ന്യൂഡൽഹിയിൽ നടന്ന ICSE 2026 കോൺഫറൻസിൽ, നേപ്പാളിലെ പെട്ടെന്നുണ്ടായ പ്രളയത്തിന് കാരണം നദികളെയും പർവതങ്ങളെയും മനുഷ്യന്റെ ഇഷ്ടാനുസരണം പുനർനിർമ്മിക്കാമെന്ന് കരുതിയ പതിറ്റാണ്ടുകളായുള്ള അഹങ്കാരം നിറഞ്ഞ എഞ്ചിനീയറിംഗ് ചിന്താഗതിയാണെന്ന് സി.എസ്.ഇ (CSE) മേധാവി സുനിത നാരായൺ ചൂണ്ടിക്കാട്ടി
ഇന്ത്യ ഇപ്പോൾ ഏകദേശം ദിവസേനയെന്നോണം തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുകയാണെന്നും യമുനാനദി "ശാസ്‌ത്രീയമായി മരിച്ച അവസ്ഥയിലാണെന്നും" അവർ മുന്നറിയിപ്പ് നൽകി. ഭാഗികമായ തിരുത്തലുകൾക്ക് പകരം ഗതാഗതം, നഗരാസൂത്രണം, കാലാവസ്ഥാ നയം എന്നിവയിൽ സമൂലമായ മാറ്റങ്ങൾ വരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
നദികളെയും പർവതങ്ങളെയും മനുഷ്യന്റെ ഇഷ്ടാനുസരണം പുനർനിർമ്മിക്കാമെന്ന് കരുതിയ പതിറ്റാണ്ടുകളായുള്ള എഞ്ചിനീയറിംഗ് ചിന്താഗതിയുടെ ഫലമാണ് നേപ്പാൾ ദുരന്തം," എന്ന് സി.എസ്.ഇ (Centre for Science and Environment) ഡയറക്ടർ ജനറൽ സുനിത നാരായൺ പറഞ്ഞു.
ദേശീയ തലസ്ഥാനത്തെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ ആരംഭിച്ച എട്ടാമത് അന്താരാഷ്ട്ര സസ്റ്റൈനബിലിറ്റി എജ്യുക്കേഷൻ കോൺഫറൻസിൽ (ICSE 2026) സംസാരിക്കുകയായിരുന്നു അവർ. "പരിവർത്തനാത്മക പ്രവർത്തനങ്ങൾക്കായി സുസ്ഥിര വിദ്യാഭ്യാസം" എന്ന പ്രമേയത്തിലാണ് നയരൂപീകരണ വിദഗ്ധർ, അധ്യാപകർ, ശാസ്ത്രജ്ഞർ, വ്യവസായ പ്രമുഖർ, യുവാക്കൾ എന്നിവരെ അണിനിരത്തി മൊബിയസ് ഫൗണ്ടേഷൻ ഈ സമ്മേളനം സംഘടിപ്പിച്ചത്. നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ, കാലാവസ്ഥാ വ്യതിയാനം ഇനി ദൂരെയുള്ള ഒരു ഭീഷണിയല്ലെന്നതിന്റെ തെളിവായി പ്രസംഗകർ ഈ ദുരന്തത്തെ ചൂണ്ടിക്കാട്ടി.
രാവിലെ നടന്ന ചടങ്ങിൽ ഏറ്റവും ശക്തമായ ഇടപെടലുകളിലൊന്നാണ് സുനിത നാരായൺ നടത്തിയത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കുകൾ വിശകലനം ചെയ്ത സി.എസ്.ഇ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട്, ഇന്ത്യയിൽ ഏകദേശം ദിവസേനയെന്നോണം തീവ്ര കാലാവസ്ഥാ സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് അവർ പറഞ്ഞു. ഡൽഹി അതിർത്തിയിൽ പ്രവേശിക്കുമ്പോൾ ലീറ്ററിന് 6 മില്ലിഗ്രാം എന്ന അളവിലുള്ള യമുനയിലെ അലിഞ്ഞുചേർന്ന ഓക്സിജൻ (Dissolved Oxygen), ഐ.എസ്.ബി.ടി (ISBT) ഭാഗത്ത് എത്തുമ്പോഴേക്കും പൂജ്യമായി താഴുന്നുണ്ടെന്നും, ഇത് കേവലം വികാരമല്ല, മറിച്ച്, യമുന ശാസ്ത്രീയമായി മരിച്ചുകഴിഞ്ഞു എന്നതിന്റെ തെളിവാനെന്നും അവർ വ്യക്തമാക്കി. "നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇനി കൂടുതൽ റിപ്പോർട്ടുകളോ ചെറിയ തിരുത്തലുകളോ അല്ല ആവശ്യം," എന്ന് ചൂണ്ടിക്കാണിച്ച അവർ, ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവന്നതുകൊണ്ട് മാത്രം ഡൽഹിയിലെ വായുമലിനീകരണം മാറില്ലെന്നും, ആളുകൾക്ക് സ്വന്തം വാഹനങ്ങൾ ഒഴിവാക്കാൻ സാധിക്കും വിധം പൊതുഗതാഗതം പുനർനിർമ്മിക്കുകയാണ് വേണ്ടതെന്നും വാദിച്ചു.
