ഐസ്റ്റോക്ക്
Environment

SOE റിപ്പോർട്ട് 2026: പരിസ്ഥിതി-വികസന സൂചികകളിൽ രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പ്രകടനം നിരാശാജനകം

റാങ്കിംഗിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ പോലും മാലിന്യ സംസ്കരണം, കർഷക ക്ഷേമം, പരിസ്ഥിതി ആഘാതങ്ങൾ, ദുർബലമായ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കടുത്ത പ്രതിസന്ധി നേരിടുന്നു; ഇത് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG) പുരോഗതിക്ക് തിരിച്ചടിയാവുന്നു.

Preetha Banerjee

  • പരിസ്ഥിതിയെയും വികസനത്തെയും കുറിച്ചുള്ള രാജ്യവ്യാപകമായ വാർഷിക വിശകലന റിപ്പോർട്ടായ 'ദി സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയോൺമെന്റ് 2026: ഇൻ ഫിഗേഴ്സ്' (SOE 2026) 2026 ജൂൺ 4-ന് പുറത്തുവിട്ടു.

  • പരിസ്ഥിതി, കൃഷി, ആരോഗ്യം, മനുഷ്യവികസനം എന്നീ സൂചികകളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പ്രകടനം വളരെ മോശമാണ്.

  • ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് ഈ സംസ്ഥാനങ്ങൾ.

  • ഗോവയും മറ്റ് ചില ചെറിയ സംസ്ഥാനങ്ങളുമാണ് ഈ പട്ടികയിൽ മൊത്തത്തിൽ മുന്നിൽ നിൽക്കുന്നത്; എന്നാൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇത്തരം സംസ്ഥാനങ്ങൾ പോലും മാലിന്യ സംസ്കരണം, കർഷക ക്ഷേമം, പരിസ്ഥിതി ആഘാതങ്ങൾ, ദുർബലമായ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG) പുരോഗതിയെ മന്ദഗതിയിലാക്കുന്നു.

'ദി സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയോൺമെന്റ് 2026: ഇൻ ഫിഗേഴ്സ്' റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള അഞ്ച് സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവ പല വികസന സൂചികകളിലും വളരെ പിന്നിലാണ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന തിങ്ക് ടാങ്കായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റും (CSE), 'ഡൗൺ ടു എർത്തും' സംയുക്തമായി പുറത്തിറക്കുന്ന ഈ വാർഷിക ഇ-ബുക്ക്, പരിസ്ഥിതിയെയും വികസനത്തെയും കുറിച്ചുള്ള രാജ്യവ്യാപകമായ വിവരങ്ങളുടെ സമഗ്രമായ വിശകലനമാണ് അവതരിപ്പിക്കുന്നത്.

ഈ മൂല്യനിർണ്ണയത്തിനായി, ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രകടനത്തെ പ്രധാനമായും നാല് മേഖലകളായി തിരിച്ചാണ് പഠനവിധേയമാക്കിയത്-പരിസ്ഥിതി, കൃഷിയും ഭൂമിയും, പൊതുജനാരോഗ്യം, മനുഷ്യവികസനവും പൊതു അടിസ്ഥാന സൗകര്യങ്ങളും. ഈ എല്ലാ മേഖലകളും ഒരുമിച്ച് വിലയിരുത്തുമ്പോൾ ഗോവ, അസം, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ മുന്നിലെത്തിയത്.

'പരിസ്ഥിതി' വിഭാഗത്തിൽ ഗോവ, അസം, ആന്ധ്രാപ്രദേശ്, ത്രിപുര, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ രാജസ്ഥാൻ, തമിഴ്‌നാട്, ബിഹാർ, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവ പട്ടികയിൽ ഏറ്റവും പിന്നിലായി. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഡ് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ പുതുച്ചേരിയാണ് ഏറ്റവും പിന്നിലായത്. വനം-ജൈവവൈവിധ്യം, കാലാവസ്ഥ, മാലിന്യ സംസ്കരണം, ജലവിഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ വിഭാഗത്തിലെ സൂചകങ്ങൾ വിലയിരുത്തിയത്.

ഈ വിശകലനത്തിൽ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പകുതി മാർക്കിന് താഴെയാണ് (halfway-mark) പോയത്. മിക്ക സംസ്ഥാനങ്ങൾക്കും മാലിന്യ സംസ്കരണമാണ് ഏറ്റവും വലിയ വെല്ലുവിളിയായി ഉയർന്നുവന്നിരിക്കുന്നത്.

