Environment

കടുത്ത വേനലിനെ നേരിടാൻ ഡൽഹി ഒരുങ്ങണം: 2026-ൽ ചൂടിനെ പ്രതിരോധിക്കാനുള്ള വഴികളുമായി സുനിത നാരായൺ

നഗരം എത്ര ഹരിതാഭമാണെന്നുള്ളതല്ല; ജനസാന്ദ്രത കൂടിയതും, കൂടുതൽ ജനങ്ങൾ അധിവസിക്കുന്നതുമായ, ചൂടിനെ പ്രതിരോധിക്കാൻ സംവിധാനങ്ങളൊന്നുമില്ലാത്ത ഇടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്

DTE Staff

ഡൽഹി ഇപ്പോൾ കടുത്ത അഗ്നിപരീക്ഷയിലാണ് (അഗ്നിബാധയ്ക്ക് സമാനമായ ചൂടിലാണ്). എന്നാൽ ഇത് വൻതോതിലുള്ള ആരോഗ്യ-സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു പ്രതിസന്ധിയാണ് (urban heat crisis). വായുമലിനീകരണം നിറഞ്ഞ ശീതകാലവും, കടുത്ത ചൂടുള്ള ഈ വേനൽക്കാലവും - ഡൽഹിയുടെ ഈ രണ്ട് ദുരിതകാലങ്ങൾക്കും അടിയന്തര പരിഹാരം ആവശ്യമാണ്.

സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ (CSE) 'മേക്കിംഗ് ഡൽഹി ഹീറ്റ്-റെസിലിയന്റ്' (Making Delhi Heat-Resilient) എന്ന റിപ്പോർട്ട് ഇതിനായുള്ള ഒരു കർമ്മപദ്ധതി മുന്നോട്ട് വെക്കുന്നു. ചൂടിനെ നേരിടാനുള്ള താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം, നഗരാസൂത്രണം (urban planning) എങ്ങനെയാണ് ഇതിനെ പ്രതിരോധിക്കാനും നഗരത്തെ സജ്ജമാക്കാനും പ്രാപ്തമാക്കേണ്ടത് എന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഓരോ വർഷവും ചൂടിന്റെ റെക്കോർഡുകൾ തകരുന്നത് കാലാവസ്ഥാ വ്യതിയാനം കൊണ്ടാണെന്ന് നമുക്കറിയാം; എന്നാൽ അതിനൊപ്പം തന്നെ നാം നഗരങ്ങൾ നിർമ്മിക്കുന്ന രീതിയും ഇതിന് കാരണമാകുന്നുണ്ട്. കൂടുതൽ കോൺക്രീറ്റ് കെട്ടിടങ്ങൾ, കുറഞ്ഞ പച്ചപ്പ്, വർദ്ധിച്ച റോഡ് ഉപരിതലങ്ങൾ, കൂടുതൽ വാഹനങ്ങൾ, കൂടാതെ ചൂടിനെ പ്രതിരോധിക്കാൻ ആളുകൾ ഉപയോഗിക്കുന്ന എയർ കണ്ടീഷണറുകൾ എന്നിവ ഇതിന് ആക്കം കൂട്ടുന്നു.

നമ്മുടെ റിപ്പോർട്ട് കാണിക്കുന്നത് ഇത് നഗരത്തിലെ ആകെ പച്ചപ്പിന്റെ (green cover) മാത്രം പ്രശ്നമല്ല എന്നാണ്; മറിച്ച് കൂടുതൽ ആളുകൾ താമസിക്കുന്ന, ജനസാന്ദ്രതയേറിയ, യാതൊരുവിധ സംരക്ഷണവുമില്ലാത്ത പ്രദേശങ്ങളെക്കുറിച്ചാണ്. ഇതാണ് ഡൽഹിയുടെ ചൂടിന് പിന്നിലെ വർഗ്ഗപരമായ വശം (class-story). ഇതാണ് ചൂടിനെ ഒരു കൊലയാളിയാക്കി മാറ്റുന്നതും നാം അടിയന്തരമായി ഇടപെടേണ്ടതുമായ സാഹചര്യം സൃഷ്ടിക്കുന്നതും.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)