരുന്ന ഒരു മാറ്റമാണ് ഇവിടെ സംഭവിക്കുന്നത്; കനത്ത കാലവർഷത്തിന്റെ സമ്മർദ്ദത്തെ പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിഞ്ഞെന്ന് വരില്ല.
ഈ മാറ്റത്തിന്റെ പാരിസ്ഥിതിക ആഘാതം വളരെ വലുതാണ്, അത് എപ്പോഴും പെട്ടെന്ന് ദൃശ്യമായെന്നു വരില്ല. വാഗമണ്ണിലെ പുൽമേടുകൾ പലപ്പോഴും ഉപയോഗശൂന്യമായ ഭൂമിയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ അവ യഥാർത്ഥത്തിൽ ലോകം അംഗീകരിച്ച ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായ പശ്ചിമഘട്ടത്തിലെ ഉയർന്ന ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ്.
ഈ പുൽമേടുകൾ പ്രകൃതിദത്തമായ സ്പോഞ്ചുകളെപ്പോലെ പ്രവർത്തിക്കുന്നു; മഴവെള്ളം ആഗിരണം ചെയ്യുകയും അത് ക്രമേണ അരുവികളിലേക്കും ഭൂഗർഭജല സംവിധാനങ്ങളിലേക്കും ഒഴുക്കിവിടുകയും ചെയ്യുന്നു. അതോടൊപ്പം ഇവ മണ്ണുറപ്പിച്ചു നിർത്തുകയും അനേകം തദ്ദേശീയ ജീവിവർഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഈ പുൽമേടുകൾ വെട്ടിമാറ്റപ്പെടുമ്പോഴോ കെട്ടിടങ്ങൾ ഉയരുമ്പോഴോ അവയുടെ പാരിസ്ഥിതിക ധർമ്മങ്ങൾ തകരുന്നു. ആഗിരണം ചെയ്യപ്പെടേണ്ട മഴവെള്ളം അതിവേഗം മലഞ്ചരിവുകളിലൂടെ ഒഴുകുന്നു; ഇത് ഉപരിതല നീരൊഴുക്ക് വർദ്ധിപ്പിക്കുകയും മണ്ണൊലിപ്പിനും മലഞ്ചരിവുകളുടെ ബലക്ഷയത്തിനും കാരണമാവുകയും ചെയ്യുന്നു.
ശക്തമായ കാലവർഷം ലഭിക്കുന്ന ഒരു പ്രദേശത്ത്, ഇത്തരം മാറ്റങ്ങൾ പെട്ടെന്ന് ഉരുൾപൊട്ടലുകളിലേക്ക് നയിച്ചേക്കാം. മാറ്റം വരുത്തിയ ഭൂപ്രകൃതിയും അതിരൂക്ഷമായ കാലാവസ്ഥയും എങ്ങനെ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് കേരളത്തിന്റെ സമീപകാല ചരിത്രം ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്; വാഗമണ്ണും ഇതേ ഭീഷണികൾ പങ്കിടുന്നു.
വാഗമണ്ണിന്റെ സമ്പദ്‌വ്യവസ്ഥയെയും ഭൂവിനിയോഗ രീതിയെയും മാറ്റമറിച്ച ടൂറിസത്തിന്റെ കുതിച്ചുചാട്ടമാണ് ഈ മാറ്റങ്ങൾക്ക് പിന്നിൽ. തിരക്കേറിയ ഹിൽ സ്റ്റേഷനുകൾക്ക് ബദലായി ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ഈ പ്രദേശം ഇപ്പോൾ പാരാഗ്ലൈഡിംഗ് സൈറ്റുകൾ, ഓഫ്-റോഡ് പാതകൾ, വ്യൂ പോയിന്റുകൾ എന്നിവയുള്ള ഒരു അഡ്വഞ്ചർ ഡെസ്റ്റിനേഷനായാണ് വിപണനം ചെയ്യപ്പെടുന്നത്.
ഈ വികസനങ്ങൾക്കെല്ലാം സ്ഥലം ആവശ്യമാണ്. വാഗമണ്ണിനെപ്പോലെയുള്ള ഒരു ഭൂപ്രകൃതിയിൽ കുന്നുകൾ വെട്ടിമാറ്റിയാണ് പലപ്പോഴും സ്ഥലം കണ്ടെത്തുന്നത്. ചെരിവുകൾ വെട്ടിമുറിച്ച് റോഡുകൾ വീതികൂട്ടുന്നു, വ്യൂ പോയിന്റുകൾക്കായി കുന്നിൻമുകൾ നിരപ്പാക്കുന്നു, പുൽമേടുകൾ പാർക്കിംഗ് ഏരിയകളും സ്വകാര്യ സ്വത്തുക്കളുമായി മാറ്റപ്പെടുന്നു.