"വൈദ്യുതോത്പാദനത്തിൽ പുതിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ (renewable sources) ഉയർന്ന വിഹിതം ഉള്ളതുകൊണ്ടാണ് ഒന്നാം സ്ഥാനത്തുള്ള ഗോവ മികച്ച പ്രകടനം കാഴ്ചവെച്ചത്," സി.എസ്.ഇ (CSE) എൻവയോൺമെന്റൽ റിസോഴ്സസ് പ്രോഗ്രാം ഡയറക്ടറും റിപ്പോർട്ടിന്റെ സഹരചയിതാക്കളിൽ ഒരാളുമായ കിരൺ പാണ്ഡെ പറഞ്ഞു. "എന്നിരുന്നാലും, വനവിസ്തൃതിയിലെ മാറ്റം, മലിനജല സംസ്‌കരണ പ്ലാന്റുകൾ (sewage treatment), മലിനമായ നദീതീരങ്ങളുടെ മാനേജ്‌മെന്റ് തുടങ്ങിയ വെല്ലുവിളികൾ ഈ സംസ്ഥാനം നേരിടുന്നുണ്ട്."

റാങ്കിംഗിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ പോലും കടുത്ത പ്രതിസന്ധി നേരിടുന്നതായി ഡൗൺ ടു എർത്ത് മാനേജിംഗ് എഡിറ്ററും റിപ്പോർട്ടിന്റെ സഹരചയിതാവുമായ റിച്ചാർഡ് മഹാപത്ര ചൂണ്ടിക്കാട്ടി. ശക്തമായ കാർഷിക സമ്പദ്‌വ്യവസ്ഥയുള്ള പഞ്ചാബ്, രാസവളങ്ങളെ അമിതമായി ആശ്രയിക്കുന്നതിനാലും ജൈവകൃഷിയിലെ മോശം പ്രകടനത്തിനാലും 'കാർഷിക ഇൻപുട്ടുകളിൽ' (agriculture inputs) പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.

ലോക പരിസ്ഥിതി ദിനത്തിന് (ജൂൺ 5) മുന്നോടിയായി 2026 ജൂൺ 4-ന് നടന്ന ഒരു വെർച്വൽ പ്രസന്റേഷനിലൂടെ സി.എസ്.ഇ ഡയറക്ടർ ജനറൽ സുനിത നാരായണനാണ് ഈ ഇ-റിപ്പോർട്ട് പുറത്തിറക്കിയത്. "ഇന്നത്തെ അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത്, യാഥാർത്ഥ്യങ്ങളോട് ചേർന്നുനിൽക്കാൻ അക്കങ്ങൾ (numbers) നമ്മെ സഹായിക്കും. ട്രെൻഡുകൾ മനസ്സിലാക്കാൻ അവ സഹായിക്കും: എന്താണ് നമ്മുടെ ലോകത്തെയും ഭാവിയെയും രൂപപ്പെടുത്തുന്നത്; എന്താണ് മാറുന്നത്; എന്താണ് മെച്ചപ്പെടുന്നത്, എന്താണ് മെച്ചപ്പെടാത്തത്," അവർ പറഞ്ഞു.

"ഡാറ്റ തിരഞ്ഞെടുപ്പിന് പിന്നിലെ രീതിശാസ്ത്രത്തെക്കുറിച്ച് (methodology) വിശദീകരിച്ച മഹാപത്ര, മൂല്യനിർണ്ണയത്തിനായുള്ള സൂചകങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാം ഔദ്യോഗിക സർക്കാർ ഡാറ്റാ സ്രോതസ്സുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി.

'കൃഷിയും ഭൂമിയും' എന്ന വിഭാഗത്തിൽ പഞ്ചാബ്, ഹരിയാണ, സിക്കിം, ത്രിപുര, ജാർഖണ്ഡ് എന്നിവ മികച്ച റാങ്ക് നേടിയപ്പോൾ മിസോറാം, നാഗാലാൻഡ്, ഒഡീഷ, തെലങ്കാന, ഗോവ എന്നിവയായിരുന്നു ഏറ്റവും പിന്നിൽ.

കാർഷിക സമ്പദ്‌വ്യവസ്ഥ, കാർഷിക ഇൻപുട്ട്, കർഷക ക്ഷേമം, സുസ്ഥിരമായ ഭൂവിനിയോഗം എന്നിവയായിരുന്നു ഈ മൂല്യനിർണ്ണയത്തിനായുള്ള സൂചകങ്ങൾ.