ചടങ്ങ് നിയന്ത്രിച്ച മൊബിയസ് ഫൗണ്ടേഷൻ പ്രസിഡന്റും സി.ഇ.ഒയുമായ പ്രിയങ്ക ശർമ്മ, സുസ്ഥിരത എന്നത് വെറുമൊരു പരിസ്ഥിതി വിഷയം മാത്രമല്ലെന്ന് ഓർമ്മിപ്പിച്ചു. "സുസ്ഥിരത എന്നത് കേവലം പരിസ്ഥിതി ചർച്ചകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് നാം എങ്ങനെ ജീവിക്കുന്നു, എങ്ങനെ പഠിക്കുന്നു, എങ്ങനെ ജോലി ചെയ്യുന്നു, പ്രകൃതിക്കും മനുഷ്യർക്കും എങ്ങനെ നന്മ കൈവരുത്തുന്നു എന്നതിനെക്കുറിച്ചുള്ള സംഭാഷണമാണ്," അവർ പറഞ്ഞു. ക്ലാസ് മുറികളിലെ വിദ്യാഭ്യാസത്തിൽ നിന്നും ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക് ചർച്ചകൾ വ്യാപിപ്പിക്കുന്നതാണ് ഇത്തവണത്തെ അജണ്ടയെന്നും ക്രിട്ടിക്കൽ മിനറലുകൾ, ഇ-വേസ്റ്റ്, ബാറ്ററി റീസൈക്ലിംഗ്, സുസ്ഥിര കൃഷി, ഹരിത ജോലികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സെന്റർ ഫോർ എൻവയോൺമെന്റ് എജ്യുക്കേഷൻ (CEE) സ്ഥാപക ഡയറക്ടർ കാർത്തികേയ സാരാഭായി, പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ നിർവചനം കുറിച്ച 1977-ലെ റ്റ്ബിലിസി (Tbilisi) കോൺഫറൻസിന്റെ 50-ാം വാർഷികത്തോട് അടുക്കുന്ന ഈ വേളയുടെ പ്രാധാന്യം ഓർമ്മിപ്പിച്ചു. 1972-ലെ സ്റ്റോക്ക്ഹോം ഉച്ചകോടിയിൽ ദാരിദ്ര്യവും പരിസ്ഥിതിയും തമ്മിൽ ബന്ധിപ്പിക്കാൻ ഇന്ത്യ പരിശ്രമിച്ച കാര്യവും, 1992-ൽ റിയോയിൽ അമേരിക്ക എതിർത്ത "ജീവിതശൈലി" (Lifestyle) എന്ന വാക്ക് 2015-ലെ പാരീസ് കരാറിൽ ഇന്ത്യ ഉൾപ്പെടുത്തിയതും അദ്ദേഹം അനുസ്മരിച്ചു. മിഷൻ ലൈഫിന്റെ (Mission LiFE) ഭാഗമായി സ്കൂളുകളിൽ ഇക്കോ ക്ലബ്ബുകൾ വ്യാപിപ്പിക്കുന്നതും, 2030-ഓടെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും ഇക്കോ ക്ലബ് ഉറപ്പാക്കുന്നതും പുതിയ എൻ.സി.എഫ് (NCF 2023) പാഠപുസ്തകം വഴി പത്താം ക്ലാസിൽ പരിസ്ഥിതി വിദ്യാഭ്യാസം നിർബന്ധമാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) 30 എണ്ണം നേരിട്ട് നടപ്പിലാക്കാൻ ഓരോ സ്കൂളും ഒരു ചതുരശ്ര കിലോമീറ്റർ പ്രദേശം ദത്തെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രാജ്യത്തെ ആകെ പരിസ്ഥിതി വിദ്യാഭ്യാസ ബജറ്റ് ഒരു പ്രമുഖ സോപ്പ് ബ്രാൻഡിന്റെ പരസ്യ ബജറ്റിനേക്കാൾ കുറവാണെന്ന കാര്യവും അദ്ദേഹം ഖേദത്തോടെ പങ്കുവെച്ചു.