ഇതിന്റെ ആകെത്തുക എന്നത് ഭൂപ്രകൃതിയുടെ ക്രമാനുഗതമായ പുനർനിർമ്മാണമാണ്. ഒറ്റപ്പെട്ട നിലയിൽ നോക്കുമ്പോൾ ചെറുതെന്ന് തോന്നാമെങ്കിലും, ഇവയെല്ലാം ചേർന്ന് പ്രദേശത്തിന്റെ പാരിസ്ഥിതിക സ്വഭാവത്തെ ഗണ്യമായി മാറ്റുന്നു.
വാഗമണ്ണിലെ പുൽമേടുകളുടെ വിഭജനവും (Fragmentation) ഒരുപോലെ പ്രധാനമാണ്. വെള്ളത്തിന് ഒഴുകാനും മണ്ണുറപ്പിക്കാനും ജീവിവർഗങ്ങൾക്ക് വളരാനും സൗകര്യമൊരുക്കിയിരുന്ന തുടർച്ചയായ പുൽമേടുകൾ ഇപ്പോൾ ചെറുകഷ്ണങ്ങളായി വേർതിരിക്കപ്പെടുകയും വാണിജ്യ ആവശ്യങ്ങൾക്കായി വേലികെട്ടി വികസിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഈ പ്രക്രിയ പ്രകൃതിദത്തമായ ജലസംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും ഭൂഗർഭജല റീചാർജിംഗ് കുറയ്ക്കുകയും മണ്ണൊലിപ്പിനും മലയിടിച്ചിലിനും സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇത് പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തെയും മാറ്റുന്നു; ഒരുകാലത്ത് പ്രാദേശിക സമൂഹത്തിന് ലഭ്യമായിരുന്ന ഇടങ്ങൾ ഇപ്പോൾ നിയന്ത്രണങ്ങളുള്ള സ്വകാര്യ ഇടങ്ങളായി മാറുകയാണ്. ഈ തുറസ്സായ ഇടങ്ങൾ നഷ്ടപ്പെടുന്നത് ഫലപ്രദമായി പ്രവർത്തിക്കാൻ തുടർച്ചയായ വിസ്തൃതി ആവശ്യമായിരുന്ന ഒരു പാരിസ്ഥിതിക വ്യവസ്ഥയുടെ തകർച്ചയെയാണ് അത് സൂചിപ്പിക്കുന്നത്.
ഈ മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പ്രാദേശിക പരിസ്ഥിതി ഗ്രൂപ്പുകൾ ഔദ്യോഗികമായി ഉന്നയിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി മാത്രമല്ല, അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസ്സംഗതയും അവർ ചൂണ്ടിക്കാട്ടുന്നു. 2026 ഫെബ്രുവരി 8-ന് ദിനേശൻ ചെറുവത്ത് ഐ.എ.എസ്സിന് നൽകിയ കത്തിൽ, വാഗമൺ വില്ലേജിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ തോട്ടങ്ങൾ വൻതോതിൽ നശിപ്പിക്കപ്പെടുന്നതായി ഹൈറേഞ്ച് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ കൗൺസിൽ റിപ്പോർട്ട് ചെയ്തു.
ഈ പരാതി നേരത്തെ മന്ത്രി കെ. രാജന് സമർപ്പിക്കുകയും ഫോട്ടോ തെളിവുകൾ സഹിതം ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ചെയ്തിരുന്നു. കൗൺസിലിന്റെ അഭിപ്രായത്തിൽ, വിഷയം ഉന്നതതലത്തിൽ എത്തി ആഴ്ചകൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല; പരിസ്ഥിതിലോലമായ ഈ പ്രദേശത്തെ നിയമങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇത് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
പരാതിയിലെ മുന്നറിയിപ്പ് വളരെ വ്യക്തമാണ്. നിലവിൽ മണ്ണെടുപ്പ് നടക്കുന്ന പ്രദേശം 2021-ൽ ശക്തമായ മഴയെത്തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ 20-ലധികം പേർ മരിച്ച കൂട്ടിക്കലിന് ഒരു കിലോമീറ്റർ മാത്രം അകലെയാണ്.
ദുരന്തബാധിത പ്രദേശത്തിന് ഇത്ര അടുത്ത് മലയിടിക്കൽ നടക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ ചെരിവുകളിൽ മാറ്റം വരുത്തുന്നതിലെ അപകടസാധ്യത അടിവരയിടുന്നു. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ കാരണങ്ങളാൽ ബലഹീനമായ മലഞ്ചരിവുകൾ കനത്ത മഴയിൽ തകർന്നടിഞ്ഞ കൂട്ടിക്കൽ ദുരന്തം, പാരിസ്ഥിതിക അസന്തുലിതാവസ്ഥ എങ്ങനെ മനുഷ്യജീവനുകൾ നഷ്ടപ്പെടുത്തും എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ്.
സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള വാഗമണ്ണും ഇത്തരം അപകടങ്ങളിൽ നിന്ന് മുക്തമല്ല. നിലവിലെ മലയിടിക്കലുകൾ ഭാവിയിൽ ദുരന്തങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
മുന്നറിയിപ്പുകളും അവയോടുള്ള പ്രതികരണങ്ങളും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഈ സാഹചര്യത്തെ കൂടുതൽ ആശങ്കാകുലമാക്കുന്നത്. പരാതികൾ നൽകുകയും തെളിവുകൾ സമർപ്പിക്കുകയും വിഷയം രാഷ്ട്രീയ-ഭരണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പ്രായോഗികതലത്തിൽ, യാതൊരു നിയന്ത്രണവുമില്ലാതെ മലയിടിക്കലും നിർമ്മാണ പ്രവർത്തനങ്ങളും തുടരുകയാണ്.
നിയമങ്ങളുണ്ടെങ്കിലും അവ നടപ്പിലാക്കുന്നതിലെ അപാകതകളിലേക്കാണ് ഈ വിടവ് വിരൽ ചൂണ്ടുന്നത്. ഇത് ഭരണസംവിധാനത്തിന്റെ ഒരു വെല്ലുവിളിയാണ്. മേഖലയിലെ ഭൂവിനിയോഗം നിയന്ത്രിക്കുന്നതിൽ ഒന്നിലധികം ഏജൻസികൾക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും അവ തമ്മിലുള്ള ഏകോപനം പരിമിതമാണ്, ഉത്തരവാദിത്തം കൃത്യമായി നിർവചിക്കപ്പെട്ടിട്ടുമില്ല. ഇത്തരം സാഹചര്യങ്ങളിൽ, നിയമങ്ങളേക്കാൾ വേഗത്തിൽ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നു; ഇത് പരിസ്ഥിതിലോലമായ പ്രദേശങ്ങളെ വീണ്ടെടുക്കാനാവാത്ത തകർച്ചയിലേക്ക് എത്തിക്കുന്നു.
വാഗമൺ ഇന്ന് അതിന്റെ നിലനിൽപ്പിന്റെ നിർണ്ണായക ഘട്ടത്തിലാണ്. പുൽമേടുകളുടെ വലിയൊരു ഭാഗം ഇന്നും അവശേഷിക്കുന്നുണ്ട്; സമ്മർദ്ദത്തിലാണെങ്കിലും ഇവിടുത്തെ പാരിസ്ഥിതിക വ്യവസ്ഥിതി ഇതുവരെ പൂർണ്ണമായി തകർന്നിട്ടില്ല. എന്നിരുന്നാലും, മാറ്റങ്ങളുടെ വേഗത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മലയിടിക്കലിന്റെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും ഭൂമി വിഭജിക്കുന്നതിന്റെയും ആകെത്തുകയായ ആഘാതത്തെ ഇനി അവഗണിക്കുക എന്നത് അസാധ്യമായി മാറുകയാണ്.
മറ്റ് പരിസ്ഥിതി നാശങ്ങളിൽ നിന്ന് വ്യത്യസ്തമായി, മലയിടിക്കലിന്റെ പ്രത്യാഘാതങ്ങൾ ഭൂരിഭാഗവും ശാശ്വതമാണ്. ഒരു മലഞ്ചരിവിൽ മാറ്റം വരുത്തുകയും അതിന്റെ ഘടനയ്ക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്താൽ, അതിനെ പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നത് ഏതാണ്ട് അസാധ്യമാണ്. പിന്നീട് അവശേഷിക്കുന്നത് പരിഷ്കരിക്കപ്പെട്ട ഒരു ഭൂപ്രകൃതി മാത്രമാണ്. പ്രതികൂല സാഹചര്യങ്ങളിൽ അത് വ്യത്യസ്തമായാകും പ്രതികരിക്കുക, പലപ്പോഴും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാനുള്ള ശേഷി അതിന് കുറവായിരിക്കും.
വാഗമണ്ണിന്റെ ഭാവി നിർണ്ണയിക്കുന്നത് ഈ പോക്കിനെ കൃത്യസമയത്ത് മാറ്റാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും. ഈ പ്രദേശത്തെ സംരക്ഷിക്കുന്നതിന് അതിന്റെ ഭംഗി അംഗീകരിക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിന്റെ പാരിസ്ഥിതിക മൂല്യം കൃത്യമായി തിരിച്ചറിയുകയും ഭൂമി എങ്ങനെ ഉപയോഗിക്കാം എന്നതിൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള ആർജ്ജവം കാണിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
അത്തരം ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഈ ഭൂപ്രകൃതിയെ വീണ്ടെടുക്കാൻ കഴിയാത്തവിധം തകർച്ചയുടെ വക്കിലേക്ക് തള്ളിവിട്ടേക്കാം.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)