ഈ വിഭാഗത്തിൽ ഇരുപത്തിയേഴ് സംസ്ഥാനങ്ങൾ പകുതി മാർക്കിന് താഴെയാണ് തുടരുന്നത്. "ഭൂരിഭാഗം സംസ്ഥാനങ്ങളും ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് കർഷക ക്ഷേമത്തിലാണ്," പാണ്ഡെ പറഞ്ഞു.

'പൊതുജനാരോഗ്യം' എന്ന വിഭാഗത്തിൽ ഗോവ, ഹിമാചൽ പ്രദേശ്, മണിപ്പൂർ, കേരളം, സിക്കിം എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചവരായി ഉയർന്നുവന്നു. മധ്യപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ്, അസം, ഛത്തീസ്ഗഡ് എന്നിവയായിരുന്നു റാങ്കിംഗിൽ ഏറ്റവും പിന്നിൽ.

കേന്ദ്രഭരണ പ്രദേശങ്ങളിൽ, ആരോഗ്യച്ചെലവ്, പരിസ്ഥിതി ആഘാതങ്ങൾ (environmental risk), ആരോഗ്യ ഫലം (health outcome), ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നീ നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റാങ്കിംഗിൽ ഡൽഹി ഒന്നാമതെത്തി. ദാദ്ര ആൻഡ് നഗർ ഹവേലിയും ദാമൻ ആൻഡ് ദിയുവുമാണ് ഏറ്റവും കുറഞ്ഞ സ്കോർ നേടിയത്.

ഡി.ടി.ഇ-യും സി.എസ്.ഇ-യും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം, രജിസ്റ്റർ ചെയ്ത എല്ലാ മരണങ്ങളും കൃത്യമായ കാരണം രേഖപ്പെടുത്തി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ഗോവയാണ്. എന്നിരുന്നാലും, 1,000 ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള സർക്കാർ ആശുപത്രി കിടക്കകളുടെ എണ്ണത്തിൽ സംസ്ഥാനം കുറവ് നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഈ വിഭാഗത്തിൽ 16 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പകുതി മാർക്കിന് താഴെയാണെങ്കിലും, 'പരിസ്ഥിതി ആഘാതമാണ്' (വായു മലിനീകരണം മൂലം നഷ്ടപ്പെടുന്ന ആരോഗ്യകരമായ ജീവിത വർഷങ്ങൾ/disability adjusted life years) അവയിൽ ഭൂരിഭാഗത്തിലും ആശങ്കയുണ്ടാക്കുന്ന പ്രധാന കാരണം.

'പൊതു അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവികസനവും' എന്ന വിഷയത്തിൽ ഗോവ, നാഗാലാൻഡ്, ത്രിപുര, ഹിമാചൽ പ്രദേശ്, തമിഴ്‌നാട് എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ജാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ് എന്നിവയായിരുന്നു ഏറ്റവും മോശം പ്രകടനം നടത്തിയത്.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ദാദ്ര ആൻഡ് നഗർ ഹവേലിയും ദാമൻ ആൻഡ് ദിയുവും റാങ്കിംഗിൽ ഒന്നാമതെത്തിയപ്പോൾ ലക്ഷദ്വീപായിരുന്നു ഏറ്റവും പിന്നിൽ.

പൊതു അടിസ്ഥാന സൗകര്യങ്ങൾ, ലിംഗപദവി (gender), വിദ്യാഭ്യാസം-തൊഴിലില്ലായ്മ, ദാരിദ്ര്യം-അസമത്വം എന്നിവയായിരുന്നു ഈ വിശകലനത്തിനായുള്ള നാല് സൂചകങ്ങൾ.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം 36 എണ്ണത്തെ വിലയിരുത്തപ്പെട്ടപ്പോൾ 32 എണ്ണവും പകുതി മാർക്കിന് താഴെയായിരുന്നു, പൊതു അടിസ്ഥാന സൗകര്യങ്ങളുടെ (റോഡുകൾ, വൈദ്യുതി, ഭവന നിർമ്മാണം) കുറവാണ് ഇവയിലെല്ലാം പൊതുവായി കണ്ട പ്രശ്നം.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിനായുള്ള മൊത്തത്തിലുള്ള ദേശീയ പുരോഗതി മന്ദഗതിയിലാകാനാണ് സാധ്യതയെന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു, പ്രത്യേകിച്ച് ആരോഗ്യ ഫലങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക സമത്വം, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ നിർണായക മേഖലകളിൽ, മഹാപത്ര പറഞ്ഞു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)