ടെറി (TERI) ഡയറക്ടർ ജനറൽ വിഭാ ധവാൻ, ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളോട് നേരിട്ട് സംസാരിക്കുകയും മുൻ തലമുറകൾ നടത്തിയ വിഭവ ചൂഷണത്തിന് യുവാക്കളോട് ക്ഷമ ചോദിക്കുകയും ചെയ്തു. ട്രെയിൻ യാത്രകളിൽ ടാപ്പ് വെള്ളം സുരാഹിയിൽ (Surahi) നിറച്ച് കുടിച്ചിരുന്ന സാധാരണ ശീലങ്ങളിൽ നിന്ന് ആളുകൾ കുപ്പിവെള്ളത്തിലേക്ക് മാറിയ സാഹചര്യം അവർ വിവരിച്ചു. ഡൽഹിയിലെ ഡോക്ടർമാർക്ക് ഇപ്പോൾ നിവാസികളിൽ "പിങ്ക് ശ്വാസകോശങ്ങൾ" കാണാൻ കഴിയുന്നില്ലെന്നും ദിവസവും 30 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഇവിടുത്തെ വായുസമ്പർക്കമെന്നും അവർ പറഞ്ഞു. സ്കൂൾ ബസുകളുടെ അമിത ഫീസ് കാരണം രക്ഷിതാക്കൾ കുട്ടികളെ സ്വകാര്യ കാറുകളിൽ അയക്കാൻ നിർബന്ധിതരാകുന്നുണ്ടെന്നും, ഇത് റോഡുകളിൽ ഗതാഗതക്കുരുക്കും മലിനീകരണവും വർദ്ധിപ്പിക്കുന്നുവെന്നും അവർ ഒരു നയപരമായ പോരായ്മയായി ചൂണ്ടിക്കാട്ടി.
കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊ വൈസ് ചാൻസലറും പൊളിറ്റിക്കൽ ഇക്കണോമി പ്രൊഫസറുമായ ഭാസ്കർ വീര, ഇന്ത്യയുടെ പരിസ്ഥിതി ഭാവിയെക്കുറിച്ച് തയ്യാറാക്കിയ 'എംബേഴ്സ് ഓഫ് ഹോപ്പ്' (Embers of Hope) എന്ന 10 ഭാഗങ്ങളുള്ള ഡോക്യുമെന്ററി പരമ്പരയെക്കുറിച്ച് സംസാരിച്ചു. മൊബിയസ് ഫൗണ്ടേഷൻ, ചലച്ചിത്ര നിർമ്മാതാവ് റോബിൻ റോയ്, അവതാരകയായ സീനത്ത് അമൻ എന്നിവരുമായി ചേർന്ന് നിർമ്മിച്ച ഈ പരമ്പര വാർണർ ബ്രദേഴ്സ് ഡിസ്കവറി നെറ്റ്‌വർക്കിലൂടെയാണ് സംപ്രേക്ഷണം ചെയ്തത്. ശാസ്ത്രം വിശദീകരിക്കുന്നതിലൂടെയല്ല, മറിച്ച് അതിനെ മനുഷ്യാനുഭവങ്ങളുടെ കഥകളാക്കി മാറ്റുമ്പോഴാണ് ഈ പദ്ധതിയിലെ ഏറ്റവും സ്വാധീനമുള്ള വിദ്യാഭ്യാസ നിമിഷങ്ങൾ പിറന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉരുകിയൊലിക്കുന്ന ഒരു ഹിമാനി, അതിലെ ജലത്തെ ആശ്രയിക്കുന്ന മനുഷ്യരുടെ കഥയായി മാറുമ്പോഴും, വായുമലിനീകരണം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികളുടെ കഥയായി മാറുമ്പോഴുമാണത് സാധ്യമാകുന്നത്. 'എൻവയോൺമെന്റൽ പൊളിറ്റിക്സ്' (Environmental Politics) ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഉദ്ധരിച്ച്, സാങ്കേതികവിദ്യ കൊണ്ടുമാത്രം പ്രതിസന്ധി പരിഹരിക്കാമെന്ന "തെറ്റായ പ്രതീക്ഷകൾക്കെതിരെ" അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം നിരാശയിലേക്ക് വീണുപോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. "അതുകൊണ്ടുതന്നെ, സുസ്ഥിര വിദ്യാഭ്യാസം പഠിതാക്കൾക്ക് പരിസ്ഥിതി അറിവ് നൽകുക മാത്രമല്ല, ഇത്തരം മാറ്റങ്ങൾ രൂപപ്പെടുത്തുന്നതിൽ ഉത്തരവാദിത്തമുള്ള പൗരന്മാരായി പങ്കാളികളാകാനുള്ള ശേഷി കൈവരുത്തുകയും വേണം," അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും യുവ കാലാവസ്ഥാ നേതാക്കളെയും പങ്കാളികളാക്കിക്കൊണ്ട് കാലാവസ്ഥാ പ്രവർത്തനം, ഹരിത നൈപുണ്യങ്ങൾ, സാങ്കേതികവിദ്യയും ഇന്നൊവേഷനും, ജൈവവൈവിധ്യവും സുസ്ഥിര ഉപജീവനമാർഗ്ഗങ്ങളും എന്നീ വിഷയങ്ങളിലെ ചർച്ചകളോടെ സമ്മേളനം രണ്ടുദിവസം കൂടി തുടരും.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)